ശാരീരിക രോഗങ്ങളിൽ ഏറെ പ്രയാസമേറിയതാണ് കാൽമുട്ടിനുണ്ടാകുന്ന രോഗങ്ങൾ. നടക്കുക, ഒാടുക, ഇരിക്കുക, നിവരുക, മടക്കുക മുതലായ ചലനങ്ങൾ മുട്ടിെൻറ സന്ധികളുടെ പ്രവർത്തനം കൊണ്ടാണ്. കാൽമുട്ടിനുണ്ടാകുന്ന നീര്, വേദന, ബലക്ഷയം എന്നിവ സന്ധികളുടെ ചലനത്തെ ബാധിക്കും. ഇത് മാംസ-പേശികളുടെ ബലത്തെ കുറക്കുകയും പിന്നീട് ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. ശരിയായ രീതിയിലുള്ള രോഗനിർണയത്തിനുശേഷം നടത്തുന്ന ചികിത്സ മാത്രമേ ഫലപ്രദമാവുകയുള്ളൂ.
കാരണങ്ങൾ പലത്
ജീവിതശൈലിയും ആഹാരശൈലിയും ഇൗ രോഗത്തിന് ആക്കംകൂട്ടാറുണ്ട്. അമിതമായ ഭാരം വഹിക്കൽ, കഠിനമായ വ്യായാമങ്ങൾ, വളരെ ദൂരം കാൽനടയായി യാത്ര ചെയ്യുക, ആവശ്യത്തിൽ കൂടുതൽ കയറുക, ഇറങ്ങുക, ദീർഘദൂര ഡ്രൈവിങ് മുതലായവ മുട്ടിന് നീര്, വേദന എന്നിവ ഉണ്ടാക്കും. ആഹാരരീതികൾ അമിതവണ്ണത്തിനും കൊഴുപ്പ് വർധിപ്പിക്കാനും ഇടയാക്കാം. ഇതെല്ലാം ശരീരഭാരത്തെ താങ്ങാനുള്ള ശക്തി കാൽമുട്ടിന് ഇല്ലാതാക്കുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ആർത്രൈറ്റിസ്, ഓസ്റ്റിയോ പൊറോസിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നീ രോഗാവസ്ഥകളും മുട്ടിെൻറ സന്ധികളെ ബാധിക്കും.
ആയുർവേദത്തിൽ കാൽമുട്ട് സന്ധിക്ക് ‘ജാനുസന്ധി’ എന്നാണ് പറയുന്നത്. ഇത് മർമസ്ഥാനമാണ്. മർമം എന്നതുകൊണ്ട് ഇൗ സന്ധിയുടെ പ്രാധാന്യത്തെ മനസ്സിലാക്കാം. ‘ജാനു മർമത്തിൽ’ ഏൽക്കുന്ന ക്ഷതങ്ങൾ വൈകല്യത്തെ ഉണ്ടാക്കുന്നതുകൊണ്ട് വൈകല്യകര മർമമായി ഇതിനെ കണക്കാക്കുന്നു.
മുട്ടിനുണ്ടാകുന്ന പരിക്കുകൾ
കുട്ടികളിൽ മുട്ടിനുണ്ടാകുന്ന പരിക്കുകൾ സാധാരണമാണ്. വിവിധ കായിക വിേനാദങ്ങളിൽ ഏർപ്പെടുമ്പോളുണ്ടാകുന്ന ഇടി, ചതവ് എന്നിവ കാര്യമാക്കാതെയും വേണ്ട ചികിത്സ നൽകാതിരിക്കുകയും ചെയ്യുമ്പോൾ ഇത് എല്ലുകളെത്തന്നെ ബാധിച്ച് അസ്ഥിവിദ്രധിയെ ഉണ്ടാക്കാം. ചെറുപ്രായത്തിൽ ഏൽക്കുന്ന ക്ഷതങ്ങൾ അസ്ഥിയുടെ ബലക്ഷയത്തിനും നേരേത്തയുള്ള തേയ്മാനത്തിനും ആകൃതി വ്യത്യാസത്തിനും കാരണമാകും.
