ചെവിവേദന ആർക്കും എപ്പോഴും വരാം. ചെവിവേദന, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവ സഹിക്കാനാകാത്തതാണ്. പലപ്പോഴും ചൊറിച്ചിൽ വരുേമ്പാൾ കെയിൽ കിട്ടുന്നവ എടുത്ത് ചെവിക്കുള്ളിൽ തിരുകുന്നത് പലരുടെയും സ്വഭാവമാണ്. ചെവിക്കായം കളയാനായി ബഡ്സ് ഉപയോഗിക്കുന്നതും കാണാം. എന്നാൽ അണുബാധയുണ്ടാകുേമ്പാഴാണ് ചെവിക്കുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ബഡ്സ് ഉപയോഗിച്ച് ചെവിക്കായം കളയാൻ പാടില്ല. അത് പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാക്കുന്നതിനേ ഉപകരിക്കൂ.
ചെവിവേദന മറികടക്കാൻ ആയുർവേദത്തിലുള്ള വഴികൾ എന്തൊക്കെയെന്ന് നോക്കാം.
ബധിരത
കേൾവിക്കുറവ് (ബാധിര്യം) എന്ന രീതിയിൽ പ്രകടമാകുന്ന ഇൗ രോഗം കഫാധിക്യംകൊണ്ടുണ്ടാകുന്നത്, വാതാധിക്യംകൊണ്ടുണ്ടാകുന്നത് എന്നിങ്ങനെ രണ്ടു രീതിയിലാണെന്നും അതിനുള്ള ചികിത്സകൾ വ്യത്യസ്തമാണെന്നും ആയുർവേദം നിർദേശിക്കുന്നു. ഇന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്ന കണ്ടക്ടിവ് ഹിയറിങ് ലോസ്, സെൻസറി ന്യൂറൽ ഹിയറിങ് ലോസ് എന്നീ രോഗവിഭജനം ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. കഫാധിക്യംകൊണ്ടുണ്ടാകുന്ന കേൾവിക്കുറവ് കൂടുതലും കണ്ടുവരുന്നത് കുട്ടികളിലും ചെറുപ്രായക്കാരിലുമാണ്. തുടർച്ചയായി വരുന്ന ടോൺസിലൈറ്റിസ്, Adenoids എന്നിവമൂലം മധ്യമകർണത്തിൽ നീർക്കെട്ട് ഉണ്ടാവുകയും സെറസ് ഒാട്ടിട്ടിസ് മീഡിയ (serous otitis media) എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഛർദിപ്പിക്കൽ, തലപൊതിച്ചിൽ തുടങ്ങിയ ശാസ്ത്രീയ ആയുർവേദ ചികിത്സയിലൂടെ പൂർണമായും സുഖപ്പെടുത്താവുന്ന രോഗമാണിത്. മാത്രമല്ല, എഡിനോയിഡെക്ടമി (Adenoidectomy) ടോൺസിലക്റ്റമി (Tonsillectomy), മിറിംഗോട്ടമി (Myringotomy) തുടങ്ങിയ ശസ്ത്രക്രിയകൾ ഒഴിവാക്കാനും ഇൗ ചികിത്സയിലൂടെ സാധിക്കുന്നു.
വാതാധിക്യംകൊണ്ടുണ്ടാകുന്ന കേൾവിക്കുറവിൽ മിക്കവാറും ചെവിയിൽ മൂളൽ, മുഴക്കം (Tinnitus) എന്നിവ മുന്നോടിയായി പ്രത്യക്ഷപ്പെടുകയും ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ബധിരതയിലേക്ക് നയിക്കുന്നതുമാണ്. വാർധക്യം, സ്ഥിരമായി ഉയർന്നശബ്ദം കേൾക്കേണ്ടിവരുന്നവർ, ചില മരുന്നുകളുടെ പാർശ്വഫലമായി ആന്തരിക കർണത്തെ ബാധിക്കുന്ന അണുബാധകൾ എന്നിവയെല്ലാം ശ്രവണേന്ദ്രിയത്തെ ബാധിക്കുന്ന തരം ബധിരതക്ക് കാരണമാകാം. ഇതിൽ ശ്രവണേന്ദ്രിയത്തെ ബലപ്പെടുത്താനായുള്ള നസ്യം, ശിരോ അഭ്യംഗം, കർണപൂരണം, രസായനങ്ങൾ എന്നിവയും ഒേട്ടറെ ഒൗഷധങ്ങളും നിർദേശിക്കുന്നു. എന്നാൽ, ജന്മനാ സംഭവിച്ചതോ ജനിതക തകരാറുകൾകൊണ്ടും പ്രായാധിക്യംകൊണ്ടുമാണ് കേൾവിശക്തി പൂർണമായും നഷ്ടപ്പെട്ടതെങ്കിൽ ചികിത്സിച്ചുമാറ്റുക സാധ്യമല്ല.
