കായികരംഗത്തെ നിത്യസാന്നിധ്യമാണ് പരിക്കുകൾ. പലപ്പോഴും കരിയർ തന്നെ അവസാനിപ്പിക്കാൻ ഇവ കാരണമാകാറുണ്ട്. പരിക്കേറ്റാൽ എന്തു ചെയ്യണമെന്നറിയാതെ പലരും ആശങ്കപ്പെടാറുണ്ട്. സ്‌പോർട്‌സ് മെഡിസിൻ എന്നത് കായികാധ്വാനം മൂലമുണ്ടാകുന്ന പരുക്കുകളെ ചികിത്സിക്കുകയും തടയുകയും ചെയ്യുന്ന ഒരു വിദഗ്ധ മേഖലയാണ്. ഇത് അത്‌ലറ്റുകൾക്ക് മാത്രമല്ല, എല്ലാത്തരം കായിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവർക്കും പ്രയോജനകരമാണ്. പരുക്കുകളെ പൂർണമായും സുഖപ്പെടുത്തി, പഴയതുപോലെ സജീവമായ ജീവിതം നയിക്കാൻ സഹായിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
പരസ്പരം കൂട്ടിയിടിക്കുകയോ വീഴുകയോ ചെയ്യുമ്പോൾ മാത്രമല്ല പരിക്കുകൾ സംഭവിക്കുന്നത്. അതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, സച്ചിൻ തെൻഡുൽക്കറെ പോലും ബാധിച്ച ടെന്നിസ് എൽബോ എന്ന അസുഖം എടുക്കാം. ടെന്നിസ് കളിക്കാർ മുതൽ അടുക്കളപ്പണി ചെയ്യുന്നവർ വരെ ഈ അസുഖത്തിന് അടിമകളാകാം. പ്രത്യേകിച്ചും അടുക്കളപ്പണി ചെയ്യുന്നവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കൈത്തണ്ടയിലെ പേശികളുടെ ദൗർബല്യമാണ് ടെന്നിസ് എൽബോയ്ക്ക് പ്രധാന കാരണം. കളിക്കളത്തിൽ ചുമൽ, കൈമുട്ട് എന്നിവ ശരിയായ രീതിയിൽ ഉപയോഗിക്കാത്തതും ഇതിന് കാരണമാകാം. മരുന്നുകളും ചെറിയ വ്യായാമങ്ങളും ഉപയോഗിച്ച് ടെന്നിസ് എൽബോയെ എളുപ്പത്തിൽ മാറ്റാം. എന്നാൽ ഈ അസുഖം വീണ്ടും വരാൻ സാധ്യതയുണ്ട്. ഇവിടെയാണ് സ്‌പോർട്‌സ് മെഡിസിൻ വിദഗ്ധരുടെ പ്രാധാന്യം വർദ്ധിക്കുന്നത്.
സ്‌പോർട്‌സ് മെഡിസിൻ വിദഗ്ധർ ടെന്നിസ് എൽബോയുടെ അടിസ്ഥാന കാരണം കണ്ടെത്തി, രോഗം വീണ്ടും ഉണ്ടാകാതിരിക്കാൻ പാകത്തിലുള്ള ചികിത്സ നൽകും. ആരോഗ്യരംഗത്തെ വിദഗ്ധരുടെ സംയുക്ത ശ്രമമാണ് ഈ രോഗത്തെ പൂർണമായി മറികടക്കാൻ സഹായിക്കുന്നത്.
തോൾ സന്ധി മനുഷ്യശരീരത്തിലെ ഏറ്റവും ചലനശേഷിയുള്ള സന്ധിയാണ്. ഈ ചലനശേഷി കാരണം തന്നെ പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. സ്പോർട്സ് പേഴ്‌സൺമാർക്കിടയിൽ തോൾപിരിശൽ സർവ്വസാധാരണ പ്രശ്നമാണ്. തോൾ സന്ധിയിലെ അസ്ഥികൾ തമ്മിലുള്ള ബന്ധം താൽക്കാലികമായോ സ്ഥിരമായോ വിച്ഛേദിക്കുന്ന അവസ്ഥയാണ് തോൾപിരിശൽ. പെട്ടെന്നുള്ള ആഘാതം, അമിതമായ ചലനം, അല്ലെങ്കിൽ പുനരാവർത്തിത ചലനങ്ങൾ ഇതിന് കാരണമാകാം.
