പരിശീലനത്തിലൂടെയും കളിക്കളത്തിലെ അപകടങ്ങള്‍ കുറക്കാം

കളിക്കളങ്ങളില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെപ്പറ്റി നാം ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. ആന്തരിക അവയവങ്ങള്‍ക്ക് വരുന്ന ക്ഷതം, തലക്കുണ്ടാകുന്ന ആഘാതം, വീഴ്ചകളില്‍ സംഭവിക്കുന്ന ഒടിവുകളും സന്ധികളുടെ സ്ഥാനം തെറ്റലും, മാനസിക സംഘര്‍ഷങ്ങള്‍ അങ്ങനെ ധാരാളം അപകടങ്ങള്‍ കളിക്കളത്തില്‍ സംഭവിക്കുന്നു. ശ്രദ്ധവെച്ചാല്‍ കുറെയൊക്കെ ഒഴിവാക്കാന്‍ സാധിക്കുന്നതാണിത്.
അപകടങ്ങളില്‍ സാധാരണയായി സംഭവിക്കുന്നതാണ് കാല്‍മുട്ടിലെ സ്നായുക്കള്‍ക്കുണ്ടാകുന്ന പൊട്ടലുകളും വിള്ളലുകളും. ഇതില്‍തന്നെ എ.സി.എല്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആന്‍റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്‍റിന് സംഭവിക്കുന്ന പൊട്ടല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. എ.സി.എല്ലിന്‍െറ പ്രധാന ധര്‍മം കാല്‍മുട്ടില്‍ ലംബമായി സ്ഥിതിചെയ്യുന്ന തുടയെല്ലും തൊട്ടുതാഴെയുള്ള നീളമുള്ള അസ്ഥിയും തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ്. ശക്തിയേറിയ ഈ സ്നായുവിന്‍െറ മറ്റു ധര്‍മങ്ങള്‍ കാലിലെ താഴത്തെ അസ്ഥി മുന്നിലേക്ക് തള്ളുന്നത് തടയുക, മുട്ട് ചുറ്റിത്തിരിയാതെ സൂക്ഷിക്കുക എന്നിവയാണ്.
കളിക്കിടയില്‍ പെട്ടെന്ന് നില്‍ക്കുക, ചുറ്റിത്തിരിയുക, ഉയര്‍ന്നുചാടി ഒറ്റക്കാലില്‍ വരുക, പാദം നിലത്തുറപ്പിച്ച് തിരിയുക എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഈ സ്നായുവിന് വിള്ളലുകളോ പൊട്ടലുകളോ സംഭവിക്കാം. ഫുട്ബാള്‍ രംഗത്ത് സാധാരണയായി ഡിഫന്‍ഡേഴ്സിനും മിഡ്ഫീല്‍ഡേഴ്സിനും ഈ അപകടസാധ്യത കൂടുതലാണ്. 
ആന്‍റീരിയര്‍ ക്രൂസിയേറ്റ് ലിഗമെന്‍റിന് സംഭവിക്കുന്ന അപകടങ്ങളില്‍ നൂതന രോഗനിര്‍ണയോപാധിയായ എം.ആര്‍.ഐ സ്കാനിങ് രോഗനിര്‍ണയം എളുപ്പമാക്കുന്നു.
സ്നായുവിന് വിള്ളല്‍ മാത്രമേ സംഭവിച്ചുള്ളൂവെങ്കില്‍, കാലിലെ മാംസപേശികളെ ബലപ്പെടുത്താനുള്ള വ്യായാമങ്ങള്‍ കൊടുത്ത് ചികിത്സിക്കാം. സ്നായു പൊട്ടിയിട്ടുണ്ടെങ്കില്‍ മുട്ടിന് അസ്ഥിരത അനുഭവപ്പെടും. ഇത് നമ്മുടെ ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കും. 
ഇതോടൊപ്പം സാധാരണ കണ്ടുവരുന്ന മറ്റൊരു ക്ഷതമാണ് മെനിസ്കസ് എന്ന സ്തരത്തിന് സംഭവിക്കുന്നത്. ഇത് മുട്ടിന്‍െറ ഉള്ളില്‍ ഷോക് അബ്സോര്‍ബര്‍പോലെ പ്രവര്‍ത്തിക്കുന്നു.  ഈ  സ്തരം പൊട്ടുന്നത് ലോക്കിങ്ങിന് കാരണമാകുന്നു. മുട്ട് തെന്നുന്നതുമൂലം എല്ലുകള്‍ തമ്മിലുരഞ്ഞ് എല്ലിന്‍െറ ആവരണത്തിന് കേടുപാടുകള്‍ സംഭവിക്കാം. ഇത് സന്ധിവാതത്തിന് വഴിയൊരുക്കും. ഈ അവസ്ഥയില്‍ ശസ്ത്രക്രിയയാണ് പോംവഴി. 
