സന്ധി മാറ്റിവെക്കൽ ശസ്​ത്രക്രിയ: അറിയേണ്ടതെല്ലാം

എന്താണ്​ സന്ധിമാറ്റിവെക്കൽ ശസ്​ത്രക്രിയ
പ്രായാധിക്യം മൂലമോ, വാതസംബന്ധമായ അസുഖങ്ങളാലോ അപകടങ്ങൾ കാരണമോ സന്ധികൾക്കുണ്ടാവുന്ന തേയ്​മാനം ചികിത്സിക്കുന്നതിനുള്ള നൂതന മാർഗമാണിത്​. കേടുവന്ന സന്ധിയുടെ ഉപരിതല ഭാഗം നീക്കംചെയ്​ത്​ പകരം ആ ഭാഗത്ത്​ കൃത്രിമമായ സന്ധിഭാഗങ്ങൾ വെച്ചുപിടിപ്പിക്കുകവഴി രൂപവൈകൃതവും വേദനയും ഇല്ലാതാക്കുന്ന ശസ്​ത്രക്രിയയാണിത്​. നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിർദേശിക്കപ്പെടുന്ന ശസ്​ത്രക്രിയ മാർഗം കൂടിയാണിത്​. സാധാരണയായി കാൽമുട്ടും ഇടുപ്പുമാണ്​ മാറ്റിവെക്കാറുള്ളത്​. ചില സന്ദർഭങ്ങളിൽ തോൾ, കൈമുട്ട്​, കാൽകുഴ തുടങ്ങിയ സന്ധികളും മാറ്റിവെക്കാറുണ്ട്​.

സന്ധികൾക്ക്​ സംഭവിക്കുന്നത്​
സന്ധികൾക്കുണ്ടാകുന്ന കേടുപാടുകൾക്ക്​ ‘ആർത്രൈറ്റിസ്​’ എന്നാണ്​ പറയുന്നത്​. ഇത്തരം സന്ദർഭങ്ങളിൽ ഇത്​ വേദനക്കും സന്ധികളുടെ ദൃഢതക്കും കാരണമാകുന്നു. ഇത്​ കാലക്രമേണ സന്ധിയുടെ രൂപവൈകൃതത്തിലേക്ക്​ നയിക്കുന്നു. തന്മൂലം ന​െട്ടല്ല്​,  ഇടുപ്പ്​, കാൽപാദം തുടങ്ങിയ സന്ധികളിലേക്കും അവയുടെ പ്രവർത്തനക്ഷമത കുറയുന്നതിനും കാരണമാകുന്നു.

എന്താണ്​ കൃത്രിമ സന്ധി


ചില പ്രത്യേക ലോഹസങ്കരം, ടൈറ്റാനിയം, പ്ലാസ്​റ്റിക്​, ഒാക്​സീനിയം, ​െസറാമിക്​ എന്നിവ ഉപയോഗിച്ചാണ്​ പ്രോസ്​തസിസ്​ എന്നു വിളിക്കുന്ന കൃത്രിമ സന്ധി നിർമിക്കുന്നത്​. പ്രത്യേകം രൂപകൽപന ചെയ്​ത ബോൺസിമൻറ്​ അല്ലെങ്കിൽ അസ്​ഥികൾ തന്നെ അകത്തേക്ക്​ വളരാവുന്ന ഹൈഡ്രോക്​സി അപറൈറ്റ്​ കലർന്ന പ്രോസ്​തസിസ്​ എന്നീ രണ്ട്​ മാർഗങ്ങളിലൂടെയാണ്​ ഇത്തരം കൃത്രിമ സന്ധികൾ നമ്മുടെ അസ്​ഥികളിൽ ഉറപ്പിക്കുന്നത്​. പ്രായമായ ആളുകളിൽ സിമൻറ്​ മുഖേന ഉറപ്പിക്കുന്നതും ചെറുപ്പക്കാരിൽ അസ്​ഥി അകത്തോട്ട്​ വളരുന്നതുമായ കൃത്രിമ സന്ധികളാണ്​ സാധാരണയായി ശിപാർശ ചെയ്യാറുള്ളത്​. ഏകദേശം പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു വർഷം വരെയാണ്​ ഒരു കൃത്രിമ സന്ധിയുടെ ആയുസ്സ്​. അതിനുശേഷം അത്​ വീണ്ടും മാറ്റിവെക്കേണ്ടതായി വരാം. 

