സംസ്ഥാനത്തെ പല ജില്ലകളിലും പ്രളയജലം ഇറങ്ങി എലിപ്പനി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. എലികൾ മാത്രമല്ല കന്നുകാലികൾ, ആട്, നായ്ക്കൾ എന്നിവയും എലിപ്പനി രോഗാണുവിെൻറ സ്വാഭാവിക വാഹകരാണ്. രോഗലക്ഷണങ്ങൾ കാണിക്കാത്ത ഇവയുടെ വൃക്കകളിൽ പെരുകുന്ന രോഗാണുക്കൾ മൂത്രത്തിലൂടെ മണ്ണിലെത്തി, വെള്ളത്തിലൂടെ വ്യാപിക്കുന്നു. മൂന്നാഴ്ചയോളം ആയുസ്സുള്ള ഇവ ഈർപ്പവും ക്ഷാരഗുണവും ലവണ സ്വഭാവവുമുള്ള മണ്ണിലും ചളിവെള്ളത്തിലും ദീർഘനാൾ ജീവിക്കും. കന്നുകാലികളുടെ മൂത്രം എലികളെ അപേക്ഷിച്ച് അളവ് കൂടുതലുള്ളതിനാൽ ഇതുവഴിയാണ് കൂടുതൽ എലിപ്പനി പടരാൻ സാധ്യത. ഇത്തരം പ്രദേശങ്ങളിൽ മണ്ണിലും ചളിയിലും ജോലിചെയ്യുന്നവർക്ക് (ശുചീകരണം, കാർഷികം, നിർമാണം) രോഗാണുവുമായി സമ്പർക്കപ്പെടുമ്പോൾ അവരുടെ തൊലി, ശ്ലേഷ്മസ്തരം ഇവ വഴിയാണ് രോഗാണു ശരീരത്തിലെത്തുന്നത്.
ശരീരത്തിൽ എവിടെയെങ്കിലും ചെറുമുറിവുകൾ, വ്രണങ്ങൾ, പാദം വീണ്ടുകീറൽ, ഏറെനേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ തൊലി മൃദുലമാവൽ എന്നിങ്ങനെയുണ്ടെങ്കിൽ രോഗാണുവിന് പ്രവേശനം എളുപ്പമാണ്. അതിനാൽ എലിപ്പനി ബാധയുള്ള പ്രദേശങ്ങളിൽ മണ്ണിലും, ചളിയിലും വെള്ളക്കെട്ടുകളിലും തൊഴിലിലേർപ്പെടുന്നവർ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന പ്രതിരോധ ഔഷധമായ ഡോക്സി സൈക്ലിൻ ആഴ്ചയിലൊരുദിവസം ആഹാരത്തിനുശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കണം. ജോലി സമയങ്ങളിൽ വ്യക്തിസുരക്ഷ നടപടികളായ കൈകളിൽ റബർ കൈയുറ ധരിക്കുക, കാലുകളിൽ റബർ ഷൂസ് ഉപയോഗിക്കുക/ പ്ലാസ്റ്റികുകൊണ്ട് പൊതിഞ്ഞുകെട്ടുക, ജോലികഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കൈ-കാൽ കഴുകുക എന്നീ മുൻകരുതൽ വേണം.