സ്വന്തം ശരീരത്തില്‍നിന്നുതന്നെ എല്ലും മാംസവും തമ്മില്‍ യോജിപ്പിക്കുന്ന നാട എടുത്ത് പൊട്ടിയ സ്നായുവിന്‍െറ സ്ഥാനത്ത് എല്ലുകള്‍ തുരന്ന് ഘടിപ്പിക്കുന്നു. ഇന്ന് പ്രധാന ആശുപത്രികളിലെല്ലാംതന്നെ ഇതിനുള്ള സജ്ജീകരണങ്ങളുണ്ട്. ഇക്കാലയളവില്‍ ക്രമമായ വ്യായാമത്തിലൂടെയും ചികിത്സാമുറകളിലൂടെയും ഫിസിയോ തെറപ്പിസ്റ്റ് നിങ്ങളെ കളിക്കളത്തിലേക്ക് മടങ്ങിയത്തൊന്‍ സഹായിക്കും. 
ഇന്ന് പല ക്ളബുകളും എന്തിന് ഫിഫ തന്നെയും എ.സി.എല്‍ ഇഞ്ചുറി പ്രിവന്‍ഷന്‍ പ്രോഗ്രാമിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നുണ്ട്. കായികാഭ്യാസങ്ങള്‍ക്ക് മുന്നോടിയായി നമ്മുടെ ശരീരത്തെ സജ്ജമാക്കുന്നതിനുള്ള വാം അപ് വ്യായാമങ്ങള്‍ നിര്‍ബന്ധമാക്കിയും ശരീരവഴക്കവും ശക്തിയും സ്ഥിരതയും നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്തും ഒരു പരിധിവരെ എ.സി.എല്‍ ഇഞ്ചുറി കുറക്കാന്‍ സാധിക്കും.
 
പരിഹാരങ്ങള്‍:
1. പെട്ടെന്ന് വെട്ടിത്തിരിയാന്‍ കഴിവുനല്‍കുന്നതും ഓടുന്നതിനിടയില്‍ നില്‍ക്കാനും വീണ്ടും പെട്ടെന്നുതന്നെ ഓടാനും കഴിവുനല്‍കുന്ന അഗിലിറ്റി ടൈപ് വ്യായാമങ്ങള്‍ ചെയ്യുക
2. മറിഞ്ഞുവീഴാനും ഉരുണ്ടുമറിയാനും പരിശീലനം നടത്തുക. ഇത് പരിശീലനം സിദ്ധിച്ച ഒരാളുടെ മേല്‍നോട്ടത്തില്‍ മാത്രം ചെയ്യുക. ഇല്ളെങ്കില്‍ നട്ടെല്ലിന് ക്ഷതം വരാം. ഇതിന് കുഷ്യന്‍  മാറ്റ് ഉപയോഗിക്കണം.
3. പ്ളയോമെട്രിക് രീതിയിലുള്ള വ്യായാമങ്ങള്‍ കാലിന്‍െറ ശക്തി കൂട്ടുകയും ചാടിനില്‍ക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
4. ശരീരത്തിന്‍െറ വഴക്കം വര്‍ധിപ്പിക്കുന്ന ഫ്ളക്സിബിലിറ്റി, സ്ട്രെച്ചിങ് വ്യായാമങ്ങള്‍ നിര്‍ബന്ധമാക്കണം. സാധാരണയായി മസില്‍ ഗ്രൂപ്പിനെയാണ് സ്ട്രെച് ചെയ്യാന്‍ ഉപദേശിക്കാറ്. പക്ഷേ, ഫാക്സിയ എന്ന സ്തരത്തെ തുടക്കം മുതല്‍ ഒടുക്കം വരെ സ്ട്രെച് ചെയ്യാന്‍ ഉതകുന്ന വ്യായാമങ്ങള്‍ നിര്‍ബന്ധമാക്കണം. ഇതിന് ഒരു ഫിസിയോ തെറപ്പിസ്റ്റിന്‍െറ സേവനം തേടാം.
5. ശരീരത്തിന്‍െറ കോര്‍ ആയ നടുഭാഗം, വയറുഭാഗം, പ്രത്യേകിച്ച് പിന്‍ഭാഗം ഇവയുടെ വഴക്കവും ശക്തിയും നമ്മുടെ മൊത്തം ശരീരത്തിന്‍െറ സ്ഥിരതക്ക് വളരെ ആവശ്യമാണ്. ഇതിനായി പിലാറ്റസ് രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യണം.
6. ബാലന്‍സ് നിലനിര്‍ത്താനും പാദങ്ങളുടെ കഴിവ് വര്‍ധിപ്പിക്കാനും വോബ്ള്‍ ബോഡ്, റോക്കര്‍ ബോഡ്, ബോസു ബാള്‍ എന്നിവ ഉപയോഗിക്കാം.
സ്കൂള്‍തലം മുതല്‍ ശരിയായ ബോധവത്കരണത്തിലൂടെയും പരിശീലനത്തിലൂടെയും കളിക്കളത്തിലെ അപകടങ്ങള്‍ കുറക്കാം.
l
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.