എബോള: നദിക്കരയില്‍ നിന്നത്തെിയ രോഗഭീതി

എബോള ഹെമൊറേജിക് ഫീവര്‍ (ഇ.എച്ച്.എഫ്) എന്ന വൈറസിന്‍െറ ഭീതിയിലാണ് ലോകം. 2127 മരണം, 3500 പേര്‍ക്ക് രോഗബാധ. യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ എബോള രോഗം പൊട്ടിപ്പുറപ്പെട്ടെന്ന വാര്‍ത്തയും ഇതിനിടെ എത്തി. ഇന്ത്യയിലും രോഗലക്ഷണമെന്നത് പരിഭ്രാന്തി പരത്തി. എബോള വൈറസ് ഭീഷണിയില്‍ കഴിയുന്ന  ആഫ്രിക്കയിലെ 44,700 ഇന്ത്യക്കാര്‍ രോഗഭീഷണിയിലാണ്. എബോള ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിച്ച ലൈബീരിയയില്‍ 3,000 ഇന്ത്യക്കാരാണുള്ളത്. ഇതുകൂടാതെ രോഗബാധിത പ്രദേശങ്ങളായ ഗിനിയില്‍ 500ഉം സിയറാ ലിയോണില്‍ 1,200ഉം നൈജീരിയയില്‍ 40,000ഉം ഇന്ത്യക്കാരുണ്ട്. ഇതുവരെയായിട്ടും രോഗം നിയന്ത്രണ വിധേയമായിട്ടില്ളെന്നതാണ് ഭീതി ഉയര്‍ത്തുന്നത്. 
എബോള നദിക്കരയില്‍നിന്ന്
എബോള നദിയുടെ കരയിലായി 1976ല്‍ കോംഗോയിലാണ് ആദ്യമായി ഈ വൈറസ് കണ്ടത്തെിയത്. അതിനാല്‍ രോഗകാരിയായ വൈറസിന് എബോളയെന്ന പേരുവന്നു. ബുന്ദിബെഗ്യോ വൈറസ്, സുഡാന്‍ വൈറസ്, തായ്ഫോറസ്റ്റ് വൈറസ്, എബോള വൈറസ് എന്നിങ്ങനെ നാലുതരം എബോള വൈറസാണുള്ളത്. അഞ്ചാമത്തെ വൈറസായ റെസ്റ്റോണ്‍ മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി കണ്ടത്തെിയിട്ടില്ല.
വ്യാപനം
മൃഗങ്ങളില്‍ വ്യാപകമായി കണ്ടുവന്നിരുന്ന ഈ വൈറസ് ജനിതക മാറ്റം സംഭവിച്ചാണ് മനുഷ്യരിലത്തെിയത്. ഇതോടെ ഇത് എബോള എന്ന രോഗമായി മാറി. വൈറസിന്‍െറ ഉറവിടം വവ്വാലുകളില്‍നിന്നാണ്. വവ്വാല്‍, ചിമ്പാന്‍സി, കുരങ്ങ് തുടങ്ങിയവയില്‍നിന്ന് സ്പര്‍ശനത്തിലൂടെ മനുഷ്യരിലേക്ക് എബോള വൈറസ് പടരുന്നു. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോള ബാധിച്ച മനുഷ്യന്‍െറ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍  രോഗം പടരും. വളരെ പെട്ടെന്ന് വ്യാപിക്കുന്ന വൈറസാണിതെന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. 
രോഗലക്ഷണങ്ങള്‍
ജലദോഷത്തിലൂടെ ആരംഭിക്കുന്ന രോഗം വളരെപ്പെട്ടെന്ന് രൂക്ഷമാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും. ഒരാഴ്ചയായിട്ടും പനി കുറയുന്നില്ളെങ്കില്‍ അതും എബോളയുടെ ലക്ഷണമാകാം. തലവേദനയാണ്  മറ്റൊരു ലക്ഷണം. കരള്‍, തലച്ചോര്‍, വൃക്ക തുടങ്ങിയ ആന്തരികാവയവങ്ങളെ വൈറസ് ആക്രമിച്ച് അവിടങ്ങളില്‍ രക്തം കട്ടപിടിപ്പിക്കും. പിന്നാലെ നാഡീ ഞരമ്പുകളെയും ആക്രമിക്കും. ഇതോടെ ശരീരത്തില്‍ രക്തസ്രാവത്തിന് തുടക്കമാകും. പിന്നീട് കടുത്ത വയറുവേദന, രക്തം ഛര്‍ദി, വയറിളക്കം തുടങ്ങിയവയുണ്ടാകും.  ഇതോടെ ശരീരം കൂടുതല്‍ ദുര്‍ബലമാവുകയും നമ്മുടെ പ്രതിരോധ സംവിധാനം പൂര്‍ണമായും പരാജയപ്പെടുകയും ചെയ്യും. പിന്നാലെ കണ്ണ്, ചെവി, മൂക്ക് എന്നിവിടങ്ങളില്‍നിന്ന് രക്തസ്രാവം ആരംഭിക്കും. പിന്നീട് 17 ദിവസത്തിനകം രോഗി മരിക്കാനിടയുണ്ട്.
