ശരീരം മുഴുവൻ ഭയങ്കര വേദനയാണ് ഡോക്ടർ..പല ഡോക്ടർമാരെയും കണ്ടു, പരിശോധനകളും നടത്തി, കുറേ മരുന്നും കഴിച്ചു, എന്നിട്ടും വേദനക്ക് മാത്രം ഒരു കുറവുമില്ല..എങ്ങിനെയെങ്കിലും ഈ വേദനയൊന്ന് മാറ്റിത്തരാമോ... ക്ലിനിക്കുകളിൽ ഡോക്ടർമാരെ തേടിയെത്തുന്ന മധ്യവയസ്കരായ സ്ത്രീകളുടെ പതിവ് പരാതിയാണിത്. ഇടക്കിടക്ക് വേദനയുടെ കാര്യം ആവർത്തിക്കുന്നതിനാൽ കുടുംബാംഗങ്ങളില്നിന്ന് തണുത്ത പ്രതികരണമാവും പലപ്പോഴും ഇവർക്ക് ലഭിക്കുക. ഇത് ഒരുപോലെ അവരുടെ ശരീരത്തെയും മനസ്സിനെയും അസന്തുഷ്ടമാക്കും.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും പുരുഷന്മാരിലും അപൂർവമായി കുട്ടികളിലും ഫൈബ്രോമയാൾജിയ എന്ന ഈ രോഗാവസ്ഥ കാണാറുണ്ടെങ്കിലും മധ്യവയസ്കരായ (35-60) സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. ലോകത്ത് രണ്ടു മുതൽ ഏഴ് ശതമാനം വരെ സ്ത്രീകൾ ൈഫബ്രോമയാൾജിയ അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ൈഫബ്രോമയാൾജിയ കടുത്ത ശരീരവേദന മാത്രമല്ല, പല മാനങ്ങളുള്ള ഒരു രോഗാവസ്ഥയാണ്.
ലക്ഷണങ്ങൾ
വിഷാദം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മാനസിക സമ്മർദം എന്നീ ലക്ഷണങ്ങളും ഉണ്ടാവാറുള്ളതുകൊണ്ട് തന്നെ, പലപ്പോഴും ഇവരുടെ വേദനകൾ കേവലം ‘മാനസികം’ എേന്നാ ‘തോന്നൽ’ എന്നോ മുദ്രകുത്തി അവഗണിക്കപ്പെടാറുണ്ട്. കൃത്യമായ ഒറ്റ പരിശോധനകൊണ്ട് നിർണയിക്കാനാവാത്തതുകൊണ്ടും ഏകരീതിയിലുള്ള ചികിത്സയുടെ അഭാവം കൊണ്ടും ഡോക്ടർമാർക്കും ഇൗ രോഗാവസ്ഥ സങ്കീർണതയായി തുടരുന്നു.
രോഗകാരണം
ഇൗ രോഗാവസ്ഥയുടെ പിന്നിലെ പ്രക്രിയ പൂർണമായും വിശദീകരിക്കാനായിട്ടില്ലെങ്കിലും ശരീരത്തിൽ വേദനയുടെ സിഗ്നലുകൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ കേന്ദ്ര നാഡീവ്യവസ്ഥക്ക് സാധിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണയായി ആരോഗ്യമുള്ള വ്യക്തികളിൽ വേദന ഗ്രഹിക്കുന്ന അളവിനും കുറഞ്ഞ തോതിൽ പോലും ൈഫബ്രോമയാൾജിയ രോഗികളുടെ കേന്ദ്രനാഡീവ്യവസ്ഥ വേദനയെ ഗ്രഹിക്കും. ദീർഘകാലമായുള്ള ഉറക്കക്കുറവ്, ശരീരവേദനയുടെ അനന്തരഫലമായും േവദനയുടെ കാരണമായും പറയപ്പെടുന്നു. ആരോഗ്യമുള്ള വ്യക്തികളിൽ പോലും തുടർച്ചയായ ഉറക്കക്കുറവ് ശരീരവേദനയുണ്ടാക്കാം. ‘വേദന’ എന്ന ധാരണയെ സംപ്രേഷണം ചെയ്യുന്ന നാഡീപാതയെ ഉറക്കക്കുറവ് ബാധിക്കുന്നതിനാൽ, രോഗികൾക്ക് വേദനയുടെ സിഗ്നലുകളെ ശരിയായ രീതിയിൽ നിയന്ത്രിക്കാൻ സാധിക്കാതെവരും. ഇത് കടുത്ത വേദനയിൽ കലാശിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയെ തന്നെ ബാധിക്കുന്ന വിഷാദം, പലവിധ മാനസിക സമ്മർദങ്ങൾ എന്നിവയും ഇതോടൊപ്പം ഉണ്ടാവുന്നു.
