രണ്ട് മരണ വാർത്തകൾ
ആദ്യ സംഭവം തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ്. പേര് കൃതിക. വയസ് 28. സ്കൂൾ അധ്യാപികയായിരുന്നു. പ്രസവത്തിനിടെയായിരുന്നു കൃതികയുടെ മരണം. സുഖപ്രസവത്തിന് നിർബന്ധം പിടിച്ച ആ യുവതിയും ഭർത്താവും ആശുപത്രിയിൽ പോകുന്നില്ലെന്ന് തീരുമാനിച്ചു. അതിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രസവസംബന്ധമായി പ്രചരിക്കുന്ന വീഡിയോകളും മറ്റും ‘പഠിക്കാൻ’ ആരംഭിച്ചു. ആശുപത്രിയിൽ പ്രസവിച്ചാൽ ജനിക്കുന്ന കുഞ്ഞിെൻറ പ്രതിരോധശേഷി കുറയുമെന്ന് വിശ്വസിച്ചായിരുന്നു ഇങ്ങനെയൊക്കെ ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ 26ന് കൃതിക ഒരു കുഞ്ഞിന് ജന്മം നൽകി. പക്ഷെ, പ്രസവത്തിനിടെ അവർക്ക് വലിയ അളവിൽ രക്തസ്രാവമുണ്ടായി. ഒടുവിൽ രക്തം വാർന്ന് വീടിനുള്ളിൽ അവർ മരണത്തിന് കീഴടങ്ങി. തൊട്ടടുത്ത് ചികിത്സ സംവിധാനങ്ങളുണ്ടായിട്ടും കൃതികയെ മരണത്തിന് വിട്ടുകൊടുത്ത കുറ്റത്തിന് ഭർത്താവ് കാർത്തികേയനെതിരെ കേസെടുത്തിരിക്കുകയാണ്.
തികച്ചും സാധാരണമായ ഒരു മരണവാർത്തയാണ് രണ്ടാമത്തേത്. തിരുവനന്തപുരം പാളയം സ്വദേശി ശവരിമുത്തു എന്ന 98കാരെൻറ മരണമായിരുന്നു അത്. തികച്ചും സാധാരണമായ മരണമായിട്ടും അത് പല പത്രങ്ങളുടെയും ഒന്നാം പേജിൽ സ്ഥാനം പിടിച്ചു. കാരണം, കേരള ചരിത്രത്തിൽ ശവരിമുത്തുവിന് നിർണായക സ്ഥാനമുണ്ട്. കേരളത്തിൽ ആദ്യമായി പ്രസവശസ്ത്രക്രിയയിലൂടെ ജനിച്ച ആളാണ് ശവരിമുത്തു എന്ന മിഖായേൽ ശവരിമുത്തു. 1920ൽ തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽവെച്ചാണ് മേരി എന്ന സ്ത്രീ ശവരിമുത്തുവിന് ജന്മം നൽകിയത്. മേരിയുടെ നാലാമത്തെ പ്രസവമായിരുന്നു അത്. ആദ്യ മൂന്ന് പ്രസവങ്ങളിലും പുറത്തെത്തിയത് ചാപിള്ളയായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ പ്രസവത്തോടെ മേരി മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് ശസ്ത്രക്രിയ എന്ന അവസാന ‘ഒാപ്ഷൻ’ തെരഞ്ഞെടുക്കാൻ മേരി നിർബന്ധിതയായത്. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് മറ്റൊരു മേരിയായിരുന്നു: മേരി പുന്നൻ ലൂക്കോസ്. ഇഗ്ലണ്ടിൽനിന്ന് പഠനം പൂർത്തിയാക്കിയ മേരി പ്രസവശസ്ത്രക്രിയയിൽ നേരത്തെ പരീശീലനം നേടിയ ആളായിരുന്നു. ആ ശസ്ത്രക്രിയ വിജയിച്ചു. മൂന്ന് വർഷത്തിനുശേഷം ശവരിമുത്തുവിന് ഒരനുജൻ പിറന്നു; അതും ശസ്ത്രക്രിയയിലൂടെ.
