ഗര്‍ഭാശയ ഗള (സെര്‍വിക്കല്‍) കാന്‍സര്‍

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദരോഗങ്ങളില്‍ ബ്രെസ്റ്റ് കാന്‍സറിന് ശേഷം ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഗര്‍ഭാശയ ഗള കാന്‍സറാണ്. പ്രതിവര്‍ഷം ലോകമെമ്പാടും അഞ്ച് ലക്ഷം പേര്‍ക്ക് ഈ രോഗം ബാധിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. രോഗബാധിതരുടെ 20 ശതമാനം ഇന്ത്യയിലാണെന്നത് ഇതിന്‍െറ ഗൗരവം വര്‍ധിപ്പിക്കുന്നു. അവികസിത രാജ്യങ്ങളിലെ ഗര്‍ഭാശയ ഗള കാന്‍സര്‍ ബാധിച്ചവരുടെ സംഖ്യ വളരെയധികമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സ്തനാര്‍ബുദത്തിനെക്കാള്‍ കൂടുതല്‍ ഗര്‍ഭാശയ ഗള കാന്‍സറാണ് ഒന്നാംസ്ഥാനത്ത്. മറ്റ് കാന്‍സറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗര്‍ഭാശയഗള കാന്‍സറിന്‍െറ കാരണം വ്യക്തമാണ്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന രോഗാണുവാണ് ഈ അര്‍ബുദത്തിന് കാരണമെന്ന് വൈദ്യശാസ്ത്രം കണ്ടത്തെിയിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയാണ് രോഗാണു പകരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. രോഗം ബാധിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വൈറസ് ബാധിച്ച കോശങ്ങളെ കണ്ടുപിടിക്കാന്‍ സാധിക്കും. ഇക്കാരണത്താല്‍ രോഗം വരാതെ തടയാനും മതിയായ ചികിത്സ നല്‍കി രോഗം മാറ്റാനും കഴിയുമെന്നതാണ് മറ്റൊരു വസ്തുത.

രോഗ ലക്ഷണങ്ങള്‍

  •  ലൈംഗിക ബന്ധത്തിന് ശേഷം ഉണ്ടാകുന്ന രക്തംപൊടിയല്‍ (സ്പോട്ടിങ്)
  •  ആര്‍ത്തവം നിലച്ചതിന് ശേഷമുണ്ടാകുന്ന രക്തസ്രാവം
  •  ആര്‍ത്തവ സമയങ്ങളിലുണ്ടാവുന്ന സാധാരണയല്ലാത്ത രക്തസ്രാവം
  • യോനിയില്‍നിന്നുള്ള രക്തം കലര്‍ന്ന സ്രവം

മേല്‍പറഞ്ഞ ലക്ഷണങ്ങളെല്ലാം ഗര്‍ഭാശയ ഗള കാന്‍സറിന്‍െറ ആരംഭ ലക്ഷണങ്ങളായി കണക്കാക്കാം. മറ്റുകാരണങ്ങള്‍ കൊണ്ടും രോഗം വരാവുന്നതാണ്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവെന്ന് കരുതി എല്ലാം കാന്‍സറാവണമെന്നില്ല. എന്നിരുന്നാലും ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം വിശദമായ പരിശോധനക്ക് വിധേയമാകേണ്ടതാണ്.

രോഗനിര്‍ണയം എങ്ങനെ?
പാപ് (PAP) ടെസ്റ്റാണ് പൊതുവെ രോഗനിര്‍ണത്തിന് അംഗീകരിക്കപ്പെട്ട പരിശോധനാ രീതി. ഗര്‍ഭാശയ മുഖത്തുനിന്ന് കോശങ്ങള്‍ പ്രത്യേക ബ്രഷ് വഴി അടര്‍ത്തിയെടുത്ത് സൂക്ഷ്മ ദര്‍ശിനിയിലൂടെ നോക്കുന്ന രീതിയാണിത്. ആര്‍ത്തവം കഴിഞ്ഞ് പത്തിനും ഇരുപതിനും ഇടയിലുള്ള ദിവസമാണ് പാപ്ടെസ്റ്റിന് ഉത്തമം. വേദനാരഹിതവും അഞ്ച് മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതുമാണിത്. പ്രത്യേകിച്ച്, മരുന്നോ ബോധംകെടുത്തേണ്ട ആവശ്യമോ ഒന്നുംതന്നെയില്ല. സാധാരണ എല്ലാ ആശുപത്രികളിലും ചുരുങ്ങിയ ചെലവില്‍ നടത്താവുന്നതും വേഗം തന്നെ പരിശോധനാ ഫലം ലഭിക്കുന്നതുമാണ്.

ടെസ്റ്റ് ആരൊക്കെ എപ്പോള്‍ ചെയ്യണം?

  •  ലൈംഗിക ജീവിതം ആരംഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞവര്‍
  •  എല്ലാ മൂന്നുവര്‍ഷത്തിലൊരിക്കലും ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും
  •  കുടുംബ ഡോക്ടറെ കൊണ്ട് വസ്തിപ്രദേശം (PELVIS) പരിശോധിപ്പിക്കുന്നത് രോഗനിര്‍ണയത്തിന് സഹായിക്കും.


വരുവാന്‍ സാധ്യതയുള്ളവര്‍

  • ഏത് സ്ത്രീക്കും രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും പ്രധാനമായും താഴെപറയുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
  •  വിവിധ ലൈംഗിക പങ്കാളികളുള്ളവര്‍
  • കൗമാര പ്രായത്തില്‍ തുടങ്ങിയ ലൈംഗിക വേഴ്ച
  •  തുടരത്തെുടരെയുള്ള പ്രസവം
  • ലൈംഗിക ശുചിത്വമില്ലാത്തവര്‍ (വൈറല്‍ രോഗം പിടിപെടാന്‍ ഇവര്‍ക്ക് സാധ്യതയേറെയാണ്)


അടുത്തകാലത്ത് ഹ്യൂമന്‍ പാപ്പിലോമ വൈറസിനെ തടുക്കാന്‍ കഴിയുന്ന വാക്സിനേഷന്‍ നിലവില്‍ വരുകയുണ്ടായി. ഒമ്പത് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളിലാണ് ഇത് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കൂടാതെഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്കും വാക്സിനേഷന്‍ പ്രയോജനപ്പെടുത്താം. വാക്സിനേഷന് വളരെയധികം ചെലവുള്ളതിനാല്‍ നമ്മുടെ രാജ്യത്ത് ഇത് പ്രചാരത്തില്‍ വന്നിട്ടില്ല.

ചികിത്സ
ബയോപ്സിയിലൂടെയാണ് രോഗനിര്‍ണയം സാധ്യമാക്കുക. ആവശ്യമായാല്‍ ശസ്ത്രക്രിയകൂടാതെ റേഡിയേഷനും മരുന്നും ഉപയോഗിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ പൂര്‍ണമായും മാറ്റിയെടുക്കാന്‍ സാധിക്കും. അവസാന ദശയില്‍ വരുന്ന രോഗം ചികിത്സിച്ച് മാറ്റാന്‍ പ്രയാസമായിരിക്കും.



(എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്‍റ് ഓങ്കോളജിസ്റ്റാണ് ലേഖകന്‍)
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.