ഇന്ന് പ്രവാസി മലയാളികള്‍ നാട്ടിലേക്കെത്താന്‍
അക്ഷമയോടെ കാത്തിരിക്കുന്നത് സ്വന്തം വീടും നാടും കാണാനും പ്രിയപ്പെട്ടവരോടൊത്ത് ജീവിക്കാനും മാത്രമല്ല. മറിച്ച് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ കൂടിയാണ്. അവര്‍ കൂടെ കൊണ്ടുവരുന്നത് പുത്തന്‍ മൊബൈലും ലാപ്ടോപ്പും സുഗന്ധദ്രവ്യങ്ങളും മാത്രമല്ല, കൊളസ്ട്രാളും ഷുഗറും ബി.പിയും പൊണ്ണത്തടിയും കൂടിയാണ്. വിശ്രമരഹിതമായ ജീവിതം, കഠിനാധ്വാനം, വ്യായാമമില്ലായ്മ, ആഹാരത്തിലെ പോഷകങ്ങളുടെ കുറവ്, ഉറക്കക്കുറവ്, അസമയത്തുള്ള അശാസ്ത്രീയമായ ഭക്ഷണശീലങ്ങള്‍, ലഹരി ഉപയോഗം തുടങ്ങിയവ സൃഷ്ടിക്കുന്ന ജീവിതശൈലി രോഗങ്ങളുടെ വലിയ ഭാണ്ഡവും പേറിയാണ് ഗള്‍ഫ് മലയാളി ഇന്ന് നാട്ടില്‍ വിമാനമിറങ്ങുന്നത്. കുടുംബത്തെ വിട്ടുനില്‍ക്കുന്നതിന്‍െറ ഭാഗമായി അനുഭവിക്കുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ സൃഷ്ടിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ എന്നിവ ഇതിനെല്ലാം പുറമെയാണ്.
അല്‍പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ശാരീരിക പ്രശ്നങ്ങള്‍ മാത്രമാണ് ഇന്ന് ഗള്‍ഫ് മലയാളികളെ പിടികൂടുന്നതെന്നാണ് ആരോഗ്യരംഗത്തുള്ള വിദഗ്ദര്‍ പറയുന്നത്. ഗള്‍ഫ് ജീവിതത്തിനിടെ തുടരുന്ന ദൈനംദിന ശീലങ്ങളില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ വഴി അവധിക്ക് നാട്ടിലത്തെുമ്പോള്‍ ചികിത്സക്കായി ചെലവിടുന്ന വലിയ തുകയും അതിനേക്കാള്‍ വിലകൂടിയ സമയവും ഇവര്‍ക്ക് ലാഭിക്കാനാവും എന്നതാണ് യാഥാര്‍ഥ്യം.
ഈ അടുത്ത കാലത്തായി ഗര്‍ഫ്മലയാളികള്‍ തുടര്‍ന്നുവരുന്ന ജീവിതക്രമങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചിട്ടുള്ള രോഗങ്ങള്‍ നിരവധിയാണ്. പ്രമേഹം, കൊളസ്ട്രാള്‍, രക്തസമ്മര്‍ദ്ദം എന്നി സര്‍വസാധാരണ രോഗങ്ങള്‍ക്ക് പുറമെ എണ്ണത്തില്‍ കൂടുതല്‍ കണ്ടുവരുന്ന അഞ്ച് രോഗങ്ങളാണ് ഇവിടെ വിശകലനത്തിന് വിധേയമാക്കുന്നത്.
1. കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് :- ഗള്‍ഫ് മലയാളികളില്‍ സര്‍വസാധാരണമായി കാണുന്ന രോഗമാണിത്. ശരീരത്തില്‍ വെള്ളത്തിന്‍െറ അളവ് കുറയുന്നത് മൂലം മൂത്രത്തിന്‍െറ സാന്ദ്രത വര്‍ധിക്കുകയും തുടര്‍ന്ന് മൂത്രത്തിലെ രാസവസ്തുക്കള്‍ പരലുകളായി രൂപപ്പെടുകയും ചെയ്യുന്നതാണ് ഈ രോഗം. തുടക്കത്തില്‍ വളരെ ചെറിയ രൂപത്തില്‍ കാണപ്പെടുന്ന ഈ പരലുകള്‍ ജീവിതശൈലി മാറ്റിയില്ളെങ്കില്‍ ക്രമേണ വലുതായി രോഗാവസ്ഥയിലത്തെുന്നു. വൃക്കകളിലും മൂത്രസഞ്ചിയിലും മൂത്രക്കുഴലിലും തങ്ങിനിന്ന് ഇവ മൂത്ര തടസ്സത്തിനും അസഹ്യമായ വേദനക്കും കാരണമാകും. ചികിത്സിച്ചില്ളെങ്കില്‍ വൃക്ക നാശത്തിന് വരെ ഇത് വഴിവെക്കും.
ജനിതക ഘടകങ്ങള്‍, ഭക്ഷണശൈലി, വെള്ളംകുടിക്കാതിരിക്കല്‍, തൊഴില്‍, കാലാവസ്ഥ തുടങ്ങിയവയും രോഗ കാരണമാണ്. രോഗ ലക്ഷണം പ്രത്യക്ഷപ്പെട്ടാല്‍ എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ തേടേണ്ടതാണ്. കല്ലുകളുടെ സ്ഥാനവും വലിപ്പവും നിര്‍ണയിക്കാന്‍ എക്സ്-റെ, അള്‍ട്രാ സൗണ്ട്, സി.ടി സ്കാന്‍ എന്നി പരിശോധനകള്‍ വേണ്ടിവരും. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയവയിലെല്ലാം ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്. കല്ലുകളുടെ വലിപ്പം, സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചികിത്സ നിശ്ചയിക്കുന്നത്.
അലോപ്പതിയില്‍ മുമ്പ് ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ നീക്കം ചെയ്തിരുന്നെങ്കിലും ഇന്ന് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കല്ലുകള്‍ പൊടിച്ചുകളയുന്ന രീതിയാണ് പിന്തുടരുന്നത്. ശരീരത്തില്‍ മുറിവുകളുണ്ടാക്കാതെ വിവിധ ഊര്‍ജ തരംഗങ്ങള്‍ കടത്തിവിട്ട് കല്ലുകള്‍ പൊടിച്ചുകളയുകയാണ് ഇവിടെ ചെയ്യുന്നത്. ലേസര്‍, അള്‍ട്രാ സൗണ്ട്, ഇലക്ട്രാ ഹൈഡ്രാളിക്സ് എന്നി വിവിധ ഊര്‍ജ തരംഗങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. എക്ടാ കോള്‍പോറിയല്‍ ഷോട്ട് വേവ് ലിതോസ്രിപ്സി, പെര്‍ക്യൂട്ടേനിയസ് നെഫ്രാലിത്തോട്രിപ്സി തുടങ്ങിയ ഇത്തരത്തിലുള്ള ചികിത്സാരീതികള്‍ക്ക് പുറമെ മൂത്രക്കുഴലിലേക്കും മൂത്ര സഞ്ചിയിലേക്കും ഉപകരണങ്ങള്‍ കടത്തിവിട്ട് കല്ലുകള്‍ നീക്കം ചെയ്യുന്ന രീതിയും നിലവിലുണ്ട്.