മുറിവുള്ളവർ ബീറ്റാഡിൻപോലുള്ള ആൻറി സെപ്റ്റിക് ലേപനങ്ങൾ പുരട്ടുകയും അതിനുമേൽ വെള്ളം കടക്കാത്ത പ്ലാസ്റ്റർ ഒട്ടിക്കുകയും വേണം. എലികളുടെ എണ്ണം നിയന്ത്രിക്കാൻ അവർക്ക് താവളങ്ങളും ഭക്ഷണവും വെള്ളവും നൽകാതിരിക്കണം. ഇതിനായി പരിസരങ്ങളിലെ മാളങ്ങളും പൊത്തുകളും അടക്കുക. എലികൾക്ക് ഭക്ഷണം ലഭിക്കാതിരിക്കാൻ ഭക്ഷ്യ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ ഇവ ശരിയായി നിർമാർജനം ചെയ്യണം. ധാന്യങ്ങൾ, പാചകം ചെയ്ത ആഹാരം തുടങ്ങിയവ അടച്ച് സൂക്ഷിക്കുകയും ചെയ്യണം. സാമൂഹികതലത്തിൽ ഒന്നിച്ചൊരു ദിവസം എലിവിഷം ഉപയോഗിച്ച് എലി നശീകരണ യജ്ഞം പ്രാദേശികതലത്തിൽ നടത്തുകയും വേണം.
വീട്ടുപറമ്പുകളിലും കൃഷിസ്ഥലങ്ങളിലുമുള്ള ചപ്പുചവറുകളും മാലിന്യങ്ങളും കത്തിച്ചുകളയുന്നത് എലികെളയും അണുക്കെളയും നശിപ്പിക്കും. പശുപോലുള്ള വളർത്തുമൃഗങ്ങളിൽനിന്ന് രോഗം പകരാതിരിക്കാൻ ഇവയുടെ മൂത്രവും ചാണകവും പുറത്തേക്കോ തോടുകളിലേക്കോ ഒഴുക്കാതെ ചാണകക്കുഴിയിൽ / സോക്കേജ് പിറ്റുകളിൽ തന്നെ ഒഴുക്കണം. അവയെ അലഞ്ഞുതിരിയാൻ വിടരുത്. തൊഴുത്തുകളും പട്ടിക്കൂടുകളും പരിസരങ്ങളും വൃത്തിയാക്കി ബ്ലീച്ചിങ് ലായനി തളിക്കണം. അറവു ശാലകളിലെ മാലിന്യങ്ങൾ ജല സ്രോതസ്സുകളിൽ നിക്ഷേപിക്കാതിരിക്കുകയും ചെയ്യണം. രോഗബാധയുണ്ടായ പ്രദേശങ്ങളിൽ പനിയുള്ളവർ സ്വയം ചികിത്സ നടത്തുകയോ/ഫാർമസികളിൽനിന്ന് ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു വാങ്ങി കഴിക്കുകയോ ചെയ്യരുത്.
കാലാവസ്ഥക്കനുസരിച്ച് സ്വഭാവം കാണിക്കുന്ന എലിപ്പനി സാധാരണയായി കേരളത്തിൽ മഴ ശമിക്കുമ്പോഴുള്ള ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്യാറുള്ളത്. ഈ വർഷം കഠിന മഴക്കും വെള്ളപ്പൊക്കത്തിനും ശേഷം കുറച്ചധികം എലിപ്പനി രോഗബാധ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതുമാണ്. സാധാരണ പ്രളയത്തിനുശേഷം പ്രദേശത്ത് അവിടെ മുമ്പുണ്ടായിരുന്ന സാംക്രമിക രോഗങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, വെള്ളപ്പൊക്കത്തെ തുടർന്ന് എലികൾ സമീപപ്രദേശങ്ങളിലേക്കും വീടുകളിലേക്കും പലായനം ചെയ്യാനും സാധ്യതയുണ്ട്. അതിനാൽ, മുമ്പ്് രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ഇപ്പോൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളുടെ അര കി. മീറ്റർ ചുറ്റളവിലും ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കുകയും മേൽപറഞ്ഞ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക. എലിപ്പനി മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഒരിക്കലും പടരില്ല. രോഗബാധ ഉണ്ടാകുന്നത് രോഗാണുക്കളുള്ള പരിസരങ്ങളിൽനിന്നാണ്. മുൻകരുതൽ നടപടികളും ശരിയായ ചികിത്സയുമാണ് എലിപ്പനി നിയന്ത്രണത്തിനു വേണ്ടത്.
(കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.