സൂക്ഷിക്കുക; സൈബര്‍ കോണ്‍ഡ്രിയ നിങ്ങള്‍ക്കും പിടിപെടാം

25  കാരനായ പ്രഫഷനല്‍ രാജേഷിന് ഇടക്കെപ്പോഴോ നെഞ്ചിനുതാഴെ ഒരു ചെറിയ വേദന വന്നതാണ്. വേദന പതിയെ വിട്ടുപോയെങ്കിലും രോഗം എന്താകുമെന്ന ആധിയായി പിന്നെ. ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണും അവയില്‍ ഓരോന്നിനും എണ്ണമറ്റ ആപ്പുകളും ഉള്ള കാലത്ത് സംശയം തീര്‍ക്കാന്‍ ഡോക്ടറെ കാണണമെന്ന് തോന്നിയതുമില്ല. ഇന്‍റര്‍നെറ്റില്‍ പരതിയ രാജീവിന് അത് ഹൃദയാഘാതത്തിന്‍െറ തുടക്കമാണെന്ന് വളരെ പെട്ടെന്ന് ‘ബോധ്യമായി’. പിന്നെയും പരതിയപ്പോള്‍ രോഗം പ്രതീക്ഷിച്ചതിനെക്കാള്‍ ഭീകരമാണെന്നും എന്തും സംഭവിക്കാമെന്നുമുള്ള സൂചനയും ലഭിച്ചു. ഭീതി മൂത്ത് ജോലിയില്‍ ഉഴപ്പുകയും ആളുകളുമായി ഇടപഴകല്‍ കുറയുകയും ചെയ്തതോടെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് എല്ലാം വെറും തോന്നല്‍ മാത്രമാണെന്നും ഇന്‍റര്‍നെറ്റാണ് പണി പറ്റിച്ചതെന്നും തിരിച്ചറിഞ്ഞത്.
ഇത് രാജേഷിന്‍െറ മാത്രം കഥയല്ല. ‘സൈബര്‍ കോണ്‍ഡ്രിയ’ cyberchondria അഥവാ, ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചതു മൂലമുള്ള സംശയരോഗങ്ങള്‍ പുതിയ തലമുറയെ എളുപ്പത്തില്‍ കീഴടക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രമുഖ ബ്രിട്ടീഷ് പത്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗൂഗിളില്‍ തിരയുന്ന വിവരങ്ങളില്‍ 20ല്‍ ഒന്ന് സ്വന്തം രോഗത്തെക്കുറിച്ച അന്വേഷണങ്ങളാണ്. ഇവയില്‍ ലഭിക്കുന്നതിലേറെയുമാകട്ടെ തെറ്റായ ഉത്തരങ്ങളും. ഡോക്ടറെ കാണാനുള്ള സാമ്പത്തികച്ചെലവും സമയലാഭവും പരിഗണിച്ച് എളുപ്പത്തില്‍ പ്രതിവിധി കണ്ടത്തൊമെന്ന പ്രതീക്ഷയില്‍ തുടങ്ങുന്നവര്‍ സംശയരോഗത്തിലേക്ക് വഴുതി വീഴുന്ന കാഴ്ച. പിന്നീട് ചികിത്സയും പരിശോധനകളുമായി കാര്യങ്ങള്‍ തിരിച്ചറിഞ്ഞുവരുമ്പോഴേക്ക് സമയവും സമ്പത്തും മാത്രമല്ല, മനസ്സിന്‍െറ ആരോഗ്യവും നഷ്ടമാകുന്നു.

