ഇനിയും തിരിച്ചറിയപ്പെടാത്ത മേഖലയാണ് കുട്ടികളിലെ മാനസിക പ്രശ്നങ്ങളെന്നത്. കുട്ടികളുടെ മാനസികപ്രശ്നങ്ങളില്‍ ചികിത്സ ലഭിക്കുന്നതാകട്ടെ അഞ്ചിലൊരാള്‍ക്കു മാത്രം. ഇവര്‍ക്ക് പരിമിതമായ ചികിത്സാസൗകര്യം മാത്രമേ നമ്മുടെ നാട്ടിലുള്ളൂ. കൂടാതെ മുതിര്‍ന്നവരെപ്പോലെ എളുപ്പവുമല്ല, ഇവരെ ചികിത്സിക്കാനും മാനസിക പ്രശ്നങ്ങള്‍ കണ്ടത്തൊനും.
കുട്ടികളിലെ മാനസികപ്രശ്നങ്ങള്‍ മൂന്നുതരത്തിലാണ്. പെരുമാറ്റവൈകല്യങ്ങള്‍, വൈകാരിക പ്രശ്നങ്ങള്‍, മസ്തിഷ്ക പ്രശ്നങ്ങള്‍.
പെരുമാറ്റവൈകല്യങ്ങള്‍
സമൂഹത്തിന് അസ്വാഭാവികമായി തോന്നുന്ന പെരുമാറ്റങ്ങളെയാണ് പെരുമാറ്റവൈകല്യങ്ങള്‍ എന്നു പറയുന്നത്. പാരമ്പര്യം, സാഹചര്യം, അംഗീകാരം എന്നിവ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒ.ഡി.ഡി, എ.ഡി.എച്ച്.ഡി, കോണ്ടക്ട് ഡിസോര്‍ഡര്‍ എന്നിവയാണ് പെരുമാറ്റവൈകല്യങ്ങള്‍.
എ.ഡി.എച്ച്.ഡി
കുട്ടികളിലെ അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും അടങ്ങിയിരിക്കാത്ത ശീലവും എ.ഡി.എച്ച്.ഡി (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്‍െറ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളുടെ തീവ്രത കൂടിയ അവസ്ഥയാണ് രോഗത്തിലത്തെിക്കുന്നത്. പഠനത്തിലും കുടുംബജീവിതത്തിലും സാമൂഹികബന്ധങ്ങളിലും ഗുരുതരപ്രശ്നങ്ങള്‍ ഈ അസുഖം സൃഷ്ടിക്കുന്നു.
എ.ഡി.എച്ച്.ഡി പിടിപെടാനുള്ള സാധ്യതക്കു പിന്നില്‍ ജനിതകഘടനക്ക് നിര്‍ണായക സ്വാധീനമുണ്ട്. എ.ഡി.എച്ച്.ഡിയുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഈ അസുഖമുള്ള ഒരു ബന്ധുവെങ്കിലുമുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്കൂള്‍പ്രായത്തിലേ കുട്ടികളുടെ മൂന്നു മുതല്‍ ഏഴു വരെ ശതമാനത്തെ ഈ അസുഖം ബാധിച്ചേക്കാം. ആണ്‍കുട്ടികള്‍ക്ക് ഈ അസുഖം വരാനുള്ള സാധ്യത പെണ്‍കുട്ടികളുടേതിനേക്കാള്‍ മൂന്നിരട്ടിയാണ്. എ.ഡി.എച്ച്.ഡി ബാധിതരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളും കണ്ടുവരാറുണ്ട്.
മസ്തിഷ്കത്തിലെ അവശ്യരാസവസ്തുക്കളായ ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍, സിറോട്ടോണിന്‍ എന്നിവയുടെ അസന്തുലിതാവസ്ഥയും രോഗകാരണമാണ്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, തീരെ ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേട്, അച്ഛന്‍െറ മദ്യപാനശീലം, ചില ഹോര്‍മോണ്‍ തകരാറുകള്‍ എന്നിങ്ങനെ ജീവശാസ്ത്രപരവും സാമൂഹികവുമായ പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്. മേല്‍പറഞ്ഞ കാരണങ്ങള്‍ ഇല്ലാത്ത കുട്ടികളിലും ഈ രോഗം കണ്ടിട്ടുണ്ട്.