കർണസ്രാവം
ചെവിയിൽനിന്ന് വിവിധങ്ങളായ സ്രാവങ്ങൾ ഒഴുകുന്ന രോഗത്തെ ‘കർണസ്രാവം’ എന്ന് ആയുർവേദത്തിൽ നാമകരണം ചെയ്യുന്നു. സ്രാവങ്ങളുടെ നിറം, സ്വഭാവം എന്നിവ രോഗകാരണം, അവസ്ഥ എന്നിവക്കനുസരിച്ച് തെളിഞ്ഞോ കൊഴുത്തതോ അൽപമായോ അത്യധികമായോ ഉണ്ടാവാം. വെളുപ്പ്, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലോ കാണാമെന്നും വിവരിക്കുന്നു. സ്രാവം ദുർഗന്ധത്തോടു കൂടിയുള്ളതാണെങ്കിൽ ‘പൂതികർണം’ എന്നു വിളിക്കുന്നു.
വേദനയോടുകൂടിയോ അല്ലാതെയോ സ്രാവങ്ങൾ പ്രത്യക്ഷപ്പെടാം. ഒാരോ അവസ്ഥയിലും വ്യത്യസ്തമായ ഒൗഷധയോഗങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. എല്ലാതരം അവസ്ഥകളിലും കർണപ്രദേശത്തെ പ്രാദേശികമായ ഒൗഷധപ്രയോഗങ്ങൾക്കു പുറമെ രോഗശമനത്തിനും രോഗത്തിെൻറ ആവർത്തനത്തെ തടയുന്നതിനും ആവശ്യമായ ആന്തരിക ഒൗഷധങ്ങളും ആഹാരങ്ങളിലെയും വിഹാരങ്ങളിലെയും പഥ്യങ്ങളെയും നിർദേശിക്കുന്നു.
ബാഹ്യകർണത്തിലെ നീർക്കെട്ട്, അണുബാധ എന്നിവ മിക്കപ്പോഴും വേദനയോടുകൂടിയ സ്രാവത്തെ ഉണ്ടാക്കുന്നു. ഇത് ഒൗഷധനിർമിതമായ വർത്തികൾകൊണ്ടുള്ള പ്രയോഗങ്ങളും ലേപനങ്ങളുംകൊണ്ട് പൂർണമായും സുഖപ്പെടുത്താവുന്നതാണ്. മധ്യകർണത്തിലെ രോഗങ്ങളിൽ സ്രാവങ്ങൾ പുറത്തേക്കൊഴുകുന്നതോടെയുണ്ടായവുന്ന ഇയർ ഡ്രമ്മിലെ ദ്വാരം കാലങ്ങളോളം തുടർന്നാൽ വലുതായേക്കും.
കർണസ്രാവം, ചെറിയ ദ്വാരങ്ങൾ വരിക എന്നീ പ്രശ്നങ്ങൾക്ക് ആന്തരികമായ ഒൗഷധങ്ങളോടൊപ്പം ദിവസവും രണ്ടുനേരം ചെവി വൃത്തിയാക്കുക, ഒൗഷധങ്ങളുടെ പുക ഏൽപിക്കൽ (ധൂപനം), വർത്തികളുടെ (തുണിയിൽ മരുന്നുകൾ തേച്ച് പിടിപ്പിച്ച് തിരിരൂപത്തിലാക്കിയത്) ഉപയോഗം എന്നിവ ചെയ്യാവുന്നതാണ്. ഇത്തരം രോഗികൾ രോഗം തുടർന്നുവരാതിരിക്കാൻ ആഹാരത്തിലും വിഹാരത്തിലും കൃത്യമായ പഥ്യങ്ങൾ പാലിക്കേണ്ടതുണ്ട്. ഇയർ ഡ്രം പൂർണമായി നഷ്ടപ്പെടാത്തവരിലും (Total perforation) സാരമായി കേൾവിക്കുറവില്ലാത്തവരിലും ചെവിയുടെ എല്ലുകൾ ദ്രവിച്ചുപോകുന്ന (cholesteatoma) േരാഗങ്ങളില്ലാത്തവരും ചെവിയിലെ അസ്ഥികൾക്ക് തേയ്മാനം സംഭവിക്കാത്തതുമായ േരാഗികളിൽ ആയുർവേദ ചികിത്സയിലൂടെ ചെവിയുടെ ആരോഗ്യം പൂർവാവസ്ഥയിലേക്കാക്കാവുന്നതും അതിലൂടെ ടിംപാനോപ്ലാസ്റ്റി (Tympanoplasty) തുടങ്ങിയ ശസ്ത്രക്രിയകൾ ഒഴിവാക്കാനും സാധിക്കുന്നു.