അപകടം രണ്ടുതരം
പരിചയസമ്പന്നനായ ഡോക്ടര്‍ക്ക് പകരം ഗൂഗിളില്‍ രോഗം തെരയുന്നവരെ കാത്തിരിക്കുന്നത് രണ്ട് അപകടങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. രോഗം ബാധിച്ചെന്ന തെറ്റായ ആധിയാണ് അതിലൊന്ന്. വൈദ്യശാസ്ത്രവുമായി ഒരു ബന്ധമില്ലാത്തവരും വലിയ ഡോക്ടര്‍മാരും ഒരുപോലെ പങ്കാളികളാകുന്ന ലക്ഷക്കണക്കിന് വിവരങ്ങളുടെ അറ്റമില്ലാ കടലാണ് ഇന്‍റര്‍നെറ്റ് എന്നതിനാല്‍ നാം തേടുന്ന യഥാര്‍ഥ ഉത്തരത്തിലേക്ക് എത്താന്‍ സാധ്യത വിരളമാണ്. ആദ്യം വായിച്ചതില്‍നിന്ന് കിട്ടിയ വിവരങ്ങള്‍വെച്ച് തീര്‍പ്പിലത്തെുക മാത്രമാകും പിന്നെയുള്ള ആശ്രയം. വിദഗ്ധ ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ ഇല്ളെന്ന് ഉറപ്പാക്കാവുന്ന അതീവ ഗുരുതര രോഗലക്ഷണങ്ങള്‍ സ്വശരീരത്തില്‍ ‘തിരിച്ചറിഞ്ഞ്’ ശിഷ്ടജീവിതം ഉത്കണ്ഠയുമായി കഴിയാനാകും ഇവര്‍ക്കു യോഗം.
ഇതുപോലെ അപകടകരമാണ്, ലക്ഷണങ്ങള്‍ വായിച്ച് രോഗങ്ങളൊന്നും ഇല്ളെന്ന് ഉറപ്പാക്കല്‍. രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിച്ചും എക്സറേ- സ്കാനിങ് നടത്തിയും അറിയേണ്ട രോഗമാകും ഒറ്റ വായനക്ക് ഇല്ളെന്ന് ഉറപ്പാക്കി ചികിത്സയുടെ നല്ല സമയം നഷ്ടപ്പെടുത്തുന്നത്.

രോഗം തിരയല്‍ ഇന്‍റര്‍നെറ്റില്‍ മാത്രമല്ല
നിസ്സാരമായ തലവേദനയും ചുമയും വരുമ്പോഴേക്ക് മാരകരോഗങ്ങളായ ബ്രെയിന്‍ ട്യൂമറോ ശ്വാസകോശ കാന്‍സറോ ആണെന്ന് സംശയിക്കുന്നവരാണ് നമുക്കിടയില്‍ നാലുമുതല്‍ ഒമ്പത് ശതമാനം പേരെന്ന് കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രി പ്രഫ. പി.എന്‍. സുരേഷ് കുമാര്‍ പറയുന്നു. ഹൈപ്പോ കോണ്‍ഡ്രിയാസിസ് എന്ന സംശയരോഗമാണിത്.
ഇത്തരം രോഗികള്‍ക്ക് ഒന്നു തുമ്മിയാലും മൂക്കൊലിച്ചാലുമൊക്കെ ഉടന്‍ പരിശോധന വേണം. രോഗമില്ളെന്ന് ഉറപ്പാക്കാന്‍ തീര്‍ത്തും അനാവശ്യമായ പരിശോധനകള്‍ക്ക് ഇവര്‍ ലാബുകളില്‍ കയറിയിറങ്ങും. ഡോക്ടര്‍മാരെ നിര്‍ബന്ധിക്കും. ചികിത്സക്ക് ഡോക്ടറെ കാണാനായില്ളെങ്കില്‍ ഇന്‍റര്‍നെറ്റാകും ശരണം, അല്ളെങ്കില്‍ മുറിവൈദ്യന്മാര്‍. പുതിയകാലത്ത് ആശുപത്രികളെക്കാള്‍ വലിയ വ്യവസായമായി അവയുടെ പരിസരങ്ങളിലും നഗരങ്ങളിലും പൊട്ടിമുളച്ച ലബോറട്ടറികള്‍ക്ക് ഇത്തരക്കാര്‍ നല്‍കുന്നത് ‘നൂറുമേനി കൊയ്ത്ത്’.