1866 മുതൽ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ സ്ത്രീകളെ കിടത്തി ചികിത്സിക്കുന്നതിനു മാത്രമായി പ്രത്യേകം കെട്ടിടമുണ്ടായിരുന്നു. പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾ തിരുവിതാംകൂറിൽ വർധിക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് അധികാരികളിൽ സ്ത്രീകൾക്കു മാത്രമായുള്ള ആശുപത്രി എന്ന ആശയം ഉദിച്ചത്. അതിെൻറ ആദ്യപടിയായിരുന്നു ഇത്. 1870ൽ എട്ട് നായർ സ്ത്രീകളെ പ്രവസ ചികിത്സയിൽ പരിശീലനം നൽകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു. ജാതീയതയൊക്കെ ശക്തമായ കാലം. ബ്രാഹ്മണ ഗൃഹങ്ങളിൽ അക്കാലത്ത് നായർ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് നായർ സ്ത്രീകളെ തെരഞ്ഞെടുത്തത്. പിന്നെ, പെൺകുട്ടികൾക്ക് നഴ്സിങ് പരിശീലനത്തിനായി പ്രത്യേക സ്ഥാപനം വരെ തുടങ്ങി. 1905ലാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കുന്നത്. അതിനുശേഷം, തിരുവിതാംകൂറിൽ മാതൃ-ശിശു മരണ നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതിെൻറയൊക്കെ തുടർച്ചയായിട്ടാണ് ശവരിമുത്തുവിെൻറ ജനനം. അക്കാലത്ത് വികസിത രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള പ്രസവ ശസ്ത്രക്രിയ സാധാരണക്കാർക്ക് പോലും ലഭ്യമാക്കാൻ കഴിയുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.
വീട്ടിലെ പ്രസവം
ആരോഗ്യമേഖലയിൽ കേരളം എത്തിപ്പിടിച്ച നേട്ടങ്ങളുടെ പട്ടിക ആരംഭിക്കുന്നത് ശവരിമുത്തുവിലാെണന്ന് പറയാം. ആരോഗ്യ മേഖലയിൽ വികസനത്തിെൻറ ഏത് മാനദണ്ഡങ്ങൾ പരിഗണിച്ചാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലെത്തി നിൽക്കുന്നതായി കാണാം. ആയുർദൈർഘ്യം ദേശീയ ശരാശരി 64ൽ എത്തിനിൽക്കുേമ്പാൾ കേരളത്തിെൻറത് 74 ആണ്. മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളം തന്നെ. ഇന്ത്യയിൽ ആയിരം കുഞ്ഞുങ്ങളിൽ 39 പേർ മരിക്കുന്നുവെന്നാണ് കണക്ക്. എന്നാൽ, കേരളത്തിൽ ഇത് 12മാത്രമാണ് (അവലംബം: ഇക്കണോമിക് റിവ്യൂ-2016, കേരള സർക്കാർ). ജനസംഖ്യയിൽ 94 ശതമാനവും സാക്ഷരരായതിനാൽ, പ്രാഥമികാരോഗ്യ വിദ്യാഭ്യാസവും കേരളം ആർജിച്ചിട്ടുണ്ട് എന്നതുകൊണ്ടാണ് ഇൗ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയരാൻ കേരളത്തിന് സാധിച്ചത്്. ഇത്തരം മുന്നേറ്റങ്ങളുടെ തുടർച്ചയായിട്ടാണ് കേരളത്തിൽനിന്ന് ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) പോലുള്ള മാരകരോഗങ്ങളെ ഏറെക്കുറെ നിർമാർജനം ചെയ്യാൻ സാധിച്ചത്. അഞ്ചാംപനിയുടെ (മീസിൽസ്) കാര്യവും സമാനമാണ്. ഏറ്റവും അവസാനം കേരളത്തിൽ അഞ്ചാംപനി മരണമുണ്ടായത് 2014ലാണ്. ആ വർഷം ഇന്ത്യയിലാകെ 39 കുട്ടികളാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. എന്നാൽ, മേൽസൂചിപ്പിച്ച ആരോഗ്യ മാതൃകക്ക് ഏതാനും വർഷങ്ങളായി കാര്യമായ തകരാർ സംഭവിച്ചുവോ എന്ന് അന്വേഷണ വിധേയമാക്കേണ്ട പല സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. അതിലൊന്ന് പ്രസവ ചികിത്സയുമായി ബന്ധപ്പെട്ടതാണ്.
