നിംസിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി

നിംസിൽ ആദ്യ റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി

ഹൈദരാബാദ്: നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ആദ്യമായി റോബോട്ടിക് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പൊതുജനാരോഗ്യ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിത്. റോബോട്ടിക് സഹായത്തോടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന ഇന്ത്യയിലെ ചുരുക്കം ചില ആശുപത്രികളിൽ ഒന്നായി നിസാംസ് മാറി.

നൽഗൊണ്ടയിൽ നിന്നുള്ള 33 വയസുള്ള വ്യക്തിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. വർഷങ്ങളായി ഇയാൾ വൃക്ക രോഗവുമായി മല്ലിടുകയായിരുന്നു. 2017-ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും വൃക്ക തിരസ്കരണം നേരിടേണ്ടി വന്നു. ഇത് ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചു.

ഇത്തവണ മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽ നിന്ന് ഒരു കടവെറിക് വൃക്ക ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പുതുതായി മാറ്റിവച്ച വൃക്ക ഉടൻ പ്രവർത്തനം ആരംഭിച്ചു.

2025-ലെ ആദ്യ രണ്ടര മാസങ്ങൾക്കിടെ യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാൻറേഷൻ വിഭാഗം 41 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തി. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ആകെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 2,000 ലേക്ക് അടുക്കുകയാണ്. കൂടാതെ, പ്രതിവർഷം ഏകദേശം 10000 യൂറോളജി ശസ്ത്രക്രിയകൾ ഇവിടെ നടക്കുന്നു.

ദക്ഷിണേന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിൽ നടത്തിയ ആദ്യത്തെ റോബോട്ടിക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയാണിതെന്ന് യൂറോളജിസ്റ്റും ട്രാൻസ്പ്ലാൻറ് സർജനുമായ പ്രൊഫ. രാഹുൽ ദേവരാജ് പറഞ്ഞു. യൂറോളജിസ്റ്റുകൾ, അനസ്തേഷ്യോളജിസ്റ്റുകൾ, നെഫ്രോളജിസ്റ്റുകൾ എന്നിവരടങ്ങിയ വിദഗ്ധസംഘം ശസ്ത്രക്രിയക്ക് പിന്തുണ നൽകി.

ശസ്ത്രക്രിയക്ക് ഡോ. ദേവരാജ്, സീനിയർ പ്രൊഫസറും എച്ച്.ഒ.ഡിയുമായ ഡോ. റാം റെഡ്ഡി, അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ധീരജ് എസ്.എസ്.എസ് എന്നിവരാണ് നേതൃത്വം നൽകിയത്.

തെലങ്കാന ആരോഗ്യശ്രീ ആരോഗ്യ പദ്ധതിയുടെ കീഴിൽ സൗജന്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയത്. കൂടാതെ, ദീർഘകാല ട്രാൻസ്പ്ലാൻറ് അതിജീവനത്തിന് ആവശ്യമായ മരുന്നുകൾ രോഗിക്ക് സൗജന്യമായി ലഭ്യമാകും, ഇത് ട്രാൻസ്പ്ലാൻറ് പരിചരണത്തിന്‍റെ സാമ്പത്തിക ഭാരം കുറക്കുന്നതിൽ സഹായിക്കും.

Tags:    
News Summary - First robotic kidney transplant surgery performed in NIMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.