1943ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് കുട്ടികളിൽ അപൂർവമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇൻഫൈൻറൽ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്. 1980ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികാവസ്ഥയായി അംഗീകരിച്ചത്. അതുവരെ സ്കീസോഫ്രീനിയ എന്ന രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത്. 12 വയസ്സിനു താഴെയുള്ള 10,000 കുട്ടികളിൽ ഏകദേശം രണ്ടു മുതൽ അഞ്ചു ശതമാനം പേർക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്നു വയസ്സിനുമുമ്പേ കുട്ടികൾ അസുഖലക്ഷണങ്ങൾ കാണിച്ചുതുടങ്ങും. പക്ഷേ, ഈ രോഗത്തെക്കുറിച്ച് നമ്മുടെ സമൂഹത്തിനുള്ള അജ്ഞതമൂലം അസുഖം മൂർധന്യാവസ്ഥയിൽ എത്തുമ്പോഴാണ് മാതാപിതാക്കൾ ഡോക്ടറെ സമീപിക്കുന്നത്.പെൺകുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആൺകുട്ടികളിൽ രോഗസാധ്യത. പെൺകുട്ടികൾക്ക് അസുഖം പിടിപെട്ടാൽ അത് കൂടുതൽ ഗുരുതരമായി കാണപ്പെടുന്നു.
ലക്ഷണങ്ങൾ
ശൈശവ ഓട്ടിസമുള്ള (Infantile Autism) കുട്ടികൾ നന്നേ ചെറുപ്പത്തിൽ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. മറ്റുള്ളവരാകട്ടെ, ഏകദേശം 15-18 മാസം വരെ ഒരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം കഴിവുകൾ (വളർച്ചയുടെ നാഴികക്കല്ലുകൾ) ഓരോന്നായി കുറഞ്ഞുവരുകയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികളിൽ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പവും പരിചയത്തോടെയുള്ള ചിരിയും എടുക്കാൻവേണ്ടി കൈനീട്ടുന്ന സ്വഭാവവും കാണപ്പെടാറില്ല. ചില ഓട്ടിസ്റ്റ് കുട്ടികൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികൾ കാണിക്കുകയില്ല.
മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനോ അതിൽ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികൾക്ക് കഴിയില്ല. ഓട്ടിസത്തിെൻറ മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും. വളരെ മിതമായേ ഇത്തരക്കാർ സംസാരിക്കൂ. ഉച്ചാരണത്തിൽ പല ശബ്ദങ്ങളും ഇവർ വിട്ടുകളയും. വാക്കുകളുടെ അർഥം ഉൾക്കൊള്ളാതെ ഒഴുക്കൻമട്ടിലാണ് ഇവർ സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവർ എന്താണ് ഇവരോടു പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവർക്കില്ല.
ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകളുണ്ട്. പാവകളോടും മൃഗങ്ങളോടും ഇവർക്ക് താൽപര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങൾ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങൾ. ദൈനംദിന കാര്യങ്ങൾ ഒരേപോലെ ചെയ്യാനാണ് ഇവർക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കാൻ ഒരേ പ്ലേറ്റ്, ഇരിക്കാൻ ഒരേ കസേര, ഒരേ ഡ്രസ് എന്നിങ്ങനെ ഇവർ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസം മാറൽ, ഗൃഹോപകരണങ്ങൾ മാറ്റൽ, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങൾ എന്നിവയെ ഇവർ ശക്തിയായി എതിർക്കും.
ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേൽപിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തിൽ കാണാം. ചിലർക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാൽപോലും ഓട്ടിസ്റ്റിക് കുട്ടികൾ കരയില്ല. വട്ടംകറങ്ങൽ, ഉൗഞ്ഞാലാടൽ, പാട്ട്, വാച്ചിെൻറ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികൾ അതിരുകവിഞ്ഞ കമ്പം കാണിക്കും. ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളിൽ മലമൂത്രവിസർജനം ചെയ്യുക എന്നീ പ്രശ്നങ്ങളും ഓട്ടിസത്തിൽ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളിൽ മൂന്നിൽ രണ്ടു ഭാഗത്തിന് ബുദ്ധിവളർച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) എന്ന രോഗവും ഇത്തരക്കാരിൽ കൂടുതലാണ്.
കാരണങ്ങൾ
തലച്ചോറിനെ ബാധിക്കുന്ന പല ശാരീരിക രോഗങ്ങളിലും ഓട്ടിസത്തിെൻറ ലക്ഷണങ്ങൾ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളിൽ ജന്മനാതന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ ഈ കുട്ടികളുടെ വളർച്ചയിലുണ്ടായിട്ടുള്ള വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഓട്ടിസ്റ്റിക് കുട്ടികളിൽ ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല, തലച്ചോറിെൻറ പരിശോധനകളായ സി.ടി സ്കാൻ, എം.ആർ.ഐ, ഇ.ഇ.ജി എന്നിവയിലും ഇവരുടെ മസ്തിഷ്കത്തിന് സാധാരണ കുട്ടികളുടേതിനെ അപേക്ഷിച്ച് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടിട്ടുണ്ട്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇവരുടെ തലച്ചോറിൽ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിൻ എന്ന രാസവസ്തുവിെൻറ അളവ് കൂടുതലാണെന്നാണ്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്.
കുട്ടികളെ വളർത്തുന്നതിലുള്ള പലവിധ പ്രശ്നങ്ങൾ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളിൽ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിെൻറ തീവ്രത കൂട്ടുന്നു.
