സ്കിസോഫ്രീനിയ രോഗികള്‍ക്ക് ആവശ്യം സാമൂഹിക പിന്തുണ

ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10ന് ലോക മാനസികാരോഗ്യദിനമായി ആചരിക്കുകയാണ്. ഇത്തവണ ‘ലിവിങ് വിത്ത് സ്കിസോഫ്രീനിയ’ എന്ന വിഷയമാണ് മാനസികാരോഗ്യദിനത്തിന്‍െറ ഭാഗമായി ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്നത്. സ്കിസോഫ്രീനിയ (schizophrenia) അഥവ ചിത്തഭ്രമം എന്നത് ഗൗരവമേറിയ ഒരു മനോരോഗമാണ്. 100 പേരില്‍ ഒരാള്‍ക്ക് വീതം ഏറിയോ കുറഞ്ഞോ ഈ രോഗം കണ്ടുവരുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഈ രോഗത്തിന്‍െറ പിടിയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ മുഴുവനായി ബാധിക്കുന്ന രോഗാവസ്ഥയാണിത്. രോഗിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മുഴുവനായി മാറ്റിമറിക്കുന്ന ഈ രോഗം യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാനും യുക്തിപൂര്‍വം ചിന്തിക്കാനുമുള്ള വ്യക്തികളുടെ കഴിവിനെ ഭാഗികമായോ പൂര്‍ണമായോ ഇല്ലാതാക്കുന്നു. സ്വാഭാവികമായി പെരുമാറാനും വികാരങ്ങള്‍ പങ്കുവെക്കാനുമൊക്കെ ഇക്കൂട്ടര്‍ക്ക് പ്രയാസമനുഭവപ്പെടും. അയഥാര്‍ഥ്യങ്ങളായ ചിന്തകള്‍, മിഥ്യാ ധാരണകള്‍, അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ എന്നുതുടങ്ങി ഒരു വ്യക്തിയുടെ സാമൂഹിക ജീവിതം താറുമാറാക്കുന്ന നിരവധി ഘടകങ്ങള്‍ ഈ രോഗത്തിന്‍െറ ലക്ഷണമായി കണ്ടുവരുന്നു. ഇല്ലാത്ത കാര്യങ്ങള്‍ കാണുന്നതായും ശബ്ദങ്ങള്‍ കേള്‍ക്കുന്നതായും രോഗികള്‍ അവകാശപ്പെടുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യും. ചില രോഗികളില്‍ അമിതകോപവും അക്രമ വാസനയും കണ്ടേക്കാം. കടുത്ത ആത്മഹത്യാപ്രവണതയും ഈ രോഗത്തിന്‍െറ പ്രത്യേകതയാണ്.
സ്ത്രീ-പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഈ രോഗം 25നും 30നും ഇടക്ക് പ്രായമുള്ള സ്ത്രീകളിലും15നും 30നും ഇടക്ക് പ്രായമുള്ള പുരുഷന്മാരിലുമാണ് പൊതുവെ പ്രത്യക്ഷപ്പെടുക. അപൂര്‍വമായി കുട്ടികളിലും പ്രായമായവരിലും ഇത് കണ്ടുവരുന്നുണ്ട്.  
തലച്ചോറിലെ ചില രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലുകളാണ് രോഗകാരണം. പാരമ്പര്യവും ഒരു പ്രധാന രോഗകാരണമാണ്. ജന്മനാ തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍, തലക്ക് സംഭവിക്കുന്ന ക്ഷതങ്ങള്‍, തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗങ്ങള്‍ എന്നിവയും സ്കിസോഫ്രീനിയ രോഗത്തിന് കാരണമായി കണ്ടുവരുന്നുണ്ട്. രോഗസാധ്യതയുള്ള വ്യക്തികള്‍ക്കുണ്ടാകുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളും രോഗം പ്രത്യക്ഷപ്പെടാന്‍ ഇടയാക്കും.
മസ്തിഷ്കത്തിലെ ഗ്ളൂട്ടമേറ്റ് (glutamate), ഡോപമൈന്‍ (dopamine) എന്നീ രാസസംയുക്തങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നാണ് ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ രാസവസ്തുക്കളുടെ സാന്നിധ്യം മരുന്നുകള്‍ ഉപയോഗിച്ച് സാധാരണ നിലയിലാക്കുകയാണ് ചികിത്സയുടെ ഭാഗമായി ചെയ്യുന്നത്. മരുന്നുകളോടൊപ്പം സൈക്കോ തെറപ്പി എന്ന മന$ശാസ്ത്ര ചികിത്സയും തലച്ചോറിലേക്ക് നേരിയ അളവില്‍ വൈദ്യൂതി കടത്തിവിടുന്ന ഇലക്¤്രടാകണ്‍വല്‍സിവ് തെറപ്പിയും ചില രോഗികള്‍ക്ക് നല്‍കി വരാറുണ്ട്.
രോഗം പ്രത്യക്ഷപ്പെട്ടാല്‍ അത് ആഴ്ചകളോളം നീണ്ടുനിന്നേക്കാം.
അദൃശ്യമായ കാര്യങ്ങള്‍ കാണുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത വസ്തുക്കള്‍ മണക്കുന്നതായും രുചിക്കുന്നതായുമുള്ള തോന്നല്‍, യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍, തൊട്ടതിനും പിടിച്ചതിനും സംശയം, താന്‍ ദൈവമാണ് എന്ന രീതിയിലുള്ള അസാധാരണമായ ചിന്തകള്‍, തന്നെ ആരോ ആക്രമിക്കാനോ അപായപ്പെടുത്താനോ ശ്രമിക്കുന്നെന്ന തോന്നല്‍, അവനവന്‍െറ ചിന്തയിലുള്ള  കാര്യങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള തോന്നല്‍ എന്നിവയാണ് രോഗിയെ വലക്കുന്ന പ്രധാന ലക്ഷണങ്ങള്‍. ഭൂരിപക്ഷം രോഗികളിലും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത രീതിയിലുള്ള നിഷ്ക്രിയത്വവും പ്രകടമാവും. ചിലര്‍ ആരോടും സംസാരിക്കാതെ ഒരുകാര്യത്തിലും താല്‍പര്യം കാണിക്കാതെ ദീര്‍ഘനാള്‍ സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് ജീവിക്കും.
സ്കിസോഫ്രീനിയ അഥവ ചിത്തഭ്രമം ബാധിച്ചവരില്‍ 30 മുതല്‍ 40 ശതമാനം വരെ രോഗികള്‍ വിദഗ്ധ ചികിത്സയുടെ സഹായത്തോടെ രോഗവിമുക്തി നേടുമ്പോള്‍ 40 ശതമാനത്തോളം പേര്‍ മരുന്നുകളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്‍െറയും പിന്തുണയോടെ സ്വാഭാവിക ജീവിതം നയിക്കുന്നു. ചെറിയൊരു വിഭാഗം പേരില്‍ രോഗമുക്തി അസാധ്യവുമാണ്.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് വിദഗ്ധ ചികിത്സയിലൂടെ ഭേദമാക്കാവുന്ന ഒരു രോഗമായി സ്കിസോഫ്രീനിയ ഇന്ന് മാറിയിട്ടുണ്ട്. മരുന്നുകളോടൊപ്പം  ആവശ്യമായ സാമൂഹിക പിന്തുണയും കുടുംബാംഗങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ ഈ രോഗത്തെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.