ഗര്‍ഭധാരണവും പ്രസവവും രോഗമല്ല

നമ്മുടെ നാട്ടില്‍ ഗര്‍ഭധാരണവും പ്രസവവും ഒരു രോഗമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഗര്‍ഭധാരണം മുതല്‍ പ്രസവശേഷമുള്ള എതാനും മാസങ്ങള്‍ വരെ മരുന്നുകള്‍ക്ക് മുഖ്യസ്ഥാനമാണ് നല്‍കിവരുന്നത്. ഗര്‍ഭധാരണത്തോടുകൂടി തുടങ്ങുന്ന മരുന്നു പ്രയോഗം പ്രസവത്തിനുശേഷം പ്രസവരക്ഷ എന്ന പേരില്‍ തുടരുന്നു. അലോപ്പതിയും ആയുര്‍വേദവും തുടങ്ങി നാടന്‍ മരുന്നുകളും മാറിമാറി കഴിച്ചാണ് പലരും അമ്മയുടെയും കുഞ്ഞിന്‍െറ ആരോഗ്യം പരിപാലിക്കുന്നത്.
പ്രസവ സമയത്ത് മാതാവിന്‍െറ ശരീരത്തില്‍ സംഭവിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും കൂടുതല്‍ പാലുല്‍പാദിപ്പിക്കാനുമൊക്കെയാണ് പ്രസവരക്ഷ എന്നപേരിലുള്ള മരുന്ന് പ്രയോഗങ്ങള്‍.
എന്നാല്‍, ലളിതമായി ചിന്തിച്ചാല്‍ മനസ്സിലാവുന്ന ഒരു സത്യമുണ്ട്. അത് നമ്മുടെ പ്രകൃതിയിലേക്ക് നോക്കിയാല്‍ എളുപ്പത്തില്‍ മനസ്സിലാവും. എല്ലാ ജീവിവര്‍ഗങ്ങളും അവയുടെ വര്‍ഗം നിലനിര്‍ത്തിപ്പോരുന്നുണ്ട്. മനുഷ്യനെ കൂടാതെ എത്രയോ ജീവികള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളര്‍ത്തുന്നു. അവയൊന്നും തന്നെ പ്രസവാനന്തര ശുശ്രൂഷ എന്ന പേരില്‍ മരുന്നുസേവ നടത്തുന്നില്ല. വിദേശരാജ്യങ്ങളിലും പ്രസവരക്ഷ എന്ന പേരില്‍ മരുന്നുകള്‍ നല്‍കാറില്ല. പ്രസവം വര്‍ഗം നിലനിര്‍ത്താനുള്ള പ്രകൃതിയുടെ വരദാനമായതിനാല്‍ അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പ്രകൃതിതന്നെ പരിഹാരം കണ്ടുകൊള്ളും. പ്രസവിച്ച സ്ത്രീക്ക് ശുചിത്വവും വിശ്രമവും  പോഷകാഹാരവുമാണാവശ്യം.
പ്രസവാനന്തരം രണ്ടിരട്ടി തീറ്റിപ്പിക്കുന്ന രീതി പലയിടത്തുമുണ്ട്. കൃത്യമായി ഭക്ഷണം കൊടുക്കാത്ത വീടുകളും ഉണ്ട്. പെറ്റ വയറിലേക്ക് ധാരാളം വേണമെന്ന് ആദ്യത്തെ കൂട്ടരും, ഭക്ഷണം വളരെ കുറക്കുന്നത് വയറ് ചുരുങ്ങാന്‍ നല്ലതാണെന്ന് രണ്ടാമത്തെ കൂട്ടരും വിശ്വസിക്കുന്നു. പിന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ അനുവദിക്കാത്തവരും ഉണ്ട്. ഇതെല്ലാം ബാധിക്കുന്നത് അമ്മയുടെ ശരീരത്തെയാണെങ്കിലും അതോടൊപ്പം കുഞ്ഞിന്‍െറ ആഹാരമായ മുലപ്പാലിനെയും ബാധിക്കുന്നുണ്ട്.
