ഉത്കണ്ഠയും മനസ്സിന്‍െറ പിരിമുറുക്കവും വിജയത്തിന് വിഘാതമാവും

ഉപജില്ല, റവന്യൂജില്ല തുടങ്ങിയ കടമ്പകള്‍ കടന്നാണല്ളോ മത്സരാര്‍ഥികള്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാറ്റുരക്കാനത്തെുന്നത്. ജില്ലാതലത്തില്‍ തങ്ങളുടെ എതിരാളികളെ തോല്‍പിച്ചതിലുള്ള ആത്മവിശ്വാസവും അതേസമയം, വിവിധ ജില്ലകളില്‍ മുന്നിലത്തെിയ പ്രതിഭകളോട് ഏറ്റുമുട്ടി വിജയിക്കണമല്ളോ എന്ന ആശങ്കയുമായിരിക്കും ഒരോ വിദ്യാര്‍ഥിയുടെയും മനസ്സിലുള്ളത്. രണ്ടു തലങ്ങളിലായി പങ്കെടുത്ത മത്സരങ്ങളോടനുബന്ധിച്ചും സംസ്ഥാന കലോത്സവത്തിനായി പ്രത്യേകിച്ചുനടത്തിയ പരിശീലനങ്ങളുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഓരോ മത്സരാര്‍ഥിയേയും സജ്ജമാക്കിയിട്ടുണ്ടാവുമെങ്കിലും വിജയപീഠം കയറാന്‍ ഇതുമാത്രം മതിയാവില്ല. 
ശാരീരികമായ പരിശീലനങ്ങളോടൊപ്പം മാനസികമായ തയാറെടുപ്പും ഇതിനാവശ്യമാണ്. കലാമത്സരങ്ങള്‍ക്കായാലും കായിക മത്സരങ്ങള്‍ക്കായാലും മത്സരാര്‍ഥികള്‍ക്ക് അവരുടെ ദൗര്‍ബല്യങ്ങളെ മറികടക്കാനും കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താനും ചില ഒരുക്കങ്ങള്‍ അത്യാവശ്യമാണ്. 
എത്ര മിടുക്കനായ മത്സരാര്‍ഥിയാണെങ്കിലും അമിതമായ ഉത്കണ്ഠ, മനസ്സിന്‍െറ പിരിമുറുക്കം, ഭയം എന്നിവ അവരുടെ വ്യക്തിത്വത്തിലുണ്ടെങ്കില്‍ അത് മത്സരവേദിയില്‍ പ്രതികൂല ഘടകങ്ങളാകും. അതുപോലത്തെന്നെ അമിതമായ ആത്മവിശ്വാസവും പ്രതീക്ഷകളും ഫലത്തേക്കാളേറെ ദോഷം ചെയ്യും. 
 15 ശതമാനം കൗമാരപ്രായക്കാരിലും കാണുന്ന സാധാരണ പ്രശ്നമാണ് അമിതമായ ഉത്കണ്ഠ. വേദിയില്‍ തനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമോ അല്ളെങ്കില്‍, തന്‍െറ പ്രകടനം കാണികളും വിധികര്‍ത്താക്കളും എങ്ങനെ വിലയിരുത്തും എന്നതിനെ കുറിച്ചൊക്കെ ഉത്കണ്ഠ സ്വാഭാവികമാണ്. എന്നാല്‍, ഇത് അമിതമായാല്‍ അത് ശരീരത്തിന്‍െറ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. നെഞ്ചിടിപ്പ് കൂടുക, വിറയല്‍ അനുഭവപ്പെടുക, നാക്കും ചുണ്ടുകളും വരണ്ടുണങ്ങുക, അമിതമായി വിയര്‍ക്കുക, ശബ്ദം പുറത്തുവരാതാവുക തുടങ്ങിയവയാണ് അമിതമായ ഉത്കണ്ഠയുടെ ഫലം. അതുകൊണ്ടുതന്നെ ആവശ്യത്തിലധികം ഉത്കണ്ഠപ്പെടാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. 
