ജീവിതകാലം മുഴുവൻ കണ്ണട ഉപയോഗിക്കുന്നതിന് പകരമായി ആയുർവേദ നേത്ര ചികിത്സയിലെ പരിഹാരമാർഗങ്ങൾ :-
കണ്ണട ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് കണ്ണട ധരിച്ചാൽ കാഴ്ച കിട്ടുന്നവരുടെ എണ്ണം ആഗോളതലത്തിൽ ഏകദേശം അഞ്ചുമുതൽ 123 ദശലക്ഷത്തോളമുണ്ട്. ശതകോടി ജനങ്ങൾ കണ്ണട ധരിക്കുന്നവരായും ലോകത്തുണ്ട്. ഇതിന് ശക്തമായ ഒരു ബദൽമാർഗം എന്നനിലയിൽ ആയുർവേദ നേത്രചികിത്സ പലതരം പരിഹാരമാർഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്.
എന്താണ് കാഴ്ചത്തകരാർ?
പ്രധാനമായും മൂന്നു രീതിയിലുള്ള കാഴ്ചവൈകല്യങ്ങൾക്കാണ് കണ്ണടയെ ആശ്രയിക്കുന്നത്. കണ്ണടകൾ കൃത്യമായ കാഴ്ച ഉറപ്പുവരുത്തുന്നു എന്നതിലുപരി അവയെ ഒരിക്കലും ഒരു ചികിത്സ എന്നനിലയിൽ കാണരുത്. കാലാന്തരത്തിൽ ഭൂരിപക്ഷം കണ്ണടകളുടെയും പവർ കൂേട്ടണ്ടിവരുന്നതായി മനസ്സിലാക്കാം. കൂടാതെ, ചിലയവസരങ്ങളിലെങ്കിലും തീവ്രമായ ഹ്രസ്വദൃഷ്ടിയിലേക്ക് നയിക്കുകയും കണ്ണിനകത്തെ റെറ്റിനയെത്തന്നെ നശിപ്പിക്കുന്നതിന് ഇടവരുത്തുകയും ചെയ്യുന്നു.
കുട്ടികളിൽ പ്രധാനമായും ‘ഷോർട്ട് സൈറ്റ്’ അഥവാ ഹ്രസ്വദൃഷ്ടി (അടുത്തുള്ള വസ്തുക്കൾ മാത്രം കൃത്യമായി കാണാൻ പറ്റുന്ന അവസ്ഥ) ആണ് കണ്ടുവരുന്നത്. പതിറ്റാണ്ടുകളായി പുതിയ തലമുറയിൽപെട്ട കുട്ടികൾ കൂടുതൽ സമയവും വീടിനകത്ത് പെരുമാറുകയോ കൂടുതൽ സമയം കണ്ണിനെ അടുത്ത വസ്തുക്കൾ നോക്കുന്നതിന് മാത്രം ഉപയോഗിക്കുകയോ ചെയ്യുന്നതുകൊണ്ട് കണ്ണിെൻറ ഫോക്കൽ പോയൻറ് റെറ്റിനയുടെ പിന്നിലേക്ക് നീളുകയും അവ പരിഹരിക്കുന്നതിന് കണ്ണട ആവശ്യമാവുകയും ചെയ്യുന്നു. ഇത് പഠനവിധേയമാക്കിയ വസ്തുതയാണ്.