ഗര്‍ഭത്തിലിരിക്കുമ്പോള്‍ മാതാവില്‍നിന്ന് പൊക്കിള്‍ക്കൊടിവഴി കിട്ടുന്ന ഭക്ഷണംകൊണ്ടാണ് കുഞ്ഞ് വളരുന്നത്. പ്രസവത്തോടെ ആ വഴി അറ്റുപോവുകയും അതേ സമയംതന്നെ കുഞ്ഞിനായി മറ്റൊരുവഴി തുറക്കുകയും ചെയ്യുന്നു. അതാണ് മുലപ്പാല്‍.  പ്രസവിച്ച സ്ത്രീക്ക് മുലപ്പാലുണ്ടാവുന്നത് അവരുടെ രക്തത്തില്‍നിന്നാകുന്നു. അതുകൊണ്ടുതന്നെ രക്തത്തിന്‍െറ മേന്മയനുസരിച്ചായിരിക്കും മുലപ്പാലിന്‍െറയും ഗുണം. രക്തത്തിന്‍െറ മേന്മയില്‍ ആഹാരത്തിന് പങ്കുണ്ടെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ളോ.
നമ്മുടെ നാട്ടില്‍ പ്രസവരക്ഷ എന്ന പേരില്‍ ലഭിക്കുന്നത് അനാവശ്യമായ ഒൗഷധ ചേരുവയും ദഹനക്കേടുണ്ടാക്കുന്ന എണ്ണയും നെയ്യും മാംസവും ചേര്‍ന്ന വസ്തുക്കളാണ്. ഇത്തരം വസ്തുക്കള്‍ അമ്മയില്‍ പ്രകടമായ ബുദ്ധിമുട്ടുകളൊന്നും കാണിച്ചില്ളെന്നു വരാം. അഥവാ ഉണ്ടായാല്‍തന്നെ അത് പേറ്റ് മരുന്നിന്‍െറയും പ്രസവരക്ഷയുടെയും അനന്തരഫലമാണെന്ന് തിരിച്ചറിയാതെ പോകുന്നു. വര്‍ഷങ്ങളായുളള തെറ്റായ ജീവിതചര്യമൂലം സഹനശക്തി വര്‍ധിച്ച ഒരു ശരീരമാണ് അമ്മയുടേത്. മാത്രമല്ല, അമ്പതും എഴുപത്തിയഞ്ചുമൊക്കെ  കിലോ തൂക്കമുള്ള വലിയ ശരീരവുമാണ്. എന്നാല്‍, കുഞ്ഞിന്‍െറ ശരീരം വെറും മൂന്നുകിലോയില്‍ താഴെ മാത്രമുള്ളതും മാസങ്ങള്‍ മാത്രം പ്രായമുള്ളതുമാണ്. സൂക്ഷ്മ സംവേദനശക്തിയുള്ളതുമായതിനാല്‍ ഉടനെതന്നെ പ്രതികരിക്കും. ഇത്തരം പ്രതികരണങ്ങള്‍ നവജാതശിശുക്കളില്‍ ജലദോഷം, ഛര്‍ദി, പനി, വയറിളക്കം, തുമ്മല്‍, ന്യൂമോണിയ തുടങ്ങി അപസ്മാരം പോലും ഉണ്ടാക്കുന്നു.
അമ്മയുടെ തെറ്റായ ദിനചര്യയാണ് കുഞ്ഞിന്‍െറ രോഗത്തിനു കാരണമെന്നറിയാതെ കുഞ്ഞിനെയും കൊണ്ട് ശിശുരോഗവിദഗ്ധന്‍െറയടുത്തേക്ക് ഓടുകയാണ് പതിവ്. നവജാത ശിശുക്കള്‍ക്ക് വരുന്ന രോഗങ്ങള്‍ക്ക് മാതാവിനെകൂടി ചികിത്സിക്കേണ്ടതുണ്ട്.