പ്രതിരോധം
ഈ അസുഖത്തിന് നിലവില്‍ ചികിത്സയില്ല. രോഗം പടരാതെ നോക്കുകയാണ് വേണ്ടത്. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തി മാറ്റിപ്പാര്‍പ്പിക്കുകയാണ് രക്ഷാമാര്‍ഗം. ശരീരത്തിലെ ധാതുലവണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനുമായി ഓറല്‍ റീഹൈഡ്രേഷന്‍ ചികിത്സ നല്‍കാം. രക്തസ്രാവം ഒഴിവാക്കാനുള്ള മരുന്നുകളും ലഭ്യമാണ്. തുടക്കത്തിലേ ചികിത്സ തേടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിക്കാം. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍നിന്ന് ഒറ്റപ്പെടുത്തി മാറ്റിപ്പാര്‍പ്പിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള മാര്‍ഗം.
രോഗം തുടക്കത്തില്‍ വളരെ വേഗം പടരാന്‍ കാരണം ആദ്യം ബാധിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളുടെ അപര്യാപ്തതയാലാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും രോഗം വ്യാപിച്ചതോടെ ലോകാരോഗ്യ സംഘടനയുടെയും മറ്റും ഇടപെടലിലൂടെ സജീവമായിട്ടുണ്ട്. സോപ്പിട്ട് കൈ ശുചിയാക്കുക, വൃത്തിയായി പാചകം ചെയ്യുക എന്നിവയില്‍ ശ്രദ്ധ വേണം. എബോള രോഗബാധ സംശയിക്കുന്നയാളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. വവ്വാലുകള്‍ കൊത്താനിടയുള്ള പഴങ്ങള്‍ തിന്നാതിരിക്കുക എന്നത് മുന്‍കരുതല്‍ മാര്‍ഗമാണ്.
ഭീതി വ്യവസായമോ?
 എബോളയുടെ പേരില്‍ ആരോഗ്യ കേന്ദ്രമായ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി), ലോകാരോഗ്യ സംഘടന എന്നിവ അമിതഭീതി പടര്‍ത്തുകയാണെന്ന ആരോപണമുയരുന്നുണ്ട്. 2009ല്‍ പക്ഷിപ്പനിയുടെ പേരില്‍ ലോകത്തെ ഭയത്തിന്‍െറ മുള്‍മുനയില്‍ നിര്‍ത്തി വാക്സിന്‍ നല്‍കുന്ന ഫാര്‍മ കമ്പനികള്‍ക്ക് കോടികളുടെ ലാഭം ഉണ്ടാക്കിക്കൊടുത്തെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ ഉദ്ദേശ്യം തന്നെയാണ് ലോകവ്യാപകമായി ‘എബോളപ്പേടി’ പരത്തുന്നവരുടേതുമെന്ന ആരോപണവുമായി ഒരുവിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ മുന്നോട്ടിറങ്ങിക്കഴിഞ്ഞു. പനിക്കെതിരെയുള്ള വാക്സിനുകള്‍ പനിയെക്കാള്‍ ഭീകരകാരികളാണെന്ന് തിരിച്ചറിയണമെന്നാണ് ഇവരുടെ വാദം. വിശദമായ പഠനങ്ങളുടെയും വ്യക്തമായ സ്ഥിതിവിവരക്കണക്കിന്‍െറയും അഭാവത്തില്‍ ഊഹത്തിന്‍െറ അടിസ്ഥാനത്തിലുള്ള വാര്‍ത്തകള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നു. 
എബോള ഭയപ്പെടേണ്ട അസുഖം തന്നെയാണെന്നതില്‍ സംശയമില്ല. വൈറസിനെതിരെ പ്രതിരോധശേഷി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും ബോധവത്കരണവുമാണ് ആവശ്യം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.