ഈ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഹോള്‍മിയം (holmium) ലേസര്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ വളരെ എളുപ്പവും കൃത്യതയേറിയതും രോഗിക്ക് ബുദ്ധിമുട്ടുകള്‍ കുറഞ്ഞവയുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
2. നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും :- ദഹനരസങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന വ്യതിയാനം മൂലം ആമാശയത്തില്‍ രൂപപ്പെടുന്ന അമ്ളരസങ്ങള്‍ അന്നനാളത്തിലേക്ക് തിരിച്ച് കയറുന്നത് മൂലം നെഞ്ചില്‍ ഹൃദയത്തിന് തെട്ടുതാഴെയായി അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് നെഞ്ചെരിച്ചില്‍. വറുത്തതും പൊരിച്ചതും കൃത്രിമ രാസവസ്തുക്കള്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍, പുകവലി, മദ്യം, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് നെഞ്ചെരിച്ചിലിന് കാരണം.
വിവിധ കാരണങ്ങളാല്‍ ദഹനപ്രകൃയ ശരിയായി നടക്കാതെ വരുമ്പോള്‍ ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുണ്ടാവുന്ന വായു ആമാശയം, കുടല്‍, മലാശയം എന്നിവടങ്ങളില്‍ നിറയുമ്പോഴാണ് ഗ്യാസ്ട്രബിള്‍ അനുഭവപ്പെടുന്നത്. ഈ രണ്ട് രോഗങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഈ രോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിച്ച് നിര്‍ത്താനാകും.
ചായ, കാപ്പി, കോളകള്‍ എന്നിവയുടെ അമിത ഉപയോഗം ഉപേക്ഷിക്കുക, പഴകികയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ഭക്ഷണത്തില്‍ എരിവ്, പുളി എന്നിവ മിതമായി ഉപയോഗിക്കുക, പുകവലി മദ്യപാനം പുകയില ഉത്പന്നങ്ങള്‍ ചവക്കല്‍ തുടങ്ങിയ ഉപേക്ഷിക്കുക, ഇടക്കിടെ ഭക്ഷണം കഴിക്കുകയോ ഏറെ നേരം വയര്‍ കാലിയാക്കി ഇടുകയോ ചെയ്യാതിരിക്കുക, ഭക്ഷണത്തില്‍ കൂടുതലായി പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക തുടങ്ങി ജീവിതശൈലി ക്രമീകരണത്തിലൂടെ ഈ രോഗങ്ങള്‍ നിയന്ത്രിക്കാനാവും.
ആമാശയത്തിലെ അസിഡിറ്റി ഇല്ലാതാക്കുന്ന മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. എന്നാല്‍ ആമാശയ അര്‍ബുദം, കരള്‍രോഗം തുടങ്ങിയ മാരക രോഗങ്ങളുടെ ലക്ഷണങ്ങളായും നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് സ്വയം ചികിത്സ നടത്താതെ വിദഗ്ദ പരിശോധനയിലൂടെ രോഗകാരണം കണ്ടത്തെി ചികിത്സിക്കുകയാണ് വേണ്ടത്.
3. കഷണ്ടി:-കഷണ്ടി ഒരു രോഗമല്ല. മറിച്ച് പ്രായമേറുന്നതിനനുസരിച്ച് ശരീരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങളുടെ തുടര്‍ച്ചയാണ്. ശരീരത്തില്‍ മുടി വളരുന്ന രോമകൂപങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ആ ഭാഗത്ത് മുടിവളരാതാവുന്നു. തലയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. പുതിയ മുടി രൂപപ്പെടാനാവാത്തവിധം രോമകൂപം ചുരുങ്ങി തൊലിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതോടെയാണ് കഷണ്ടി രൂപപ്പെടുന്നത്. എല്ലാ അര്‍ഥത്തിലും ഇതൊരു പാരമ്പര്യ പ്രതിഭാസമാണ്. കഷണ്ടിയെ തോല്‍പ്പിക്കാനുള്ള ഗവേഷണങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഈ പ്രശ്നത്തിന് ഒരു ശ്വാശത പരിഹാരം ഇതുവരെ കണ്ടത്തെിയിട്ടില്ല.