ദീർഘദൃഷ്ടി അഥവാ ‘ഹൈപർ മെട്രോപിയ’ (ദൂരെയും അടുത്തും കാണുന്നതിനുള്ള അവ്യക്തത) ഇത് പ്രധാനമായും നേത്രഗോളത്തിെൻറ കൃഷ്ണമണിയുടെ ലെൻസ് ക്രമീകരിക്കുന്ന പേശികളുടെ അപര്യാപ്തമായ വളർച്ചകൊണ്ടോ ക്ഷീണംകൊണ്ടോ സംഭവിക്കുന്നതാണ്. ‘പ്ലസ്’ ലെൻസുകളാണ് ഇതിൽ ധരിക്കുന്നത്. മൂന്നാമത് ‘അസ്റ്റിഗ്മാറ്റിസം’ എന്ന തകരാർ ആണ്. പ്രധാനമായും കൃഷ്ണമണിയുടെ രൂപത്തകരാർകൊണ്ട് ഒരു വസ്തുവിെൻറ ഫോക്കസ് വിവിധ ദിശകളിൽ വിവിധ സ്ഥലങ്ങളിൽ പതിക്കുന്നതാണ് ഇതിൽ സംഭവിക്കുന്നത്. ഇതും കണ്ണട ധരിച്ച് മറികടക്കാമെങ്കിലും ഇൗ മൂന്ന് അവസ്ഥകളിലും കണ്ടുപിടിക്കപ്പെട്ട ഉടനെയുള്ള ആയുർവേദ ചികിത്സയിലൂടെ വലിയൊരളവുവരെ ഫലപ്രദമായി ഭേദമാക്കാം, കണ്ണട കൂടാതെ.
എന്താണ് ആയുർവേദ ചികിത്സരീതി?
ആധുനിക നേത്രചികിത്സ ശസ്ത്രക്രിയകളിൽ അധിഷ്ഠിതമാണ്. എന്നാൽ, ഒൗഷധങ്ങളെ ആശ്രയിച്ചുള്ള ചികിത്സയാണ് ആയുർവേദം അനുവർത്തിക്കുന്നത്. കേവലം അർമേഛദനം, തിമിരം എടുത്തുകളയൽ എന്നീ ചുരുക്കം ശസ്ത്രക്രിയകൾ നിഷ്കർഷിക്കുന്നതൊഴിച്ചാൽ ബഹുഭൂരിപക്ഷം അസുഖങ്ങളും ഒൗഷധങ്ങളാലും ചികിത്സമുറകളാലുമാണ് ഭേദമാക്കുന്നത്. ചില ചികിത്സരീതികൾ പരിചയപ്പെടാം.
തർപ്പണം
ഒൗഷധയോഗ്യമായ നെയ്യ് നിശ്ചിത അളവിൽ നേത്രഗോളത്തിന്മേൽ നിർത്തുന്നതാണ് തർപ്പണം. ഇതിനായി കണ്ണുകൾക്ക് ചുറ്റും ഉഴുന്നുമാവ് കുഴച്ച് വരമ്പുകെട്ടിവേണം നെയ്യ് നിറക്കാൻ. ഏഴു മുതൽ പരമാവധി 14 ദിവസം വരെയാണ് തർപ്പണം ചെയ്യാവുന്ന കാലാവധി.
പുടപാകം
തർപ്പണം ഏഴുനാൾ ചെയ്തശേഷം നെയ്യ് കൊണ്ടുണ്ടായ ഗുരുത്വം മാറ്റി കണ്ണിന് ലഘുത്വവും കാഴ്ചക്കു തെളിവും പ്രധാനം ചെയ്യുന്ന ചികിത്സയാണ് പുടപാകം. പേര് സൂചിപ്പിക്കുന്നതുപോലെ സ്ഫുടത്തിൽ (മണ്ണുപൊതിഞ്ഞ്) പാകം ചെയ്ത കഷായം കണ്ണിൽനിർത്തുന്നതിനാണ് പുടപാകം എന്നു പറയുന്നത്.
