ലോക വനിതദിനത്തിലാണ് ഇത്തവണ വൃക്കദിനവും കടന്നുവരുന്നത്. ഇൗ വർഷത്തെ ലോക വൃക്കദിനം മുമ്പോട്ടുവെക്കുന്ന ആശയം ‘സ്ത്രീകളുടെ ആരോഗ്യവും വൃക്കകളും’ എന്നതാണ്. സ്ത്രീകളിലെ വൃക്കരോഗ സംരക്ഷണത്തിന് ഉൗന്നൽ കൊടുക്കണം എന്ന് വൈദ്യശാസ്ത്രമേഖലയേയും, സമൂഹത്തെയും ഓർമിപ്പിക്കാനുള്ള ദിവസമായി ഇത് മാറണം എന്നതാണ് ലോക വൃക്കദിനത്തിെൻറ ആത്യന്തികമായ ലക്ഷ്യം. സ്ത്രീകളിൽ പ്രത്യേകമായി കണ്ടുവരുന്ന വൃക്കരോഗങ്ങളും അതിനുള്ള ചികിത്സയുമാണ് ഇവിടെ വിശദീകരിക്കുന്നത്.
ഗർഭകാല അസുഖങ്ങൾ
പ്രീ-എക്ലാംപ്സിയ
ഗർഭകാലത്ത് 20 ആഴ്ചകൾക്കു ശേഷം വരുന്ന രോഗാവസ്ഥയാണ് ഇത്. അമിത രക്തസമ്മർദം, മൂത്രത്തിലൂടെ േപ്രാട്ടീൻ നഷ്ടപ്പെടുക, ശരീരമാസകലം നീരുവരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇതിെൻറ ഫലമായി അമ്മയുടെയും കുഞ്ഞിെൻറയും ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കാനിടയുണ്ട്. പെട്ടെന്നുണ്ടാവുന്ന വൃക്കസ്തംഭനത്തിനും സ്ഥായിയായ വൃക്കരോഗങ്ങൾക്കും ഇത് സാധ്യതയേറ്റുന്നു.
കൃത്യമായ രോഗനിർണയവും ശ്രദ്ധയോടെയുള്ള പരിചരണവും വളരെ അത്യാവശ്യമാണ്. രക്തസമ്മർദ നിയന്ത്രണവും (കുഞ്ഞിന് ദോഷമുണ്ടാക്കാത്ത മരുന്നുകൾ) കൃത്യമായ സമയത്തെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലുള്ള പ്രസവവുമാണ് ഈ അവസ്ഥയുടെ ചികിത്സ.
പെട്ടെന്നുണ്ടാകുന്ന വൃക്കസ്തംഭനം
അമിത രക്തസ്രാവം, പ്രീ എക്ലംപ്സിയ, HUS, TTP തുടങ്ങിയ അപൂർവ രോഗങ്ങൾ എന്നിവമൂലം വൃക്കകളുടെ പ്രവർത്തനം പെട്ടെന്ന് നിലക്കുന്ന അവസ്ഥ ഉണ്ടാകാം. ഗർഭകാലത്തുണ്ടാകുന്ന അണുബാധ, വൈദ്യസഹായത്തോടെയല്ലാത്ത ഗർഭം അലസിപ്പിക്കൽ രീതികളിലൂടെ ഉണ്ടാകാവുന്ന അണുബാധ എന്നിവ വികസ്വര, ദരിദ്ര രാജ്യങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥ മാതൃമരണത്തിന് പ്രധാനകാരണമാണ്.
സ്ഥായിയായ വൃക്കരോഗങ്ങൾ
സ്ഥായിയായ വൃക്കരോഗങ്ങൾ, ഗർഭസ്ഥശിശുവിനും അമ്മക്കും വളരെയധികം ദോഷം ചെയ്യാം. അമ്മയിലെ സ്ഥായിയായ വൃക്കരോഗത്തിെൻറ ആക്കം കൂട്ടാനും വൃക്കകളുടെ കാര്യമായ പ്രവർത്തന തകരാറിലേക്കും കാര്യങ്ങൾ എത്തിപ്പെടാം.
ഓട്ടോ ഇമ്മ്യൂൺ അസുഖങ്ങൾ: ശരീരത്തിലെ കോശങ്ങളെ പ്രശ്നക്കാരായി തെറ്റിദ്ധരിച്ച് രോഗപ്രതിരോധസംവിധാനങ്ങൾ എതിരായി പ്രവർത്തിക്കുന്ന അവസ്ഥയാണ് ഇത്.
SLE (Systemic Lupus Erythematosis) RA (Rheumatoid Arthritis), ആമവാതം, Systemic Sclerosis എന്നീ അസുഖങ്ങൾ സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. സ്ത്രീജന്യ ഹോർമോണുകളാണ് ഈ അസുഖങ്ങൾ സ്ത്രീകളിൽ കൂടുതലായി കാണുന്നതിനുള്ള കാരണം.
