കുട്ടികളിലെ കോങ്കണ്ണ് നേരത്തേ ചികിത്സിക്കുക

നാം കണ്ണിന്‍െറ കൃഷ്ണമണിപോലെ പരിപാലിക്കുന്നവരാണ് നമ്മുടെ കുഞ്ഞുങ്ങള്‍. അവര്‍ക്കുണ്ടാകുന്ന ചെറിയ ഒരു അനാരോഗ്യം പോലും കുടുംബത്തെ ആശങ്കയുടെ മുള്‍മുനയില്‍നിര്‍ത്തും. പ്രത്യേകിച്ച് പെണ്‍കുട്ടികളാണെങ്കില്‍ ആരോഗ്യത്തിനുപുറമെ അവരുടെ സൗന്ദര്യവും ടെന്‍ഷന് കാരണമാവും. പ്രതീക്ഷകളോടെ നാം വളര്‍ത്തുന്ന കുഞ്ഞിന്‍െറ കണ്ണിന്‍െറ അനാരോഗ്യം നമ്മെ അസ്വസ്ഥപ്പെടുത്തും. കോങ്കണ്ണുപോലുള്ള തകരാറുള്ളത്  പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ഏറെക്കാലത്തിനുശേഷം നടക്കാന്‍പോകുന്ന കുട്ടിയുടെ കല്യാണത്തിലേക്കുവരെ നമ്മുടെ ചിന്ത പായും. എന്നാല്‍, നേരത്തേ കണ്ടെ ത്തുകയാണെങ്കില്‍  ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന പ്രശ്നമാണിത്.

കാരണങ്ങള്‍

പ്രത്യേകമായ കാരണങ്ങള്‍ പറയാന്‍ കഴിയില്ളെങ്കിലും കണ്ണിലെ പേശികളുടെ (മസില്‍) പ്രവര്‍ത്തനത്തിന്‍െറ അസന്തുലിതാവസ്ഥയാണ് കോങ്കണ്ണിന്‍െറ പ്രധാനമായ കാരണം. രണ്ട് കണ്ണും ഒരു പോലെ ഉപയോഗിക്കാനുള്ള കഴിവിനെ ഇത് തടസ്സപ്പെടുത്തും. ഇതുകാരണം,  രണ്ട് കണ്ണുകളെ ഒരേ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെവരുന്നു. ഞരമ്പുകളില്‍ വരുന്ന തകരാറുകളും കോങ്കണ്ണിന് കാരണമാകുന്നു. തലച്ചോറും കണ്ണും തമ്മില്‍ ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ തകരാറാണ് കോങ്കണ്ണിന് കാരണമാകുന്നത്.  

തലച്ചോറുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരിക്കുകളും ഇതിന് കാരണ്. കണ്ണിലുണ്ടാകുന്ന കലയും കോങ്കണ്ണിന് കാരണമാകും. കുടുംബ പാരമ്പര്യവും വളരെ കുറഞ്ഞ ശതമാനത്തിലെങ്കിലും കോങ്കണ്ണിന് കാരണമാകുന്നു. കൂടുതല്‍ ശക്തിയുള്ള കണ്ണടകള്‍ വെക്കുന്നവര്‍ കുടുംബത്തിലുണ്ടെങ്കില്‍ ജനിക്കുന്ന കുട്ടികളില്‍ കണ്ണ് സംബന്ധമായ വിശദമായ എല്ലാ പരിശോധനക്കും വിധേയമാക്കേണ്ടതാണ്.


കൂടുതല്‍ കോങ്കണ്ണും ജനനം മുതലേ ഉണ്ടാവുന്നതാണ് എന്ന് നാം മനസ്സിലാക്കണം. എന്നാല്‍, അത് വൈകി കണ്ടത്തെുന്നതുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നാല്‍ പരിഹരിക്കപ്പെടാതെ പോകുന്നത്. കുഞ്ഞ് ജനിച്ച് നാലു മാസത്തിനുള്ളില്‍ കുഞ്ഞിന്‍െറ കണ്ണ് ഇടക്കിടക്ക് കോങ്കണ്ണുപോലെ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഈ ചലനം കണ്ണുകള്‍ക്ക് സ്ഥിരമായുണ്ടെങ്കില്‍ പരിശോധനക്ക് വിധേയമാക്കണം.