രക്തസമ്മര്‍ദ്ദത്തിനുള്ള മിനോക്സിഡില്‍ എന്ന മരുന്നും പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള ഫിനാസെ്റ്ററൈഡ് എന്ന മരുന്നും ചിലരില്‍ കഷണ്ടിക്ക് പരിഹാരമായി കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍ വന്ധ്യത, ലൈഗിംഗശേഷിക്കുറവ്് തുടങ്ങിയ നിരവധി പാര്‍ശ്വഫലങ്ങള്‍ സമ്മാനിക്കുന്നതാണ് ഈ ചികിത്സ. സ്ത്രീകള്‍ ഈ മരുന്ന് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് ജനിതകവൈകല്യങ്ങളുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്.
മുടിമാറ്റിവെക്കല്‍ (Hair transplantation), ശസ്ത്രക്രിയയിലൂടെ ശിരോചര്‍മ്മം വലിച്ചു നീട്ടല്‍ (Scalp reduction) തുടങ്ങിയവയാണ് മറ്റ് മാര്‍ഗങ്ങള്‍. നിരവധി പരിമിതികള്‍ ഉള്ള ഇത്തരം ചികിത്സകള്‍ ചെലവേറിയതും പാര്‍ശ്വഫലങ്ങളുള്ളതുമാണ്.
മുടികൊഴിച്ചിലാണ് കഷണ്ടിക്കുള്ള പ്രധാന കാരണം. മുടിക്ക് മാത്രം ആരോഗ്യം നല്‍കുന്ന ഒരു മരുന്നും ഇന്ന് ലോകത്തില്ല. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മുടി വളരുകയുള്ളു. പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുക, രാസവസ്തുക്കളടങ്ങിയ സോപ്പ്, ഷാംപു എന്നിവ ഒഴിവാക്കുക, ക്ളോറിന്‍ കലര്‍ന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക, ആവശ്യത്തിന് ഉറങ്ങുക, മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുക, താരന്‍ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ നല്‍കി ശിരോചര്‍മം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മുടികൊഴിച്ചില്‍ ഒഴിവാക്കി കഷണ്ടിയെ ഒരു പരിധിവരെ നേരിടാനോ നീട്ടികൊണ്ടുപോകാനോ കഴിയും.
4. ഗൗട്ട്:- പെരുവിരലിന്‍െറ അടിഭാഗത്തായി സൂചികൊണ്ട് കുത്തുന്ന പോലെയുള്ള വേദനയും മരവിപ്പുമാണ് ഗൗട്ടിന്‍െറ ലക്ഷണം. ചിലരില്‍ പാദങ്ങളില്‍ മുഴുവനായി മരവിപ്പും വേദനയും കണ്ടേക്കാം. മുട്ടിനും കണങ്കാലിനും വേദന അനുഭവപ്പെടുന്നതും ഇതിന്‍െറ ലക്ഷണങ്ങളാണ്. ഭക്ഷണത്തിലൂടെ ശരീരത്തിലത്തെുന്ന പ്യൂരിനുകള്‍ ദഹിച്ചുണ്ടാകുന്ന മലിനപദാര്‍ഥമായ യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിച്ച് പരലുകളുടെ രൂപത്തില്‍ സന്ധികളിലും പാദങ്ങളുടെ അഗ്രഭാഗത്തും അടിഞ്ഞുകൂടി വേദന സൃഷ്ടിക്കുന്നതാണ് ഈ രോഗം. വൃക്കയില്‍ യൂറിക് ആസിഡ് സ്റ്റോണ്‍ ഉണ്ടാകാനും ഈ രോഗം വഴിവെക്കും.
മാംസ കൊഴുപ്പ്, ഈസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ബ്രഡ്, കേക്ക്, ബിയര്‍, മദ്യം, കരള്‍ എന്നിവയാണ് പ്യൂരിനുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍. ഇവ കഴിയുന്നത്ര ഒഴിവാക്കി മിതമായ പ്രോട്ടീന്‍, അധികം തവിടുള്ള അന്നജം, കൊഴുപ്പ് കുറഞ്ഞ വിഭവങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വ്യായാമവും ഗുണം ചെയ്യും. നിരവധി ഫലപ്രദമായ മരുന്നുകള്‍ ഈ രോഗത്തിനെതിരെ ലഭ്യമാണെങ്കിലും ജീവിതശൈലി ക്രമീകരണമാണ് പ്രധാനം.