രോഗനിർണയം
ലാബ് പരിേശാധനയെ ആസ്പദമാക്കിയല്ലാതെ, ചില മാനദണ്ഡങ്ങൾ കണക്കിലെടുത്തുള്ള പൂർണമായും ക്ലിനിക്കൽ രോഗനിർണയ രീതിയാണ് ഇതിന് അവലംബിക്കുന്നത്. മുൻവർഷങ്ങളിലെ മാനദണ്ഡങ്ങളെ നവീകരിച്ചുകൊണ്ട് 2016ൽ അമേരിക്കൻ കോളജ് ഒാഫ് റ്യുമറ്റോളജി മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ രോഗിക്കുണ്ടോ എന്ന് പരിശോധിച്ചാണ് അസുഖം സ്ഥിരീകരിക്കുന്നത്.
ഇൗ മാനദണ്ഡങ്ങളിൽ രോഗിക്ക് അനുഭവപ്പെടുന്ന വേദനയുടെ തോത് അളക്കുന്ന ഒരു സൂചിക ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സൂചികയിൽ ഉയർന്ന സ്കോറും (>7) ഉയർന്ന വേദനാതോതും (>5) ഉണ്ടെങ്കിൽ ൈഫേബ്രാമയാൾജിയയുടെ ഒരു മാനദണ്ഡമായി. ഇൗ ലക്ഷണങ്ങൾ മൂന്ന് മാസത്തിലധികം നിലനിൽക്കുന്നതായിരിക്കും. തോളിലെ വേദന, കൈകൾ, അരക്കെട്ട്, കാലുകൾ, താടിഭാഗം തുടങ്ങിയ ഇരുപതോളം ശരീരഭാഗങ്ങളിൽ വേദനയുണ്ടോയെന്ന് നോക്കി സ്കോർ നിർണയിച്ചാണ് ഇൗ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നോക്കുന്നത്. കടുത്ത ക്ഷീണം, ഉണർച്ചക്കുറവ് എന്നിവയും സൂചികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷണങ്ങളുള്ളവരിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമക്കേടുകളും മറ്റ് സന്ധിവാതങ്ങളുടെ സാധ്യതയും പരിശോധിക്കേണ്ടതുണ്ട്.
ചികിത്സ
ഫൈേബ്രാമയാൾജിയ കൊണ്ടുള്ള വേദന വഷളാക്കുന്ന ചില ഘടകങ്ങൾ ഒഴിവാക്കുകയോ ചികിത്സിക്കുകയോ വേണം. അവ ഇവയാണ്:
ഫൈേബ്രാമയാൾജിയക്ക് ഒാരോ രോഗിക്കും അനുയോജ്യമായ ബഹുമുഖ ചികിത്സാരീതിയാണ് സ്വീകരിക്കേണ്ടത്. നേരത്തേതന്നെ രോഗനിർണയം നടത്തി അനുയോജ്യമായ ചികിത്സാരീതികൾ അവലംബിക്കുന്നത് വളരെ പ്രധാനമാണ്.
ഒരു ഫിസിഷ്യെൻറയോ സന്ധിരോഗ വിദഗ്ധെൻറയോ കൂടെ വേദന വിഗദ്ധരുടെയും സേവനമാണ് ഇത്തരം രോഗികൾക്ക് ആവശ്യമാണ്. കടുത്ത വേദന നിയന്ത്രണവിധേയമാക്കാൻ, രോഗിെയ സ്വയം സജ്ജമാക്കുക എന്നതാണ് പ്രധാന രീതി. കോഗ്നിറ്റിവ് ബിഹേവിയറൽ തെറപ്പി ഫൈബ്രോമയാൾജിയക്കും ഫലപ്രദമാണ്. ഒാരോ വ്യക്തിക്കും അനുേയാജ്യമായ രീതിയിൽ അവരുടെ ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളും വ്യായാമമുറകളും കണ്ടെത്തുകയും അവ ശീലിക്കുകയും ചെയ്യുന്നതിലൂടെ വേദന നിയന്ത്രിക്കാൻ സാധിക്കും. ഇതിന് വിദഗ്ധ പരിശീലനം േനടിയ സൈക്കോളജിസ്റ്റിെൻറയും ഫിസിയോ തെറപ്പിസ്റ്റിെൻറയും സേവനം അനിവാര്യമാണ്.
ചെറിയ അളവിൽ നൽകുന്ന ചിലയിനം വേദനസംഹാരികളും ഫലംചെയ്യാറുണ്ട്. സന്ധികളെ ബാധിക്കുന്ന വേദനകൾക്ക് നൽകുന്ന പ്രിഗാബാലിൻ, വിഷാദരോഗത്തിന് നൽകുന്ന എസ്.എസ്.ആർ.െഎ വിഭാഗത്തിലെ മരുന്നുകൾ, അമിട്രിപ്റ്റിലിൻ എന്നിവ നല്ലൊരു ശതമാനം വ്യക്തികളിലും ഫലപ്രദമാണ്. ചില ഒപ്പിയോയിഡ് വേദനസംഹാരികൾ വേദന കൂട്ടാനുള്ള സാധ്യതയുള്ളതിനാൽ വേദന വിദഗ്ധെൻറയോ വിദഗ്ധ ഡോക്ടറുടെയോ നിർദേശപ്രകാരം മാത്രമേ ഇൗ മരുന്നുകൾ സ്വീകരിക്കാവൂ. വിഷാദരോഗത്തിെൻറയും മൂഡ് ഡിസോർഡറുകളുടെയും ചികിത്സകൂടി ചിലർക്ക് ആവശ്യമായിവരാം.