കൃതികയുടേതുപോലുള്ള ദാരുണ മരണങ്ങൾക്ക് കേരളവും അടുത്ത കാലത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രകൃതി ചികിത്സയുടെയും മറ്റും പേരിൽ നടക്കുന്ന ഗർഭകാല ചികിത്സകൾ പലപ്പോഴും മരണത്തിലേക്ക് വഴിമാറുന്നുവെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഏതാണ്ട് രണ്ട് വർഷങ്ങൾക്കു മുമ്പ് മലപ്പുറം ജില്ലയിലെ കോട്ടക്കലിലായിരുന്നു അതിലൊന്ന്. അവിടുത്തെ, ഒരു സ്വകാര്യ ആശുപത്രിയിൽവെച്ച് നവജാത ശിശു മരണപ്പെട്ട സംഭവമാണ് തുടക്കമെന്ന് പറയാം. കുഞ്ഞ് മരിച്ചത് ആശുപത്രിയിലാണെങ്കിലും പ്രസവം നടന്നത് ഒരു പ്രകൃതി ചികിത്സാ കേന്ദ്രത്തിലായിരുന്നു. ‘വാട്ടർ ബർത്ത്’ എന്ന ചികിത്സമുറയാണത്രെ അവിടെ പരീക്ഷിക്കപ്പെട്ടിരുന്നത്. ‘വാട്ടർ ബർത്തി’ലൂടെ പ്രസവിച്ചെങ്കിലും കുഞ്ഞിനെ അവർക്ക് രക്ഷിക്കാനായില്ല. നേരെ സമീപത്തുള്ള ആധുനിക വൈദ്യാശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞിെൻറ ജീവൻ രക്ഷിക്കാനായില്ല. ഇൗ ചികിത്സാ കേന്ദ്രത്തിൽനിന്ന് രണ്ടാം തവണയാണ് ഇത്തരത്തിൽ മരണവക്കിലെത്തിനിൽക്കുന്ന ചോരക്കുഞ്ഞുമായി അവർ വന്നത്. മരണപ്പെട്ട കുഞ്ഞിെൻറ രക്ഷിതാക്കൾ പരാതിയുമായി ജില്ലാ കലക്ടർ അടക്കമുള്ളവരെ സമീപിച്ചതോടെയാണ് വലിയൊരു തട്ടിപ്പിെൻറ കഥ പുറം ലോകം അറിയുന്നത്.
ജില്ലാ കലക്ടറുടെ നിർദേശമനുസരിച്ച് ഒരു മെഡിക്കൽ സംഘമാണ് അന്വേഷണം നടത്തിയത്. കോട്ടക്കലിനടുത്തുള്ള വെന്നിയൂരിലെ ‘വാട്ടർ ബർത്ത്’ ചികിത്സാ കേന്ദ്രത്തിലെത്തിയ സംഘത്തോട് ആദ്യഘട്ടത്തിൽ സഹകരിക്കാൻ അവിടെയുള്ള ‘ഡോക്ടർ’ തയാറായില്ല. പിന്നെ കളി കാര്യമാകുമെന്ന് കണ്ടപ്പോൾ അന്വേഷണ സംഘത്തിെൻറ ചോദ്യങ്ങൾക്ക് അയാൾക്ക് ഉത്തരം പറയേണ്ടി വന്നു. യഥാർഥത്തിൽ അയാൾ ഡോക്ടർ തന്നെയാണ്. മംഗലാപുരത്തെ ഏതോ കോളജിൽനിന്ന് നാചുറോപതിയിൽ ബിരുദം നേടിയിട്ടുണ്ട് ടിയാൻ. പ്രായം 35ൽ കൂടില്ല. സഹായിക്കാൻ ഭാര്യയുമുണ്ട്. പഠനകാലത്ത്, ലേബർ സന്ദർശിച്ചതാണ് ഗൈനക്കോളജിയിലെ അനുഭവജ്ഞാനം. പിന്നെ, എന്തെങ്കിലും സംശയം വന്നാൽ യു ട്യൂബാണ് ഏക ആശ്രയം. ചുരുക്കത്തിൽ, ‘വിക്കിപീഡിയ’ വിവരവുമായാണ് ഇയാൾ കുറെക്കാലമായി അവിടെ ‘വാട്ടർ ബർത്ത്’ പരീക്ഷണം നടത്തിയിരുന്നത്. 