രോഗലക്ഷണങ്ങളെ അമിത വികൃതി, ശ്രദ്ധക്കുറവ്, എടുത്തുചാട്ടം എന്നിങ്ങനെ മൂന്നായി തിരിക്കാം.
അമിത വികൃതി
ക്ളാസിലും വീട്ടിലും അധികനേരം തുടര്‍ച്ചയായി ഇരിക്കാന്‍ കഴിയാതെ ഓടിനടക്കുക,
എപ്പോഴും അസ്വസ്ഥനായിരിക്കുകയും ഏതെങ്കിലും ശരീരഭാഗങ്ങള്‍ എപ്പോഴും ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുക,
തുടര്‍ച്ചയായതും അലക്ഷ്യ സ്വഭാവമുള്ളതുമായ ചലനങ്ങള്‍,
വേഗത്തില്‍ മരം കയറുക, വളരെ ഉയരത്തില്‍നിന്ന് താഴേക്കു ചാടുക,
ഇലക്ട്രിക് സ്വിച്ചുകളിലും മറ്റും പെരുമാറുക തുടങ്ങിയ അപകടകരമായ കളികള്‍,
അമിതവേഗത്തിലുള്ള സംസാരവും പ്രവൃത്തികളും.
ശ്രദ്ധക്കുറവ്
പുസ്തകങ്ങള്‍, പേന, പെന്‍സില്‍ തുടങ്ങിയവ നഷ്ടപ്പെട്ടുപോകുക.
പഠനത്തില്‍ അശ്രദ്ധ കാരണം നിരന്തരം തെറ്റുവരുത്തുക.
മാതാപിതാക്കളും അധ്യാപകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാതിരിക്കുക.
തുടരെ ശ്രദ്ധ ആവശ്യമായ ഗൃഹപാഠങ്ങളും കളികളും ഒഴിവാക്കുക.
പാഠ്യവിഷയങ്ങളും മറ്റു കാര്യങ്ങളും വേഗം മറന്നുപോകുക.
ഏല്‍പിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുക.
എടുത്തുചാട്ടം
ക്യൂവിലും മറ്റും കാത്തുനില്‍ക്കാന്‍ കഴിയാതെ വരുക.
ചോദ്യം തീരുന്നതിനുമുമ്പ് മറുപടി പറയുക.
റോഡ് മുറിച്ചുകടക്കുമ്പോള്‍ കാത്തുനില്‍ക്കാന്‍ ക്ഷമയില്ലാതെ ഓടുക.
മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടക്കുകയറി പറയുക.
ചികിത്സ
കുട്ടിയുടെ പ്രശ്നങ്ങള്‍ക്കു കാരണം എ.ഡി.എച്ച്.ഡിയാണെന്ന് ഉറപ്പുവരുത്തേണ്ടത് സൈക്യാട്രിസ്റ്റുകള്‍, ശിശുരോഗ വിദഗ്ധര്‍, ചൈല്‍ഡ് ന്യൂറോളജിസ്റ്റുകള്‍ തുടങ്ങിയവരാണ്. ടെസ്റ്റുകള്‍ നടത്താനും മരുന്നുകള്‍ കുറിക്കാനും അധികാരമുള്ളത് ഇവര്‍ക്കാണ്. കുട്ടിക്ക് ബുദ്ധിമാന്ദ്യം, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളുണ്ടോ എന്നതിനുള്ള ടെസ്റ്റുകള്‍ നടത്താന്‍ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് കഴിയും. ബിഹേവിയര്‍ തെറപ്പി, സോഷ്യല്‍ സ്കില്‍സ് ട്രെയ്നിങ്, പേരന്‍റ് ട്രെയ്നിങ് എന്നിവയില്‍ വൈദഗ്ധ്യമുള്ളവരാണ് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍.