പ്രസവിച്ച് ആറുമാസത്തിനുള്ളില്‍തന്നെ കുഞ്ഞ് ഇരട്ടിയായി വളരുന്നു. രണ്ട് വയസ്സാകുമ്പോള്‍ നാലിരട്ടിയും ആയിത്തീരുന്നു. ഇതിലെ ആദ്യകാലത്തെ ശിശുവിന്‍െറ വളര്‍ച്ചയില്‍ ഉറക്കത്തിന് പ്രധാനപങ്കുണ്ട്. ഈ സമയത്താണ് തലച്ചോറിന്‍െറ വേഗത്തിലുള്ള വളര്‍ച്ചയും സംഭവിക്കുന്നത്. പ്രസവിച്ച കുഞ്ഞ് പാലുകുടിക്കുക, മൂത്രമൊഴിക്കുക, മലവിസര്‍ജനം നടത്തുക, ബാക്കി സമയം ഉറങ്ങുക എന്നീ പ്രവൃത്തികള്‍ മാത്രമാണ് ചെയ്യുന്നത്.
അവയവങ്ങള്‍ വളരാന്‍ വേണ്ടിയാണ് ഉറക്കമെന്ന ഈ മഹാവിശ്രമം പ്രകൃതി വിധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രസവിച്ച കുഞ്ഞിനെ ഉണര്‍ത്തരുത്. ബന്ധുക്കളോ മറ്റു സന്ദര്‍ശകരോ വരുമ്പോള്‍ ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഉണര്‍ത്തി കാണിക്കരുത്. കുഞ്ഞിനെ മാറോടുചേര്‍ത്തുപിടിച്ചാല്‍ കുഞ്ഞിന് അമ്മയുടെ മുഖം കാണാന്‍ കഴിയും. അത്രയേ കുഞ്ഞിന് കാഴ്ചയുള്ളൂ. പ്രസവം കാണാന്‍ വരുന്നവരെയൊന്നും കാണാന്‍ മാത്രമുള്ള കാഴ്ച അതിനില്ല.
പ്രസവിച്ച് അരമണിക്കൂറാവുമ്പോഴേക്കും പാലുകുടിപ്പിക്കണം. അമ്മയില്‍ ആദ്യം സ്രവിച്ചുവരുന്ന കൊളസ്ട്രം  ഒരായുസ്സിന് മുഴുവന്‍ വേണ്ട അമൃതാണ്. മികച്ച രോഗപ്രതിരോധ ശേഷിയുള്ള ആഹാരമാണിത്. പിന്നീട് കുഞ്ഞ് ആവശ്യപ്പെടുമ്പോഴോക്കെ പാലു കൊടുക്കേണ്ടതാണ്. നവജാതശിശു രണ്ടുമൂന്ന് മണിക്കൂര്‍ ഇടവിട്ട് പാല് കുടിക്കാറുണ്ട്. പാലില്‍ 88 ശതമാനവും വെള്ളമായതുകൊണ്ട് പുറമെ വേറെ വെള്ളം കൊടുക്കേണ്ടതില്ല.
കുഞ്ഞിന് കഴിയുന്നത്ര കാലം പാലുകൊടുക്കേണ്ടതാണ്. മുലകുടി നിര്‍ത്തേണ്ടത് അമ്മയല്ല കുഞ്ഞാണ്. മറ്റാഹാരങ്ങള്‍ കഴിച്ചുതുടങ്ങി അവയില്‍നിന്ന് ശരീരത്തിനാവശ്യമായതെല്ലാം കിട്ടിത്തുടങ്ങിയാല്‍ പിന്നെ കുഞ്ഞ് പാലുകുടിക്കാതെയാവും. അപ്പോഴേക്കും മൂന്നുവര്‍ഷമെങ്കിലുമായിരിക്കും. മാത്രമല്ല, കൂടുതല്‍ കാലം പാലൂട്ടുന്ന അമ്മയും കുഞ്ഞും തമ്മില്‍ കൂടുതല്‍ അടുപ്പവുമുണ്ടായിരിക്കും.