5. പൊണ്ണത്തടി:- പ്രമേഹം, രക്തസമ്മര്‍ദ്ദം, കെളസ്ട്രാള്‍, ഉറക്കത്തിലെ ശ്വാസതടസ്സം, സന്ധികളിലെ തേയ്മാനം മൂലമുണ്ടാകുന്ന വേദന, അര്‍ബുദം, ലൈംഗിക ശേഷിക്കുറവ്, വന്ധ്യത തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതാണ് പൊണ്ണത്തടി. സമൂഹത്തില്‍ പൊതുവെയും പ്രവാസികളില്‍ ഉയര്‍ന്ന തോതിലും ഇത് കണ്ടുവരുന്നു.
ഭക്ഷണത്തിലൂടെ അകത്തെ ത്തുന്ന കലോറി കൂടുതലും ശരീരം വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന കലോറി കുറഞ്ഞതോതിലുമാവുമ്പോള്‍ കൊഴുപ്പിന്‍െറ സാന്നിധ്യം വര്‍ധിച്ച് അത് അമിതഭാരത്തിന് വഴിവെക്കുന്നു.
ശാരീരികധ്വാനം കുറഞ്ഞ ജോലി, നടത്തം പോലും ഒഴിവാക്കി വ്യായാമം തീരെയില്ലാത്ത ജീവിത ശൈലി, അമിത ഭക്ഷണം, ഉറക്കക്കുറവ്, ഹോര്‍മോണ്‍ തകരാറുകള്‍ തുടങ്ങിയവയാണ് പൊണ്ണത്തടിക്കുള്ള പ്രധാന കാരണങ്ങള്‍.
പൊണ്ണത്തടിക്ക് പാരമ്പര്യവും ഒരു ഘടകമാണ്. ശരീരം ഉള്‍ക്കൊള്ളുന്ന കൊഴുപ്പിന്‍െറ അളവ് നിര്‍ണയിക്കുന്നതില്‍ ജീനുകള്‍ക്ക് പങ്കുള്ളതിനാലാണിത്. കൂടാതെ കുടുംബങ്ങളില്‍ പരമ്പരാഗതമായി പിന്തുടരുന്ന ഭക്ഷണശൈലിയും വ്യായാമരഹിതമായ ജീവിതക്രമങ്ങളും പൊണ്ണത്തടിക്ക് കാരണമാവും.
ഹൈപ്പോ തൈറോയിഡിസം (Hypothyroidism), കുഷിങ്സ് സിന്‍ഡ്രോം (Cushing's Syndrome), സ്ത്രീകളിലെ പോളി സിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം (Polycystic Ovary Syndrome) തുടങ്ങിയ ഹോര്‍മോണ്‍ തകരാറുകളും അമിതഭാരത്തിന് വഴിവെക്കും. മാനസിക രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളും തടി കൂടാന്‍ കാരണമാവും.
സാധാരണ പൊണ്ണത്തടി ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ നിയന്ത്രിക്കാമെങ്കില്‍ ഹോര്‍മോണ്‍ തകരാറുകള്‍, ചില രോഗാവസ്ഥ, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്നവക്ക് വിദഗ്ദ ചികിത്സതന്നെ വേണ്ടിവരും.
ശരീരത്തിലെ കൊഴുപ്പുകള്‍ കുറക്കാനുള്ള മരുന്നുകളും കൊഴുപ്പുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളും വിശപ്പ് കുറക്കാന്‍ കുടലിന്‍െറ നീളം കുറക്കുന്ന ശസ്ത്രക്രിയയും ഇന്ന് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.