േവനൽച്ചൂടിൽനിന്ന് അന്തരീക്ഷത്തെപ്പോലെ മനുഷ്യശരീരവും തണുപ്പിലേക്ക് മാറുന്ന നാളുകളാണ് മഴക്കാലം. ഇതിൻെറ മാറ്റങ്ങൾ നമ്മുടെ ശാരീരിക പ്രവർത്തനത്തിലും കാണാം. ശരീരത്തിെൻറ ബലം കുറയുന്നത് ഇതിൽ പ്രധാനമാണ്. അതുകൊണ്ടാണ് മഴക്കാലത്തിനൊപ്പം രോഗങ്ങളും ശരീരത്തിലേക്ക് വിരുന്നെത്തുന്നത്. പനി, ത്വഗ്രോഗങ്ങൾ, ശ്വാസംമുട്ട്, ചുമ, നീരിറക്കം പോലുള്ള ശ്വസനസംബന്ധമായ രോഗങ്ങൾ ഇവയെല്ലാമാണ് മഴക്കാല രോഗങ്ങളിൽ പ്രധാനം. വാതസംബന്ധമായ അസുഖങ്ങളും വർധിക്കും. അസുഖമുള്ളവർക്ക് അത് വർധിക്കാനും ഇല്ലാത്തവർക്ക് അസുഖം ബാധിക്കാനും ഈ കാലം ഇടയാക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്നത് ശരീരത്തിലുള്ള അഗ്നിരസമാണ്. മഴക്കാലത്ത് അഗ്നിബലം കുറയുന്നു. അതുകൊണ്ടുതന്നെ ദഹനവും കുറയും. ദഹിക്കാത്ത ഭക്ഷണം വിഷമായി ശരീരത്തിൽ അവശേഷിക്കുന്നു. ആമം എന്നാണ് ഇതിന് പറയുക. അസുഖത്തിന് കാരണമാവുന്നത് ഇതാണെന്നാണ് ആയുർവേദ സങ്കൽപം. അതുകൊണ്ടാണ് ആയുർവേദത്തിൽ രോഗത്തെ ആമയം എന്ന് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ രോഗങ്ങളില്ലാതാക്കാൻ പ്രധാനം ഭക്ഷണനിയന്ത്രണമാണ്.
പ്രതിരോധം പ്രധാനം
ഏതു രോഗത്തെയും പ്രതിരോധിക്കാൻ വ്യായാമവും ഭക്ഷണനിയന്ത്രണവുമാണ് മുഖ്യമായും ചെയ്യേണ്ടത്. ദഹനം കുറയുന്നതിനാൽ ഭക്ഷണം കുറക്കുന്നതാണ് ഉത്തമം. എത്ര വിശപ്പുണ്ടെങ്കിലും പാതി വയർ മാത്രം കഴിക്കുക. കാരണം, വയറുനിറയെ കഴിച്ചാൽ പാതിയും ദഹിക്കാതെ ശരീരത്തിലടിഞ്ഞുകൂടി രോഗത്തിലേക്ക് നയിക്കുന്നു.
കഴിക്കുന്നത് ചിട്ടയായ സമയക്രമം പാലിച്ചായിരിക്കണം എന്നതും പ്രധാനമാണ്. തോന്നിയ നേരത്ത് കഴിക്കാതെ കൃത്യമായ ഇടവേളയിൽ കഴിക്കുക. രാത്രിഭക്ഷണം കഴിക്കുന്നതിനും ഉറങ്ങാൻ കിടക്കുന്നതിനും ഇടയിൽ മൂന്നു മണിക്കൂറിെൻറ ഇടവേള അനിവാര്യമാണ്. കാരണം, ഭക്ഷണം കഴിച്ചയുടൻ നാം ഉറങ്ങിയാലും കുടൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇത് അടുത്തദിവസത്തെ നമ്മുടെ ശാരീരികോർജത്തെയും പ്രസരിപ്പിനെയും ബാധിക്കും.
ഭക്ഷണംപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് വ്യായാമവും. ശാരീരിക വ്യായാമം ഏതു കാലത്തും പ്രധാനമാണെങ്കിലും മഴക്കാലം രോഗങ്ങളുടെ കാലംകൂടിയായതിനാൽ വ്യായാമത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. രാവിലെ എഴുന്നേറ്റ് കുറച്ചുനേരം വ്യായാമം ചെയ്യുന്നത് ഒട്ടുമിക്ക രോഗങ്ങളെയും ശരീരത്തിനു പുറത്തുനിർത്താൻ സഹായിക്കും.
പഞ്ചകർമം
ശരീരത്തിൽ കെട്ടിക്കിടക്കുന്ന ആമത്തെ ഇല്ലാതാക്കുകയാണ് പ്രധാനമെന്ന് നേരത്തേ സൂചിപ്പിച്ചു. ഇതിനായി പഞ്ചകർമ ക്രിയയാണ് പ്രധാനമായും ചെയ്യാറുള്ളത്. രോഗത്തിനും രോഗിയുടെ ശരീരപ്രകൃതിക്കും മറ്റും അനുസരിച്ചാണ് പഞ്ചകർമത്തിൽ ഏതുവേണമെന്ന് തെരഞ്ഞെടുക്കുന്നത്. വമനമാണ് പഞ്ചകര്മത്തിലെ ഒന്നാമത്തെ കര്‍മം. കഫപ്രധാനമായ ദോഷത്തെ ഛർദിയുണ്ടാക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് ഛർദിപ്പിച്ചു കളയുന്നതാണ് രീതി.
