സ്ത്രീകളെ കൂടുതലായി അലട്ടുന്ന പ്രശ്നമാണ് നടുവേദന. കാരണമറിഞ്ഞ് ചികിത്സിക്കേണ്ടത് അനിവാര്യമാണ്. നടുവേദനയുടെ കാരണങ്ങളും ചികിത്സാരീതികളും അറിയാം
വളരെ ആകസ്മികമായാണ് ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടിയത്. പഠനവും ഉപരിപഠനവുമായി തിരക്കിലായപ്പോൾ പല സുഹൃദ്ബന്ധങ്ങളും നഷ്ടമായി. ഏറെക്കാലത്തിന് ശേഷമുള്ള ഒത്തൊരുമിക്കലായിട്ടും ഞങ്ങൾ തമ്മിലുള്ള സ്നേഹബന്ധത്തിനു ഒരു കുറവും വന്നില്ല. ഡിഗ്രി കഴിഞ്ഞപ്പോൾത്തന്നെ പഠനം നിർത്തി വിവാഹവും കഴിച്ച് കുടുംബജീവിതത്തിൽ മുഴുകി ജീവിക്കുകയായിരുന്നു അവൾ. കഴിഞ്ഞ 15 വർഷമായി വിദേശത്താണ്. ഗൃഹഭരണവും കുട്ടികളുടെ കാര്യവുമായി സ്വന്തം കാര്യങ്ങൾ മറന്നു ജീവിക്കുന്ന ഒരു യാഥാസ്ഥിതിക വീട്ടമ്മ.
വളരെയധികം മനോവേദന അനുഭവിക്കുന്നതായി അവളുടെ മുഖം പറഞ്ഞു. നടുവേദനയായിരുന്നു പ്രശ്നം. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിൽ അലിഞ്ഞു ജീവിക്കുന്ന ഭർത്താവ് അവളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന പരിഭവവും വാക്കുകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. വളരെ കാലമായി നടുവേദന തുടങ്ങിയിട്ട്. ഗൂഗിളിൽ നോക്കി ഡിസ്ക് പ്രശ്നമാണെന്ന് സ്വയം വിധിയെഴുതിയാണ് വരവ്. മറ്റു കാരണങ്ങളെക്കുറിച്ചൊന്നും വലിയ അറിവില്ല.
കഴുത്തിനു താഴേക്ക് ഇടുപ്പുവരെയുള്ള എല്ലാ വേദനകളെയും നടുവേദന എന്നാണ് പൊതുവെ പറയാറ്. സ്ത്രീ–പുരുഷ ഭേദമന്യേ വളരെ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് നടുവേദന. ചിലത് വളരെ നിസ്സാരവും വളരെ കുറച്ചുകാലം നീണ്ടുനിൽക്കുന്നതും ആയിരിക്കും. എന്നാൽ, മറ്റു ചിലർക്ക് ദീർഘകാലം നീണ്ടുനിൽക്കാറുണ്ട്. ഗൗരവത്തോടെ എടുക്കേണ്ട നടുവേദനകൾ ഏതെല്ലാമാണെന്നു നോക്കാം.
നട്ടെല്ലിെൻറ അകത്തുള്ള പ്രശ്നങ്ങൾ, ഡിസ്ക്, അതിനു പിറകിലുള്ള സുഷുമ്നനാഡി, അതിൽനിന്നും പുറത്തേക്കുവരുന്ന ഞരമ്പുകൾ, പേശികൾ, എല്ല്, പുറത്തുള്ള കാരണങ്ങൾ അതായത് ശരീരത്തിലെ രോഗങ്ങൾ, അർബുദം, സന്ധിവീക്കം എന്നിവയും അന്നനാളം, നെഞ്ച്, വയറിെൻറ ഭാഗങ്ങൾ, മൂത്രാശയരോഗങ്ങൾ, സ്ത്രീകളിൽ അണ്ഡാശയം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളും നടുവേദനയായാണ് പ്രത്യക്ഷപ്പെടാറ്.
കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോൾ കൂടുതൽ ഗൗരവമേറിയ ലക്ഷണങ്ങളൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല. ചില രോഗലക്ഷണങ്ങൾ വളരെ ഗൗരവകരമായി എടുക്കേണ്ടതുണ്ട്. അത്തരം ലക്ഷണങ്ങളെ റെഡ് ഫ്ലാഗ് സൈൻസ് എന്നുപറയുന്നു. അതായത് പേടിക്കേണ്ട തരം നടുവേദനകളാണ്. 20 വയസ്സിനു താഴെയോ 50 വയസ്സിന് മുകളിലോ ഉള്ളവർ നടുവേദനയുമായി വന്നാൽ പെട്ടെന്നുതന്നെ ടെസ്റ്റുകൾക്കു വിധേയരാക്കി ചികിത്സ തുടങ്ങണം. ഇതോടനുബന്ധിച്ചുള്ള പനി, വിശ്രമിക്കുമ്പോൾ കൂടുന്ന തരം വേദനകൾ അതായത് ഉറക്കത്തിൽനിന്ന് വേദനകൊണ്ട് എഴുന്നേൽക്കേണ്ട അവസ്ഥ വരുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ മുഴകളോ മറ്റോ ആണോ എന്ന് പരിശോധിക്കണം. മുമ്പ് അർബുദം വന്ന ഒരാൾ പിന്നീട് നടുവേദനയുമായി വന്നാൽ അർബുദം നട്ടെല്ലിലേക്കു പരക്കുന്നുണ്ടോ എന്ന് നോക്കണം. ആസ്ത്മ, ത്വഗ്രോഗങ്ങൾ എന്നിങ്ങനെയുള്ളവക്ക് കുറെ നാൾ സ്റ്റിറോയിഡുകൾ എടുത്തവർക്ക് എല്ലിെൻറ കട്ടികുറയാൻ സാധ്യതയുണ്ട്. അപ്പോൾ നട്ടെല്ലിന് പൊട്ടൽ, തേയ്മാനം എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്. അല്ലെങ്കിൽ മലം, മൂത്രം പോവാൻ ബുദ്ധിമുട്ട് തോന്നുക എന്നിവയെല്ലാം റെഡ് ഫ്ലാഗ് സൈൻസിൽ പെടും.
നടുവേദന മാത്രമായുള്ളത് സാധാരണ അത്ര ഗൗരവമാവാൻ ഇടയില്ല. അതേസമയം, ഇൗ വേദന കാലിലേക്ക് വ്യാപിക്കുകയോ പെരുപ്പ് അനുഭവപ്പെടുകയോ കാലിലെ സ്പർശനശേഷി കുറയുകയോ ബലക്ഷയം സംഭവിക്കുകയോ നടക്കുമ്പോൾ അറിയാതെ ചെരിപ്പ് അഴിഞ്ഞുപോവുകയോ ചെയ്യുന്നത് ഞരമ്പിനെ ബാധിക്കുന്ന ലക്ഷണങ്ങളോടുകൂടിയ നടുവേദനയാണ്. ഇത് ഗൗരവതരമായി എടുക്കേണ്ടതാണ്. 40–45 വയസ്സിലാണ് സാധാരണ ഇത്തരം നടുവേദന കാണാറ്. ഒരു പ്രധാന കാരണം ജീവിതശൈലിയാണ്. കൂടുതൽ നേരം ഇരുന്നു ജോലിചെയ്യുന്നവർക്ക് ഇത്തരം നടുവേദന കാണാറുണ്ട്. അധികനേരം കുനിഞ്ഞുനിന്ന് ജോലിചെയ്യുമ്പോൾ അവരുടെ ശരീരത്തിെൻറ ഘടനക്ക് ആയാസം വരുന്നു.