ശസ്​ത്രക്രിയ എത്രമാത്രം പ്രചാരത്തിലുണ്ട്​
നമ്മുടെ ഇന്ത്യയിൽമാത്രം ഏകദേശം ഏഴരലക്ഷം ശസ്​ത്രക്രിയകൾ വർഷംതോറും നടക്കുന്നുണ്ട്​. പ്രായാധിക്യം ഇൗ ശസ്​ത്രക്രിയക്ക്​ ഒരു തടസ്സമല്ല എന്നാണ്​ ഗവേഷണങ്ങൾ കാണിക്കുന്നത്​. എല്ലാ ശസ്​ത്രക്രിയകൾക്കും അതി​േൻറതായ പാർശ്വഫലങ്ങളുണ്ട്​. ഇത്​ രോഗിയുടെ ആരോഗ്യസ്​ഥിതിയും ശസ്​ത്രക്രിയക്ക്​ മുമ്പുള്ള സന്ധിയുടെ പ്രവർത്തനക്ഷമതയും ചെയ്യുന്ന ഡോക്​ടറുടെ പരിജ്​ഞാനവും ഉപയോഗിക്കുന്ന കൃത്രിമ സന്ധിയുടെയും അനുബന്ധ ഘടകങ്ങളുടെയും ഗുണനിലവാരം, ആശുപത്രിയുടെ നിലവാരം (തിയറ്റർ, അണുമുക്തമായ അന്തരീക്ഷം, ഫിസിയോതെറാപ്പി വിഭാഗം) എന്നിവയെ ആശ്രയിച്ചിരിക്കും. രോഗിയുടെ ഭയവും പറഞ്ഞുകേട്ട്​ പഴകിയ ദുഷ്​പ്രചരണങ്ങളുമാണ്​ ആളുകളെ ഇൗ ശസ്​ത്രക്രിയയിൽനിന്ന്​ പിന്തിരിപ്പിക്കുന്നത്​.

സന്ധികൾ മാറ്റിവെക്കേണ്ടതുണ്ടോ?
അസ്​ഥിരോഗ വിദഗ്​ധന്​ രോഗവിവരം, എക്​സ്​റേ പരിശോധന എന്നീ മാർഗങ്ങളിലൂടെ രോഗിയുടെ സന്ധിയുടെ അവസ്​ഥ മനസ്സിലാക്കാനും അതുവഴി വേണ്ട ഉപദേശങ്ങൾ നൽകാനും സാധിക്കും. ചില സംശയാസ്​പദമായ സാഹചര്യങ്ങളിൽ രക്തപരിശോധനയും എം.ആർ.​െഎ സ്​കാനിങ്​, ചെറിയ ഒരു താക്കോൽദ്വാര ശസ്​ത്രക്രിയയോ രോഗനിർണയത്തിന്​ ആവശ്യമായി വന്നേക്കാം.

സന്ധിവേദനയുടെ ആരംഭഘട്ടങ്ങളിൽ പാരസെറ്റമോൾ ര​ൂപത്തിലുള്ള ചെറിയ വേദന സംഹാരികളും കാൽസ്യം, വിറ്റാമിൻ ഡി, ഗ്ലകോസമിൻ മുതലായ മരുന്നുകളും ഫിസിയോ തെറാപ്പിയും ശ്രമിക്കുന്നതാണ്.  ഇത്തരം ചികിത്സകൾ ഫലം കാണാതെ വരുകയാണെങ്കിൽ സന്ധിമാറ്റിവെക്കൽ ശസ്​ത്രക്രിയ വേണ്ടിവന്നേക്കാം. അകാരണമായി ശസ്​ത്രക്രിയ നീട്ടിവെക്കുന്നത്​ ശസ്​ത്രക്രിയയുടെ ഗുണനിലവാരത്തെ വിപരീതമായി ബാധിക്കാം. മാത്രമല്ല, പ്രായാധിക്യവും മറ്റ്​ അനുബന്ധ അസുഖങ്ങളും ചിലപ്പോൾ ശസ്​ത്രക്രിയക്ക്​ തടസ്സമാവുകയും രോഗിയുടെ ചലനാവസ്​ഥ പൂർണമായും ഇല്ലാതാവുകയും ചെയ്യാം.