26 പേർ അവിടെവെച്ച് പ്രസവിച്ചുവെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. എന്നാൽ, അന്വേഷണ സംഘത്തിന് ഇതിെൻറ രേഖകളൊന്നും അവിടെ നിന്ന് കിട്ടിയില്ല. ആദ്യ പ്രസവം സിസേറിയൻ ആയാലും രണ്ടാം പ്രസവം നാച്വറലാക്കും എന്നതായിരുന്നു ഇൗ ചികിത്സയുടെ മേന്മയായി ഇയാൾ പ്രചരിപ്പിച്ചിരുന്നത്. ഇനി പ്രസവത്തിനിടെ അത്യാഹിതം സംഭവിച്ചാൽ, തൊട്ടടുത്ത ആശുപത്രിയുമായി (കുട്ടി മരണപ്പെട്ട ആശുപത്രി) ടൈയപ്പുണ്ടെന്നും അയാൾ അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാൽ, അങ്ങനെയൊരു കരാർ ഇല്ലെന്ന് പിന്നീട് വ്യക്തമായി. ഏതായാലും ജില്ലാ മെഡിക്കൽ ഒാഫിസർ ഇടപെട്ടതോടെ ‘ഡോക്ടർ’ക്ക് സ്ഥാപനം പൂേട്ടണ്ടിവന്നു.
മാസങ്ങൾക്കിപ്പുറം, മലപ്പുറം ജില്ലയിലെ തന്നെ മഞ്ചേരിയിൽനിന്ന് സമാനമായ മറ്റൊരു വാർത്ത കേട്ടു. പക്ഷെ, ഇവിടെ മരണപ്പെട്ടത് കുഞ്ഞായിരുന്നില്ല; മാതാവായിരുന്നു. പ്രസവമെടുത്തത് ഇതേ ‘ഡോക്ടറും’ സംഘവും തന്നെ. വെന്നിയൂരിൽ പൂട്ടിയ സ്ഥാപനം മഞ്ചേരിയിൽ കൂടുതൽ വിപുലമായി തുറന്നു. അതും ഒരു ആശുപത്രിയുടെ ഒരു ഭാഗം വാടകക്കെടുത്ത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉടൻ യഥാർഥ ചികിത്സ തേടാമല്ലൊ. ഇവിടെ ‘വാട്ടർ ബർത്തി’നു പുറമെ ‘ഗ്രൗണ്ട് ബർത്തും’ പരീക്ഷിച്ചിരുന്നു. വാട്ടർ ബർത്തിന് 50,000 രൂപയും ഗ്രൗണ്ട് ബർത്തിന് 20,000 രൂപയുമാണ് ഇൗടാക്കിയിരുന്നത്. അത്ഭുതകരമായ കാര്യം എന്തെന്നുവെച്ചാൽ, മഞ്ചേരിയിൽ മരണപ്പെട്ട ആ യുവതിയുടെ രക്ഷിതാക്കൾ ഇൗ ചികിത്സകനൊപ്പം നിലകൊണ്ടു എന്നതാണ്. മകളുടെ മരണത്തിൽ തങ്ങൾക്ക് പരാതി ഇല്ലെന്ന് അവർ പത്രസമ്മേളനം നടത്തി പറഞ്ഞു. പക്ഷെ, അവിടെയും ആരോഗ്യ വകുപ്പിെൻറ ഇടപെടലുണ്ടായി. തുടർന്ന്, യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. അപ്പോഴും ഇപ്പോഴും ഇപ്പറഞ്ഞ ‘ഡോക്ടർ’ സുരക്ഷിതനാണ്. മെഡിക്കൽ സംഘം ഇയാളുടെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കലക്ടർക്ക് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടായില്ല. ഇപ്പോഴും പലയിടങ്ങളിലായി ഇയാൾ വാട്ടർബർത്ത് ചികിത്സയുമായി ലക്ഷങ്ങൾ സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