ചെവിയിലെ പൂപ്പൽബാധ
ചെവിയെ ബാധിക്കുന്ന ഫംഗൽ ഇൻഫക്ഷനാണിത്. ചൊറിച്ചിൽ പ്രധാന ലക്ഷണമായി കാണുന്ന ഇൗ രോഗത്തെ കർണകണ്ടു എന്നു വിളിക്കുന്നു. ചെവിയിൽ ഒൗഷധദ്രവ്യങ്ങൾകൊണ്ടുള്ള ധൂപനം, കർണപ്രക്ഷാളനം, ഒൗഷധവർത്തികളുടെ ഉപയോഗം എന്നിവയിലൂടെ അണുക്കളെ ഇല്ലാതാക്കാനും അണുക്കൾ വളരുന്നതിനുള്ള അന്തരീക്ഷം ഇല്ലാതാക്കാനും കഴിയും. ദീർഘകാലം തുടർന്നുനിൽക്കാൻ പ്രവണതയുള്ള ഇൗ രോഗത്തിൽ ചിലേപ്പാൾ ശരീരശോധന ക്രിയകളും ആവശ്യമായിവരുന്നു. ഇവയോടൊപ്പം രോഗപ്രതിരോധശേഷി കൂട്ടാനുള്ള ആന്തരിക ഒൗഷധങ്ങളും പ്രയോഗിക്കുന്നു.
ചെവിവേദന
‘കർണശൂല’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഇൗ രോഗത്തെ രണ്ടു വിധത്തിലാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, ഹനുസന്ധി^ ശിരസ്സ്, കഴുത്ത് എന്നീ ഭാഗങ്ങളിലെ രോഗകാരണങ്ങൾകൊണ്ടുണ്ടാകുന്നതും സ്രാവരഹിതമായതും മറ്റൊന്ന് ചെവിയിലെതന്നെ കാരണങ്ങൾകൊണ്ടുണ്ടാകുന്നതും വിവിധങ്ങളായ സ്രാവത്തോടുകൂടിയതും. ഇതിൽ രണ്ടിലും വ്യത്യസ്തമായ ചികിത്സകളും നിർേദശിച്ചിരിക്കുന്നു.
1. Otogenic otalgia-ബാഹ്യകർണത്തിലെ രോഗങ്ങളായ Otitis externa, Keratosis obturans തുടങ്ങിയവയിലും മധ്യമകർണത്തിലെ രോഗങ്ങളായ Otitis media തുടങ്ങിയവയിലും കാണുന്നു.
2. റിഫോർഡ് ഒട്ടൽജിയ (Referred otalgia) ^കഴുത്ത്, ഹനുസന്ധി, പല്ലുകൾ, തൊണ്ട എന്നീ ഭാഗങ്ങളിലെ േരാഗങ്ങൾകൊണ്ട് ചെവിയിൽ വേദന വരുന്നത്. ഇൗ കാരണങ്ങൾകൊണ്ടുതന്നെ രോഗശമനത്തിനായി കൃത്യമായ രോഗപരിശോധനകളിലൂടെ രോഗകാരണത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്.
ചെവിക്കായം
ചെവിയിൽ ചെവിക്കായം നിറഞ്ഞ് ചെവിയടപ്പ്, കേൾവിക്കുറവ് എന്നിവ ഉണ്ടാകുന്ന അവസ്ഥയെ കർണഗൂഥകം എന്നു പറയപ്പെടുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇംപാക്ടഡ് വാക്സ് ഇതിന് സമാനമായാണ് വിവരിച്ചിരിക്കുന്നത്. ചെവിയിൽ കർണമലം നിറഞ്ഞ് ശക്തമായ വേദന, ചെവിയടപ്പ് എന്നിവ ഉണ്ടാകുന്നതിനെ ‘കർണപ്രതിനാഹം’ എന്നു പറയുന്നു. ആധുനിക വൈദ്യത്തിൽ പിന്നീട് ചേർക്കപ്പെട്ട കെരാറ്റോസിസ് ഒബ്ടുറെൻസിന് (Keratosis obturans ) സമാന ലക്ഷണങ്ങൾ കാണിക്കുന്നു.
