കൊച്ചി: സംസ്ഥാനത്ത് അർബുദ രോഗികളുടെ എണ്ണത്തിൽ വൻ വർധന. സ്തനാർബുദം, ഗർഭാശയം, തൈറോയ്ഡ് എന്നീ അർബുദം ബാധിച്ച രോഗികളുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ. പുരുഷൻമാർക്കിടയിൽ ശ്വാസകോശാർബുദവും സ്ത്രീകൾക്കിടയിൽ സ്തനാർബുദവുമാണ് കൂടുതൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരിലും കുട്ടികളിലുമാണ് അർബുദരോഗികൾ കൂടുതൽ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ അർബുദ രോഗികളും കേരളത്തിലാണ്.
സംസ്ഥാനത്ത് ഒാരോ വർഷവും 58,000 പേർ പുതുതായി അർബുദത്തിന് ചികിത്സ തേടുന്നുവെന്നാണ് കണക്ക്. ഇതിൽ ആയിത്തോളം പേർ 18 വയസ്സിൽ താഴെയുള്ളവരാണ്. 1999 ൽ ഒരു ലക്ഷത്തിൽ 74 പേർക്കാണ് അർബുദം പിടിെപട്ടിരുന്നതെങ്കിൽ ഇപ്പോഴിത് 135 ആണ്.
കേരളത്തിൽ ഏഴ് വർഷത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയോളമായി. എറണാകുളം ജില്ലയിൽ മാത്രം ഒരു വർഷം 5500 അർബുദ രോഗികൾ ഉണ്ടാകുന്നു. 1980 കളിൽ പുരുഷൻമാർക്കിടയിൽ തല, കഴുത്ത് എന്നിവയുമായി ബന്ധപ്പെട്ട അർബുദമാണ് കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോൾ ശ്വാസകോശാർബുദമാണ്. മുമ്പ് സ്ത്രീകൾക്കിടയിൽ ഒന്നാം സ്ഥാനത്ത് ഗർഭാശയ അർബുദമായിരുന്നു. ഇന്ന് 35 ശതമാനം സ്ത്രീകളിലും സ്തനാർബുദവും 13 ശതമാനത്തിന് തൈറോയ്ഡ് അർബുദവുമാണെന്ന് തിരുവനന്തപുരം റീജിയനൽ കാൻസർ സെൻററിലെ വിദഗ്ധർ പറയുന്നു. 55 ശതമാനം പുരുഷൻമാരിലും 18 ശതമാനം സ്ത്രീകളിലും കണ്ടുവരുന്നത് പുകയില ഉപയോഗവുമായി ബന്ധപ്പെട്ട അർബുദമാണ്. അർബുദരോഗികളിൽ നാല് ശതമാനം 14 വയസ്സിൽ താഴെയുള്ളവരാണ്. ആൺകുട്ടികളിൽ 44.5 ശതമാനം പേരിലും പെൺകുട്ടികളിൽ 41.2ശതമാനത്തിലും കാണുന്നത് രക്താർബുദമാണെന്നാണ് ആർ.സി.സി റിപ്പോർട്ട്.
സ്തനാർബുദ രോഗികൾ കുടുതൽ തിരുവനന്തപുരം ജില്ലയിലാണ്. എന്നാൽ, സർക്കാർ മേഖയിൽ ആവശ്യത്തിന് അർബുദരോഗ വിദഗ്ധർ ഇല്ല എന്നത് സാധാരണക്കാരായ രോഗികളെ വലക്കുന്നുണ്ട് സംസ്ഥാനത്തെ അർബുദരോഗികളുടെ സമഗ്രമായ കണക്ക് ഇനിയും സർക്കാരിെൻറ കൈവശമില്ല. മാറിയ ഭക്ഷണശീലം, പുതിയ കാലത്തെ ജീവിതശൈലി, പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി പദാർഥങ്ങളുടെയും ഉപയോഗം, തോട്ടം മേഖലയിൽ മാരക കീടനാശിനികളുടെ അമിതോപയോഗം എന്നിവയാണ് രോഗ വ്യാപനത്തിന് കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അർബുദങ്ങളിൽ കേരളത്തിെൻറ സ്ഥാനം
ചികിത്സാ പദ്ധതികൾ
ദരിദ്രകുടുംബങ്ങളിലെ 18 വയസിൽതാഴെയുള്ള അർബുദരോഗികൾക്കായി കാൻസർ സുരക്ഷാ പദ്ധതി, സൗജന്യ ആരോഗ്യ ഇൻഷുറൻസ് (ചിസ് പ്ലസ്), കാരുണ്യ ബനവലൻറ് ഫണ്ട്, താലോലം, സുകൃതം തുടങ്ങിയ പദ്ധതികളിലൂടെ അർബുദ രോഗികൾക്ക് സർക്കാർ ചികിത്സാ സഹായം ലഭ്യമാക്കുന്നു. തിരുവനന്തപുരം റീജനൽ കാൻസർ സെൻറർ, മലബാർ കാൻസർ സെൻറർ, സർക്കാർ മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ചികിത്സാസൗകര്യം. ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് കീമോ തെറാപ്പി യൂനിറ്റുകളും തുടങ്ങിയിട്ടുണ്ട്.
പ്രതിരോധത്തിന് സമഗ്ര പദ്ധതി
അർബുദത്തെ പ്രതിരോധിക്കാൻ സമഗ്ര ചികിത്സാ പദ്ധതികളും ബോധവത്കരണമടക്കം പരിപാടികളും ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. കീമോതെറാപ്പി സൗകര്യം ജില്ലാ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. ആർ.സി.സിയിലും മലബാർ കാൻസർ സെൻററിലും വിദഗ്ധ പരിശീലനം ലഭിച്ചവരെയാണ് ഇവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. 49,000 കീമോ തെറാപ്പികൾ ഇങ്ങനെ നടത്തി.
-ഡോ. ആർ.എൽ. സരിത ഡയറക്ടർ ഒാഫ് ഹെൽത്ത് സർവീസസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.