തിരുപ്പൂരിലെ കൃതികയും മലപ്പുറത്ത് തട്ടിപ്പിനിരയായവരുമെല്ലാം വിദ്യാസമ്പന്നരായിരുന്നു. അതിെൻറ കാരണമെന്തായിരിക്കും. ആധുനിക വൈദ്യശാസ്ത്രത്തോടുള്ള നിഷേധാത്മക സമീപനമാണ് യഥാർഥത്തിൽ ഇവർക്ക് ഇൗ വിധി സമ്മാനിച്ചതെന്ന് കാണാനാകും. പല രാജ്യങ്ങളും ഇന്ന് ‘വീട്ടിലെ പ്രസവ’ സങ്കൽപത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. താരതമ്യേന സങ്കീർണത കുറഞ്ഞ പ്രസവമാകുമെന്ന് ഉറപ്പുണ്ടെങ്കിൽ പരിശീലനം ലഭിച്ച മിഡ്വൈഫിെൻറ സഹായത്തോടെ വീട്ടിൽ തന്നെ പ്രസവിക്കാനുള്ള സൗകര്യമേർപ്പെടുത്തുക എന്നത് പല രാജ്യങ്ങളിലും നിയമപരമായി തന്നെ അനുവദിക്കപ്പെട്ടിട്ടുണ്ട്. അത്യാവശ്യം ഒാക്സിജൻ കിറ്റ് കൈകാര്യം ചെയ്യാനും സ്റ്റിച്ച് ചെയ്യാനുള്ള അറിവ്, രക്ത സ്രാവം നിയന്ത്രിക്കാനുള്ള മരുന്നുകളുടെ ഉപയോഗം എന്നിവയൊെക്ക വശമുള്ള മിഡ്വൈഫുമാരായിരിക്കണമെന്നു മാത്രം. ഇങ്ങനെയൊക്കെ സൗകര്യമൊരുക്കിയിട്ടും ആസ്ട്രേലിയയിൽ കരോലിൻ എന്ന സ്ത്രീയുടെ പ്രസവ മരണം വലിയ വിവാദമായി. ‘വീട്ടിലെ പ്രസവത്തി’നു വേണ്ടി വാദിച്ച ആളായിരുന്നു കരോലിൻ. തെൻറ രണ്ടാം പ്രസവം വീട്ടിൽവെച്ച് ‘വാട്ടർ ബർത്തി’ലൂടെയായിരിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. അതിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി. അവർ പ്രസവിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷമുണ്ടായ രക്തസ്രാവം നിയന്ത്രിക്കാൻ അവർക്കോ മിഡ്വൈഫിനോ സാധിച്ചതുമില്ല. തൊട്ടടുത്ത ആശുപത്രിയിൽ പോകാനും അവർ തയാറായില്ല. അതോടെ അവർക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു. മലപ്പുറത്തെ സംഭവവുമായി ഇതിന് ചെറുതല്ലാത്ത ബന്ധമുണ്ട്.
ആശുപത്രിയിലെ പ്രസവം
ആരോഗ്യ മേഖലയിൽ വേണ്ടത്ര മുന്നേറിയിട്ടും അതിനെ അവഗണിച്ച് പിന്നാക്കം പോയവരുടെ ദുരവസ്ഥയാണ് മുകളിൽ വിശദീകരിച്ചത്. ഇതിനൊരു മറുവശം കൂടിയുണ്ട്. ആരോഗ്യ രംഗത്ത് മനുഷ്യൻ എത്തിപ്പിടിച്ച നേട്ടങ്ങളെ ചൂഷണം ചെയ്യുന്ന വലിയൊരു കൂട്ടം ആളുകളും ഇവിടെയുണ്ട്. പ്രസവ ചികിത്സയിലും അത് കാണാം. ഇന്ത്യയിൽ സിസേറിയൻ പ്രസവങ്ങൾ ക്രമാധീതമായി വർധിക്കുന്നുവെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇൗ സിസേറിയനുകളിൽ വലിയൊരു പങ്കും ഏതെങ്കിലും തരത്തിലുള്ള സങ്കീർണതകൾ മൂലമല്ലെന്നും മറിച്ച് അമ്മയുടെ ഇച്ഛ അനുസരിച്ചാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട് (Roberts and Nippita 2015; Lumbiganon et al 2010)..
