ഈ അടുത്ത ദിവസങ്ങളിലായി കേരളം പനിയുടെ ഭീതിയിലാണ്. പനിമരണങ്ങൾ ഓരോ ദിവസം കൂടുന്തോറും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ സാധാരണ പനിയും ഗുരുതരാവസ്ഥയിലേക്ക് നയിച്ചേക്കാവുന്ന പനികളും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സാധാരണ പനി: മൂക്കടപ്പ്, മൂക്കൊലിപ്പ്, ചെറിയ തൊണ്ടവേദന എന്നിവയോടുകൂടിയ പനിയാണ് ഫ്ലൂ അഥവാ സാധാരണ പനി. ജലദോഷപ്പനി എന്നു വിളിക്കുന്ന ഈ പനി മഴക്കാലത്തും മഞ്ഞുകാലത്തുമാണ് പൊതുവെ കണ്ടുവരുന്നത്. എളുപ്പം ദഹിക്കുന്ന ചൂടുള്ള ഭക്ഷണം മാത്രം കഴിച്ച് രണ്ടോ മൂന്നോ ദിവസത്തെ പൂർണവിശ്രമംകൊണ്ട് മാറുന്ന രോഗമാണിത്.
ഗൗരവമായി എടുക്കേണ്ട പനികൾ: ഡെങ്കിപ്പനി, ഡെങ്കി ഹെമറേജിക് പനി, എച്ച്1 എൻ1, ചികുൻഗുനിയ പനി എന്നിവയാണ് ആരോഗ്യത്തിന് ഭീഷണിയുയർത്തുന്ന പനികൾ. പൊതുവെ പകർച്ചപ്പനികൾ എന്നു വിളിക്കുന്ന ഇത്തരം പനികളുടെ കാരണം ചിലതരം വൈറസുകളാണ്. ബാക്ടീര ിയ പടർത്തുന്ന എലിപ്പനിയും ഗൗരവമായി എടുക്കേണ്ട രോഗമാണ്.
ഡെങ്കിപ്പനി: കണ്ണിെൻറ പിൻഭാഗത്ത് വേദന, തലവേദന, കഠിനമായ ക്ഷീണം, സന്ധികളിലും പേശികളിലുമുള്ള കടുത്ത വേദന എന്നിവയോടൊപ്പം ഉയർന്ന തോതിലുള്ള പനിയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്നു ദിവസം മുതൽ രണ്ടാഴ്ചവരെ ഇത് നീണ്ടുനിന്നേക്കാം.
ഡെങ്കി ഹെമറേജിക് പനി: ഡെങ്കിപ്പനി പിടിപെട്ട രോഗിയുടെ ശരീരത്തിൽ മറ്റൊരു വൈറസുകൂടി പ്രവേശിക്കുമ്പോഴാണ് ഡെങ്കി ഹെമറേജിക് പനിയുണ്ടാവുന്നത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾക്ക് പുറമെ കടുത്ത തൊണ്ടവേദന, ഛർദി, അടിവയറ്റിൽ വേദന, മനംപിരട്ടൽ എന്നീ ലക്ഷണങ്ങാണ് ഡെങ്കി ഹെമറേജിക് പനിക്കുണ്ടാവുക.
രോഗലക്ഷണങ്ങൾ തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനകം രോഗം ഗുരുതരാവസ്ഥയിലാവും. കടുത്ത ക്ഷീണവും തളർച്ചയും മൂലം രോഗി അവശതയിലാവും. തുടർന്ന് വായ, മൂക്ക്, ത്വക്ക് എന്നിവയിലൂടെ രക്തസ്രാവമുണ്ടാകും. മലത്തിലൂടെയും രക്തം പുറത്തുവരും. ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമാവുന്ന അവസ്ഥയാണിത്.