ഓട്ടിസം പരിപൂർണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരിൽ ബുദ്ധിവളർച്ച കൂടിയവർക്ക് കൂടുതൽ സുഖപ്രാപ്തി ലഭിക്കാം. പ്രായപൂർത്തിയാകുമ്പോൾ മൂന്നിൽ രണ്ടു ഭാഗമെങ്കിലും മാനസിക വൈകല്യം ബാധിച്ചവരും ഒറ്റക്ക് ജീവിക്കാൻ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിനു മാത്രമേ സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാനാകൂ. ഏകദേശം പകുതിയോളം പേർക്ക് പ്രായമാകുമ്പോൾ അപസ്മാരം പിടിപെടാം. സ്വയം മുറിവേൽപിക്കൽ, അമിത ദേഷ്യപ്രകടനം എന്നിവ ഇവർക്ക് പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളാണ്.
ചികിത്സയും പ്രതിവിധി മാർഗങ്ങളും
ഓട്ടിസം രോഗത്തിെൻറ നേരത്തേയുള്ള കണ്ടുപിടിത്തം വളരെ നേരേത്തതന്നെ പരിശീലനവും പരിഹാരമാർഗങ്ങളും നൽകുന്നതിന് സഹായിക്കുന്നു. ഇവരുടെ പെരുമാറ്റരൂപവത്കരണത്തിനുള്ള പരിശീലനം വീട്ടിൽെവച്ചും സ്കൂളിൽെവച്ചും നൽകേണ്ടിവരുന്നു. മാതാപിതാക്കൾക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും നൽകേണ്ടതുണ്ട്.
ഓട്ടിസത്തിെൻറ അനുബന്ധ പ്രശ്നങ്ങൾക്കല്ലാതെ ഓട്ടിസത്തിനുവേണ്ടി പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല. അക്രമവാസന, അമിത ബഹളം, ഉറക്കപ്രശ്നങ്ങൾ, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. ഓട്ടിസത്തിനുള്ള ചികിത്സ എത്രയും നേരേത്ത ആരംഭിക്കുേന്നാ അത്രയുംതന്നെ ഫലപ്രാപ്തി ലഭിക്കുന്നു. പ്രായം കൂടിവരുന്തോറും ലഭിക്കുന്ന മാറ്റങ്ങളിൽ കുറവ് വരുന്നു. ഓട്ടിസം ഉണ്ടോ എന്ന് ചെറിയ സംശയം ഉടലെടുക്കുമ്പോൾതന്നെ പ്രതിവിധികളും സ്വീകരിച്ചുതുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. വേറൊരു വസ്തുത ഇതോടൊപ്പം മനസ്സിലാക്കേണ്ടത്, ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോൾ വളരെ മന്ദഗതിയിലായിരിക്കും, എന്നിരുന്നാലും അതിൽതന്നെ ഉറച്ചുനിന്ന് ചികിത്സ തുടർന്നുകൊണ്ടുപോകുന്നത് കുട്ടിക്ക് കൈവരിക്കാൻ സാധിക്കുന്ന അത്രയും കഴിവുകൾ ആർജിക്കാൻ അവനെ സഹായിക്കുന്നു.
നിർദ്ദേശങ്ങൾ
പരിശീലനം നൽകുമ്പോൾ മാതാപിതാക്കൾക്കായുള്ള സന്ദേശം.
ഓട്ടിസത്തിെൻറ ചികിത്സ വളരെ വൈവിധ്യമാർന്ന മേഖലയാണ്. ഇതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ, സ്പീച്ച് തെറപ്പിസ്റ്റ്, െഡവലപ്മെൻറൽ തെറപ്പിസ്റ്റ് എന്നിവരടങ്ങുന്ന ഒരു സംഘത്തിെൻറ കൂട്ടായ ചികിത്സ ആവശ്യമാണ്. ഓട്ടിസത്തിെൻറ ലക്ഷണങ്ങൾ മറ്റു ശാരീരിക അസുഖങ്ങൾ മൂലമല്ല എന്നുറപ്പാക്കലാണ് ആദ്യ കർത്തവ്യം. ഇ.എൻ.ടി വിദഗ്ധർ ശ്രവണശകതി പരിശോധിച്ച് കുട്ടിക്ക് ബധിരത ഇല്ലെന്ന് ഉറപ്പാക്കണം. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെക്കൊണ്ട് ബുദ്ധിമാന്ദ്യം എത്രയുണ്ടെന്ന് മനസ്സിലാക്കണം. അസുഖത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ മാതാപിതാക്കൾക്ക് നൽകലാണ് അടുത്ത പ്രധാന കാര്യം. ഓട്ടിസ്റ്റിക് കുട്ടികൾക്ക് മാത്രമായുള്ള സ്കൂളുകൾ കേരളത്തിൽ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ പഠനത്തോടൊപ്പം കുട്ടിയുടെ പെരുമാറ്റവൈകല്യങ്ങൾ ശരിയാക്കിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലനം (ബിഹേവിയർ തെറപ്പി), വൈജ്ഞാനിക ശക്തി, ഭാഷ, പഠനരീതി എന്നിവ മെച്ചപ്പെടുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ നൽകിവരുന്നു. ഹാലോപെരിഡോൾ, റിസ്പെരിഡോൺ, ഒലാൻസിപൈൻ, ക്ലോസപ്പിൻ, നാൽെട്രക്സോൺ, ലിഥിയം എന്നീ ഔഷധങ്ങൾ ഓട്ടിസത്തിെൻറ ചികിത്സക്ക് ഇന്ത്യയിൽ ലഭ്യമാണ്.
(ലേഖകൻ കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം പ്രഫസറാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.