മനസ്സിന് പതിവില്‍ക്കവിഞ്ഞ ടെന്‍ഷനുണ്ടായാലും അത് ശരീരത്തിന്‍െറ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് പ്രകടനത്തെയും ബാധിക്കും. നെഞ്ചിടിപ്പും തളര്‍ച്ചയും തൊണ്ടവരളലുമെല്ലാം ടെന്‍ഷന്‍െറ ഭാഗമായുമുണ്ടാകും.
മത്സരത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ഭയവും മത്സരാര്‍ഥിക്ക് തിരിച്ചടിയാകും. ഭയം അമിതമായാല്‍ തന്‍െറ കഴിവുകള്‍ മുഴുവനായി പുറത്തെടുക്കാന്‍ കഴിയാതെ വരുകയും അത് പരാജയത്തിലത്തെിക്കുകയും ചെയ്യും.
ആത്മവിശ്വാസവും പ്രതീക്ഷകളും വിജയത്തിന് ആവശ്യമാണെങ്കിലും അതിരുവിട്ടാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാവും. അമിതമായ ആത്മവിശ്വാസം മത്സരങ്ങളെ നിസ്സാരമായി സമീപിക്കാന്‍ ഇടയാക്കും.  ഉദാഹരണത്തിന് തനിക്ക് എല്ലാവിഷയത്തെ കുറിച്ചും നല്ല അറിവുണ്ടെന്ന് സ്വയം ധരിച്ചിരിക്കുന്ന ഒരു വിദ്യാര്‍ഥി അന്ന് രാവിലെ ഇറങ്ങിയ പത്രം വായിക്കാതെ ലേഖന മത്സരത്തിനോ കാര്‍ട്ടൂണ്‍ മത്സരത്തിനോ പോയാല്‍ പരാജയം ക്ഷണിച്ചുവരുത്തുകയാകും ഫലം. ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഏറ്റവും പുതിയ വാര്‍ത്തകളെ കുറിച്ച് അറിവുണ്ടായിരിക്കണം.
അമിതപ്രതീക്ഷയും മാനസിക സമ്മര്‍ദത്തിന് വഴിവെക്കും. തനിക്ക് ഒന്നാംസ്ഥാനം തീര്‍ച്ചയായും ലഭിക്കുമെന്ന് കടുത്ത പ്രതീക്ഷവെച്ചുപുലര്‍ത്തുന്നവര്‍ മത്സരദിവസം അടുക്കുന്നതോടെ സമ്മര്‍ദങ്ങള്‍ക്കടിമപ്പെടും. തന്‍െറ മക്കള്‍ കഴിവുള്ളവരാണെന്നും ഒന്നാംസ്ഥാനംതന്നെ ലഭിക്കുമെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ വീമ്പിളക്കുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക...അവര്‍ കുട്ടികളെ സമ്മര്‍ദത്തിനടിമയാക്കുകയാണെന്ന്. അതുപോലത്തെന്നെ ഒരു പ്രത്യേക വിദ്യാര്‍ഥിയെ പുകഴ്ത്തിക്കൊണ്ട് ഇവനിലാണ്/ ഇവളിലാണ് നമ്മുടെ സ്കൂളിന്‍െറ പ്രതീക്ഷ എന്ന് പരസ്യപ്രഖ്യാപനം നടത്തുന്ന അധ്യാപകരും  അറിയുന്നില്ല അവര്‍ മത്സരാര്‍ഥിയുടെ മനസ്സില്‍ ആവശ്യമില്ലാത്ത  ഭാരം കയറ്റിവെക്കുകയാണെന്ന്.
മത്സരങ്ങള്‍ക്കായി സ്റ്റേജില്‍ കയറാന്‍ പോകുന്ന വിദ്യാര്‍ഥിയോട് മാതാപിതാക്കളും പരിശീലകരും തുടര്‍ച്ചയായി പറയുന്ന ഒരു കാര്യമുണ്ട്. പ്രകടനം കഴിയുന്നത്ര ശ്രദ്ധിച്ച് ചെയ്യണം എന്നത്. എന്നാല്‍, അമിതശ്രദ്ധയും ആപത്തായേക്കും. ശ്രദ്ധകൂടുന്നതിനനുസരിച്ച് വ്യക്തിയുടെ കഴിവുകള്‍ കുറയുമെന്നാണ് മന$ശാസ്ത്രം പറയുന്നത്. 