എച്ച്1 എൻ1 പനി: സ്വൈൻ ഇൻഫ്ലുവൻസ അഥവാ പന്നിപ്പനി എന്നപേരിലും എച്ച്1 എൻ1 പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ഒരുതരം ഇൻഫ്ലുവൻസ വൈറസുകളാണ് രോഗം പരത്തുന്നത്. രോഗിയുടെ ശ്വാസകോശത്തിൽനിന്ന് വരുന്ന സ്രവങ്ങളിലൂടെ രോഗം അതിവേഗം പടരുന്നു. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കൾ വായുവിലൂടെ മറ്റുള്ളവരിലെത്തുകയും രോഗം പടരുകയും ചെയ്യുന്നു. കടുത്ത പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കഫക്കെട്ട്, ശ്വാസംമുട്ടൽ, വയറിളക്കം, ഛർദി എന്നിവയും രോഗലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ തേടുകയും രോഗമില്ലാത്തവർ രോഗിയിൽനിന്ന് അകന്നുനിൽക്കുകയും വേണം.
ചികുൻഗുനിയ പനി: മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരുതരം വൈറസ് പനിയാണ് ചികുൻ ഗുനിയ. ചികുൻ ഗുനിയ അഥവാ ചിക് വൈറസാണ് രോഗകാരണം. കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്.
പനി, ശരീരവേദന, സന്ധിവേദന, ചൊറിച്ചിലോടെയോ അല്ലാതെയോ തൊലിപ്പുറത്ത് പൊങ്ങുന്ന ചുവന്ന പാടുകളും തടിപ്പും, കാലുകളിലെ നീര്, ഓക്കാനം, ആഹാരത്തിനോട് വിരക്തി, വായക്ക് രുചിയില്ലാത്ത അവസ്ഥ എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. കണ്ണുകൾ ചലിപ്പിക്കുമ്പോൾ വേദന, പ്രകാശം കണ്ണിലടിക്കുമ്പോൾ അസ്വസ്ഥത, വായ്പ്പുണ്ണ്, രക്തസ്രാവം എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്നുതന്നെ വിദഗ്ധ ചികിത്സ തേടണം.
എലിപ്പനി: മറ്റ് പകർച്ചപ്പനികൾ വൈറസ് മൂലമാണ് ഉണ്ടാവുന്നതെങ്കിൽ എലിപ്പനി സെപ്റോകീറ്റസ് വിഭാഗത്തിൽപെട്ട ബാക്ടീരിയ മൂലമാണ് ഉണ്ടാവുന്നത്. പ്രധാനമായും എലികളിലും വളർത്തുമൃഗങ്ങളിലുമാണ് രോഗാണുക്കൾ വളരുന്നത്. ഇവയുടെ മൂത്രത്തിലൂടെയും മറ്റു സ്രവങ്ങളിലൂടെയും രോഗാണുക്കൾ മനുഷ്യരുടെ ശരീരത്തിൽ എത്തുന്നു. ശക്തിയേറിയ പനി, കടുത്ത തലവേദന, നടുവേദന, കാൽവേദന എന്നിവയോടൊപ്പം കണ്ണുകൾക്ക് ചുവപ്പുനിറവും കണ്ണുകളിൽനിന്ന് രക്തസ്രാവവുമാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ രോഗിയുടെ വൃക്ക, ഹൃദയം എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രോഗം മാരകമാവുകയും ചെയ്യുന്നു.
പകർച്ചപ്പനികൾ ബാധിക്കുന്ന എല്ലാവരും മരിക്കുന്നില്ല. മറിച്ച് ശരീരത്തിെൻറ പ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് പനികൾ മാരകമാവുന്നത്. കൂടാതെ പ്രമേഹം, ഹൃേദ്രാഗം തുടങ്ങിയ രോഗമുള്ളവരെ പകർച്ചപ്പനി ബാധിക്കുമ്പോൾ രോഗം സങ്കീർണമാവുകയും മരണം സംഭവിക്കുകയും ചെയ്യും.
