നൂറിൽ 19 പേരും പ്രമേഹബാധിതരാണെന്ന ഭീതിയുണർത്തുന്ന സത്യത്തിനു മുന്നിലാണ് ഇന്ന് കേരളം. അതിൽ തന്നെ, 45നും 69 വയസ്സിനും ഇടയിലുള്ളവരിൽ മൂന്നിൽ രണ്ടുപേരും പ്രമേഹമോ പ്രമേഹപൂർവ അവസ്ഥയായ പ്രീ ഡയബെറ്റിസോ ഉള്ളവരാണ്. ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിേൻറതാണ് ഇൗ പുതിയ കണക്ക്. നമ്മുടെ ശരീരപ്രകൃതം പാശ്ചാത്യരെയപേക്ഷിച്ച് കൊഴുപ്പു കൂടിയതായതിനാൽ 10 വർഷം നേരേത്ത, അതും താരതമ്യേന കുറഞ്ഞ ശരീരഭാരത്തിൽ ജീവിതശൈലീ രോഗങ്ങൾ നമ്മെ പിടികൂടുന്നു. അമിതഭാരമാണ് പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗങ്ങളുടെ അടിസ്ഥാന കാരണം. അതുകൊണ്ട് ശരീരഭാരം കുറക്കുക മാത്രമാണ് ഈ രോഗങ്ങൾ വരാതിരിക്കാനും വന്നവരിൽ തിരിഞ്ഞുനടക്കാനുമുള്ള ഏക പോംവഴി. ശാസ്ത്രീയ ഭക്ഷ്യനിയന്ത്രണം, വ്യായാമം, മാനസിക സമ്മർദ നിയന്ത്രണം തുടങ്ങിയവയിലൂടെയേ ഇത് സാധ്യമാകൂ.
ശരീരഭാരം കുറക്കാൻ വ്യായാമത്തേക്കാൾ ഫലപ്രദം ഭക്ഷണ നിയന്ത്രണമാണ്. ഏതു ഭക്ഷണമാണെങ്കിലും ശരീരഭാരം കുറക്കലായിരിക്കണം ഇതിെൻറ പരമലക്ഷ്യം. മൊത്തം കലോറിയുടെ അളവ് കുറച്ചുള്ള ഏത് ഭക്ഷണ രീതിയും മിക്ക രോഗികളിലും രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് കുറക്കും. പ്രതിദിനം 500 മുതൽ 1000 കലോറി വരെ കമ്മിയുണ്ടാകണമെന്നാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. വൈവിധ്യമാർന്ന ഭക്ഷ്യശീലങ്ങളുള്ള കേരളത്തിൽ എന്താണ് ശരിയായ ഭക്ഷണവും അളവും എന്ന് ഒാരോരുത്തരും സ്വയം കണ്ടെത്തുന്നതാണ് പ്രായോഗികം. നിത്യേന ഒരേ സമയത്ത് ഒരു ഇലക്ട്രോണിക് തുലാസുപയോഗിച്ച് തൂക്കം നോക്കി ഭക്ഷണനിയന്ത്രണത്തിലൂടെ ശരീരഭാരം കുറച്ചെടുക്കുകയെന്നത് മികച്ച ഒരു പ്രായോഗിക വഴിയാണ്.
ജീവിതശൈലീ രോഗമുള്ളവർക്ക് അമേരിക്കൻ ഡയബെറ്റിക് അസോസിയേഷനും അമേരിക്കൻ ഹാർട്ട് അസോസിയേഷനും നിർദേശിക്കുന്ന ഫുഡ് പ്ലേറ്റ് രീതി, അനുപാതത്തോടൊപ്പം അളവിനും നിയന്ത്രണം വരുത്തുന്ന വിധത്തിലാണ്. ഈ രീതിയനുസരിച്ച് ഭക്ഷണമെടുക്കേണ്ടത്, ഒമ്പതിഞ്ച് പ്ലേറ്റിെൻറ കാൽ ഭാഗം (25%) ധാന്യങ്ങൾ, കാൽ ഭാഗം (25%) ഇറച്ചി, മീൻ, മുട്ട തുടങ്ങിയ മാംസ്യങ്ങൾ, പകുതി(50%) എല്ലാ നിറത്തിലുമുള്ള പച്ചക്കറികൾ, കൂടെ അൽപം മാത്രം പഴങ്ങൾ, കുടിക്കാൻ ശുദ്ധജലം എന്നിങ്ങനെയാണ്. ധാന്യങ്ങൾ പാടെ വർജിക്കുന്ന കീറ്റോ ഡയറ്റ് അഥവാ LCHF ഡയറ്റ് കേരളത്തിൽ വൻ തരംഗം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ LCHFലെ ധാന്യങ്ങളുടെയും പലതരം പച്ചക്കറികളുടെയും പൂർണമായ നിരാസം അവയിൽനിന്ന് മാത്രം ലഭിക്കാനിടയുള്ള പോഷകങ്ങളുടെ കുറവുണ്ടാക്കും.
വ്യായാമവും മാനസികസമ്മർദ നിയന്ത്രണവും
കുറച്ച ശരീരഭാരം നിലനിർത്തുക എന്നിടത്താണ് വ്യായാമത്തിെൻറ പ്രസക്തി. മോശം കൊളസ്ട്രോളായ LDL കുറക്കുന്നതിൽ വ്യായാമത്തിന്ന് വലിയ പങ്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ടൈപ്പ്-2 പ്രമേഹത്തിൽ വ്യായാമം 72 മണിക്കൂർ വരെ ഇൻസുലിൻ റെസിസ്റ്റൻസ് കുറച്ചുനിർത്തുന്നു. ആഴ്ചയിൽ ചുരുങ്ങിയത് മൂന്നു ദിവസങ്ങളിലെങ്കിലുമായി 150 മിനിറ്റ് മിതവ്യായാമമോ 75 മിനിറ്റ് തീവ്രവ്യായാമോ ആണ് അമേരിക്കൻ ഡയബെറ്റിക് അസോസിയേഷൻ നിർദേശിക്കുന്നത്.
മാനസികസമ്മർദ നിയന്ത്രണം ജീവിതശൈലീ രോഗനിയന്ത്രണത്തിൽ അത്യന്താപേക്ഷിതമാണ്. മുതിർന്നവരിലും കുട്ടികളിലും മാനസിക സമ്മർദത്തിെൻറ ആക്കംകൂട്ടുന്നവിധം ഉറക്കത്തിെൻറ അളവ് കുറയുന്നതും പ്രശ്നം തന്നെയാണ്.
(എം.ഇ.എസ് മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം അസി. പ്രഫസറും എത്തിക്കൽ മെഡിക്കൽഫോറം കേരള പ്രസിഡൻറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.