അതുകൊണ്ടാണ് കുളിമുറിയില്‍ അശ്രദ്ധമായി മൂളുന്ന പാട്ടുകള്‍ മനോഹരമായി തീരുന്നതും നാലുപേരുടെ മുന്നില്‍ പാടേണ്ടിവരുമ്പോള്‍ പലപ്പോഴും വേണ്ടത്ര നന്നാവാത്തതും. റിഹേഴ്സലിന് നന്നായി അഭിനയിക്കുന്നയാള്‍ക്ക് പ്രേക്ഷകരുടെ മുന്നില്‍ അനായാസമായി അഭിനയിക്കാന്‍ കഴിയാത്തതും ഈ കാരണം കൊണ്ടുതന്നെ. 
വരികളും ഈണവും തെറ്റാതിരിക്കാനും ശബ്ദമിടറാതിരിക്കാനും പാട്ടുപാടുന്നയാളോ ഡയലോഗ് തെറ്റാതിരിക്കാനും ഭാവം മാറാതിരിക്കാനും അഭിനേതാവോ അമിതമായി ശ്രദ്ധചെലുത്തുമ്പോള്‍ ഫലത്തില്‍ പാടാനും അഭിനയിക്കാനുമൊക്കെയുള്ള കഴിവ് കുറയുകയാണ് ചെയ്യുക. ചുരുക്കത്തില്‍ വ്യക്തിയുടെ മാനസികാരോഗ്യത്തിനും മാനസികാവസ്ഥക്കും കലാപ്രകടനത്തിന്‍െറ ഗുണനിലവാരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താനാവും എന്നതാണ് സത്യം.
ഇനി മനസ്സിനെ വരുതിയില്‍ നിര്‍ത്തി വിജയത്തിലേക്കത്തെുന്നത് എങ്ങനെയെന്ന് നോക്കാം. ഒരുവ്യക്തി അയാള്‍ ചെയ്യുന്ന പ്രവര്‍ത്തിയെ വളരെ താല്‍പര്യത്തോടെ സമീപിക്കുകയും അതില്‍നിന്ന് സന്തോഷവും സംതൃപ്തിയും നേടുകയും ചെയ്യുമ്പോഴാണ് ആ വ്യക്തിയുടെ സര്‍ഗാത്മകത കൂടുതലായി പ്രകടമാകുന്നത്. പ്രചോദനങ്ങളാണ് സര്‍ഗാത്മകതയെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നത്. 
നിങ്ങള്‍ മത്സരിച്ച് ജയിക്കുന്നത് മാതാപിതാക്കള്‍ക്കോ വിദ്യാലയങ്ങള്‍ക്കോ വേണ്ടിയല്ല, മറിച്ച് നിങ്ങള്‍ക്കുവേണ്ടിയാണെന്ന് മനസ്സില്‍ ഉറപ്പിക്കുകയാണ് ആദ്യപടി. ഇതു നിങ്ങളത്തെന്നെ സ്വയം പ്രചോദിപ്പിക്കാനിടയാക്കും. മഹാന്മാര്‍ അധികവും സ്വയം പ്രചോദിതരായവരാണ്.  ഇതുവരെയുള്ള മത്സരങ്ങളില്‍ വിജയിച്ച ഒരു വ്യക്തിയാണ് താന്‍ എന്ന കാര്യം സ്വയം ബോധ്യപ്പെടുത്തുകയാണ് തന്‍െറ പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠ കുറക്കാനുള്ള എളുപ്പമാര്‍ഗം. 
