മുപ്പത്തിയേഴ് ആഴ്ചയെങ്കിലും ഗര്‍ഭപാത്രത്തില്‍ കഴിയാത്ത കുഞ്ഞുങ്ങളുടേത് ഗര്‍ഭകാലം തികയാതെയുള്ള പിറവിയായി (premature birth) കണക്കാക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ പരിചരണവും ശ്രദ്ധയും ആവശ്യമാണ്.
ഗര്‍ഭകാലം തികയാതെയും മതിയായ തൂക്കമില്ലാതെയും പിറക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയില്‍ വിദഗ്ധ പരിശീലനം നേടിയവരാണ് നിയോ നാറ്റോളജിസ്റ്റുകള്‍. സാധാരണഗതിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ സങ്കീര്‍ണവും അപായസാധ്യതയേറിയതുമായ അസുഖങ്ങള്‍ക്കും നിയോ നാറ്റോളജിസ്റ്റുകളുടെ സേവനം അഭികാമ്യമാണ്. ഗര്‍ഭകാലം തികയാതെ പിറന്ന കുഞ്ഞുങ്ങള്‍, ഗുരുതര രോഗമുള്ള കുഞ്ഞുങ്ങള്‍, ശസ്ത്രക്രിയ ആവശ്യമായ കുഞ്ഞുങ്ങള്‍ എന്നിവരുടെ പരിചരണം ഏകോപിപ്പിക്കുകയാണ് നിയോ നാറ്റോളജിസ്റ്റിന്‍െറ പ്രധാന കര്‍ത്തവ്യം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഗര്‍ഭകാലം തികയാത്ത പ്രസവമായിരിക്കുമെന്ന് നേരത്തെ നിര്‍ണയിച്ചിട്ടുണ്ടെങ്കില്‍ നിയോ നാറ്റോളജിസ്റ്റുകളുടെ സേവനം ലഭ്യമാകുന്ന ആശുപത്രികളില്‍ പ്രസവം നടത്തുകയാണ് നല്ലത്.
ഗര്‍ഭകാലം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സാധാരണ താപനിലയിലും കടുത്ത തണുപ്പ് അനുഭവപ്പെടും. അതിനാല്‍, ഇത്തരം കുഞ്ഞുങ്ങളെ ജനിച്ചയുടനെ ഇന്‍ക്യുബേറ്ററിലേക്കോ റേഡിയന്‍റ് വാര്‍മറിന് ചുവട്ടിലേക്കോ മാറ്റണം
ഗര്‍ഭകാലം തികയാതെ ജനിച്ച കുഞ്ഞുങ്ങളെയും തൂക്കക്കുറവുള്ള കുഞ്ഞുങ്ങളെയും ന്യൂ ബോണ്‍ ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റില്‍ (എന്‍.ഐ.സി.യു) പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടി വരാം.
ഇത്തരം കുഞ്ഞുങ്ങളില്‍ ശ്വസനസംബന്ധമായ പ്രയാസങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ഓക്സിജന്‍ കൊടുക്കലോ വെന്‍റിലേറ്റര്‍ വഴി ശ്വസനസഹായം നല്‍കലോ ആവശ്യമായി വരാം.
തുടക്കത്തില്‍ ചില കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ മുലപ്പാല്‍ ട്യൂബ് വഴി വയറ്റിലത്തെിക്കേണ്ടി വരും
നവജാത ശിശുക്കള്‍ക്ക് പ്രതിരോധ ശേഷി കുറവായതിനാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആന്‍റിബയോട്ടിക്കുകള്‍ നല്‍കേണ്ടി വരും.
ആശുപത്രി വിട്ട് പോകുമ്പോള്‍ ഗര്‍ഭകാലം തികയാതെ ജനിച്ച കുഞ്ഞിനെ പരിചരിക്കാനുള്ള പരിശീലനം അമ്മമാര്‍ നഴ്സുമാരില്‍നിന്ന് നേടിയിരിക്കണം.