ഇൗ രണ്ട് അവസ്ഥകളിലും ചെവിയിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത ഉപകരണങ്ങൾകൊണ്ട് കർണമലത്തെ നിർഹരിക്കുകയാണ് ചികിത്സാവിധി. ചെവിക്കായം കട്ടിയായിരിക്കുന്ന അവസ്ഥയാണെങ്കിൽ ഇതിനെ ഒൗഷധയുക്തമായ തൈലങ്ങൾ ചെവിയിൽ നിറച്ച് ദ്രവമാക്കുകയും പിന്നീട് എടുത്തുകളയുകയും വേണം. ആധുനിക വൈദ്യശാസ്ത്രത്തിലും ഇന്നും ഇതേ ചികിത്സാസമീപനമാണ് തുടരുന്നതെന്നതും ഉപയോഗിക്കുന്ന ഉപകരണങ്ങൾ പിന്നീട് പരിഷ്കരിച്ചെടുത്തവ മാത്രമാണെന്നതും തികച്ചും വസ്തുതാപരമാണ്.
കർണാർശസ്, കർണാർബുദം
ഇൗ രണ്ടിനും സാമാന്യമായി ചെവിവേദന, ചെവിയിൽനിന്ന് രക്തസമ്മിശ്രമായും ദുർഗന്ധേത്താടും കൂടിയുള്ള സ്രാവം, കേൾവിക്കുറവ് എന്നീ ലക്ഷണങ്ങൾ കാണുന്നു. ഇതിൽ ശാസ്ത്ര^അനുശാസ്ത്ര ചികിത്സകളാണ് വിധിക്കുന്നത്.
കർണരോഗങ്ങളിൽ ശ്രദ്ധിക്കേണ്ടവ
ചെവിയിൽനിന്ന് എേപ്പാഴും പഴുപ്പ് വരുന്നവർ, അഡ്നോയിസ് ഉള്ള കുട്ടികൾ എന്നിവർ ഭക്ഷണത്തിൽ കൃത്യമായ പഥ്യങ്ങൾ പാലിക്കേണ്ടതാണ്.
പഥ്യങ്ങൾ: ചൂടുള്ള ഭക്ഷണസാധനങ്ങളും പാനീയങ്ങളും ഉപയോഗിക്കണം.
അപഥ്യങ്ങൾ: (നിത്യവും ഉപയോഗിക്കാൻ പാടില്ലാത്തവ) ബേക്കറി െഎറ്റം, ൈതര്, മുട്ട, മത്സ്യം, പാൽ, പാലുൽപന്നങ്ങൾ, തണുത്ത പാനീയങ്ങൾ.
1.ഇങ്ങനെയുള്ളവർ തണുത്ത കാലാവസ്ഥയിൽ ജോലി ചെയ്യേണ്ടിവരുന്നവരാണെങ്കിൽ ‘വ്യോഷാദിവടകം’ എന്ന ആയുർവേദ മരുന്ന് സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.
2.കൂടുതൽ ഉച്ചത്തിൽ ശബ്ദമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ Ear plugs ഉപയോഗിക്കുക.
3.വർഷത്തിൽ ഒരുതവണയെങ്കിലും കേൾവി പരിശോധന നടത്തുക.
4.ഇങ്ങനെയുള്ളവർക്ക് ‘ക്ഷീരബല തൈലം’ ചെവിയിൽ നിർത്തുന്നതും നസ്യം ചെയ്യുന്നതും (2-3 തുള്ളിവീതം മൂക്കിൽ ഒഴിക്കുക) ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ , ചെവിയിൽ മരുന്നൊഴിക്കുന്നതിനുമുമ്പ് ഒരു ആയുർവേദ ഇ.എൻ.ടി വിദഗ്ധനെക്കൊണ്ട് ചെവി പരിശോധിപ്പിക്കേണ്ടതാണ്. ഇയർ ഡ്രമ്മിൽ ദ്വാരമുള്ളവരിൽ തൈലം ചെവിയിൽ ഒഴിക്കുന്നത് ഹിതമല്ല.
5.പ്രായാധിക്യംകൊണ്ടുണ്ടാകുന്ന കേൾവിക്കുറവിലും ഇത്തരം മുൻകരുതൽ എടുക്കാവുന്നതാണ്.
ചെവിയുടെ ആരോഗ്യം; ഇൗ മുൻകരുതലുകളെടുക്കാം
തയാറാക്കിയത്: ഡോ. ശ്രീജ സുകേശൻ
പിഎച്ച്.ഡി ആയുർവേദ
H.o.D ശാലാക്യതന്ത്രം
ഗവ. ആയുർവേദ കോളജ്, കണ്ണൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.