മസ്തിഷ്കവും മറവിരോഗവും

മറവിരോഗത്തെപ്പറ്റി അറിയുന്നതിനുമുമ്പ് ഓര്‍മയുടെ സിരാകേന്ദ്രമായ മസ്തിഷ്കത്തെപ്പറ്റി ചിലതറിയണം. പ്രപഞ്ചസൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ഠവും സങ്കീര്‍ണവുമായ ഒന്നാണ് മനുഷ്യ മസ്തിഷ്കം അഥവാ തലച്ചോറ്. ശരീരത്തിലെ മാനസികവും ശാരീരികവുമായ എല്ലാ പ്രവൃത്തികളെയും നിയന്ത്രിക്കുന്ന അവയവം എന്നതിലുപരി  ഒരുപാട് നിഗൂഢതകളുടെ കലവറകൂടിയാണത്.
ഏകദേശം 1.5 കിലോഗ്രാം തൂക്കമുണ്ട് തലച്ചോറിന്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ മസ്തിഷ്കത്തിന് അല്‍പം തൂക്കക്കൂടുതലുണ്ട്. മനുഷ്യമസ്തിഷ്കത്തില്‍ ഏകദേശം 10,000 കോടി നാഡീകോശങ്ങളുണ്ട്. അതായത്, ഭൂമിയിലുള്ള മൊത്തം ജനസംഖ്യയുടെ 15 ഇരട്ടി..!
ഓരോ നാഡീകോശവും 1,000 മുതല്‍ 10,000 സിനാപ്സ് ബന്ധങ്ങള്‍ വഴി മറ്റ് നാഡീകോശങ്ങളുമായി ബന്ധിച്ചിരിക്കുന്നു. തലച്ചോറില്‍ 60 ശതമാനം കൊഴുപ്പാണ്. ശരീരത്തില്‍ ഇത്രയും കൊഴുപ്പടങ്ങിയ മറ്റൊരു ഭാഗമില്ല. നമ്മളുറങ്ങുമ്പോള്‍പോലും തലച്ചോറ് പ്രവര്‍ത്തനസജ്ജമായിതന്നെയിരിക്കുന്നു. തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി സ്വരൂപിക്കാന്‍ കഴിഞ്ഞാല്‍ 25 വാട്സ് ബള്‍ബ് തുടരെ പ്രകാശിപ്പിക്കാന്‍ കഴിയുമത്രെ. കൂടാതെ, ശരീരത്തിന്‍െറ വെറും രണ്ടു ശതമാനം മാത്രം ഭാരമുള്ള ഈ അവയവം ഉപയോഗിക്കുന്ന ഊര്‍ജമാകട്ടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിന്‍െറ 25 ശതമാനവും. ഇത്രയൊക്കെ വിശേഷണങ്ങള്‍ അര്‍ഹിക്കുന്ന ശരീരഭാഗമാണ് നമ്മുടെ ‘ഓര്‍മയുടെ ചെപ്പ്.’
മറവി അഥവാ ‘Dementia’ ഉണ്ടാകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അവയില്‍ ചില അവസ്ഥകള്‍ക്ക് ചികിത്സ ഫലപ്രദമാണ്. മറ്റു ചിലതിന് ചികിത്സ ലഭ്യമല്ല. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നവ തലച്ചോറിലെ അണുബാധ, പോഷകക്കുറവ്, നിര്‍ജലീകരണം, തലക്കുള്ളിലെ രക്തസ്രാവം, തലച്ചോറിലെ മുഴകള്‍മൂലമുണ്ടാകുന്ന ഓര്‍മക്കുറവ് മുതലായവയാണ്.
ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തവയാണ് അല്‍ഷൈമേഴ്സ് രോഗം അഥവാ ‘സ്മൃതിനാശം.’ തലച്ചോറിലെ രക്തക്കുഴലുകളിലെ തടസ്സംമൂലമുണ്ടാകുന്ന ഓര്‍മക്കുറവ്, തുടര്‍ച്ചയായുള്ള ക്ഷതങ്ങള്‍മൂലമുണ്ടാകുന്ന ഓര്‍മക്കുറവ് (ബോക്സിങ്, ഫുട്ബാള്‍ പോലുള്ളവക്കിടെ ഉണ്ടാകുന്നത്) തുടങ്ങിയവ.
ഇതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ‘സ്മൃതിനാശം’ അഥവാ അല്‍ഷൈമേഴ്സ് രോഗം. 90 ശതമാനം രോഗികളും 60 വയസ്സിനു മുകളിലുള്ളവരാണ്. എന്നാല്‍, 10  ശതമാനം പേരില്‍ ഇത് മധ്യവയസ്സുള്ളവരില്‍ കാണപ്പെടുന്നു. ഇത് വാര്‍ധക്യസഹജമായ ഒരു അസുഖമായി കണക്കാക്കാന്‍ കഴിയില്ല. 1906ല്‍ കണ്ടുപിടിക്കപ്പെട്ട ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍ ഓര്‍മക്കുറവ്, ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതിരിക്കുക, സമയം, സ്ഥലം, ആളുകള്‍  ഇവ മറക്കുക, സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതിരിക്കുക, തൊട്ടുമുമ്പ് പറഞ്ഞവയും ചെയ്ത കാര്യങ്ങളും മറന്നുപോകുക, ആലോചനാശക്തി നഷ്ടപ്പെടുക തുടങ്ങിയവയാണ്. ഘട്ടംഘട്ടമായാണ് രോഗം മൂര്‍ച്ഛിക്കുന്നത്. പൂര്‍ണരോഗിയായിത്തീര്‍ന്നാല്‍ പരസഹായമില്ലാതെ നിത്യവൃത്തി ചെയ്യുക അസാധ്യമാകും.
മനുഷ്യമസ്തിഷ്കത്തില്‍ ‘അമിലോയിഡ് ബീറ്റ’ (Amyloid Beta) എന്ന പ്രോട്ടീന്‍ അടിഞ്ഞുകൂടുകയും നാഡീകോശങ്ങള്‍ നശിക്കുകയും ചെയ്യുന്നതുമൂലമാണ് രോഗമുണ്ടാകുന്നതെന്നാണ് ഇപ്പോഴത്തെ വിശ്വാസം. രോഗം മൂര്‍ച്ഛിച്ച രോഗികളുടെ മസ്തിഷ്കം ചുരുങ്ങുന്നത് നാഡീകോശങ്ങളുടെ നാശംമൂലമാണ്. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ ഈ അവസ്ഥക്ക് കാരണമായേക്കാം.
രോഗനിര്‍ണയം പലപ്പോഴും രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നടത്തുന്നത്. ആധുനിക പരിശോധനാ രീതികളായ എം.ആര്‍.ഐ സ്കാന്‍, P.E.T സ്കാന്‍ മുതലായ രോഗനിര്‍ണയ ഉപാധികള്‍ ഉപയോഗപ്പെടുത്തി ഓര്‍മക്കുറവിന് മറ്റു കാരണങ്ങളില്ളെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗ നിര്‍ണയംചെയ്ത് ഏകദേശം 6-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം രോഗികളും മരിക്കുകയാണ് പതിവ്.
ഫലപ്രദമായ ചികിത്സ ഇപ്പോള്‍ ലഭ്യമല്ളെങ്കിലും വളരെയധികം ഗവേഷണങ്ങള്‍ ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. രോഗിയുടെ യാതനയും തീവ്രതയും കുറയാന്‍ പലതരം മരുന്നുകളും ഇന്ന് ലഭ്യമാണ്.
2050 ആകുമ്പോഴേക്കും ലോകത്താകമാനം 10 കോടിയിലേറെ സ്മൃതിനാശം സംഭവിച്ച ഹതഭാഗ്യരുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗപ്രതിരോധത്തിനായി പ്രത്യേകം മരുന്നുകളോ പ്രതിരോധ കുത്തിവെപ്പുകളോ ലഭ്യമല്ല. ശരീരത്തില്‍ രക്തസമ്മര്‍ദം, കൊഴുപ്പ്, പ്രമേഹം ഇവ നിയന്ത്രണവിധേയമാക്കിയും പുകവലി, മദ്യപാനംപോലുള്ള ദുശ്ശീലങ്ങള്‍ ചെറുപ്പംമുതല്‍ ഒഴിവാക്കുന്നതും രോഗപ്രതിരോധത്തിന് സഹായിച്ചേക്കാം. വായനശീലം വളര്‍ത്തുക, എഴുതുന്നത് ശീലമാക്കുക, പുതിയ ഭാഷ പഠിക്കുക, വാദ്യോപകരണങ്ങള്‍ പഠിക്കുക, കളികളില്‍ ഏര്‍പ്പെടുക, പുതിയ വഴികളില്‍ സഞ്ചരിക്കുക മുതലായവയും രോഗപ്രതിരോധത്തിന് പ്രയോജനപ്പെടാം.
(ലേഖകന്‍ കോഴിക്കോട്  ഇഖ്റ ഹോസ്പിറ്റലിലെ ഫിസിഷ്യനും പ്രമേഹരോഗ വിദഗ്ധനുമാണ്)
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.