വീടും വാർധക്യവും തമ്മിൽ

വാർധക്യത്തിലെത്തിയ ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് എത്രപേർക്ക് കൃത്യമായ ബോധ്യമുണ്ട്? എത്രപേർക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്? മിക്ക മേഖലകളിലും ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും കേരളം ഇപ്പോഴും വാർധക്യ സൗഹൃദമാണെന്ന് പറയാൻ സാധിക്കുമോ? അല്ലെന്ന് സമ്മതിക്കേണ്ടിവരും.

വാർധക്യത്തെ ശാപമായി കാണുന്നവരുണ്ട് നമുക്കുചുറ്റും. വാർധക്യ ജീവിതം മനോഹരവും ഉന്മേഷപ്രദവുമാക്കാൻ ആദ്യം വേണ്ടത് അനുകൂലമായ ചുറ്റുപാടു തന്നെയാണ്. വീടിന്, ആരോഗ്യകരമായ സന്തോഷത്തോടെയുള്ള വാർധക്യ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.

വീട് എങ്ങനെ വാർധക്യത്തെ സ്വാധീനിക്കും? വിദേശ രാജ്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി ഇതിന്റെ യാഥാർഥ്യമറിയാൻ. വികസിത രാജ്യങ്ങളിൽ ഓൾഡ് ഏജ് ഹോമുകൾക്ക് സമൂഹവും സർക്കാറുകളുമെല്ലാം മുന്തിയ പരിഗണനയാണ് നൽകുന്നത്. ഇവിടെ ജോലി ​ചെയ്യുന്നവരുടെ ശമ്പളം കേട്ടാൽ അന്തംവിടും. കേരളത്തിൽനിന്നടക്കം നിരവധി പേർ ഇത്തരം ഓൾഡ് ഏജ് ഹോമുകളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, പ്രായമായവരെ കൊണ്ടുതള്ളുന്ന ഒരു ഇടം എന്നതാണ് നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള സദനങ്ങളെക്കുറിച്ചുള്ള പൊതുധാരണ. അതുകൊണ്ടുത​ന്നെ ഇവിടെ കഴിയുന്നവരെ വളരെ നിസ്സഹായതയോടെയാണ് സമൂഹം കാണുന്നതും.

അണുകുടുംബങ്ങളിൽ വാർധക്യകാലത്ത് ജീവിക്കുന്ന ഒരാൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ടാകാൻ സാധ്യതയില്ലെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ പക്ഷേ, കൂടുതൽ സൗകര്യമുള്ള, പരിചരണം എപ്പോഴും ലഭിക്കുന്ന മറ്റെവിടേക്കെങ്കിലും മാറ്റുക എന്നത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നു പറഞ്ഞ് നമ്മൾ അംഗീകരിക്കാറുമില്ല. അ​പ്പോൾ അവിടെ സഹിക്കേണ്ടിവരുന്നത് ആരാണ്? തീർച്ചയായും വാർധക്യത്തിലിരിക്കുന്നവർതന്നെ. ഒരുപക്ഷേ, മലയാളികളുടെ അനാവശ്യ ഗൃഹാതുരതയും പൊതുബോധവും എല്ലാം തകർത്തുകളയുന്നത് സമാധാനത്തോടെ ജീവിക്കാനുള്ള ഒരാളുടെ അവകാശംത​ന്നെയാണ്.

ഒരു പ്രായം കഴിയുമ്പോൾ, ശാരീരികമായ അവശതകളുണ്ടാകുമ്പോൾ അവർക്ക് ലഭിക്കേണ്ട പരിചരണങ്ങളിലും വ്യത്യാസമുണ്ടാകും. സ്വന്തം വീടിനെക്കാൾ സൗകര്യമുള്ള, പരിചരണം ലഭിക്കുന്ന മറ്റൊരിടത്തെ നമുക്ക് ഉൾക്കൊള്ളാനാകുന്നില്ല.

വയോജനങ്ങളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റണമെന്നല്ല ഇതിനർഥം. അവരുടെ സുഖവും ആരോഗ്യ പരിചരണവുമെല്ലാം ഉറപ്പാക്കാൻ വീടുകളിൽ സാധ്യമാകുന്നുവെങ്കിൽ അതുതന്നെയാണ് ഏറ്റവും മികച്ചത്. എന്നാൽ, അവസ്ഥ അങ്ങനെയല്ലെങ്കിൽ പിടിവാശികൊണ്ട് ശ്വാസം മുട്ടിച്ച് തീർക്കേണ്ടവരല്ല വയോജനങ്ങൾ എന്ന ഓർമ കൂടി വേണം.

വലിയ വീടാണെങ്കിലും വയോജനങ്ങൾക്ക് മിക്കവരും നീക്കിവെക്കുന്നത് ചെറിയ മുറിയായിരിക്കും. നമ്മുടെ വീടുകൾ ചെറുപ്പക്കാർക്കുവേണ്ടി കെട്ടുകയും വാർധക്യത്തിലുള്ളവർ താമസിക്കുകയും ചെയ്യുന്ന ഇടങ്ങളാണെന്ന് പറയാറുണ്ടല്ലോ.

കാഴ്ചപ്പാടുകളാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്. ഓൾഡ് ഏജ് ഹോമുകൾ ആരുമില്ലാത്തവരെ കൊണ്ടുതള്ളാനുള്ള ഇടമല്ല എന്ന് നമ്മൾ നമ്മളെത്തന്നെ ആയിരംവട്ടം പറഞ്ഞ് പഠിപ്പിക്കണം. വീടുകൾ വയോജന സൗഹൃദ ഇടമായി മാറുകയും വേണം.

Tags:    
News Summary - Old age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.