കായികതാരങ്ങൾക്ക് മുട്ടിലെ സ്നായുക്കൾക്ക് (ലിഗമെൻറ്) ഏൽക്കുന്ന പരിക്ക് ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. മുട്ടിെൻറ സ്നായുക്കൾക്ക് പൊട്ടലോ വിള്ളലോ ഉണ്ടായാൽ, അല്ലെങ്കിൽ മുഴുവനായി പൊട്ടിനിന്നാലൽ അത് നടക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് എത്തിക്കും. സൂക്ഷ്മമായ പരിശോധനയിലൂടെ (എക്സ്റേ, എം.ആർ.െഎ) രോഗം സ്ഥിരീകരിച്ച് ചികിത്സ നിശ്ചയിക്കേണ്ടതാണ്. ആർത്തവ വിരാമം, ഗർഭപാത്രം എടുത്തുകളയൽ എന്നിവക്കുശേഷം സ്ത്രീകളിൽ അസ്ഥി സന്ധികൾക്ക് ബലം കുറയുകയും ചലനശേഷി കുറയുകയും ചെയ്യും. അതുപോലെ ജന്മനായുള്ള വൈകല്യങ്ങൾ, ചെറുപ്രായത്തിലുണ്ടായ ഭംഗം എന്നിവ അസ്ഥിസന്ധികളുടെ വളവിന് കാരണമാകും. ഇത് കാലക്രമേണ മുടന്തും ആകൃതി വ്യത്യാസവും ഉണ്ടാക്കും.
ചികിത്സാരീതി
ആയുർവേദത്തിൽ സന്ധിക്ക് സമ്മർദം ഏൽക്കാത്ത രീതിയിലാണ് ചികിൽസ. വ്യായാമങ്ങൾ, അസ്ഥിസന്ധികൾക്ക് ഉറപ്പുനൽകുന്ന ബന്ധന വിധികൾ, നീര് കുറക്കാനുള്ള ലേപന വിധികൾ, രക്തം കട്ടപിടിച്ചുനിൽക്കുന്നതിനെ കളയാൻ ജളൂക പ്രയോഗം (അട്ടയിടൽ), അസ്ഥിസന്ധിക്ക് ബലം പ്രദാനംചെയ്യുന്ന തൈലപ്രയോഗങ്ങൾ, സ്നേഹവസ്തി, ജാനുവസ്തി, പിചു, ധാര, ഞവര, ഉപനാഹസ്വേദം, മാംസക്കിഴി, വസ പ്രയോഗങ്ങൾ എന്നിവ അസ്ഥി, തരുണാസ്ഥി, ശ്ലേഷ്മകലകൾ എന്നിവക്ക് ബലം നൽകും.
സന്ധികൾക്ക് ക്ഷതം, ഭഗ്നം സംഭവിച്ചാൽ, ഇളക്കം തട്ടാത്തവിധത്തിൽ സ്വസ്തിക രീതിയിൽ കെട്ടിവെക്കണം. രോഗാവസ്ഥക്കനുസരിച്ച് ലേപനങ്ങൾ, ഒൗഷധങ്ങൾ എന്നിവ പ്രയോഗിക്കണം. എള്ള് പാലിൽ അരച്ച് ലേപനം ചെയ്യുക. നാഗരാദി ലേപചൂർണം, ലാക്ഷാദി ചൂർണം, ജഡാമയാദി ചൂർണം, കൊട്ടംചുക്കാദി ചൂർണം, ചെന്നിനായകം എന്നിവ കോഴിമുട്ടയുടെ വെള്ള ചേർത്ത് പുരട്ടുക എന്നിവ ഫലപ്രദമാണ്.
സന്ധികളുടെ പുഷ്ടിക്കായി ജാനുവസ്തി -സന്ധിയിൽ തൈലം നിർത്തൽ, പഞ്ഞിയിൽ തൈലം നിർത്തൽ, ചെറിയ ചൂടിൽ മുട്ടിന് തൈലംകൊണ്ട് ധാര, മാംസം േചർത്ത ഞവരക്കിഴി എന്നിവ ചെയ്യാം.
ധാന്വന്തരം തൈലം, ഗന്ധതൈലം, മുറിവെണ്ണ, ഷാഷ്ഠിക തൈലം, ബലാശ്വഗന്ധാദി തൈലം, മാഷാദി തൈലം, ലാക്ഷാദി തൈലം, മുറിവെണ്ണ എന്നിവയാണ് സാധാരണ ഉപയോഗിക്കാവുന്ന തൈലങ്ങൾ.
പഥ്യാഹാര വിധികൾ
ചെന്നല്ലരി ചോറ്, മാംസരസം, പാൽ, െനയ്യ്, ചെറുപയർ, എള്ള്, കോലരക്ക്, മരുന്നുകഞ്ഞി, ഞവരക്കഞ്ഞി, മഹത് പഞ്ചകോലം ചേർത്തകഷായം, ഉറുമാമ്പഴം, സ്നേഹദ്രവ്യങ്ങൾ ചേർത്ത മുതിര.
ഉപ്പ്, എരിവ്, പുളി, സ്നിഗ്ധതയില്ലാത്ത ഭക്ഷണം, വ്യായാമം എന്നിവ അധികമാകരുത്.
തയാറാക്കിയത് : ഡോ. പി.ഇ. പ്രേമ
റിട്ട. പ്രിൻസിപ്പൽ വി.പി.എസ്.വി
ആയുർവേദ കോളജ്, കോട്ടക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.