തിരക്കുപിടിച്ച ആധുനിക ജീവിതത്തില്‍ ഭക്ഷണ, വ്യായാമ ശീലങ്ങളിലെ ചിട്ടവട്ടങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതുകാരണം സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളില്‍ പ്രധാനമാണ് നടുവേദന. പ്രായഭേദമന്യേ നടുവേദന കാരണം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിവരുകയാണ്.
കാരണങ്ങള്‍
നടുവേദന ഉണ്ടാവാന്‍ കാരണങ്ങള്‍ പലതാണ്- അസ്ഥിസംബന്ധമായ കാരണങ്ങള്‍, ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കിഡ്നിയിലെ കല്ല്, പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന ടി.ബി, നട്ടെല്ലിനിടക്കുണ്ടാവുന്ന ട്യൂമറുകള്‍ എന്നിവ മൂലമെല്ലാം നടുവേദന ഉണ്ടാവും.
മിക്കപ്പോഴും നടുവേദന രോഗലക്ഷണമാവും. രോഗം മറ്റുപലതും. മൂത്രത്തിന് അണുബാധ വന്നാല്‍ മൂത്രമൊഴിക്കുമ്പോഴുള്ള വേദനയോടൊപ്പം നടുവേദനയുമുണ്ടാകും. ഗര്‍ഭപാത്രസംബന്ധമായ അസുഖമാണെങ്കില്‍ നടുവേദനയോടൊപ്പം വെള്ളപോക്കോ മറ്റോ ഉണ്ടാകും.
എന്താണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം വേണം ചികിത്സ തീരുമാനിക്കാന്‍. ലബോറട്ടറി സൗകര്യങ്ങളൊന്നുമില്ലാതിരുന്ന പണ്ടുകാലത്ത് വൈദ്യന് രോഗിയെയും രോഗലക്ഷണങ്ങളെയും നിരീക്ഷിച്ചാല്‍തന്നെ എന്താണ് രോഗകാരണമെന്ന് വ്യക്തമാകുമായിരുന്നു. ഇന്ന് രോഗനിര്‍ണയത്തിന് എല്ലാ സാങ്കേതിക സൗകര്യങ്ങളും ആയുര്‍വേദം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇങ്ങനെ നടുവേദനയുടെ യഥാര്‍ഥ കാരണം കണ്ടത്തെി അതിനുള്ള മരുന്നുകളും ചികിത്സയും പ്രയോഗിച്ചാല്‍ ആ രോഗത്തോടൊപ്പം നടുവേദനയും ഭേദമായിക്കൊള്ളും.
മറ്റു ചികിത്സാ രീതികള്‍ വേദന മാറ്റാന്‍ ശ്രമിക്കുമ്പോള്‍ രോഗം സമ്പൂര്‍ണമായി ഭേദമാക്കാനാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്.
നടുവേദനക്ക് കാരണമായ ശീലങ്ങള്‍
1 ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരീരത്തിന്‍െറ പൊസിഷന്‍ ശരിയല്ളെങ്കില്‍ നടുവേദന ഉണ്ടാകും.
2വ്യായാമക്കുറവ്- 90 ശതമാനം ‘ഡിസ്ക് തെറ്റല്‍’ കേസുകളും മസിലിന് ശക്തി കുറയുന്നതുകൊണ്ടാണ് ഉണ്ടാവുന്നത്. നട്ടെല്ലിലെ കശേരുക്കളെ പിടിച്ചുനിര്‍ത്താന്‍ മസിലിന്‍െറ ശക്തി നഷ്ടപ്പെടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വ്യായാമത്തിലൂടെ മസിലുകളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
3 വാഹനങ്ങളുടെ ഉപയോഗം കൂടിയത്: ആയുര്‍വേദ ശാസ്ത്രത്തില്‍ ‘കുതിരസവാരി’ കൂടിയാല്‍ നടുവേദനയുണ്ടാവുമെന്ന് പറയുന്നുണ്ട്. പണ്ടത്തെ കുതിരസവാരിക്ക് തുല്യമാണ് ഇന്നത്തെ മോട്ടോര്‍ബൈക്ക് സവാരി.
