കൊച്ചി: എബോള, നിപ തുടങ്ങിയവയെ അപേക്ഷിച്ച് കൊറോണ നിസാരനെന്ന് ആരോഗ്യരംഗത്തെ വിലയിരുത്തൽ. എബോളയും നിപയും പിടിപെട്ടാൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യത 10 ശതമാനമാണ്. എന്നാൽ, കൊറോണയുടെ കാര്യത്തിൽ മരണവും വൈവകല്യങ്ങളും താരതമ്യേന കുറവാണെന്നും ഡോക്ടർമാർ പറയുന്നു. ആശങ്കക്ക് വകയില്ലെങ്കിലും അമിത ആത്മവിശ്വാസം പാടില്ലെന്നും ജാഗ്രതയും ആസൂത്രണവും ആവശ്യമാണെന്നും മുന്നറിയിപ്പ് നൽകുന്നു.
കൊറോണ മരണങ്ങളിൽ ഭൂരിഭാഗവും പ്രായമായവരും മറ്റ് അനുബന്ധ രോഗങ്ങൾക്കടിമപ്പെട്ടവരുമാണ്. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കരൾ, വൃക്കരോഗികൾ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാർ വരെയും കൊറോണയുണ്ടാക്കും.
ശിശുക്കളിലും ഒരുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട്. തൊണ്ടയിലെ സ്രവം, മൂത്രം, കഫം, രക്തം എന്നിയിൽ നിന്നുള്ള പോളി ചെയിൻ റിയാക്ഷൻ (പി.സി.ആർ), ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് (നാറ്റ്) തുടങ്ങിയ പരിശോധനകൾ വഴിയാണ് രോഗം സ്ഥിരീകരിക്കുക.
വിശ്രമവും ലക്ഷണങ്ങൾ അറിഞ്ഞുള്ള ചികിത്സയുമാണ് നിലവിലുള്ളത്. അത് രോഗ തീവ്രതയും മരണനിരക്കും കുറക്കാനാണ്. ‘നോവൽ കൊറോണ വൈറസ്’ എന്ന പുതിയയിനം വൈറസ് ആയതിനാൽ മരുന്ന് കണ്ടെത്താൻ സമയമെടുക്കുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.