റോട്ടേറ്റർ കഫ്: തോൾ സന്ധിയെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന പേശികളുടെ ഒരു കൂട്ടമാണ് റോട്ടേറ്റർ കഫ്. ഈ പേശികൾ തോളിന്റെ ചലനത്തെ സഹായിക്കുകയും സ്ഥിരത നൽകുകയും ചെയ്യുന്നു. റോട്ടേറ്റർ കഫ് കീറിപ്പോകൽ എന്നത് ഈ പേശികളിലൊന്നിന്റെ ടെൻഡൻ പൊട്ടുന്ന അവസ്ഥയാണ്. ഇത് പെട്ടെന്നുള്ള അപകടത്തിലൂടെയോ അല്ലെങ്കിൽ കാലക്രമേണ ഉണ്ടാകുന്ന അധിക ഉപയോഗം മൂലമോ സംഭവിക്കാം. ഈ അവസ്ഥ തോളിലെ വേദന, ബലക്ഷയം, ചലനശേഷിയിലെ കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. ചികിത്സയിൽ വിശ്രമം, ഐസ് പായ്ക്ക്, ഫിസിയോതെറാപ്പി, ചിലപ്പോൾ കീ ഹോൾ സർജറി എന്നിവ ഉൾപ്പെടാം.
കീഹോൾ സർജറി അഥവാ ആർത്രോസ്കോപ്പിക് സർജറി തോൾപിരിശലിന് ഏറ്റവും കുറഞ്ഞ അധിനിവേശമുള്ളതും ഫലപ്രദവുമായ ചികിത്സയാണ്. ചെറിയ മുറിവുകൾ വഴി ചെറിയ കാമറയും ഉപകരണങ്ങളും ഉപയോഗിച്ച് സർജൻ തോൾ സന്ധിയെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു.
നടക്കുക, ഓടുക, ചാടുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാനമാകുന്ന സന്ധിയാണ് മുട്ട്. എന്നാൽ ഈ സന്ധിക്ക് പലപ്പോഴും പരിക്കേൽക്കാറുണ്ട്. മുട്ടിന് ഉള്ളിൽ പലതരം ലിഗമെന്റുകൾ ഉണ്ട്. ഇവ നമ്മുടെ മുട്ടിനെ ഒരു കോട്ട പോലെ സംരക്ഷിക്കുന്നു.
കൊളാറ്ററൽ ലിഗമെന്റുകൾ: മുട്ടിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന ഈ ലിഗമെന്റുകൾ മുട്ട് വശങ്ങളിലേക്ക് തെറ്റുന്നത് തടയുന്നു.
ക്രൂശിയറ്റ് ലിഗമെന്റുകൾ: മുട്ടിന്റെ ഉള്ളിൽ കുരിശിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ ലിഗമെന്റുകൾ മുട്ടിന്റെ എല്ലുകൾ മുന്നോട്ടോ പിന്നോട്ടോ നീങ്ങുന്നത് തടയുന്നു.
മെനിസ്‌കസ്: ഒരു കുഷൻ പോലെ പ്രവർത്തിക്കുന്ന മെനിസ്‌കസ് മുട്ടിലെ എല്ലുകൾ തമ്മിലുള്ള ഉരസൽ കുറയ്ക്കുന്നു.
MPFL ലിഗമെന്റ്: കാല്‍മുട്ടിലെ ചിരട്ടയെ തുടയെല്ലിനോട് ചേർത്തു നിർത്തുന്ന ഈ ലിഗമെന്റ് പൊട്ടുന്നത് ചിരട്ട തെറ്റുവാൻ കാരണമാകും.
ഇന്ത്യയിൽ അനേകം കായിക താരങ്ങൾ അപ്രതീക്ഷിതമായി പരിക്കേറ്റ് തങ്ങളുടെ കരിയർ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കായികരംഗം വളരെ വേഗത്തിൽ വളരുന്ന ഇക്കാലത്ത് സ്പോർട്സ് മെഡിസിൻ കായികരംഗത്തിന്റെ അവിഭാജ്യ ഘടകമായി മാറേണ്ടത് അത്യാവശ്യമാണ്. ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഒരു ഓർത്തോപീഡിക് സർജനെ സമീപിക്കുക. നേരത്തെയുള്ള ചികിത്സ വേഗത്തിലുള്ള രോഗമുക്തിക്കും സന്ധിയുടെ ആരോഗ്യത്തിനും സഹായകമാകും.
(എറണാകുളം അങ്കമാലി അപ്പോളോ അഡ് ലക്സ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗത്തിൽ സീനിയർ കൺസൾട്ടന്‍റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.