SLE എന്ന അസുഖത്തിെൻറ തീവ്രമായ അവസ്ഥകളിലൊന്നാണ് ലൂപ്പസ് നെൈഫ്രറ്റിസ് (വൃക്കകളെ ബാധിക്കുന്ന അവസ്ഥ). ഈ അസുഖം 9:1 എന്ന അനുപാതത്തിൽ സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്.
ആമവാതം (Rheumatoid Arthritis) സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് 4:1 എന്ന അനുപാതത്തിൽ കാണപ്പെടുന്നു. ഈ അസുഖവും വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാം.Systemic Sclerosis എന്ന അസുഖവും സ്ത്രീ പുരുഷാനുപാതം 14:1 എന്ന രീതിയിൽ സ്ത്രീകളെ ബാധിക്കാം. നിയന്ത്രണാതീതമായ രക്തസമ്മർദവും വളരെപ്പെട്ടെന്ന് വൃക്കകളുടെ പ്രവർത്തനം സ്തംഭിക്കുന്ന രീതിയിൽ മോശമാകാനും സാധ്യതയുള്ള Scleroderma renal crisis ഇതിെൻറ ഭാഗമായി ഉണ്ടാവാറുണ്ട്.
ഡയാലിസിസ്/ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ
വൃക്കസ്തംഭനാവസ്ഥ സ്ത്രീകളിലും സാധാരണയായി കാണപ്പെടുന്നുണ്ട്. ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലും പുരുഷന്മാരെപ്പോലെ ശരിയായ ചികിത്സ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. പ്രത്യേകിച്ചും പല സമൂഹങ്ങളിലും സ്ത്രീകളുടെ പിന്നാക്കാവസ്ഥ നിലനിൽക്കുന്ന അവസ്ഥയിൽ. എന്നാൽ, വൃക്കദാതാക്കളിൽ നല്ലൊരു ശതമാനവും സ്ത്രീകളാണ് എന്നതാണ് വാസ്തവം. അമ്മമാരും ഭാര്യമാരും, മക്കൾക്കും ഭർത്താവിനും ഒരു സങ്കോചവും സംശയവുമില്ലാതെ വൃക്ക ദാനം ചെയ്യാൻ മുന്നോട്ടുവരുന്നതാണ് ഇതിനു കാരണം. ഇതേസമയം പുരുഷന്മാരെ അപേക്ഷിച്ച് വൃക്കരോഗത്തെ തുടർന്നുണ്ടാവുന്ന സ്തംഭനാവസ്ഥയിൽ ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സ്ത്രീകളുടെ അനുപാതം പല വികസ്വര പിന്നാക്ക രാഷ്ട്രങ്ങളിലും കുറവാണ്. സ്ത്രീകൾക്കെതിരെ വിവേചനം നിലനിൽക്കുന്ന പലസമൂഹങ്ങളിലും ഈ അവസ്ഥ കൂടുതൽ രൂക്ഷമാണ് എന്നും സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.
മൂത്രത്തിലെ രോഗാണുബാധ:
ഇത് പലപ്പോഴും സ്ത്രീകളെ കൂടുതലായി അലട്ടുന്ന പ്രശ്നമാണ്. ചിലരിലെങ്കിലും ഇത് വളരെ സ്ഥിരമായുള്ള ഒരു പ്രശ്നമായി വരാറുണ്ട്. ഗർഭകാലത്ത് വളരെപ്പെട്ടെന്ന് രക്തത്തിലെ അണുബാധയായി മാറാനും മാതൃമരണനിരക്ക് കൂടാനും ഇത് കാരണമാവാറുണ്ട്. ഗർഭസ്ഥ ശിശുവിനെയും ഇത് വളരെയധികം ദോഷകരമായി ബാധിക്കാം. ഗർഭകാലത്ത് മൂത്രത്തിലെ രോഗാണുബാധയില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി സക്രീനിങ് പരിശോധനകൾ ആവശ്യമാണ്.
13ാം ലോക വൃക്കദിനം മുന്നോട്ടുവെക്കുന്ന ‘സ്ത്രീകളുടെ ആരോഗ്യവും വൃക്കകളും’ എന്ന ആശയം ലക്ഷ്യം വെക്കുന്നത് സ്ത്രീകൾക്ക് പുരുഷന്മാരുടേതിനു തുല്യമായ ചികിത്സയും ആരോഗ്യവും വിദ്യാഭ്യാസവുമാണ്. സർക്കാറിെൻറയും സാമൂഹികസേവനം ഉന്നം വെക്കുന്ന പ്രസ്ഥാനങ്ങളുടെയും വൈദ്യശാസ്ത്ര സമൂഹത്തിെൻറയും പ്രവർത്തനം ഈ ദിശയിൽ ആയിരിക്കണം.
(തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലെ കൺസൽട്ടൻറ് നെഫ്രോളജിസ്റ്റ് ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.