പ്രമേഹരോഗിക്ക് പനി മൂർച്ഛിക്കുമ്പോൾ ഡയബെറ്റിക് കീറ്റോ അസിഡോസിസ് എന്ന ഗുരുതരാവസ്ഥയുണ്ടാവുന്നു.
പനിയോടൊപ്പം ദീർഘനേരം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുമ്പോൾ രക്തത്തിൽ കീറ്റോൺ എന്നു പേരുള്ള ഒരുതരം ആസിഡ് ഉൽപാദിപ്പിക്കപ്പെടുന്നത് മൂലമാണിത്. വയറുവേദനയോടൊപ്പം മയക്കവും അബോധാവസ്ഥയും ശ്വാസതടസ്സവുമൊക്കെയാണ് രോഗലക്ഷണങ്ങൾ. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ തലച്ചോറിനെയും മറ്റ് അവയവങ്ങളെയും ബാധിച്ച് മരണത്തിലേക്ക് നയിക്കുന്ന അവസ്ഥയാണ് ഡയബറ്റിക് കീറ്റോ ആസിഡോസിസ്.കൂടാതെ ഹൃദയത്തിന് തകരാറുള്ളവരിൽ ഡെങ്കിപ്പനിപോലുള്ള പകർച്ചപ്പനികൾ ഹൃദയത്തിെൻറ മിടിപ്പ് കൂട്ടുകയും രക്തസമ്മർദം ഉയരാൻ കാരണമാകുകയും തുടർന്ന് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.ചെറിയ കുട്ടികൾ, പ്രായമേറിയവർ, ഗർഭിണികൾ, ദീർഘകാലമായി പ്രമേഹം, ആസ്ത്മ, രക്തസമ്മർദം, ഹൃേദ്രാഗം തുടങ്ങിയ രോഗമുള്ളവരെ ‘ഹൈ റിസ്ക് വിഭാഗം’ അഥവാ പ്രത്യേകം ശ്രദ്ധ നൽകേണ്ടവർ എന്ന ഗണത്തിൽപ്പെടുത്തിയിരിക്കുന്നു. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പനിവന്നാൽ ഉടൻ ചികിത്സ തേടണം.
പനിവരുമ്പോൾ ഉടൻ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ സ്വയം കഴിക്കുന്നത് രോഗലക്ഷണങ്ങൾ പുറത്തേക്ക് കാണാതിരിക്കാനും അണുബാധ വർധിച്ച് രോഗം മൂർച്ഛിക്കാനും കാരണമാവും. രോഗനിർണയത്തിനും സ്വയംചികിത്സ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾമൂലം കുടലിൽ രക്തസ്രാവമുണ്ടാകാനും രോഗം വഷളാവാനും ഇടയാക്കും.
കൊതുക് നിർമാർജനം, പരിസര ശുചീകരണം, കൊതുകുവലപോലുള്ളവ ഉപയോഗിച്ച് കൊതുകുകടിയിൽനിന്ന് രക്ഷനേടൽ, രോഗമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കൽ, വ്യക്തിശുചിത്വം പാലിക്കൽ, ശരീരത്തിെൻറ രോഗപ്രതിരോധശേഷി കുറയാതെ നോക്കൽ എന്നിവയാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗങ്ങൾ. ശരിയായ വിശ്രമം, വിദഗ്ധ ചികിത്സ, കൃത്യമായി മരുന്നു കഴിക്കൽ, ധാരാളം ശുദ്ധജലം കുടിക്കൽ, എളുപ്പത്തിൽ ദഹിക്കുന്ന പോഷകാഹാരങ്ങൾ ആവശ്യത്തിന് കഴിക്കൽ എന്നിവയാണ് രോഗം പിടിപെട്ടാൽ ശ്രദ്ധിക്കേണ്ടത്.
(ലേഖകൻ എരഞ്ഞിപ്പാലം മലബാർ
ഹോസ്പിറ്റൽസിലെ ഫിസിഷ്യനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.