വിവാഹ ജീവിതത്തില്‍ വില്ലനാവുന്ന ഫോബിയകള്‍

ഒരു വ്യക്തി വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് മാനസികമായി ഒരുങ്ങുക എന്നത്.  ശാരീരികമായ ആരോഗ്യത്തോടൊപ്പം മാനസികമായ ആരോഗ്യവും വളരെ പ്രധാനമാണ്;  പ്രത്യേകിച്ച് വിവാഹ ജീവിതത്തില്‍. 
പെണ്ണുകാണല്‍ ചടങ്ങില്‍ പരസ്പരം കാണുന്നതിലും ബന്ധുക്കള്‍ അന്വേഷണം നടത്തി കണ്ടത്തെുന്ന വിവരങ്ങള്‍ക്കുമൊക്കെ അതീതമായിരിക്കും എതൊരു വ്യക്തിയുടെയും വ്യക്തിത്വം.  മാനസികമായ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് വ്യക്തികളുടെ സാമൂഹിക ജീവിതത്തില്‍ പ്രത്യക്ഷമായിക്കൊള്ളണമെന്നില്ല. എന്നാല്‍, ഇത്തരം പോരായ്മകള്‍ വിവാഹ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കും. വിവാഹമോചനത്തില്‍ തന്നെ ഇവ കൊണ്ടുചെന്നത്തെിക്കാനും ഇടയുണ്ട്. 
ഉദാഹരണമായി കൗമാരക്കാരില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സഭാകമ്പം അഥവാ കൂടുതല്‍ ആളുകള്‍ കൂടുന്ന സദസ്സിനെ അഭിമുഖീകരിക്കാനുള്ള മടി. പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നുമെങ്കിലും ഇത് അതിരുകടന്നാല്‍  ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കുട്ടികളിലും കൗമാരക്കാരിലും യഥേഷ്ടം കണ്ടുവരുന്ന സഭാകമ്പത്തെ ഒരു മാനസിക പ്രശ്നമായി സമൂഹം കാണുന്നില്ല. അതുകൊണ്ടുതന്നെ, ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കാറുമില്ല. ചിലരില്‍ ഈ പ്രശ്നം കാലക്രമേണ രൂക്ഷമാവുകയും സമൂഹത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന അന്തര്‍മുഖമുള്ള വ്യക്തികളാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഇത്തരം വ്യക്തികള്‍ വിവാഹത്തോട് വിമുഖത കാണിച്ചേക്കാം. ആളുകള്‍ കൂടുന്ന വിവാഹപ്പന്തലില്‍ കേന്ദ്രകഥാപാത്രമായി മാറാനോ ചടങ്ങുകള്‍ അനുഷ്ഠിക്കാനോ ഇക്കൂട്ടര്‍ക്ക് ഭയമായിരിക്കും. ഇങ്ങനെയുള്ളവരില്‍ പലരും ഈ പ്രശ്നം ഒളിച്ചുവെച്ച് പല കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോവുകയോ അവിവാഹിതരായി തുടരുകയോ ചെയ്യുന്നു. കാര്യമറിയാതെ വീട്ടുകാര്‍ വിവാഹാലോചനകള്‍ നടത്തുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്യും. 
ക്ളാസ്ട്രോഫോബിയ എന്ന് മനോരോഗ വിദഗ്ധര്‍ വിളിക്കുന്ന ക്ളോസ്ഡ് ഡോര്‍ ഫോബിയയും ചെറുപ്രായത്തില്‍ ചിലരില്‍ കണ്ടുവരാറുണ്ട്. അടച്ചിട്ട മുറികളിലോ ഹാളുകളിലോ ലിഫ്റ്റു പോലുള്ള സംവിധാനങ്ങള്‍ക്കുള്ളിലോ കഴിയാനുള്ള പേടിയാണിത്. ഏറിയും കുറഞ്ഞും ചിലരില്‍ കണ്ടുവരുന്ന ഈ മാനസികപ്രശ്നം വിവാഹത്തോടെ വലിയ പ്രശ്നമായി മാറാന്‍ സാധ്യതയുണ്ട്. മണിയറയില്‍ കയറാന്‍ വധുവോ വരനോ മടിച്ചുനിന്നാല്‍ പ്രശ്നം മറ്റുതരത്തില്‍ വ്യാഖ്യാനിക്കാന്‍ വരെ ഇടയാക്കും.  