1985ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പ്രസവങ്ങളിൽ 10 മുതൽ 15 ശതമാനം വരെ സിസേറിയൻ ആകുന്നതിൽ തെറ്റില്ല. കാരണം, അത്രയും പ്രസവങ്ങളിൽ കോംപ്ലിക്കേഷനുകൾക്ക് സാധ്യതയുണ്ട്. മാതൃ-ശിശു മരണ നിരക്ക് കുറക്കാൻ ഇൗ സന്ദർഭത്തിൽ സിസേറിയൻ തന്നെയാണ് തെരഞ്ഞെടുക്കേണ്ടതും. ആ അർഥത്തിൽ സിസേറിയൻ പ്രസവങ്ങളെ ആരും എതിർക്കുന്നില്ല. എന്നല്ല, കാലങ്ങളായി നാം ആർജിച്ച അറിവിെൻറ പ്രയോഗം കൂടിയാണത്. നേരത്തെ, സൂചിപ്പിച്ചപോലെ ഭൂമിയിെല കോടിക്കണക്കിന് മരണങ്ങൾ ഒഴിവാക്കിയത് ഇൗ സിസേറിയൻ മൂലമാണ്. പക്ഷെ, ലോകാടിസ്ഥാനത്തിൽ തന്നെ സിസേറിയൻ നിരക്ക് വർധിക്കുന്നത് മറ്റു പല ചോദ്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. 1990ൽ, 15 പ്രസവങ്ങളിൽ ഒന്നായിരുന്നു സിസേറിയൻ. 2014ൽഅത് അഞ്ചിൽ ഒന്ന് എന്ന നിലയിലേക്കെത്തി. ഏറ്റവും കുറവ് സിസേറിയൻ നടക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്: 7.3 ശതമാനം. അതുകഴിഞ്ഞാൽ ഏഷ്യ; 19.2 ശതമാനം. ലാറ്റിനമേരിക്കയിലെ പ്രസവങ്ങളിൽ 40 ശതമാനവും സിസേറിയനിലൂടെയാണ് (കണക്കുകൾക്ക് കടപ്പാട്: (Betrán et al 2016).
ഇനി ഇന്ത്യയിലെ കണക്കു നോക്കാം. 2005ൽ എട്ടര ശതമാനമായിരുന്നു സിസേറിയൻ. പത്ത് വർഷങ്ങൾക്കിപ്പുറം അത് 17.2 ശതമാനമായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ, 102 ശതമാനത്തിെൻറ വർധനയാണ് പത്ത് വർഷത്തിനുള്ളിലുണ്ടായത്. ഇന്ത്യയിലെ സിസേറിയൻ പ്രസവങ്ങൾ സംബന്ധിച്ച് വിശദമായ കണക്കുകളുള്ളത് ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യുട്ട് േഫാർ പോപുലേഷൻ സയൻസസ് നടത്തിയ പഠനത്തിലാണ്(2017). ഇൗ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സിസേറിയൻ പ്രസവങ്ങൾ നടക്കുന്നത് തെലങ്കാനയിലാണ്: 58 ശതമാനം. കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളമടക്കം 16 സംസ്ഥാനങ്ങളിൽ സിസേറിയൻ പ്രസവങ്ങൾ ഇരട്ടിയായതായും ഇൗ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ സിസേറിയൻ നടക്കുന്നത് നഗര പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രിയിലാണെന്നത് കാര്യങ്ങൾക്ക് കൂടുതൽ വ്യകത്തത വരുത്തുന്നുണ്ട്. അതേസമയം, കേരളത്തിൽ സർക്കാർ ആശുപത്രിയിൽ തന്നെ സിസേറിയൻ നിരക്ക് 31 ശതമാനം വർധിച്ചുവെന്നത് ആരോഗ്യ മേഖലയിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ സൂചകമായി കാണാം. ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും സർക്കാർ ആശുപത്രികളിൽ സിസേറിയൻ നിരക്ക് കുറയുകയും സ്വകാര്യ ആശുപത്രികളിൽ കുടുകയും ചെയ്യുേമ്പാൾ കേരളത്തിൽ ഗവൺമെൻറ് ആശുപത്രികളിൽ സിേസറിയൻ വർധിക്കുന്നത് ഗുണപരമായ വസ്തുത തന്നെയാണ്.