തിരയുന്നത് ഏതുതരം രോഗങ്ങള്‍
സൈബര്‍ കോണ്‍ഡ്രിയാക് രോഗികള്‍ ഏറെയും തിരയുന്നത് എയ്ഡ്സ്, കാന്‍സര്‍ പോലുള്ള അതീവ ഗുരുതര രോഗങ്ങളാണെന്നതാണ് കൗതുകം. വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളെയും മറ്റ് റഫറന്‍സ് ഗ്രന്ഥങ്ങളെയും ആശ്രയിക്കേണ്ടിയിരുന്നവര്‍ക്ക് മുന്നില്‍ വിവരസാങ്കേതികതയുടെ പുതിയകാലത്ത് കമ്പ്യൂട്ടറില്‍ എന്തും തെളിയുമെന്നതുപോലെയാണ് രോഗാവസ്ഥയും.
ഒന്നുമില്ലാത്തവന്‍ തിരഞ്ഞുതിരഞ്ഞ് കാന്‍സര്‍ രോഗിയാവും. എയ്ഡ്സിന്‍െറ ലക്ഷണങ്ങള്‍ ‘പ്രകടിപ്പിക്കും’. രോഗം ‘കിട്ടുന്ന’തോടെ അതിനുപിന്നാലെയാവും മനസ്സും ശരീരവും. ഇന്‍റര്‍നെറ്റില്‍ മൊത്തം അന്വേഷണങ്ങളുടെ 90 ശതമാനവും കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളെക്കുറിച്ചാണെന്ന് ഏറ്റവുമൊടുവിലെ പഠനങ്ങള്‍ പറയുന്നു.

കാരണങ്ങള്‍
സൈബര്‍ കോണ്‍ഡ്രിയാക് രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതിന്‍െറ തുടക്കത്തിലാണ് രോഗം സാധാരണമായി പ്രകടിപ്പിക്കാറെങ്കിലും രോഗകാരണങ്ങള്‍ക്ക് വളരെയധികം പഴക്കം കാണും. ഗുരുതര രോഗങ്ങള്‍ ബാധിച്ച് മരിച്ചതോ മാരകരോഗങ്ങളില്‍നിന്ന് മുക്തി നേടിയവരോ ആയ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമുണ്ടാകാം. ടെലിവിഷന്‍-പത്രമാധ്യമങ്ങളിലെ ആരോഗ്യ പംക്തികള്‍ നിരന്തരം വായിക്കുന്നതും ഒരുതരത്തില്‍ രോഗിയാക്കിയേക്കും.
സ്വയം സങ്കല്‍പിച്ചുണ്ടാക്കുന്ന രോഗങ്ങള്‍ പിടികൂടുമോ എന്ന ആശങ്കമൂത്ത് ശരീരവേദന, ക്ഷീണം തുടങ്ങിയ പ്രാഥമിക പ്രശ്നങ്ങള്‍ക്കും ക്രമേണ മറ്റു രോഗ ലക്ഷണങ്ങള്‍ക്കും ഇതുകാരണമാകുന്നു. തുടര്‍ച്ചയായ ചിന്തകള്‍ മൂലം വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങളും കണ്ടുവരാറുണ്ട്.

രോഗം തിരിച്ചറിയല്‍
ഹൈപോ കോണ്‍ഡ്രിയാക്, സൈബര്‍ കോണ്‍ഡ്രിയാക് രോഗം സ്ഥിരീകരിക്കും മുമ്പായി ഡോക്ടര്‍മാര്‍ രോഗികളെ വിശദമായ പരിശോധനക്ക് വിധേയമാക്കും. മുന്‍കാലത്തെ പരിക്കുകള്‍, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന മരുന്നുകള്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ ആരെയും ഇത്തരം രോഗങ്ങള്‍ക്ക് അടിമയാക്കാമെന്നതിനാലാണിത്. രോഗം ബോധ്യപ്പെട്ടാല്‍ തന്നെ രോഗഭീതിയാണ് രോഗലക്ഷണങ്ങളെക്കാള്‍ വലിയ പ്രശ്നമെന്ന് പറഞ്ഞുമനസ്സിലാക്കി മന$ശാസ്ത്ര ചികിത്സക്ക് പ്രേരിപ്പിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്യുന്നത്.
രോഗിയുടെ അകാരണ ഭീതിയെയും സംശയങ്ങളെയും കുറിച്ച് ബോധവത്കരിച്ച് തങ്ങള്‍ക്ക് രോഗമില്ളെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കല്‍ തന്നെയാണ് ഇതിനുപരിഹാരം. കോഗ്നിറ്റിവ് ബിഹേവിയറല്‍ തെറപ്പിപോലുള്ളവ ഈ രംഗത്ത് പ്രയോഗിച്ചുവരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.