കാലിലേക്കു കൂടിയുള്ള തരം നടുവേദനയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് രണ്ടോ മൂന്നോ ദിവസം വിശ്രമമെടുക്കുക. ആഹാരം കഴിക്കാനും മലമൂത്രവിസർജനത്തിനും മാത്രമായി എഴുന്നേൽക്കാം. ബാക്കി സമയം മുഴുവൻ കിടക്കാം. എന്നിട്ടും മാറിയിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് നട്ടെല്ലിന് ചികിത്സിക്കുന്ന വിദഗ്ധനെ കാണിച്ച് ആവശ്യമായ ടെസ്റ്റുകൾ നടത്തി ചികിത്സിക്കണം. നട്ടെല്ലിെൻറ രണ്ടു കശേരുക്കൾക്കു നടുക്കുള്ള ഭാഗമാണ് ഡിസ്ക്. ഡിസ്ക്കിെൻറ പുറത്തു നാരുകൾ പോലെയുള്ള ഘടനയും നടുക്ക് ദ്രാവകം പോലെയുള്ള പദാർഥവും ഉണ്ട്. കുനിയുക, തിരിയുക, വളയുക എന്നിവയൊക്കെ ചെയ്യുമ്പോൾ അകത്തുള്ള പദാർഥം അഡ്ജസ്റ്റ് ചെയ്യുന്നു. എന്നാൽ അമിതഭാരം എടുക്കുക, ശരിയായ ഘടനയിലല്ലാത്ത നിൽപ് എന്നിവയൊക്കെ ഇതിൽ വിള്ളൽ വരാൻ ഇടയാക്കുന്നു. അതിലൂടെ ഡിസ്ക്കിലെ ദ്രാവകം പുറത്തേക്കുവരും. ഇൗ ദ്രാവകം കാലിനെ നിയന്ത്രിക്കുന്ന ഞരമ്പിനെ അമർത്താൻ ഇടവരും. ഇങ്ങനെ ഞരമ്പിനു വീക്കം വരുമ്പോഴാണ് കാലിൽ പെരുപ്പും വേദനയും വീക്കവും വരുന്നത്. ഇതാണ് ഡിസ്ക് പ്രൊലാപ്സ്. ഈ അവസ്ഥയിൽ വേണ്ടത്ര വിശ്രമം കൊടുത്തു ഞരമ്പു വീക്കത്തിനുള്ള ഗുളികകൾ കഴിച്ചാൽ 75 ശതമാനം വേദനയും മാറാറുണ്ട്.
ഇതൊന്നും ചെയ്തിട്ടും വേദന മാറിയില്ലെങ്കിൽ ഓപറേഷൻ വേണ്ടിവരും. ചിലപ്പോൾ ഡിസ്ക് എടുത്തുമാറ്റേണ്ടി വരാം. ഇല്ലെങ്കിൽ കാലിെൻറ ബലക്ഷയം കൂടാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഒരിക്കലും തിരിച്ചു കൊണ്ടുവരാൻ പറ്റാതായേക്കാം. പുറത്തുവന്ന ഡിസ്ക്കിനകത്ത് ജലാംശം ഉണ്ടാവും, അത് ബാഷ്പീകരിച്ചു പോവാൻ ഇടയുണ്ട്. വിശ്രമമെടുത്ത് കഴിയുമ്പോഴേക്കും ജലാംശം നഷ്ടപ്പെട്ടതുകാരണം ഡിസ്ക്കിെൻറ വലുപ്പം കുറയാൻ സാധ്യതയുണ്ട്. അപ്പോൾ വേദന കുറയുന്നു. എന്നാൽ, വീണ്ടും ഭാരം പൊക്കുകയോ മറ്റോ ചെയ്താൽ വേദന തിരിച്ചുവരാം. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറെ കണ്ട് വേണ്ട ടെസ്റ്റുകളും ചികിത്സയും ചെയ്യണം. ശസ്ത്രക്രിയ കൃത്യസമയത്തു തന്നെ ചെയ്യണം. കുറെ നാൾ െവച്ചുകൊണ്ടിരുന്നാൽ അമർന്നിരിക്കുന്ന ഞരമ്പിനു രക്തയോട്ടം നഷ്ടപ്പെടാം. കൂടാതെ, സ്ഥായിയായ മാറ്റങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെയായാൽ ഓപറേഷന് ശേഷവും വേദനയും പെരുപ്പും നിൽക്കാം. എന്നാൽ, ചില ചെറിയ ഓപറേഷനുകളിൽ പുറത്തേക്കുവന്ന ഡിസ്ക്കിെൻറ കഷണം മാത്രമേ എടുത്തുമാറ്റൂ. ബാക്കിയുള്ള ഭാഗം ഇതേതരത്തിലുള്ള മാറ്റങ്ങൾക്കു വിധേയമാവാം. അടുത്ത കാരണം നട്ടെല്ലിലുള്ള തേയ്മാനമാവാം. ഇത് സാധാരണയായി പ്രായക്കൂടുതലുള്ളവരിലാണ് കാണാറ്.