എന്തുകൊണ്ടായിരിക്കും സിസേറിയൻ പ്രസവങ്ങൾ ഇത്രമേൽ വർധിക്കാൻ കാരണം? എല്ലാ സിസേറിയൻ പ്രസവങ്ങളും അനിവാര്യമായ കാരണങ്ങളാലാണോ നടന്നിട്ടുണ്ടാവുക? അങ്ങനെയല്ല എന്നാണ് മിക്ക പഠനങ്ങളും തെളിയിക്കുന്നത്. ഗർഭിണികളും അവരുടെ രക്ഷിതാക്കളും ഡോക്ടർമാരോട് അങ്ങോട്ട് ആവശ്യപ്പെട്ട ശേഷമാണ് പല സിസേറിയനുകളും നടക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു (Lumbiganon et al 2010).. വിദ്യാസമ്പന്നരും പണക്കാരുമാണ് സിസേറിയന് കൂടുതലായും വിധേയമാകുന്നതെന്നും ഇതിനോട് കൂട്ടിവായിക്കണം. നമ്മുടെ ചില അന്ധവിശ്വാസങ്ങളും പലപ്പോഴും സിസേറിയൻ പ്രസവങ്ങൾക്ക് കാരണമാകാറുണ്ട്. സിസേറിയൻ പ്രസവങ്ങൾ സംബന്ധിച്ച നിരവധി പഠനങ്ങൾ അപഗ്രഥിച്ച് ഒരു സംഘം ഗവേഷകർ തയാറാക്കി ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ (Rising Caesarean Births: A Growing Concern) ഇൗ അന്ധവിശ്വാസങ്ങളെയും വിശകലനം ചെയ്യുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളും ഗൈനക്കോളജിസ്റ്റിനൊപ്പം ഒരു ജ്യോതിഷിയെക്കുടി ഇപ്പോൾ നിയമിക്കാറുണ്ടെത്രെ. സിസേറിയൻ പ്രസവമാകുേമ്പാൾ മാതാവ് ഉദ്ദേശിക്കുന്ന തീയതിയിലും സമയത്തും തന്നെ പ്രസവം നടക്കുമല്ലൊ. അതിനുള്ള ലക്ഷണമൊത്ത നാൾ ഇൗ ജ്യോതിഷി കുറിച്ചു തരും. ജ്യോതിഷത്തിൽ വിശ്വാസമുള്ള ഒരാൾ തനിക്ക് പ്രത്യേകിച്ച് കോംപ്ലിക്കേഷനുകളൊന്നുമില്ലെങ്കിലും ‘നല്ല പ്രസവ നാൾ’ ലഭിക്കാൻ ജ്യോതിഷിയുടെ നിർദേശ പ്രകാരം സിസേറിയൻ തന്നെ തെരഞ്ഞെടുക്കും. ഇത് ഉത്തരേന്ത്യയിലെ കാര്യമൊന്നുമല്ല. നമ്മുടെ തലസ്ഥാന നഗരിയിൽ തന്നെ ഇത്തരം ആശുപത്രികളുണ്ടെന്നത് പരസ്യമായ രഹസ്യമല്ലെ.
ലേബർ റൂമിനരികെ പതുങ്ങിയിരിക്കുന്ന ഇത്തരം ജ്യോതിഷികളും അവർക്ക് സഹായം നൽകുന്ന സ്വകാര്യ ആശുപത്രികളും ആരോഗ്യമേഖലയിലെ പുതിയൊരു പ്രതിസന്ധിയാണ്. വാട്ടർബർത്ത് പ്രസവ ചികിത്സകൾ അതിെൻറ മറ്റൊരു തലവും. ഇത് രണ്ടും ആരോഗ്യമേഖലയിൽ നാം കൈവരിച്ച നേട്ടങ്ങളെ പിന്നോട്ടടിക്കുമെന്നതിൽ സംശയമില്ല.
(കടപ്പാട്: നാഷനൽ ഫൗണ്ടേഷൻ ഒാഫ് ഇന്ത്യ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.