സർജറി വേളയിലും അതിനുശേഷവും
അനസ്​തറ്റിസ്​റ്റ്​ രോഗിക്ക്​ സ്​പൈനൽ/ജനറൽ അനസ്േതഷ്യ നൽകുന്നതാണ്​. ശേഷം ശസ്​ത്രക്രിയയിലൂടെ സന്ധിയുടെ തേയ്​മാനം വന്ന ഭാഗങ്ങൾ പ്രത്യേകം രൂപകൽപന ചെയ്​ത കട്ടിങ്​ ബ്ലോക്കുകളും ബ്ലേഡും ഉപയോഗിച്ച്​ നീക്കം ചെയ്യുന്നു. ആ ഭാഗങ്ങൾ പൾസ്​ ലവാജ്​ എന്ന ഉപകരണം ഉപയോഗിച്ച്​ വൃത്തിയാക്കുകയും ആ ഭാഗത്ത്​ കൃത്രിമസന്ധി വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. ഇൗ ശസ്​ത്രക്രിയക്ക്​ ഏകദേശം ഒന്നുമുതൽ രണ്ടര മണിക്കൂർവരെ സമയം വേണ്ടിവന്നേക്കാം. മൂന്നോ നാലോ മണിക്കൂറുകൾക്കുശേഷം രോഗിയെ റൂമിലേക്ക്​ മാറ്റുകയും ആറുമുതൽ എട്ടുമണിക്കൂറിനുശേഷം പേശികൾക്ക്​ ആയാസവും ബലവും വർധിപ്പിക്കുന്നതിനുള്ള ഫിസിയോതെറപി നൽകും. ഉടനെ വാക്കറി​​െൻറ സഹായത്തോടുകൂടി രോഗി നടക്കാൻ തുടങ്ങുകയും ചെയ്യുന്നു. 

സാധാരണയായി മൂന്നുമുതൽ അഞ്ചുദിവസം കൊണ്ട്​ രോഗികൾക്ക്​ ഡിസ്​ചാർജായി വീട്ടിൽ പോകാം​. ശേഷം രണ്ടോ മൂന്നോ ആഴ്​ചത്തേക്ക്​ ചെറിയ തോതിലുള്ള വേദന സംഹാരികൾ വേണ്ടിവന്നേക്കാം. സാധാരണയായി രണ്ടുമുതൽ നാലുമാസങ്ങൾക്കുള്ളിൽ രോഗി പൂർണസുഖം പ്രാപിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾ സാധ്യമാവുകയും ജോഗിങ്​, സൈക്ലിങ്​ മുതലായ ആയാസം കുറഞ്ഞ പരിശീലനങ്ങളിൽ മുഴുകാവുന്നതുമാണ്​.

സർജറിയുടെ വിജയസാധ്യത
ശസ്​ത്രകിയയുടെ പൂർണമായ വിജയം എന്നത്​ ആശുപത്രിവാസത്തിനുശേഷം രോഗി വീട്ടിലെത്തിയാൽ എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എന്ത്​ മരുന്ന്​ കഴിക്കണം, എന്ത്​ വ്യായാമങ്ങൾ ചെയ്യണം, എന്ത്​ ഭക്ഷണം കഴിക്കണം എന്നിവയെക്കുറിച്ചെല്ലാം ഡോക്​ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.

ഇൗ ശസ്​ത്രക്രിയ ഏകദേശം 98-99 ശതമാനം വിജയസാധ്യതയുള്ളതാണ്​. എന്നാൽ, ചില സാഹചര്യങ്ങളിൽ താഴെ പറയുന്ന പാർശ്വഫലങ്ങളുണ്ടാവാൻ സാധ്യതയുണ്ട്​. അത്തരം പ്രശ്​നങ്ങൾക്ക്​ മിക്കതിനും പരിഹാരവുമുണ്ട്​. എന്നാൽ, അത്തരം പരിഹാരങ്ങൾ ചിലപ്പോൾ വളരെ ചെലവേറിയതാവാൻ സാധ്യതയുള്ളതിനാൽ അത്തരം പാർശ്വഫലങ്ങൾ സംഭവിക്കാതെ നോക്കേണ്ടതുണ്ട്​.