കോങ്കണ്ണുള്ളവരില്‍ ശരിയായ ദിശയിലുള്ള കണ്ണ് വക്രതയുള്ള കണ്ണിനെക്കാള്‍ മേല്‍ക്കൈ നേടും. ശരിയായ ദിശയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിന്‍െറ എല്ലാ പ്രവര്‍ത്തനങ്ങളും തലച്ചോറുമായി കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കും. വക്രതയുള്ള കണ്ണ് തലച്ചോറുമായി കൃത്യമായ രീതിയില്‍ ബന്ധമില്ലാത്തതുകൊണ്ടുതന്നെ ഒരു വസ്തുവിലേക്ക് നോക്കുമ്പോള്‍ ആ കണ്ണ് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കും.  

കോങ്കണ്ണ് കൃത്യമായി ചികിത്സിച്ചില്ളെങ്കില്‍ ശക്തിയില്ലാത്ത കണ്ണിന്‍െറ കാഴ്ചശക്തി കൂടുതല്‍ മങ്ങിയതാകും. ഇത് കണ്ണിന് ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശക്തി നഷ്ടപ്പെടുത്തും. ചിലപ്പോള്‍ സ്ഥായിയായി കാഴ്ചശക്തി നഷ്ടപ്പെടുത്താനും ഇത് കാരണമാകും. ഒരു വസ്തുവിന്‍െറ ത്രിമാന കാഴ്ച ലഭിക്കുന്നതും ഇത് തടസ്സപ്പെടുത്തും.

ലക്ഷണങ്ങള്‍

കുട്ടികളിലെ കോങ്കണ്ണ് പെട്ടെന്ന് നമുക്ക് കണ്ടത്തൊന്‍ സാധിച്ചേക്കില്ല. ശരിയായ നിരീക്ഷണം നടത്തിയാലേ രക്ഷിതാക്കള്‍ക്ക് കോങ്കണ്ണിന്‍െറ ലക്ഷണങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ. നവജാത ശിശുക്കളില്‍ രണ്ട് കണ്ണും ഒരേപോലെ ചലിക്കാതിരിക്കുന്നത് സാധാരണമാണ്. എന്നാല്‍,  ഇത് സ്ഥിരമായി കാണപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണണം. ജനിച്ച് മൂന്നു മാസത്തിനുശേഷവും കണ്ണിന്‍െറ ചലനം വക്രീകരിക്കപ്പെട്ടു കാണുകയാണെങ്കിലും പരിശോധനക്ക് വിധേയമാക്കണം. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളിലും കണ്ണ് പരിശോധിക്കുന്നത് നല്ലതാണ്. കുട്ടികള്‍ ചരിഞ്ഞുനോക്കുന്നത് കണ്ടാല്‍ ശ്രദ്ധിക്കണം. രണ്ട് കണ്ണുകളും ഒരേരീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ അതിന് പറ്റാതിരിക്കുകയും ചെയ്യുമ്പോഴാണ് കുട്ടി ഇങ്ങനെ ചെയ്യുന്നത്. നല്ല സൂര്യപ്രകാശമുള്ള സമയത്ത് പ്രത്യേകിച്ചും കുട്ടി ഇങ്ങനെ ചെയ്യും. കുട്ടിയുടെ സഹോദരങ്ങളില്‍ ആര്‍ക്കെങ്കിലും കോങ്കണ്ണുണ്ടെങ്കില്‍ കണ്ണ് പരിശോധന നടത്തുന്നത് നല്ലതാണ്. സംസാരിക്കാന്‍ സമയമാവാത്ത കുട്ടികളിലെ ചലനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ അവര്‍ക്ക് പറയാന്‍ കഴിഞ്ഞെന്നുവരില്ല.