നിരവധിപേര്‍ മത്സരിക്കുന്ന ഒരു ഇനത്തില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് മുന്നിലത്തൊനാകുക. അതില്‍ എ ഗ്രേഡും മറ്റും ലഭിക്കുന്നത് അതിലും കുറച്ചുപേര്‍ക്കാണ്. ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളലാണ് ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ആദ്യപടി. സ്വന്തം കഴിവിനനുസരിച്ച് മത്സരിക്കുക. ഫലത്തെ കുറിച്ച് അധികം ആശങ്കപ്പെടാതിരിക്കുക. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതുതന്നെ ഒരു നേട്ടമായി വിലയിരുത്തുക. വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കേണ്ടതില്ല. ഈ മത്സരം അവസാനത്തേതല്ളെന്നും തിരിച്ചറിയുക. അഥവാ, ഇവിടെ പരാജയപ്പെട്ടാല്‍ തുടര്‍ന്നുള്ള അവസരങ്ങളില്‍ ഇവിടെനിന്ന് ലഭിച്ച അനുഭവത്തിന്‍െറ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ മുന്നേറാനാവുമെന്ന സത്യം ഉള്‍ക്കൊള്ളുക. 
മുന്‍ വര്‍ഷങ്ങളിലെ കലാതിലകമോ കലാപ്രതിഭയോ ആയ എത്രയോ പേരെ കുറിച്ച് പിന്നീട് ആരും കേട്ടിട്ടില്ല. മറിച്ച്, മത്സരങ്ങളില്‍ പരാജയപ്പെട്ടവര്‍ കലാരംഗത്ത് ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത്തരം മത്സരങ്ങളെ അമിതമായ ഗൗരവം കൊടുക്കാതെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ സമീപിക്കുകയാണെങ്കില്‍ മനസ്സിന്‍െറ ടെന്‍ഷന്‍ ഒരുപരിധിവരെ മറികടക്കാനാകും.
മനസ്സിന് പിരിമുറുക്കമുണ്ടാകുമ്പോള്‍ അറിയാതെ നെടുവീര്‍പ്പിടുന്നത് സ്വാഭാവികമാണ്. യഥാര്‍ഥത്തില്‍ ഇതറിയാതെ സംഭവിക്കുന്ന കാര്യമല്ല. ടെന്‍ഷനെ നേരിടാനായി ശരീരം സൃഷ്ടിക്കുന്ന രക്ഷാമാര്‍ഗമാണിത്. നെടുവീര്‍പ്പിലൂടെ കൂടുതല്‍ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ അധികതോതില്‍ ഓക്സിജന്‍ ശ്വാസകോശത്തിലത്തെുകയും അത് ശരീരകോശങ്ങളിലത്തെി മനസ്സിന് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും.
യോഗയിലൂടെയും പ്രാണായാമം പോലുള്ള ശ്വസന വ്യായാമത്തിലൂടെയും മനസ്സിന് വിശ്രാന്തി ലഭിക്കുമെന്ന് പറയുന്നതിന് പിറകിലെ ശാസ്ത്രമിതാണ്. ചിലതരം വ്യായാമ മുറകളും മനസ്സിനെ ശാന്തമാക്കാനുപകരിക്കും.
അതുകൊണ്ടുതന്നെ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മനസ്സിന് പിരിമുറുക്കം അനുഭവപ്പെട്ടാല്‍ ബഹളങ്ങളില്ലാത്ത ഒരു ഭാഗത്തേക്ക് മാറിനിന്ന് ശ്വസന വ്യായാമം ചെയ്താല്‍ പിരിമുറുക്കം കുറയും. കഴിയുന്നത്ര ശ്വാസം ഉള്ളിലേക്കെടുത്തശേഷം സാവധാനം പറത്തേക്ക് വിടുക. ഇങ്ങിനെ പലതവണ ആവര്‍ത്തിക്കുക. 
മത്സരത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് ഉറങ്ങുക, ധാരാളം ശുദ്ധജലം കുടിക്കുക, എളുപ്പംദഹിക്കുന്ന ഭക്ഷണം കഴിക്കുക, ശുഭകരമായ കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക, വിശ്വാസികളാണെങ്കില്‍ പ്രാര്‍ഥന നടത്തുക, ആശങ്കകളും സംശയങ്ങളും അടുത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉത്കണ്ഠയും ടെന്‍ഷനും കുറയാന്‍ സഹായിക്കും.
മനസ്സിന്‍െറ പിരിമുറുക്കം കുറയുന്നില്ളെന്ന് തോന്നിയാല്‍ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.