എന്തെങ്കിലും ജോലികള്‍ സ്വയം ചെയ്യാനോ മറ്റുള്ളവരുടെ മുന്നില്‍വെച്ച് ചെയ്യാനോ അതിയായ സംഭ്രമമോ ഭയമോ ഉള്ള ചില വ്യക്തികളുണ്ട്. പെണ്‍കുട്ടികളില്‍ വിവാഹശേഷം ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മറ്റൊരു വീട്ടില്‍ പുതിയ വ്യക്തികളുടെ മുന്നില്‍ പെരുമാറാനോ വീട്ടുജോലികള്‍ ചെയ്യാനോ കഴിയാതെ ഇവര്‍ വലയുന്നു. വരന്‍െറ വീടും അടുക്കളയും ഒരു പരീക്ഷാഹാളായി ഇക്കൂട്ടരുടെ മുന്നില്‍ ബാലികേറാമലയാകും. ഒടുവില്‍ വധുവിന് കാര്യമായ എന്തോ ‘തകരാര്‍’ ഉണ്ടെന്ന് വിലയിരുത്തി ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്യും.
അതുപോലെ, ചെറുപ്പത്തിലേ ഇരുട്ടിനെ പേടിയുള്ള ചിലരുണ്ടാവും.  അക്ളുവോ ഫോബിയ എന്ന അസുഖമാണിത്. എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണിത്.  തുടക്കത്തിലേ പരിഹരിച്ചില്ളെങ്കില്‍ വ്യക്തി മുതിരുമ്പോള്‍ ‘പേടിത്തൊണ്ടന്‍’ എന്ന് മുദ്രകുത്തപ്പെടും. ഇക്കൂട്ടര്‍ക്ക് ഒറ്റക്ക് ഇരുട്ടില്‍ കഴിയാന്‍ പേടിയായിരിക്കും. പെട്ടെന്ന് വൈദ്യൂതി നിലക്കുമ്പോള്‍ പേടിച്ച് കരയുന്നവരും  സന്ധ്യകഴിഞ്ഞാല്‍ വീടിന് പുറത്തിറങ്ങാന്‍ പേടിയുള്ളവരും ഇക്കൂട്ടത്തിലുണ്ട്. വൈദ്യുതി ഏതു സമയത്തും നിലച്ചേക്കും എന്ന ഉത്കണ്ഠയും ഇവരെ നിരന്തരം വേട്ടയാടാറുണ്ട്. ഇതെല്ലാം വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. 
മറ്റുള്ള വ്യക്തികളോട് അനുരഞ്ജനപ്പെട്ട് ജീവിക്കാന്‍ കഴിവ് കുറഞ്ഞ ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. ആരോടും കൂട്ടുകൂടുകയോ കൂട്ടായിചെയ്യുന്ന പ്രവൃത്തികളില്‍ പങ്കാളികളാവുകയോ ചെയ്യാന്‍ ഇവര്‍ക്ക് മടിയായിരിക്കും. വിവാഹത്തിനുശേഷം ഇത്തരം വ്യക്തിത്വമുള്ള പെണ്‍കുട്ടികള്‍ക്ക് ഭര്‍തൃവീട്ടില്‍ കഴിയാന്‍ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ സമൂഹത്തില്‍ ഇത് വലിയ പ്രശ്നമാകും. ഇതും ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ കാരണമാകും.
ലൈംഗികത, ഗര്‍ഭം, പ്രസവം തുടങ്ങിയവയോട് ഭയവും അറപ്പുമുള്ള പെണ്‍കുട്ടികളുണ്ട്. ലൈംഗികതയോട് ഭയമുള്ള പുരുഷന്മാരുമുണ്ട്. അതൊക്കെ കല്യാണം കഴിഞ്ഞാല്‍ മാറും എന്നുപറഞ്ഞ് നിസ്സാരവത്കരിക്കുന്നതായാണ് നമ്മുടെയിടയില്‍ കണ്ടുവരുന്നത്. 
ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടിക്കൊണ്ടുപോവുകയാണ് ഇക്കൂട്ടര്‍ ചെയ്യുക. പ്രശ്നത്തിന്‍െറ ഗൗരവം മനസ്സിലാക്കാതെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതരാവേണ്ടിവരുന്ന ഇത്തരക്കാരുടെ ദാമ്പത്യജീവിതം പ്രശ്നസങ്കീര്‍ണമായി മാറും. 
മാനസിക പ്രശ്നങ്ങളില്‍ താരതമ്യേന കൂടുതലായി കാണപ്പെടുന്ന പ്രശ്നമാണ് ഫോബിയ. സമൂഹത്തില്‍ 25 ശതമാനത്തോളം പേരില്‍ ഏതെങ്കിലും തരത്തിലുള്ള ഫോബിയ കണ്ടുവരുന്നുണ്ട്.  സാധാരണ ഭയമല്ല ഫോബിയ.  അവ രണ്ടും രണ്ടാണ്. അപകടകരമായ അവസ്ഥകളില്‍ നിന്ന് ഒരു വ്യക്തിയെ പിറകോട്ടു നയിക്കുന്ന വികാരമാണ് ഭയമെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളോടോ വസ്തുക്കളോടോ ഉള്ള യുക്തിരഹിതമായ തീവ്ര ഭയമാണ് ഫോബിയ. ഫോബിയ ഉള്ളയാളിന്‍െറ മനസ്സിലുണ്ടാകുന്ന ഭയവും ഉത്കണ്ഠയും ആ വ്യക്തിയുടെ നിയന്ത്രണത്തിലായിരിക്കില്ല. ചിലപ്പോള്‍ ബോധരഹിതരാവുന്നയത്ര തീക്ഷ്ണമായിരിക്കും ഈ ഭയം. പല്ലി, കൂറ തുടങ്ങിയ ചെറിയ ജീവികളോടു മുതല്‍ ഉയരമുള്ള കെട്ടിടങ്ങളോടും കുത്തിവെപ്പിനോടുമൊക്കെ പേടിയുള്ളവരുണ്ട്. ചുരുക്കത്തില്‍, ജീവിതത്തിലെ ഏത് സാഹചര്യത്തോടും ഇടപെടുന്ന ഏത് വസ്തുവിനോടും ഫോബിയ രൂപപ്പെടാം.
സ്വവര്‍ഗരതിയില്‍ താല്‍പര്യമുള്ളവരും വിവാഹത്തിന് വിമുഖത കാണിക്കും. ഇത്തരക്കാരെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചാല്‍ ഇവരുടെ ദാമ്പത്യം സ്വാഭാവിക ലൈംഗികജീവിതം നയിക്കാനാവാതെ വഴിമുട്ടും. 
ചുരുക്കത്തില്‍ ചെറിയ വ്യക്തിവൈകല്യങ്ങളും പെരുമാറ്റപ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഉള്ളവര്‍ വിവാഹം കഴിച്ചാല്‍ എല്ലാം ശരിയാവും എന്ന് കരുതി വിവാഹത്തിലേക്ക് എടുത്തു ചാടരുത്. ചെറുപ്രായത്തില്‍ത്തന്നെ ഇത്തരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. വലുതാവുമ്പോള്‍ ശരിയാവും എന്നുകരുതി ചികിത്സ നീട്ടിവെക്കുന്നത് പ്രശ്നം രൂക്ഷമാകാനിടയാക്കും. ചിലരാകട്ടെ പ്രശ്നം തിരിച്ചറിഞ്ഞാല്‍ തന്നെ വിവാഹാലോചനകള്‍ തുടങ്ങുമ്പോള്‍ മാത്രമായിരിക്കും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. വളരെ വൈകിയുള്ളതും തിരക്കിട്ടതുമായ പ്രശ്നപരിഹാരശ്രമങ്ങള്‍ പലപ്പോഴം പ്രതീക്ഷിക്കുന്ന ഫലം നല്‍കണമെന്നില്ല. ഇതാകട്ടെ വ്യക്തിയുടെ വിവാഹത്തെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്യുന്നു.
