റിയാദ്: കൊറോണ ബാധിച്ച് സൗദി അറേബ്യയിൽ ഇൗ വർഷം 23 പേർ മരിച്ചതായി ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട്. ജനുവരി 21 മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. 2012 മുതലുള്ള കണക്ക് പ്രകാരം 2220 പേർക്കാണ് ലോകത്ത് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 1844 കേസുകൾ സൗദിയിൽ നിന്നാണ്. ലോകത്ത് 790 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ഹഫറിൽ ബാതിനിലെ സ്വകാര്യ ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ചികിൽസയിലുള്ള രോഗിയിൽ നിന്ന് മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. മറ്റ് ആറ് കേസുകൾ റിപ്പോർട്ട് ചെയ്തത് റിയാദിലായിരുന്നു. ജിദ്ദയിലും നജ്റാനിലും രണ്ട് വീതം കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗം കണ്ടുപിടിക്കാൻ പ്രയാസമാണെന്നതാണ് ഇതിെൻറ പ്രത്യേകത. ഒട്ടകങ്ങളിൽ നിന്നാണ് രോഗാണു മനുഷ്യരിലേക്കെത്തുന്നത്. പ്രമേഹം, വൃക്കസംബന്ധമായ വൈകല്യം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവർക്കാണ് പലപ്പോഴും വൈറസ് ബാധയേൽക്കുന്നത്. രോഗബാധിതരിൽ മൂന്നിൽ ഒരാൾ വീതം മരിക്കുന്നു എന്നാണ് കണക്ക്. രോഗികളുടെ കഫം, തുമ്മൽ സ്രവം എന്നിവ വഴി രോഗം പകരാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. രോഗികളെ തിരിച്ചറിഞ്ഞ് ചികിൽസിക്കാൻ സാധിച്ചില്ലെങ്കിൽ ഇത് ആരോഗ്യപ്രവർത്തകർക്ക് അപകടമുണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു. രോഗം സംശയിക്കുന്നവരുമായി ഇടപെടുന്നവരും ഒട്ടകമടക്കമുള്ള മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവരും സോപ് ഉപയോഗിച്ച് ശരീരം നന്നായി കഴുകണം. ഒട്ടകത്തിെൻറ പാൽ, മാംസം എന്നിവ കഴിക്കുന്നതിൽ സൂക്ഷ്മത പാലിക്കണം. ഒട്ടകത്തിെൻറ പാൽ കാച്ചിയേ കുടിക്കാവൂ. കാച്ചാത്ത പാൽ കുടിച്ചതിനെ തുടർന്ന് മലേഷ്യയിൽ ഒരാൾ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒമാനിലും, യു.എ.ഇയിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.