ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാം

മനുഷ്യശരീരത്തിലെ പ്രതിരോധസംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലകുള്‍. ശ്വാസനാളം, അന്നനാളം, വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ‘താലുഗ്രന്ഥി’ എന്നാണ് ടോണ്‍സിലുകളെ പറയുക. തൊണ്ടയില്‍ നാവിന്‍െറ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്‍െറ ഇരുവശങ്ങളിലുമായാണ് ഇവ സ്ഥിതിചെയ്യുക. മുട്ടയുടെ ആകൃതിയാണ് ഈ ഗ്രന്ഥികള്‍ക്ക്.

ടോണ്‍സിലുകള്‍ കീഴടങ്ങുന്നതെങ്ങനെ?
സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക. എന്നാല്‍, ഈ പ്രതിരോധ നടപടികളുടെ താളം ചിലപ്പോള്‍ തെറ്റാറുണ്ട്. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്‍െറ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങുന്നു. 
ശരീരത്തിന്‍െറ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ ‘തുണ്ഡികേരി’ എന്നും ശിശുക്കളില്‍ ‘താലുകണ്ഡകം’ എന്ന പേരും ടോണ്‍സിലൈറ്റിസിനുണ്ട്. 
ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും. 

കാരണങ്ങള്‍
ടോണ്‍സിലൈറ്റിസ് പെട്ടെന്നുണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഭാഗമായോ ഉണ്ടാകാം. വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്. ശരീരത്തിന്‍െറ അകത്തും പുറത്തും അണുബാധക്കനുകൂലമായ സാഹചര്യം ഒരുങ്ങുന്നതോടെ രോഗം എളുപ്പം പിടിപെടുന്നു. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും. 
തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്‍ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്.

പകരുന്നരോഗം
ടോണ്‍സിലൈറ്റിസ് പടരുന്ന രോഗമാണ്. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലത്തെും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു. 

ലക്ഷണങ്ങള്‍
*പനി, ശരീരവേദന, ക്ഷീണം, ഇവക്കൊപ്പം ഉണ്ടാകുന്ന ശക്തിയായ തൊണ്ടവേദന
*ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്
*ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്ത പാട ഇവ കാണുക
*കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും
*ചെവിവേദന 
ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ സ്ഥിരമായി ഒരു തടിപ്പ് കാണാറുണ്ട്. അണുബാധയുള്ളപ്പോള്‍ തടിപ്പില്‍ തൊട്ടാല്‍ വേദന ഉണ്ടാകും. 

തൊണ്ടവേദന അവഗണിക്കരുത്
ചില ഗുരുതരരോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായുണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം, പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദമല്ളെന്ന് പരിശോധനയിലൂടെ ഉറപ്പാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം. 

കുട്ടികളില്‍
2-5 വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍ കൂടിയുണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്തീരിയ ആണോ എന്ന് പരിശോധിക്കണം.

സങ്കീര്‍ണതകള്‍
ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും ആവര്‍ത്തിച്ചുണ്ടാകുന്ന ടോണ്‍സിലൈറ്റിസും നിരവധി സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്.
*ഹൃദയവാല്‍വിനെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുക
*ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫിവര്‍ എന്ന രോഗം ബാധിക്കാനുള്ളസാധ്യത കൂടുതലാണ്
* രോഗത്തെ അശ്രദ്ധമായി കാണുന്നവരില്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങിയ ഭാഗങ്ങളിലും അണുബാധ ഉണ്ടാകുന്നു
*ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് ബാധിക്കുന്നു
*പഴുപ്പ് കഴുത്തിലേക്ക് ബാധിക്കുന്ന അതീവ ഗുരുതരാവസ്ഥയും ഉണ്ടാകാറുണ്ട്. 
ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിവേദന ശക്തമായി ഉണ്ടാകും. അടിക്കടിയുള്ള ടോണ്‍സിലൈറ്റിസ് രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനൊപ്പം വായനാറ്റം, രുചിവ്യത്യാസം ഇവക്കുമിടയാക്കും. 
കുട്ടികളില്‍ കൂര്‍ക്കം വലിയും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്.

ചികിത്സ
ഒൗഷധങ്ങള്‍ക്കൊപ്പം നസ്യം, പ്രതിസാരണം (നീര്‍വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍ക്കൊള്ളല്‍) ഇവ ഉള്‍പ്പെടെ ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്‍കുക. ഒപ്പം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിരോധചികിത്സകളും നല്‍കുന്നു. ചികിത്സക്കൊപ്പം രോഗി വിശ്രമിക്കുകയും കര്‍ശനമായി ശുചിത്വം പാലിക്കുകയും വേണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

ഭക്ഷണം ശ്രദ്ധയോടെ
ടോണ്‍സിലൈറ്റിസ് രോഗിക്ക് ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ നിര്‍ജലീകരണത്തിനുള്ള സാധ്യത ഏറെയാണ്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം, നെല്ലിക്കനീര്, പേരക്ക വെള്ളവും ചേര്‍ത്തരച്ചത്, കഞ്ഞിവെള്ളം, പച്ചക്കറി സൂപ്പ് ഇവ മാറിമാറി നല്‍കണം. 

ലഘുചികിത്സകള്‍
1. മുയല്‍ച്ചെവിയന്‍ വേരോടെ അരച്ച് തൊണ്ടയില്‍ പുരട്ടുക. വേദന പെട്ടെന്ന് കുറക്കും. 
2. മുയല്‍ച്ചെവിയന്‍ നീരും കുമ്പളങ്ങാനീരും ചേര്‍ത്ത് കഴിക്കുക.
3. ചുക്കും ഇന്തുപ്പും പൊടിച്ച് ചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടുക. 
4. തുളസിയില ധാരാളം ചേര്‍ത്ത് തിളപ്പിച്ച വെള്ളം ഇളംചൂടോടെ വായില്‍ നിര്‍ത്തുക. 
5. മുക്കുറ്റിയോ ആനച്ചുവടിയോ ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടുന്നത് ടോണ്‍സിലൈറ്റിസിന്‍െറ ആവര്‍ത്തനം കുറക്കും. 


drpriyamannar@gmail.com

Tags:    
News Summary - tonsillitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.