ചികിത്സ

കോങ്കണ്ണുണ്ടെങ്കില്‍ ആറു വയസ്സിനുള്ളില്‍ അതിന് വിദഗ്ധ ചികിത്സ നല്‍കിയിരിക്കണം. കണ്ണിന്‍െറ വളര്‍ച്ച സ്ഥിരപ്പെടുന്നതിന്‍െറ സമയമായതുകൊണ്ടാണ് ആറു വയസ്സ് എന്ന കണക്ക് വെക്കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആറു വയസ്സിനുള്ളില്‍ കുട്ടിക്ക് ചികിത്സ നല്‍കിയാല്‍ കുട്ടിയുടെ കോങ്കണ്ണ് ഭേദമാക്കി കണ്ണിന് സംരക്ഷണം നല്‍കാന്‍ സാധിക്കും. ഇതിനുള്ളില്‍ കോങ്കണ്ണ് ശ്രദ്ധയില്‍പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം. കുട്ടികളുടെ നേത്രരോഗ വിദഗ്ധനെ(പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റ്)യാണ് കാണിക്കേണ്ടത്.
കോങ്കണ്ണ് എത്രത്തോളം തീവ്രമാണ് എന്നതിനനുസരിച്ചാണ് ചികിത്സ നടത്തുന്നത്. കണ്ണിന്‍െറ പേശികളില്‍ നടത്തുന്ന ശസ്ത്രക്രിയ, കണ്ണട ധരിക്കല്‍, പാച്ചിങ് (patching,) എന്നിവയാണ് പ്രധാന ചികിത്സാ രീതികള്‍.

നേരിയ കോങ്കണ്ണ്

പരിശോധനയില്‍ കുട്ടിയുടെ കോങ്കണ്ണ് നേരിയ രീതിയിലാണെങ്കില്‍ ഡോക്ടര്‍ കണ്ണട വെക്കാന്‍ ആവശ്യപ്പെടും. ഇതിലൂടെ കണ്ണിന്‍െറ ശരിയായ സ്ഥാനം സാധ്യമാക്കുന്നു.

ഗുരുതരമായ കോങ്കണ്ണ്

കണ്ണിന്‍െറ പേശികളില്‍ ശസ്ത്രക്രിയ നടത്തിയാണ് ഇത് പരിഹരിക്കുന്നത്. ശസ്ത്രക്രിയയിലൂടെ കണ്ണിന്‍െറ ദിശ നേരെയാക്കാനാണ് ശ്രമിക്കുന്നത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ണില്‍ ഒരു പ്രത്യേക കുത്തിവെപ്പ് നല്‍കുന്നുണ്ട്. ശസ്ത്രക്രിയയിലൂടെ പേശികളുടെ സ്ഥാനം ശരിയായില്ളെങ്കിലാണ് ഇങ്ങനെ ചെയ്യുന്നത്.

കണ്ണിന്‍െറ കൃത്യമായ കേന്ദ്രീകരണം നടന്നിട്ടില്ളെങ്കില്‍ കുട്ടി വീണ്ടും ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും. ഇരു കണ്ണുകളും പൊരുത്തത്തോടുകൂടി (alignment) ചലിക്കാന്‍ പാച്ചിങ് എന്ന ചികിത്സാ രീതിയാണ് പിന്തുടരുന്നത്. വക്രതയില്ലാത്ത കണ്ണ് പൊത്തിപ്പിടിച്ച് തകരാറുള്ള കണ്ണുകൊണ്ട് കാണുന്നതാണ് ഇത്. പാച്ച് (patch) എന്നാല്‍ കണ്ണ് മൂടിവെക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം പാഡ് ആണ്. കണ്ണിന് ശസ്ത്രക്രിയ കഴിഞ്ഞവര്‍ ഇത്തരം പാഡുകള്‍ ഉപയോഗിക്കുന്നത് കാണാന്‍ സാധിക്കും. ഇത് ഉപയോഗിക്കുന്നതിനെയാണ് പാച്ചിങ് എന്ന് പറയുന്നത്.


രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ സാധാരണ പാച്ച് കണ്ണില്‍ പിടിപ്പിക്കണം. ഇത് ചിലപ്പോള്‍ മാസങ്ങള്‍ തുടരേണ്ടിവരും. ചില കുട്ടികളുടെ കാര്യത്തില്‍ ദിവസം ആറു മണിക്കൂര്‍ വരെ പാച്ച് ധരിക്കേണ്ടി വരും. ആദ്യമൊക്കെ കുട്ടിക്ക് പാച്ച് ധരിക്കുന്നത് ബുദ്ധിമുട്ടായി തോന്നും. എന്നാല്‍ പിന്നീട് കുട്ടികള്‍ ഇതുമായി ഇഴുകിച്ചേരും.

ഹ്രസ്വ ദൃഷ്ടി, ദീര്‍ഘ ദൃഷ്ടി, വ്യക്തതയില്ലാത്ത കാഴ്ച തുടങ്ങിയവ കാരണം കുട്ടികളില്‍ കോങ്കണ്ണുണ്ടാകാം. ഇത് കണ്ണടവെച്ച് പരിഹരിക്കാവുന്നതാണ്. കണ്ണടയും പാച്ചിങ്ങും ഫലിക്കാതെവരുമ്പോഴാണ് കണ്ണിലെ പേശിയുടെ ശസ്ത്രക്രിയ വേണ്ടിവരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാല്‍ ഒരു ദിവസം പോലും ആശുപത്രി വാസം വേണ്ടിവരില്ല.

ആംബ്ലിയോപിയ

കുട്ടികളുടെ ഇരു കണ്ണുകളുടെയും കാഴ്ചശക്തി തമ്മില്‍ അന്തരമുണ്ടാകുന്ന അവസ്ഥയാണ് ആംബ്ളിയോപിയ അല്ളെങ്കില്‍ ലേസി ഐ. കണ്ണുകളെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പുകളുടെ ശരിയായ വികാസം ഇല്ലാതെവരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ശരിയായ രീതിയില്‍ പ്രതിബിംബങ്ങള്‍ കൃഷ്ണമണിയില്‍ എത്താതെപോകുമ്പോള്‍ കാണുന്ന വസ്തുക്കള്‍ തിരിച്ചറിയാതെ പോകുന്നു. ഇത് ചികിത്സിച്ചില്ളെങ്കില്‍ ഭാവിയില്‍ കണ്ണുകളുടെ പൂര്‍ണമായ തകര്‍ച്ചക്ക് കാരണമാകാന്‍ സാധ്യത കൂടുതലാണ്. കോങ്കണ്ണ് ശരിയായ രീതിയില്‍ ചികിത്സിച്ചില്ളെങ്കില്‍ അത് ആംബ്ളിയോപിയക്ക് കാരണമായേക്കും.

ശരിയായ രീതിയിലുള്ള കണ്ണിന്  നമ്മുടെ ആരോഗ്യത്തിന് മാത്രമല്ല, സാമൂഹിക ജീവിതത്തിലും ഏറെ പ്രാധാന്യമുണ്ട്. മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും മറ്റുള്ളവരുമായി ഇടപഴകാനും ബന്ധങ്ങള്‍ സ്ഥാപിക്കാനും ആത്മവിശ്വാസം തരുന്നതാണ് കണ്ണിന്‍െറ സൗന്ദര്യം. കോങ്കണ്ണുള്ളവര്‍ സംസാരിക്കാനും കൂട്ടത്തില്‍കൂടാനും അനുഭവിക്കുന്ന പ്രയാസങ്ങള്‍ നമുക്കുതന്നെ അനുഭവമുള്ളതായിരിക്കും.

(ലേഖിക കോഴിക്കോട് കോംട്രസ്റ്റ് ഐ ഹോസ്പിറ്റലിലെ  പീഡിയാട്രിക് ഒഫ്താല്‍മോളജിസ്റ്റാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.