കുഞ്ഞിനെ ഒരു കാരണവശാലും തൊട്ടിലില്‍ കിടത്തരുത്. അമ്മയുടെ ചൂടും ചൂരും അറിഞ്ഞ് അമ്മയുടെ ഹൃദയത്തിന്‍െറ താളം കേട്ടുകൊണ്ടാണ് കുഞ്ഞ് കിടക്കേണ്ടത്. ഏതാണ്ട് 280 ദിവസക്കാലം ഗര്‍ഭപാത്രത്തില്‍ കിടന്ന് കേട്ട അമ്മയുടെ ഹൃദയത്തിന്‍െറ താളം പിന്നീട് കേള്‍ക്കുമ്പോഴും കുഞ്ഞിന് ആത്മവിശ്വാസം വര്‍ധിക്കും. കുഞ്ഞിനെ തൊട്ടിലിലേക്ക് മാറ്റുമ്പോള്‍ അത് മാനസികമായി ഒട്ടേറെ പീഡനം അനുഭവിക്കേണ്ടിവരുന്നുണ്ട്.  സ്വന്തം അമ്മയെ തിരിച്ചറിയാനുള്ള കഴിവ് കുഞ്ഞിനുണ്ട്. കുഞ്ഞ് ഇഷ്ടപ്പെടുന്നത് അമ്മയുടെ ചാരത്ത് കിടക്കാനുമാണ്.  
ആദ്യത്തെ ആറുമാസം മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആറുമാസത്തിന് ശേഷം അല്‍പാല്‍പം പഴങ്ങള്‍ കൊടുത്തുതുടങ്ങാം. രുചികരവും പോഷകദായകവുമായ പഴത്തിന് പകരം ഇവ ഉണക്കി പൊടിച്ച് പഞ്ചസാരയോ കല്‍ക്കണ്ടമോ ശര്‍ക്കരയോ ചേര്‍ത്ത് വേവിച്ച് കൊടുക്കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ പഴത്തിന്‍െറ ഗുണം നശിക്കുന്നതോടൊപ്പം ഇതില്‍ ചേര്‍ക്കുന്ന മധുരത്തിന്‍െറ ദോഷം കുഞ്ഞിന്‍െറ ശരീരത്തെ ബാധിക്കുകയും ചെയ്യും.  ഇതിനിടയിലാണ് ബേക്കറികളിലും മെഡിക്കല്‍ ഷോപ്പുകളിലും ലഭ്യമാകുന്ന ടിന്നിലടച്ച ശിശു ആഹാരങ്ങള്‍ നല്‍കുന്നത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക ആഹാരമൊന്നും തയാറാക്കേണ്ടതില്ല എന്നതാണ് വാസ്തവം. പല്ല് മുളക്കുന്നതിനനുസരിച്ച് ആവശ്യമായതും കഴിക്കാന്‍ കഴിയുന്നതുമായവ കഴിച്ചുതുടങ്ങും. ഒരു വയസ്സിനുശേഷമേ വേവിച്ച ആഹാരം നല്‍കേണ്ടതുള്ളൂ. രണ്ട് വയസ്സുവരെയെങ്കിലും വേവിച്ചവ കഴിക്കാതിരിക്കുന്നതാണ് ശരി.
പ്രസവശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ ശിശു നന്നായി വളരും. ഏതൊരമ്മയും ശുദ്ധമായ ഭക്ഷണം, ശുദ്ധവായു, സൂര്യപ്രകാശം, ശുദ്ധജലം, ആവശ്യമായ വ്യായാമം, വിശ്രമം, നല്ല മാനസികാവസ്ഥ എന്നിവ കിട്ടത്തക്കരീതിയില്‍ ജീവിക്കേണ്ടതാണ്.  
പ്രകൃതിയുടെ മടിത്തട്ട് എപ്പോഴും നന്മക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതാണെന്ന് ഓര്‍ക്കുക. ആ മടിത്തട്ടില്‍ വളരുമ്പോള്‍ അതിന്‍െറ നിയമങ്ങള്‍ അനുസരിക്കുക. ആ നിയമങ്ങള്‍ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു വ്യക്തിയെ രൂപപ്പെടുത്താന്‍ കഴിയൂ.
l
(തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ
ഡോക്ടറാണ് ലേഖിക)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.