പ്രോസ്റ്റേറ്റ് കാന്‍സര്‍ ഫലപ്രദമായി ചികിത്സിക്കാം

പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളിലൊന്നായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന കാര്‍സിനോമയെ പൊതുവെ പാശ്ചാത്യലോകത്തിന്‍െറ രോഗമായാണ് പരിഗണിച്ചിരുന്നത്. ആളോഹരി വരുമാനത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളിലാണ് പരമ്പരാഗതമായി ഈ കാന്‍സര്‍ കണ്ടുവരുന്നതെന്നതാണ് ഇതിന് കാരണം. എന്നാല്‍, ജീവിതശൈലിയിലെ മാറ്റവും ആയുര്‍ദൈര്‍ഘ്യത്തിലെ വര്‍ധനയും ഇന്ത്യയിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരുടെ സംഖ്യ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍, ഇതനുസരിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാകുന്നുമില്ല.
നേരത്തേയുള്ള രോഗനിര്‍ണയത്തിലൂടെ ഫലപ്രദമായി ചികിത്സിക്കാവുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. 10ല്‍ ഒമ്പതു കാന്‍സറുകളും മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിലൂടെ ചികിത്സിച്ച് ഭേദമാക്കാനാകും. എന്നാല്‍, രോഗത്തെക്കുറിച്ചും രോഗനിര്‍ണയത്തെ കുറിച്ചുമുള്ള അവബോധം ഇതില്‍ ഏറെ നിര്‍ണായകമാണ്. പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയിലെ എക്സോക്രൈന്‍ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രസഞ്ചിക്ക് തൊട്ടുതാഴെയാണ് ഇതിന്‍െറ സ്ഥാനം. മൂത്രവും ശുക്ളവും വഹിക്കുന്ന യുറേത്ര കടന്നുപോകുന്നത് പ്രോസ്റ്റേറ്റില്‍കൂടിയാണ്. ശുക്ളത്തിന്‍െറ ഭാഗവും ബീജത്തെ സംരക്ഷിക്കുന്നതുമായ ദ്രാവകം സ്രവിക്കുന്നതിനു പുറമെ മൂത്രനിയന്ത്രണത്തിലും പ്രോസ്റ്റേറ്റ് ഗ്രന്ഥി സുപ്രധാന പങ്കുവഹിക്കുന്നു.
പ്രോസ്റ്റേറ്റ് കാന്‍സറിന്‍െറ മുന്‍കൂട്ടിയുള്ള രോഗനിര്‍ണയം കൊണ്ടുദ്ദേശിക്കുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ പടരുന്നതിനു മുമ്പുള്ള കണ്ടത്തെലാണ്. കാന്‍സര്‍ പുറത്തേക്കു പടര്‍ന്നാല്‍ ചികിത്സിച്ച് ഭേദമാക്കല്‍ പ്രയാസമാകും. രോഗത്തിന്‍െറ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് പലപ്പോഴും വൈകിയായിരിക്കും. അപ്പോഴേക്കും ചികിത്സിച്ച് ഭേദമാക്കാവുന്ന അവസ്ഥ പിന്നിട്ടിരിക്കും. അതിനാലാണ് രോഗസാധ്യതയുള്ളവര്‍ മുന്‍കൂട്ടി രോഗനിര്‍ണയ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ പ്രായത്തിനനുസരിച്ച് കൂടുന്നതായാണ് അനുഭവം. 75 ശതമാനം കാന്‍സറുകളും 65 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് കണ്ടത്തെിയിട്ടുള്ളത്. വര്‍ഗം, പാരമ്പര്യം, ജീവിതശൈലി തുടങ്ങിയവയും രോഗഹേതുക്കളാകുന്ന ഘടകങ്ങളാണ്. അഞ്ചു മുതല്‍ പത്തു ശതമാനം വരെ കുടുംബപാരമ്പര്യത്തിന്‍െറ പട്ടികയില്‍ വരുന്നു. ലൈംഗികരോഗങ്ങളുള്ളവര്‍ക്കും ഈ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലി എല്ലാ കാന്‍സറുകളെയും പ്രതിരോധിക്കും. പ്രോസ്റ്റേറ്റ് കാന്‍സറിനും ഇത് ബാധകമാണ്. ഈ ജീവിതശൈലിയുടെ ഘടകങ്ങള്‍ ചുവടെ:
* ദൈനംദിന ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക
* കായികമായി സജീവമാകുക. വ്യായാമം, നടത്തം തുടങ്ങിയവ. ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ജീവിതചര്യയാക്കുക
* ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുക
രോഗം ഗ്രന്ഥിക്ക് പുറത്തേക്കു പടര്‍ന്ന കേസുകളില്‍ ചികിത്സാ സാധ്യതകള്‍ ഏറെ വിദൂരമാണ്. വേദന കുറക്കാനും ജീവിതം കുറെക്കൂടി നീട്ടിയെടുക്കാനുമാണ് ചികിത്സ ഉപകരിക്കുക. വളരെ സാവധാനത്തില്‍ മാത്രം വികസിക്കുന്ന കാന്‍സറായതിനാല്‍ രോഗികളില്‍ പലരും കൂടുതല്‍ കാലം ജീവിക്കുന്നു. പ്രോസ്റ്റടെക്ടമി എന്നറിയപ്പെടുന്ന ശസ്ത്രക്രിയ, റേഡിയോതെറപ്പി, ആന്‍ഡ്രോജന്‍ വിരുദ്ധ മരുന്നുകള്‍ ഉപയോഗിച്ചുള്ള ഹോര്‍മോണല്‍ തെറപ്പി തുടങ്ങിയവയാണ് രോഗത്തിന്‍െറ അവസ്ഥ മനസ്സിലാക്കിയുള്ള വിവിധ ചികിത്സകള്‍. ശസ്ത്രക്രിയയും റേഡിയേഷന്‍ തെറപ്പിയും രോഗം നേരത്തേ കണ്ടത്തെുമ്പോഴാണ് പ്രയോജനപ്പെടുക. അതേസമയം, രോഗം പഴകിയ കേസുകളിലാണ് ഹോര്‍മോണല്‍ ചികിത്സ നടത്തുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥി അതേപടി നീക്കം ചെയ്യലാണ് പ്രോസ്റ്റടെക്റ്റമി. ഗ്രന്ഥിയെ മാത്രം ബാധിക്കുന്നതും നേരത്തേ കണ്ടത്തെുന്നതുമായ കാന്‍സറാണ് ഈ രീതിയില്‍ ചികിത്സിക്കുന്നത്. ചില കേസുകളില്‍ ഗ്രന്ഥിയുടെ വളര്‍ച്ച വളരെ സാവധാനമായിരിക്കും. ചിലപ്പോള്‍ ചികിത്സ തന്നെ വേണ്ടിവരില്ല. എന്നാല്‍ നിരന്തരമായ നിരീക്ഷണം അത്യാവശ്യമാണ്.
പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജന്‍ (പി.എസ്.എ) ഉപയോഗിച്ചുള്ള സ്ക്രീനിങ്ങാണ് രോഗനിര്‍ണയത്തിനായി സാധാരണ പ്രയോജനപ്പെടുത്തുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന വസ്തുവാണിത്. രക്തം പരിശോധിച്ചാണ് പി.എസ്.എയുടെ അളവ് നിര്‍ണയിക്കുന്നത്. ആരോഗ്യമുള്ള പുരുഷന്മാരില്‍ ഓരോ മില്ലി ലിറ്റര്‍ രക്തത്തിലും നാല് നാനോഗ്രാം പി.എസ്.എ കാണേണ്ടതുണ്ട്. ഈ തോത് ഉയരുന്നത് കാന്‍സറിന്‍െറ സാധ്യതയാണ് വ്യക്തമാക്കുന്നത്. പി.എസ്.എ തോത് സാധാരണയിലും കൂടുതലാണെങ്കില്‍ ഡോക്ടര്‍മാര്‍ പ്രോസ്റ്റേറ്റ് ബയോപ്സി നിര്‍ദേശിച്ച് രോഗനിര്‍ണയം നടത്തും.
13 വര്‍ഷത്തെ നിരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ വൈദ്യശാസ്ത്ര ജേണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച വസ്തുതകള്‍ പ്രകാരം പി.എസ്.എ സ്ക്രീനിങ് യഥാസമയം നടത്തുന്നതിനാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍മൂലമുള്ള മരണനിരക്കിന്‍െറ സാധ്യതകള്‍ ഒമ്പതു വര്‍ഷത്തിനുള്ളില്‍ 15 ശതമാനവും 11 വര്‍ഷത്തിനുള്ളില്‍ 22 ശതമാനവും കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 55നും 69നുമിടയിലുള്ള പുരുഷന്മാര്‍ ഈ സ്ക്രീനിങ് സംബന്ധിച്ച ഗുണദോഷങ്ങള്‍ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് വിലയിരുത്തണമെന്നാണ് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്‍െറ മാര്‍ഗനിര്‍ദേശം. സ്ക്രീനിങ് നടത്തണമോ വേണ്ടയോ എന്ന് ഇതിനു ശേഷം തീരുമാനിക്കണം.
ഇന്ത്യയില്‍ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്. പലരും ഇതുസംബന്ധിച്ച് ഡോക്ടര്‍മാരെ കാണാനോ സ്ക്രീനിങ്ങിനോ തയാറാകുന്നില്ല. രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവക്കൊപ്പം ആശങ്കാജനകമായ മറ്റൊരു ആരോഗ്യപ്രശ്നമാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പ്രമേഹത്തെയും ഹൃദ്രോഗങ്ങളെയും കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രോസ്റ്റേറ്റ് കാന്‍സര്‍ സംബന്ധിച്ച് ഇത്തരത്തില്‍ ഒന്നും നടക്കുന്നില്ളെന്നതാണ് വസ്തുത.

(കൊച്ചി രാജഗിരി
ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്‍റ് യൂറോളജിസ്റ്റും ചീഫ് ട്രാന്‍സ്പ്ളാന്‍റ്
സര്‍ജനുമാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.