പ്രളയ കെടുതിക്ക് ശേഷം ആളുകള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങുമ്പോള്‍ പല വെല്ലുവിളികള്‍ നേരിടണം. അതില്‍ പ്രധാനം കുടിക്കാന്‍ കിണറുകളില്‍ നിന്നോ മറ്റു കുളങ്ങളില്‍ നിന്നോ വെള്ളം ശേഖരിക്കുന്ന വരുടെ ബുദ്ധിമുട്ടുകള്‍ ആണ്. മിക്കയിടത്തും തന്നെ കിണറുകളിലും മറ്റും മലിന ജലം കയറി ഉപയോഗ ശൂന്യമായ അവസ്ഥയുണ്ടാകും . വെള്ളത്തിനൊപ്പം ഒഴുകിയെത്തിയ മാലിന്യങ്ങളും കിണറുകളിലും പരിസരത്തും അടിഞ്ഞിട്ടു ഉണ്ടാകും. ഇത്തരം കിണറുകളില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ വളരെ എളുപ്പത്തില്‍ ,നമുക്ക് തന്നെ ഈ കിണറുകള്‍ ഉപയോഗപ്രദമായ രീതിയില്‍ ശുദ്ധീകരിച്ചു എടുക്കാം. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം.
1. വീടുകളിലേക്ക് മടങ്ങുന്നവര്‍ 2 ദിവസത്തേക്ക് എങ്കിലും കുടിക്കാന്‍ ആവശ്യമായ ശുദ്ധജലം കരുതണം. അല്ലെങ്കില്‍ സമീപത്തു അത് ഉണ്ട് എന്ന് ഉറപ്പാക്കണം.
2. കിണറിനു ബലക്ഷയമോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം. ചതുപ്പില്‍ ഉള്ള കിണറുകളും മറ്റും ഇടിഞ്ഞു താഴാനുള്ള സാധ്യതയുണ്ട്.
3. പ്രളയ മേഖലയില്‍ പെട്ട ഓരോ കിണറുകളും മലിനമായിരിക്കും എന്ന പൊതു തത്വത്തില്‍ വേണം പ്രവര്‍ത്തനം തുടങ്ങാന്‍.
4. ആദ്യമായി തന്നെ കിണറിന്‍റെ ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം.
5. കിണറുകളില്‍ വെള്ളം കയറിയ സാഹിചര്യമുണ്ടെങ്കില്‍ അത്തരം കിണറുകളിലെ വെള്ളം വറ്റിക്കുക തന്നെ വേണം. അതിനായി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കണം. ഈ സമയത്ത് കിണറില്‍ എന്തെങ്കിലും ഖര മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യണം.
6. കിണറില്‍ നിന്നും വീട്ടിലേക്കുള്ള പൈപ്പുകള്‍ അടക്കണം. മലിനജലം പൈപ്പുകളില്‍ കടക്കാതിരിക്കാനാണ് ഇത്.
7. വെള്ളം പൂര്‍ണ്ണമായി വറ്റിച്ചതിന് ശേഷം കിണറില്‍ നിറയുന്ന വെള്ളമാണ് നമ്മള്‍ ശുദ്ധീകരിക്കുക. വെള്ളം കയറാത്ത കിണറുകളില്‍ വറ്റിക്കേണ്ട ആവശ്യമില്ല.
8. വളരെ വേഗത്തില്‍ ലഭ്യമായ ബ്ലീച്ചിംഗ് പൌഡര്‍ ആണ് നമ്മള്‍ വെള്ളം ശുദ്ധമാക്കാന്‍ ഉപയോഗിക്കുക. ബ്ലീച്ചിംഗ് പൌഡര്‍ വെള്ളത്തില്‍ ലയിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ലോറിന്‍ വാതകമാണ് ജലത്തെ അണുവിമുക്തമാക്കുന്നത്.
9. കിണറിന്‍റെ ഏകദേശം വ്യാസവും, നിലവില്‍ എത്ര ഉയരത്തില്‍ വെള്ളമുണ്ട് എന്നും മീറ്റര്‍ കണക്കില്‍ അളക്കണം. കിണറിന്‍റെ ആഴം അറിയാന്‍ കയറില്‍ കല്ല് കെട്ടി ഇറക്കിയാല്‍ മതിയാകും.
10. ഈ അളവുകളില്‍ നിന്നും കിണറിലെ വെള്ളത്തിന്‍റെ അളവ് കണക്കാക്കാന്‍ സാധിക്കും. അതിനായി 3.14(വ്യാസം)2 (ആഴം) / 4 ചെയ്താല്‍ മതിയാകും. ഇങ്ങനെ ലഭിക്കുന്നത് ക്യുബിക് മീറ്ററില്‍ ഉള്ള വെള്ളത്തിന്‍റെ അളവാണ്. ഇതിനെ 1000 കൊണ്ട് ഗുണിച്ചാല്‍ ലിറ്ററില്‍ ഉള്ള വെള്ളത്തിന്‍റെ അളവ് ലഭിക്കും.
11. ഉദാഹരണം നോക്കാം. 2 മീറ്റര്‍ വ്യാസവും, 10 മീറ്റര്‍ വെള്ളവുമുള്ള ഒരു കിണറില്‍ 3.14*4*10/4 =31.4 ക്യുബിക് മീറ്റര്‍ വെള്ളം ഉണ്ടാകും. അതായത് 31400 ലിറ്റര്‍ വെള്ളം.