പിത്തദോഷത്തെ വയറിളക്കുന്ന ഔഷധങ്ങള്‍ കഴിപ്പിച്ച് വിരേചിപ്പിക്കല്‍ (വിസര്ജിപ്പിക്കൽ) ആണ് അടുത്ത രീതി. വാതദോഷത്തെ പുറത്തുകളയാന്‍ ഗുദത്തിലൂടെ ഔഷധം കടത്തിവിട്ട് പുറത്തുകളയുന്ന സമ്പ്രദായമാണ് വസ്തി. രക്തം ദുഷിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ ശമിപ്പിക്കാന്‍ രക്തം പുറത്തുകളയുന്ന രീതിയാണ് രക്തമോക്ഷം. മൂക്കിലൂടെ ഔഷധം അകത്തേക്കൊഴിച്ച് തൊണ്ടയിലും തലയിലുമുള്ള ദോഷങ്ങള്‍ ഇളക്കിക്കളയുന്ന രീതിയാണ് നസ്യം. ഉള്ളിലെ മാലിന്യങ്ങൾ ഈ അഞ്ചു പ്രക്രിയകളിലൂടെ പുറന്തള്ളപ്പെടുന്നു.
ആയുർവേദ ഒൗഷധങ്ങൾ
ത്രികോൽപക്കൊന്ന അടങ്ങിയ അവിഭക്തിപ്പൊടി വയളിറക്കാൻ നല്ലതാണ്. ഇതാണ് ശുദ്ധിക്രിയക്ക് പ്രധാനമായും നിർദേശിക്കുന്ന ഔഷധം. പ്രതിരോധശേഷി കൂടാൻ കടുക്ക ചേർത്ത അഗസ്ത്യരസായനം കഴിക്കാം.
ശരീരാരോഗ്യത്തിന് ഉത്തമഫലം ചെയ്യുന്നതാണ് ദശമൂലാരിഷ്ടം. കുട്ടികളിലെ കൃമി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനായി രചന്യാദിചൂർണം ഉത്തമമാണ്. കുട്ടികൾക്ക് പ്രതിരോധശേഷി കൂട്ടാനായി പിപ്പല്യാസവം, മുസ്താരിഷ്ടം എന്നിവയും നൽകാം. ഹിംഗുവചാദി ചൂർണം, അഷ്ടചൂർണം എന്നിവ പ്രായമായവരിൽ ദഹനം മെച്ചപ്പെടുത്തും.
വീട്ടിൽ ചെയ്യാം ഇതെല്ലാം: തുളസി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത വെള്ളംകൊണ്ട് ആവി പിടിക്കുന്നത് പനി, ശ്വസനസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് പ്രതിവിധിയാണ്. ഒരുപിടി തുളസിയില, പത്തു മണി കുരുമുളക് എന്നിവയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നീർക്കെട്ടുൾെപ്പടെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കും. രാസ്നാദി ചൂർണം ചൂടുവെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുന്നതും കുളി കഴിഞ്ഞയുടൻ ശിരസ്സിലിട്ട് തിരുമ്മുന്നതും ജലദോഷത്തെയും മറ്റും അകറ്റും. അതിരാവിലെ കുളിക്കുന്നതാണ് നല്ലത്. ഉച്ചക്ക് കുളിക്കുന്നത് ഒഴിവാക്കുക. കുളിക്കാനായി കഴുത്തിനുതാഴെ ഇളംചൂടുവെള്ളവും മുകളിലേക്ക് തണുത്ത െവള്ളവും ഉപയോഗിക്കുക. മുഖത്തും തലയിലും ചൂടുവെള്ളം ഒഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. കുട്ടികൾക്ക് വെയിലത്ത് വാട്ടിയ ഇളംചൂടുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
കഴിക്കേണ്ടതും കഴിക്കരുതാത്തതും
ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ആയുർവേദത്തിൽ വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്ന് ശരീരപ്രകൃതികളാണുള്ളത്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കനുസരിച്ചുള്ള ഭക്ഷണരീതികളുണ്ട്. ഈ വ്യവസ്ഥയെ സാത്മ്യം എന്നാണു വിളിക്കുന്നത്. ഉദാഹരണത്തിന് ചിലർക്ക് തൈര് കഴിച്ചാൽ, ശരീരത്തിനു യോജിച്ചതല്ലെന്നു തിരിച്ചറിവുണ്ടാവും. അങ്ങനെ തോന്നിയാൽ തൈര് ഒഴിവാക്കുക. പ്രത്യേകിച്ച് കഫപ്രകൃതക്കാർക്ക് തൈര് കഴിക്കാൻ പറ്റില്ല. വാതപ്രകൃതമുള്ളവർ തണുത്തത് ഒഴിവാക്കുന്നതാണ് നല്ലത്.
ഡോ. കെ.വി. രാജഗോപാലൻ
സീനിയർ ഫിസിഷ്യൻ
വൈദ്യരത്നം പി.എസ്. വാരിയർ ആര്യവൈദ്യശാല,
കോട്ടക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.