4തുടര്‍ച്ചയായി ഓരേ പൊസിഷനില്‍ ശരീരം നില്‍ക്കുന്നത്.
കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, ദിവസം മുഴുവന്‍ നിന്ന് ജോലി ചെയ്യുന്ന ബസ് കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കെല്ലാം നടുവേദന വരാന്‍ സാധ്യത ഏറെയാണ്. ഇടക്ക് സമയം കണ്ടത്തെി വ്യായാമം ചെയ്യുക മാത്രമാണ് ഇതിന് പോംവഴി.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍
കഴുത്തിനും നടുവിനും ഏറെ ആയാസമുണ്ടാക്കുന്നതാണ് കമ്പ്യൂട്ടറിനു മുന്നിലെ ഇരിപ്പ്. സൗകര്യം കരുതി തോള് മുന്നോട്ടാഞ്ഞിരിക്കുകയോ കുനിഞ്ഞിരിക്കുകയോ ചെയ്യരുത്. കണ്ണിനു നേരെയായിരിക്കണം മോണിറ്റര്‍. മൗസ്, കീബോര്‍ഡ് തുടങ്ങിയവ മുട്ടിനു മുകളില്‍ വരുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഇരിക്കേണ്ടതെങ്ങനെ?
നട്ടെല്ല് നിവര്‍ന്നു വേണം ഇരിക്കാന്‍. നടുഭാഗം മുതല്‍ കഴുത്തുവരെയുള്ള എല്ല് പരമാവധി നേരെ വരുന്നവിധം ഇരിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ച്ചയായി വളരെനേരം ഇരിക്കരുത്. ഇടക്ക് എഴുന്നേറ്റ് നടക്കുക. കഴുത്തും അരക്കെട്ടും ഇളക്കിക്കൊണ്ടുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുക. കഴുത്ത് മുകളിലേക്കും വശങ്ങളിലേക്കും പതുക്കെ ചലിപ്പിക്കുക.
തലയണയില്ലാതെ നേരെ മലര്‍ന്നുകിടക്കുക. കഴുത്തുരോഗങ്ങള്‍ക്ക് വലിയൊരളവുവരെ കാരണമാണ് തലയണകള്‍. ഭക്ഷണം കഴിച്ച ഉടന്‍ പോയി കിടക്കരുത്. അങ്ങനെ വന്നാല്‍ ഗ്യാസ്ഫോര്‍മേഷനും തുടര്‍ന്ന് നീര്‍ക്കെട്ടും ഉണ്ടാവും. നടുവേദനയുള്ളവര്‍ പലകക്കട്ടില്‍ ഉപയോഗിക്കുക. വെറും തറയില്‍ കിടക്കരുത്. തണുപ്പ് തട്ടിയാല്‍ നടുവേദന വര്‍ധിക്കും.
ചികിത്സാ രീതികള്‍
പൊതുവെ മൂന്നുതരത്തിലുള്ള ചികിത്സാ രീതികളാണ് ആയുര്‍വേദത്തിലുള്ളത്. 1) സ്നേഹം (എണ്ണയിടല്‍) 2) സ്വേദം (ഫോര്‍മെന്‍േറഷന്‍) 3) ശോധന വരുത്തല്‍ (ഇവാക്വേഷന്‍) എന്നിവയാണവ.
മരുന്നിനോടൊപ്പം പഥ്യം, പതിവായ വ്യായാമങ്ങള്‍, ജീവിതം ചിട്ടപ്പെടുത്തല്‍ എന്നിവയാണ് രോഗശാന്തി എളുപ്പമാക്കാനുള്ള മാര്‍ഗങ്ങള്‍.
(ലേഖിക കോഴിക്കോട് മാങ്കാവ് ‘സുകൃതം’ ആയുര്‍വേദ ചികിത്സാലയത്തിലെ ചീഫ് ഫിസിഷ്യനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.