കുട്ടിയെ മലര്‍ത്തി കിടത്തുകയാണ് നല്ലത്. തണുപ്പേല്‍ക്കാതെും കാറ്റടിക്കാതെയും സൂക്ഷിക്കണം.
നവജാത ശിശുക്കള്‍ ആദ്യത്തെ ആഴ്ച തൂക്കം കുറയാന്‍ സാധ്യതയുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല.
പ്രായം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളെ മൂന്ന് മാസം, ആറ് മാസം, ഒരു വയസ്സ് ഘട്ടങ്ങളിലെങ്കിലും ഡെവലപ്മെന്‍റ് ടെസ്റ്റിന് വേണ്ടി പീഡിയാട്രീഷ്യന്മാരെ കാണിക്കേണ്ടതാണ്.
എല്ലാ കുത്തിവെപ്പുകളും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന സമയത്ത് നല്‍കുകയും വേണം.
കങ്കാരുക്കരുതല്‍
കുഞ്ഞുങ്ങളുടെ സുരക്ഷക്കായി മാതാവിന്‍െറ നഗ്നമായ സ്തനങ്ങള്‍ക്കിടയില്‍ കുഞ്ഞിനെ ചേര്‍ത്തുവെക്കുന്ന പ്രക്രിയയാണ് കങ്കാരുക്കരുതല്‍ (Kangaroo care). മാതാവിന്‍െറ അഭാവത്തില്‍ പിതാവിന്‍െറ നഗ്നമായ മാറിലും കുഞ്ഞിനെ ചേര്‍ത്തുവെക്കാം. ഇങ്ങനെയുള്ള ചര്‍മാചര്‍മ ബന്ധം കുഞ്ഞിന് ശാരീരികമായും മാനസികമായും വളരെ ഉപകാരപ്പെടും. ഈ സമയത്ത് കുഞ്ഞിന്‍െറ പിന്‍ഭാഗം പുതപ്പില്‍ പൊതിയുന്നത് നല്ലതാണ്.
കുഞ്ഞിനെ ചികിത്സായന്ത്രങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും കങ്കാരു ക്കരുതല്‍ സുരക്ഷിതവും ഗുണപ്രദവുമാണ്. രോഗവും ഭാരക്കുറവും ഉണ്ടെങ്കില്‍ പോലും ചേര്‍ത്തുപിടിക്കുന്നതുകൊണ്ട് കുഞ്ഞിന് വേദനിക്കുമെന്ന ആധി വേണ്ട. കുഞ്ഞ് നിങ്ങളുടെ മണമറിഞ്ഞ്, സ്പര്‍ശമറിഞ്ഞ്, സംസാരത്തിന്‍െറയും ശ്വസനത്തിന്‍െറയും താളമറിഞ്ഞ് ആസ്വദിച്ച് കിടന്നുകൊള്ളും.
ഗുണങ്ങള്‍:
- കുഞ്ഞിന്‍െറ ശാരീരിക ഊഷ്മാവ് നിലനിര്‍ത്താം
-ഹൃദയമിടിപ്പും ശ്വസനവും ക്രമീകരിക്കാം
-കൂടുതല്‍ സമയം ഉറക്കം നല്‍കാം
-കരയുന്ന കുഞ്ഞുങ്ങളെ ശാന്തരാക്കാം
-മാതാവിന് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ മുലയൂട്ടാം
-അതീവ ശ്രദ്ധ നല്‍കുന്നു എന്ന നിലയില്‍ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം ലഭിക്കും.
-കുഞ്ഞും മാതാപിതാക്കളും തമ്മിലെ മാനസിക അടുപ്പം വര്‍ധിക്കും
(ലേഖകന്‍ പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ നവജാത ശിശുപരിചരണ വിഭാഗത്തിലെ കണ്‍സള്‍ട്ടന്‍റാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.