അണുബാധ
ഏറ്റവും അപകടകരമായ അവസ്​ഥ എന്നുപറയുന്നത്​ കൃത്രിമസന്ധികൾക്കുണ്ടാവുന്ന അണുബാധയാണ്​. അത്​ വരാതെ നോക്കുക എന്നതാണ്​ ഏറ്റവും പ്രധാനം. രോഗികൾ അവർക്കുണ്ടാകുന്ന ചെവിയിലെ നീരൊലിപ്പ്​, മൂത്രത്തിലെ അണുബാധ, നിയന്ത്രണാതീതമായ പ്രമേഹം എന്നിവ യഥാസമയം ചികിത്സിച്ച്​ സുഖ​പ്പെടുത്തേണ്ടതാണ്​. ലാമിനാർ എയർഫ്ലോ, ഹെപ്പാ ഫിൽട്ടർ മുതലായ സൗകര്യങ്ങളുള്ള അത്യാധുനിക ഒാപറേഷൻ തിയറ്റർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക. പൾസ്​ ലവാജ്​, അസ്​ഥികൾ നീക്കം ചെയ്യാനുള്ള ബ്ലേഡ്​, സർജിക്കൽ ഹെൽമെറ്റ്​ മുതലായ ഡിസ്​പോസബിൾ ഉപകരണങ്ങളുടെ ഉപയോഗം കർശനമായി പിന്തുടരുക. ഇവ ഉപയോഗിക്കുന്നതുവഴി ശസ്​ത്രക്രിയ ചെലവുകൾ 25000 മുതൽ 30000 വരെ അധികം വന്നേക്കാം.  എന്നാൽ, അണുബാധ വന്നാൽ അത്​ ചികിത്സിക്കുന്നതിന്​ മൂന്നുമുതൽ നാലുലക്ഷം രൂപ വരെ അധികം ചെലവാക്കുന്നതിലും നല്ലത്​ മേൽപറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കുന്നതാണ്​.

ഡീപ്പ്​ വെയിൻ ത്രോ​ംബോസിസ്​
കാലിലെ രക്​തക്കുഴലുകളിൽ രക്​തം കട്ടപിടിക്കുന്ന അവസ്​ഥയാണിത്​. വളരെ നേരത്തെ തന്നെ രോഗിയെ നടത്തുകയും ഫിസിയോ തെറാപ്പി തുടങ്ങുകയും ചെയ്യുന്നതിലൂടെ ഇൗ അവസ്​ഥ ഒഴിവാക്കാം​. 

ഇംപ്ലാൻറ്​ അയഞ്ഞുപോവുക
ഡോക്​ടറുടെ പരിചയക്കുറവോ, ചില സാ​േങ്കതിക ബുദ്ധിമുട്ടുകൾ കാരണമോ ​കൃത്രിമസന്ധി ഉറപ്പിക്കുന്നതിൽ വരുന്ന വ്യതിയാനങ്ങൾ ചിലപ്പോൾ ഇത്തരം സന്ധികളുടെ വളരെ നേരത്തെയുള്ള നാശത്തിന്​ കാരണമാകാം. കമ്പ്യൂട്ടർ നാവിഗേഷൻ മുതലായ അതിനൂതന സാ​േങ്കതികവിദ്യകൾ ഉപയോഗപ്പെടുത്തിയാൽ ഇത്തരം പരാജയങ്ങൾ പൂർണമായും ഒഴിവാക്കാം.

കാലക്രമേണ (ഏകദേശം ആറുമാസം) സന്ധിയുടെ പ്രവർത്തനക്ഷമത കൂടുകയും പേശികളുടെ ബലം കൂടുകയും ചെയ്യുന്നതിനനുസരിച്ച്​ വേദന പൂർണമായും ഇല്ലാതാവുകയും ചലനശേഷി മെച്ചപ്പെടുകയും ചെയ്യുന്നു.

ശസ്​ത്രക്രിയക്കുള്ള ചെലവ്​
കൃത്രിമസന്ധി ഭാഗങ്ങൾക്ക്​ ഏകദേശം 40,000 മുതൽ 1,75,000 വരെ ചെലവുണ്ട്. ഇതിനുപുറമെ ഏകദേശം ഒരുലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെ ആശുപത്രി ചെലവുകൾ വേണ്ടിവരും. മേൽപറഞ്ഞ സാ​േങ്കതികവിദ്യകൾ പ്രയോജനപ്പെടുത്തുകയും ഡിസ്​പോസബിൾ ഉപകരണങ്ങളുടെ ഉപയോഗം ഒറ്റത്തവണ മാത്രമായി പരിമിതപ്പെടുത്തുന്നതിനനുസരിച്ചുമാണ്​ ഇൗ ചെലവുകളിലെ വ്യതിയാനം.

Tags:    
News Summary - Joint Replacement Surgery - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.