നസ്യം
നാസാദ്വാരങ്ങളിൽക്കൂടി ഒൗഷധ തൈലമോ, നെയ്യ്, ചൂർണം, സ്വരസം എന്നിവയോ യോഗ്യമായ രീതിയിൽ ഉള്ളിൽ വലിക്കുന്നതാണ് നസ്യം. ശിരസ്സിനും കണ്ണുകളുൾപ്പെടെ എല്ലാ ഇന്ദ്രിയങ്ങൾക്കും പ്രവർത്തനക്ഷമത വർധിപ്പിക്കാനും പ്രത്യേകിച്ച് ഇക്കാലത്ത് അലർജിയെന്നറിയപ്പെടുന്ന സൈനസ് അടഞ്ഞ് ഉണ്ടാകുന്ന അനവധി അസ്വസ്ഥതകൾക്കും നല്ല പരിഹാരമാണ് നസ്യം. ഏഴുമുതൽ 14 ദിവസംവരെ ചെയ്യാവുന്നതാണ്.
കഷായധാര
കഷായം ഇളംചൂടിൽ തേൻചേർത്ത് കണ്ണിൽ ഒഴിക്കുന്നത് ഒട്ടനവധി ബാഹ്യരോഗങ്ങൾക്ക് നല്ലതാണ്. ചൊറിച്ചിൽ, ചുവപ്പ്, ചെറിയ അണുസംക്രമണം തുടങ്ങി കുരുക്കൾ ഉണ്ടാകുന്നത്, പീള അടിയുന്നത്, കൃഷ്ണമണിയിലെ ചെറിയ മുറിവുകൾ, പാടുകൾ എന്നിവക്കും ഉത്തമ പ്രഥമശുശ്രൂഷയാണ് ധാര. ഏതൊരു നേത്രചികിത്സയിലും ആരംഭമായി ധാര അഥവ സേകം ചെയ്യുന്നു.
ശിരോവസ്തി
ഞരമ്പ് സംബന്ധമായ ശിരോരോഗങ്ങൾ, നേത്രമുൾപ്പെടെയുള്ള ഇന്ദ്രിയങ്ങളെ വളരെക്കാലമായി അലട്ടുന്ന ക്ഷീണം ഇവ കുറക്കാൻ ശിരോവസ്തി നല്ലതാണ്. ഒൗഷധ തൈലങ്ങൾ നിശ്ചിതസമയം തലയിൽ കെട്ടിനിർത്തുകയാണ് ചെയ്യുന്നത്.
ചാക്ഷൂഷ്യവസ്തി
വളരെ വിശേഷമായി ചികിത്സയുടെ അർധഭാഗമായി വിശേഷിപ്പിക്കുന്നതാണ് വസ്തികർമം. എട്ടുമുതൽ 15, 30 ദിവസംവരെ ചെയ്യാവുന്ന വസ്തി എനിമ പ്രയോഗിക്കുന്ന രീതിയിലാണ് ചെയ്യുന്നത്. പക്ഷേ, വളരെ നിഷ്കർഷതയോടെയും രോഗാവസ്ഥ പരിഗണിച്ചുമാണ് വസ്തി നിർവഹിക്കേണ്ടത്. ഒരു ദ്രവ്യം ഏറ്റവുമധികം ശരീരത്തിലേക്ക് വലിച്ചെടുക്കുന്ന അവയവം വൻകുടലാണ് എന്നതുകൊണ്ട് ഇൗചികിത്സ നേത്രരോഗങ്ങളിൽ വിശേഷിച്ചും ദീർഘകാലമായ രോഗങ്ങളിൽ വളരെ പ്രയോജനം ചെയ്യും.
ഞവരക്കിഴി
നേത്രഗോളത്തിന് മുകളിൽ നേർത്ത ചൂടിൽ ചെറിയ ഞവരക്കിഴി തലോടുന്നത് നേത്രപേശികളുടെ ബലത്തിനും കുട്ടികളിൽ കൃഷ്ണമണിയുടെ ശരിയായ വികസനത്തിനും ഗുണകരമാണ്.
തയാറാക്കിയത്: ഡോ. ബി.ജി. ഗോകുലൻ
BAMS, FAIP (USA)
ചീഫ് ഫിസിഷ്യൻ & കൺസൽട്ടൻറ്
സുദർശനം നേത്രചികിത്സാലയം,
പഞ്ചകർമ സെൻറർ, തിരുവല്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.