ഭക്ഷണരീതി: ഒരു പ്രത്യേക ഭക്ഷണരീതിയോ ഒഴിവാക്കേണ്ട ആഹാരപദാർഥങ്ങളോ ഫൈബ്രോമയാൾജിയ നിയന്ത്രിക്കാനായി നിർദേശിക്കപ്പെട്ടിട്ടില്ല. എങ്കിലും ആൻറി ഒാക്സിഡൻറുകൾ പ്രദാനം ചെയ്യുന്ന ആഹാരപദാർഥങ്ങൾ (പഴവർഗങ്ങൾ, ഇലക്കറികളും മറ്റു പച്ചക്കറികളും) ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അമിതവണ്ണമുള്ള സ്ത്രീകളിലാണ് കൂടുതലായി വേദനയുടെ ലക്ഷണങ്ങൾ കാണുന്നത് എന്നതുകൊണ്ട് ശരീരഭാരം കുറക്കാനും നിർദേശിക്കാറുണ്ട്.
വേദനിക്കുന്നവർക്ക് വേണം സപ്പോർട്ട് ഗ്രൂപ്പുകൾ
രോഗികളുടെ വേദനകളും മാനസിക സമ്മർദത്തിെൻറ ആഴവും മറ്റു കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഡോക്ടർക്കോ വേണ്ടത്ര തിരിച്ചറിയാനാവുന്നില്ല എന്നതാണ് ഇവരെ അലട്ടുന്ന വലിയ മാനസിക പ്രശ്നം. ഇൗ രോഗാവസ്ഥയിലുള്ള വ്യക്തികൾക്ക്, തങ്ങളുടെ പൂർവകാലത്തെ ആരോഗ്യവും സ്വാഭാവിക ജീവിതവും നഷ്ടപ്പെട്ടു എന്നത് വലിയ ‘സ്വത്വ’ പ്രശ്നങ്ങൾ തന്നെ സൃഷ്ടിക്കുന്നു. വേദനമൂലം തങ്ങളുടെ സ്വത്വത്തെ നഷ്ടപ്പെട്ടുവെന്ന കടുത്ത നഷ്ടബോധം മിക്കവരിലും പ്രകടമാണ്.
വിദേശരാജ്യങ്ങളിൽ ഫൈബ്രോമയാൾജിയ രോഗംകൊണ്ട് വിഷമിക്കുന്നവരുടെ സപ്പോർട്ട് ഗ്രൂപ്പുകൾ ഉണ്ട്. സമാന രോഗാവസ്ഥയുള്ളവരുടെ ചെറുസംഘങ്ങൾ വിദഗ്ധ സൈക്കോളജിസ്റ്റിെൻറ സഹായത്തോടെ ഇടക്കിടെ ഒത്തുചേരും. ഇവിടെ, അവരവർക്ക് അനുയോജ്യമായ വേദന നിയന്ത്രണരീതികൾ പരസ്പരം പങ്കുവെക്കുന്നതും പുനരധിവാസ രീതികൾ ചർച്ചചെയ്യുന്നതും മാനസിക പിരിമുറുക്കം കുറക്കുന്നതായി കണ്ടിട്ടുണ്ട്. ഇത്തരം ശ്രമങ്ങൾ നമ്മുടെ നാട്ടിൽ ഇല്ല എന്നത് വലിയ കുറവുതന്നെയാണ്.
ഒരുപാടു പേരെ ദുരിതക്കയത്തിലാഴ്ത്തുന്ന, പലപ്പോഴും തിരിച്ചറിയപ്പെടാതെ പോലും പോവുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ. വിദഗ്ധ ഡോക്ടർമാരും സൈക്കോളജിസ്റ്റും ഫിസിയോതെറപ്പിസ്റ്റും അടങ്ങുന്ന ഒരു സംഘത്തിെൻറ സേവനംതന്നെ വേണം ഇതിനെ നിയന്ത്രണവിധേയമാക്കാൻ. രോഗിയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് അനുഭാവപൂർണമായ സഹകരണമുണ്ടായാൽ മാത്രമേ നേരത്തേ രോഗനിർണയം നടത്താനും അനുയോജ്യമായ ചികിത്സാരീതികളിലൂടെ രോഗം നിയന്ത്രിക്കാനും സാധിക്കൂ.
തയാറാക്കിയത്: ഡോ. നവ്യ ജെ. തെക്കാട്ടിൽ
കമ്യൂണിറ്റി മെഡിസിൻ,
ഗവ. പ്രൈമറി ഹെൽത്ത് സെൻറർ,
പരപ്പനങ്ങാടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.