12. സാധാരണ 1000ലിറ്റര്‍ വെള്ളം ശുദ്ധമാക്കാന്‍ 2.5ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ വേണം. ഒത്തിരി പഴകിയ തല്ലാത്ത ബ്ലീച്ചിംഗ് പൌഡര്‍ വേണം ഉപയോഗിക്കാന്‍. ഈ തോതില്‍ വേണ്ട പൌഡറിന്‍റെ അളവ് കണ്ടെത്തണം. വളരെ മലിനമായ വെള്ളം ആണെങ്കിൽ 2 ഇരട്ടി ബ്ലീച്ചിങ് പൗഡർ (5gm) ഉപയോഗിക്കണം. ബ്ലീച്ചിങ് പൗഡർ കൈകാര്യം ചെയ്യുന്നവർ ഗ്ലൗ അല്ലെങ്കിൽ ഒരു പ്ളാസ്റ്റിക് കവർ എങ്കിലും കയ്യിൽ ചുറ്റണം. കൂടാതെ അതിൽ നിന്നും ഉയരുന്ന പൊടി ശ്വസിക്കരുത്
13. ഒരു ചെറിയ ബക്കറ്റില്‍ ആവശ്യമായ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു ചെറിയ പേസ്റ്റ് രൂപത്തില്‍ ആക്കണം. ഇതിലേക്ക് പാത്രത്തിന്‍റെ മുക്കാല്‍ ഭാഗം ഇതും വരെ വെള്ളം ഒഴിച്ച് നന്നായി കലക്കണം. എന്നിട്ട് 10 മിനിട്ട് അനക്കാതെ വെക്കുക. സമയം കഴിയുമ്പോള്‍ മുകളില്‍ ഉള്ള തെളിഞ്ഞ വെള്ളം മാത്രം വേറെ ഒരു തൊട്ടിയില്‍ എടുക്കുക. അടിയില്‍ ഉള്ള അവശിഷ്ടങ്ങള്‍ കളയണം.
14. ഈ തൊട്ടി കയറില്‍ കെട്ടി കിണറിലേക്ക് ഇറക്കണം. വെള്ളത്തിന്‍റെ ലെവലിലും താഴെ എത്തിക്കണം,എന്നിട്ട് തൊട്ടി ഉപയോഗിച്ച് തന്നെ മുകളിലേക്കും താഴേക്കും അനക്കുക. വെള്ളം നല്ലരീതിയില്‍ മിക്സ് ആവാനാണ് ഇങ്ങനെ ചെയ്യുന്നത്.
15. ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം വെള്ളം ഉപയോഗിക്കാം. വെള്ളം സുരക്ഷിതം ആവണമെങ്കില്‍ ക്ലോറിന്‍റെ അളവ് ഒരു ലിറ്ററില്‍ 0.5mg വേണം. നമ്മുടെ സാഹിചര്യത്തില്‍ ഇത് കണക്കാക്കാന്‍ ബുദ്ധിമുട്ട് ആയതുകൊണ്ട് ,വെള്ളം തിളപ്പിച്ച് തന്നെ ഉപയോഗിക്കുക. ഒന്ന് രണ്ടു മിനിട്ടുകള്‍ എങ്കിലും തിളപ്പിച്ചതിനു ശേഷം വേണം വെള്ളം ഉപയോഗിക്കാന്‍.
16. വെള്ളം ശുദ്ധമാക്കിയതിനു ശേഷം, പമ്പ് ഉപയോഗിച്ച് വെള്ളം ടാങ്കില്‍ നിറയ്ക്കണം. ടാപ്പുകള്‍ തുറന്നു പൈപ്പുകളില്‍ കെട്ടികിടക്കുന്ന പഴയ വെള്ളം ഒഴുക്കി കളയണം. വെള്ളത്തില്‍ നിന്നും ക്ലോറിന്‍റെ മണം വരുന്നത് വരെ വെള്ളം ഒഴുക്കി കളയുക. ഇതിനു ശേഷം ടാപ്പുകള്‍ പൂട്ടി 12മണിക്കൂര്‍ വെക്കുക, ഇങ്ങനെ ചെയ്യുന്നത് വഴി ടാങ്കും ,പൈപ്പ് ലൈനും അണുവിമുക്തമാകും.
17. വെള്ളമെടുക്കുന്ന പാത്രങ്ങളും മറ്റും ഇതുപോലെ വെള്ളം കയറി മലിനം ആയിരിക്കും. അതും ബ്ലീച്ചിംഗ് പൌഡര്‍ ലായനി ഉണ്ടാക്കി അതില്‍ 30 മിനിട്ട് മുക്കി വെച്ചാല്‍ അണുവിമുക്തമാക്കാം.ബ്ലീച്ചിങ് ലായനി ഉണ്ടാക്കാൻ 6 ടീ സ്പൂൺ പൗഡർ , ഒരു ലിറ്റർ വെള്ളത്തിൽ കലക്കി 10 മിനിറ്റു വെച്ചതിനു ശേഷം, തെളിഞ്ഞ വെള്ളം മാത്രം വേർതിരിച്ചു ഉപയോഗിക്കാം.
അവലംബം: WHO , CDC
തയ്യാറാക്കിയത്: Dr Jithin T Joseph
©Infoclinic
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.