മാതാപിതാക്കള്‍ ചെയ്യേണ്ടത്
മോശമായ പ്രവൃത്തികളെ കുറ്റപ്പെടുത്തുന്നതിന്‍െറ അഞ്ചിരട്ടിയെങ്കിലും നല്ല പെരുമാറ്റങ്ങളെ അഭിനന്ദിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ വികൃതികളെ അവഗണിക്കുക.
ഒ.ഡി.ഡി
ഒരു കുട്ടി സ്ഥിരം നിഷേധിയായി വളരുന്ന അവസ്ഥയാണ് ‘ഒപ്പോസിഷനല്‍ ഡിഫയന്‍റ് ഡിസോര്‍ഡര്‍’ (Oppositional Defiant Disorder- ODD). പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണിത് കൂടുതല്‍. നിഷേധാത്മക സ്വഭാവം ആറു മാസത്തിലേറെ നീണ്ടുനില്‍ക്കും. അനുസരണക്കേട്, നിഷേധസ്വഭാവം എന്നിവ പരിധിവിടുകയാണെങ്കില്‍ ഈ രോഗലക്ഷണങ്ങളായി കണക്കാക്കാം. ലക്ഷണങ്ങള്‍ ചെറുപ്രായത്തില്‍ കാണുക സ്വാഭാവികമാണെങ്കിലും നീണ്ട കാലം തുടരുകയാണെങ്കിലേ സംശയിക്കേണ്ടതുള്ളൂ.സാധാരണയായി മസ്തിഷ്കം സ്വയം വികസിച്ച് സ്വയം നിയന്ത്രണശേഷി കൈവരിക്കുകയും സാമൂഹിക നിയമങ്ങള്‍ മനസ്സിലാകുകയും ചെയ്യുമ്പോള്‍ രോഗം താനേ ഇല്ലാതാവും. അത്തരം അവസ്ഥ സംജാതമാകാതെ സാമൂഹിക ജീവിതത്തില്‍ പ്രശ്നം സൃഷ്ടിക്കുകയാണെങ്കില്‍ ചികിത്സതേടണം. ഒരു കുട്ടി നിഷേധിയാകുന്നതിനു പിന്നില്‍ ജീവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ കാരണങ്ങളുണ്ട്. കുട്ടികളെ വളര്‍ത്തുന്ന രീതിയിലുള്ള പാളിച്ചകളും കാരണമാകുന്നുണ്ട്. പിതാവിന്‍െറ മദ്യപാനശീലം, മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, സാമ്പത്തിക വിഷമതകള്‍ എന്നിവയൊക്കെ ഇതിനു കാരണമായേക്കാം. ചെറുപ്പത്തിലെ കുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും അപ്പപ്പോള്‍ സാധിച്ചുകൊടുക്കുന്നതും അവരുടെ പിടിവാശിക്ക് അനായാസം വഴങ്ങുന്നതും നല്ലതല്ല.
എങ്ങനെ തടയാം?
കുട്ടികളുടെ മുന്നില്‍വെച്ച് വഴക്കിടുക, മദ്യപിക്കുക, അക്രമസ്വഭാവം കാട്ടുക എന്നിവ കര്‍ശനമായി മാതാപിതാക്കള്‍ ഒഴിവാക്കണം. കുട്ടികളോടൊത്ത് ദിവസവും കുറച്ചുനേരമെങ്കിലും ചെലവിടണം. ആഗ്രഹപൂര്‍ത്തീകരണം മാറ്റിവെക്കാനുള്ള (Delaying gratification) ശീലം വളര്‍ത്താന്‍ സഹായിക്കും. ഇതിലൂടെ ക്ഷമയോടെ കാത്തിരിക്കാനും കുട്ടികളെ പഠിക്കുന്നു. നിസ്സാരകാര്യങ്ങള്‍ക്ക് അടിക്കുന്നതും തുടര്‍ച്ചയായി ഏറെനേരം വഴക്കുപറയുന്നതും നന്നല്ല. ശാസിക്കുമ്പോള്‍ കാരണമെന്താണെന്ന് ബോധ്യപ്പെടുത്തണം. അതിഥികളുടെയും സഹപാഠികളുടെയും മുന്നില്‍വെച്ച് കുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ പെരുമാറരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.