താരതമ്യേന ഗൗരവം കുറഞ്ഞ മാനസിക പ്രശ്നങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്. സ്കീസോഫ്രീനിയ,കടുത്ത ഡിപ്രഷന്‍, ഒ.സി.ഡി തുടങ്ങിയ ഗൗരവമേറിയ മാനസിക പ്രശ്നങ്ങളുള്ളവര്‍ തിര്‍ച്ചയായും ചികിത്സയിലൂടെ അത് മാറ്റിയെടുത്തശേഷം മാത്രമേ വിവാഹത്തിന് ഒരുങ്ങാവു. അതും ചികിത്സിക്കുന്ന ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രം. രോഗം ചികിത്സിച്ചു മാറിയവരും വിവാഹത്തിന് മുമ്പ് പങ്കാളിയാവാന്‍ പോകുന്നയാളോടൊ അവരുടെ കുടുംബത്തോടോ ഇക്കാര്യം അറിയിക്കണം. കാരണം, ഇത്തരം രോഗങ്ങളില്‍ ചിലതിനെങ്കിലും തുടര്‍ ചികിത്സകള്‍ ആവശ്യമായി വരുകയോ ദീര്‍ഘകാലം മരുന്നുകള്‍ കഴിക്കേണ്ടതായോ വന്നേക്കാം. വീണ്ടും രോഗം പ്രത്യക്ഷപ്പെടുമ്പോള്‍ തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും ചികിത്സതേടാനും പങ്കാളിക്ക് ഇതേകുറിച്ചുള്ള അറിവ് അത്യാവശ്യമാണ്. രോഗം മറച്ചുവെച്ച് വിവാഹിതരായാല്‍ അക്കാര്യത്തെ തുടര്‍ന്നുണ്ടാവുന്ന നിരന്തരമായ മാനസിക സംഘര്‍ഷങ്ങള്‍ തന്നെ രോഗം വീണ്ടും വരാനോ വര്‍ധിക്കാനോ ഇടയാക്കും. വിവാഹ ജീവിതത്തില്‍ രഹസ്യമായി മരുന്ന് കഴിക്കുന്നതും മറ്റും പലപ്പോഴും പ്രാവര്‍ത്തികമായിക്കൊള്ളണമെന്നില്ല. മാത്രമല്ല, രോഗം മറച്ചുവെച്ച് വിവാഹിതരായാല്‍ പിന്നീട് കണ്ടുപിടിക്കപ്പെട്ടാല്‍ അത് വിശ്വാസവഞ്ചനയായെടുത്ത് വിവാഹജീവിതം തകരാനും ഇടയാക്കും.
ഫോബിയ പോലുള്ള താരതമ്യേന ചെറിയ മാനസികപ്രശ്നങ്ങള്‍ കൃത്യമായ വിദഗ്ദ ചികിത്സ നല്‍കിയാല്‍ മുഴുവനായി മാറ്റിയെടുക്കാനാവും. സ്വയം തിരിച്ചറിഞ്ഞ് തിരുത്താന്‍ തയാറാവുകയും ആവശ്യമെങ്കില്‍  മനോരോഗ വിദഗ്ധന്‍െറയോ മന$ശാസ്ത്രജ്ഞന്‍െറയോ സഹായം തേടുകയോ ചെയ്താല്‍ വ്യക്തിത്വവൈകല്യങ്ങളും പെരുമാറ്റ പ്രശ്നങ്ങളും പരിഹരിക്കാനാവും. അതുകൊണ്ട്, വിവാഹപ്രായമത്തെുന്നതുവരെ കാത്തുനില്‍ക്കാതെ പ്രശ്നം ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ ചികിത്സയുടെ വഴിതേടണം. മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്ക് അടിമകളായവരും വിവാഹത്തിനു മുമ്പ് ചികിത്സതേടി അതില്‍ നിന്ന് വിമുക്തി നേടണം.അല്ളെങ്കില്‍ അവ ദാമ്പത്യ തകര്‍ച്ചക്കും വിവാഹമോചനത്തിനും കാരണമായിത്തീരും.
i
വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. കെ.എസ്. പ്രഭാവതി 
(മനോരോഗ വിഭാഗം മേധാവി,  കോഴിക്കോട് മെഡിക്കല്‍ കോളജ്്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.