തേയ്മാനം കാരണം ഡിസ്ക് പുറത്തേക്കുവരുന്നത് ഗുളികകൾകൊണ്ടോ ഇൻജക്ഷനുകൾ കൊണ്ടോ മാറ്റാം. എന്നാൽ, വളരെയധികം തേയ്മാനം കാരണം ഡിസ്ക് തള്ളിവരുകയും അതിനകത്തെ ജലാംശം നഷ്ടപ്പെടുകയും ചെയ്താൽ ശരീരം ഏതെങ്കിലുമൊരു ഭാഗത്തേക്ക് ചരിയാൻ സാധ്യതയുണ്ട്. അസുഖം അനുസരിച്ചുവേണം സർജറി ചെയ്യാൻ. ഓപറേഷൻ ചെയ്തവരും വേദനക്കു സാധ്യതയുള്ളവരും കുനിയുന്നതും ഭാരമെടുക്കുന്നതും ഒഴിവാക്കണം. ഇരിക്കുമ്പോൾ കുഷ്യൻ ഉപയോഗിക്കാം. ഇല്ലെങ്കിൽ ഇൗ ബുദ്ധിമുട്ടുകൾ വീണ്ടും ഉണ്ടാകാം.
കശേരുക്കൾ തെന്നിമാറുന്ന പ്രശ്നമാണ് ലിസ്തെസിസ്. തേയ്മാനം, വീഴ്ച, ആക്സിഡൻറ് എന്നിവ കാരണം കശേരുക്കൾ മുന്നോട്ടും പിന്നോട്ടും ആയി വരാം. ഇത് ഡിസ്ക് ഞരമ്പിനെ അമർത്താനും അതിലേക്കുള്ള രക്തയോട്ടം കുറക്കാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നത്തിന് മുകളിലുള്ള കശേരുക്കൾ സ്ഥാനം തെറ്റാതെ സ്ക്രൂ ഇടുന്ന ഓപറേഷൻ ചെയ്യാറുണ്ട്. ഇതിനു പിറകിലത്തെ എല്ല് എടുത്തുമാറ്റി ഞരമ്പിനു സ്ഥലം കൊടുക്കണം. താക്കോൽദ്വാര ശസ്ത്രക്രിയ കൊണ്ട് കാര്യമില്ല.
നടുവിന് സാധാരണയായി അകത്തേക്ക് ഒരു വളവുണ്ട്. കുറെ നേരം ഇരുന്നു ജോലിചെയ്യുന്നവർ ഒരു കുഷ്യൻ ഈ വളവിെൻറ ഭാഗത്തുെവച്ചു ഉപയോഗിച്ചാൽ നന്നായിരിക്കും. നടുവ് നേരെെവച്ച് വേണം ഇരിക്കാൻ. അതായത് 90 ഡിഗ്രി ആംഗിൾ. കാലുകൊണ്ട് സമ്മർദം കൊടുക്കണം. അടുക്കളയിലെ പാദകം, അലക്കുകല്ല് എന്നിവയിൽ ആരാണോ കൂടുതൽ സമയം ജോലികൾ ചെയ്യുന്നത് അവരുടെ ഉയരത്തിൽ വേണം പണികഴിപ്പിക്കാൻ. കൃത്യമായ വ്യായാമംകൊണ്ട് നടുവിെൻറ പേശികളെ ബലപ്പെടുത്താൻ സാധിക്കും. രാവിലെ ഉണർന്ന ഉടൻതന്നെ വലതുകാൽ 45 ഡിഗ്രി മുകളിലേക്ക് പൊക്കുക, എന്നിട്ടു മനസ്സിൽ ഒന്നുമുതൽ പത്തുവരെ എണ്ണുക. അതിനുശേഷം കാൽ താഴെെവക്കുക, ഇടതുകാൽ ഇതുപോലെ ചെയ്യുക. ഇങ്ങനെ രണ്ടുകാലും മാറിമാറി വ്യായാമം ചെയ്യുക.
കൂടുതലായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു രോഗമാണ് എല്ലിന് കട്ടികുറയൽ. ഇതു പ്രായക്കൂടുതൽ, സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാതാവുക എന്നീ കാരണങ്ങൾകൊണ്ട് ഉണ്ടാവാം. എെൻറ കൂട്ടുകാരിയുടെ പ്രശ്നം ഇതായിരുന്നു. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കേണ്ടത് എല്ലിെൻറ ആരോഗ്യത്തിന് അത്യാവശ്യമാണ്. സൂര്യപ്രകാശത്തിലടങ്ങിയ വിറ്റമിൻ ഡി എല്ലുകൾക്ക് അത്യാവശ്യഘടകമായ കാത്സ്യം ആഗിരണം ചെയ്യാൻ അത്യന്താപേക്ഷിതമാണ്. അതു ലഭിക്കാത്തതായാണ് രക്തത്തിലെ കാത്സ്യം അളവും വിറ്റമിൻ ഡി അളവും നോക്കിയപ്പോൾ മനസ്സിലായത്. ഡിസ്ക് തേയ്മാനം, ഡിസ്ക് തെറ്റൽ, അല്ലെങ്കിൽ സുഷുമ്നനാഡിയെ അമർത്തുന്ന തരത്തിലുള്ള മാറ്റങ്ങൾ എന്നിവയാണ് പ്രധാനമായും വരാറ്. നട്ടെല്ലിെൻറ വിവിധ ധാതുക്കളുടെ അഭാവം, അതായത് കാത്സ്യം, ഫോസ്ഫറസ് എന്നിവ വേണ്ടത്ര ഇല്ലാത്തതും നടുവേദനക്ക് കാരണമാണ്.
എല്ലു തേയ്മാനം തടയാനായി ഭക്ഷണത്തിലും ശ്രദ്ധ നൽകണം. ചെറിയ മത്സ്യങ്ങളുടെ എല്ലുകൾ, റാഗി, പച്ചക്കറികൾ, തൈര് എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നമ്മുടെ ഭക്ഷണത്തിൽ ദിനംപ്രതി ശരീരത്തിനാവശ്യമായ കാത്സ്യം അടങ്ങിയിട്ടുണ്ടെങ്കിലും ചിലപ്പോൾ ആവശ്യമായ അളവിൽ കാത്സ്യം ശരീരം ഉൾക്കൊള്ളാറില്ല. വ്യായാമങ്ങളൊന്നും അധികമില്ലാത്തവരിലാണ് സാധാരണ എല്ലുതേയ്മാനം കൂടുതലായി കണ്ടുവരുന്നത്.
ആർത്തവവിരാമമായ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുള്ളത്. ആർത്തവവിരാമം കഴിഞ്ഞവർ കൂടുതൽ കാത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് ശരീരം വിയർക്കുന്ന രീതിയിലുള്ള വ്യായാമം ആവശ്യമാണ്. നടുവേദനയുടെ പ്രധാന കാരണവും പ്രതിവിധികളും ജീവിതൈശലിയിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തുവെങ്കിലും എല്ലുരോഗ വിദഗ്ധെൻറ വിശദ പരിശോധന ആവശ്യമുള്ളതിനാൽ അവളെ ഞാൻ അദ്ദേഹത്തിെൻറ അടുത്തേക്കയച്ചു.
ഡോ. സ്മിത മേനോൻ
അസിസ്റ്റൻറ് സർജൻ,
സി.എച്ച്.സി, ബേഡഡുക്ക, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.