ഹൈപ്പര്‍ടെന്‍ഷന്‍ എങ്ങനെ നിയന്ത്രിക്കാം

ഡോ. സുനില്‍ പ്രശാന്ത്, ഡോ. മുഹമ്മദ് അഫ്രോസ് (ഡിപ്പാര്‍മെന്റ്ഓഫ് ജനറല്‍ മെഡിസിന്‍ മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട്)
 

നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് സര്‍വ്വസാധാരണമായ ഒരുരോഗമായി മാറിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ ഹൈപ്പര്‍ടെന്‍ഷന്‍. അതുകൊണ്ട് തന്നെ ബി.പി 140/90ന് മുകളിലേക്ക് ഉയരുന്നത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്നു. എല്ലാവര്‍ഷവും മെയ് 17 ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനമായിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷ്യം ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ച് ലോകത്തെ അറിയിക്കുക എന്നതും ഇതിനെ പ്രതിരോധിക്കുകയുമാണ്. 

ഇത്തവണത്തെ ഹൈപ്പര്‍ടെന്‍ഷന്‍ പ്രമേയം'നിങ്ങളുടെ നമ്പര്‍ അറിയുക'(നൊ യുവര്‍ നമ്പേഴ്‌സ്) എന്നതാണ്. ഓരോരുത്തരും ബി.പി പരിശോധിക്കേണ്ടതിന്റെ അനിവാര്യത ഇത് ഉയര്‍ത്തിക്കാണിക്കുന്നു. കേരളത്തിലെ മധ്യവയസ്‌ക്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ രക്തസമ്മര്‍ദ്ദം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ഇത് നിയന്ത്രണവിധേയമാക്കാവുന്നതാണ്.


ഹൃദയം ചുരുങ്ങി രക്തത്തെ മഹാധമനിയിലേക്ക് ശക്തമായി പമ്പ് ചെയ്യുന്നതാണ് രക്തസമ്മര്‍ദ്ദത്തിന് പ്രധാന കാരണം. ശരീരത്തിൻെറ എല്ലാ ഭാഗങ്ങളിലുമായി കോടാനുകോടി സൂക്ഷമരക്തലോമികകളാണുള്ളത്. സൂക്ഷ്മരക്തക്കുഴലുകള്‍ സങ്കോചിച്ചിരുന്നാൽ മാത്രമേ രക്തക്കുഴലുകളിൽ ആവശ്യത്തിന് രക്തസമ്മര്‍ദ്ദം ഉണ്ടാവുകയുള്ളൂ. സാധാരണഗതിയിൽ ശരീരത്തിലെ കുറെ ആര്‍ട്ടീരിയോളുകളും അടഞ്ഞ നിലയിൽ തന്നെയാണ് ഉണ്ടാവുക. വികസിച്ചവയും ഉണ്ടാകും. കൂടുതൽ ആര്‍ട്ടീരിയോളുകളുടെ ഈ വികാസത്തോതിനെ പെരിഫറൽ റസിസ്റ്റന്‍സ് എന്നാണ് പറയുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് ഈ പെരിഫറൽ റെസിസ്റ്റന്‍സാണ്.

രക്തസമ്മര്‍ദ്ദം ഇങ്ങനെയൊക്കെയാണെങ്കിലും ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നത് രക്തസമ്മര്‍ദ്ദമാണ്. ഇത് ഒരുപരിധിയിലധികമാകുമ്പോള്‍ മാത്രമാണ്‌ രോഗാവസ്ഥയാകുന്നത്. സാധാരണനിലയിൽ ലക്ഷണങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയാത്തതാണ് രക്തസമ്മര്‍ദ്ദം. അതായത് ഇതിന്റെ ലക്ഷണങ്ങള്‍ പലതും പ്രകടമാകില്ല. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം വല്ലാതെ കൂടി ഏതെങ്കിലും അവയവങ്ങളെ ബാധിക്കുന്ന രീതിയിൽ അപകടാവസ്ഥയിലെത്തുമ്പോഴാണ് രക്തസമ്മര്‍ദ്ദമാണെന്ന്​  മനസ്സിലാകുന്നത്. 


അപ്പോഴേക്കും ചികിത്സ ഫലിക്കാത്ത നിലയിലെത്തിയിട്ടുണ്ടാവും. 120/80 ആണ് പൊതുവെ അംഗീകരിച്ചുള്ള സുരക്ഷിതമായ രക്തസമ്മര്‍ദ്ദം. ഇത് 129/89 എന്നതിലേക്ക് നീങ്ങുന്നുവെങ്കിൽ അമിത രക്തസമ്മര്‍ദ്ദം എന്ന രോഗാവസ്ഥയിലേക്ക് നീങ്ങുന്നതിൻെറ ലക്ഷണമാണ്. സാധാരണ നിലയിൽ തലവേദന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാവണമെന്നില്ല. എന്നാൽ നമ്മള്‍ അവഗണിക്കുന്ന തലവേദന ചില സമയത്ത് രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാകും. 

തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവിൽ കുറവ് സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ തലവേദനയുണ്ടാകുന്നത്. മൂക്കിൽ നിന്നും രക്തം വരുന്നതും രക്തസമ്മര്‍ദ്ദത്തിൻെറ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ്. കണ്ണുകളിലെ വേദനയെ നമ്മള്‍ പലപ്പോഴും കമ്പ്യൂട്ടറിനെ കുറ്റം പറയാറാണ് പതിവ്. എന്നാൽ നമ്മള്‍ അവഗണിക്കുന്ന ഈ വേദന രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ സൂചനയാവാം. ശാരീരികവും മാനസികവുമായ ക്ഷീണം എപ്പോഴും ഉണ്ടാവുന്നത് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന തോതിലാണ് എന്നതിന്റെ ലക്ഷണമാണ്. പലപ്പോഴും നെഞ്ചുവേദനയെയും ചുമയെയും ഹൃദയവുമായി ബന്ധപ്പെട്ട് അസുഖമായിട്ടാണ് കണക്കാക്കാറുള്ളത്. എന്നാൽ ഇത് രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമായും പ്രകടമാകാറുണ്ട്. രക്തസമ്മര്‍ദ്ദ പരിശോധനയിലൂടെ മാത്രമേ ഇതിന്റെ അളവും ഗൗരവവും കണ്ടെത്താനാകൂ.


രക്തസമ്മര്‍ദ്ദം കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

കറിയുപ്പിന്റെ അളവ് നിയന്ത്രിക്കുക
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് കറിയുപ്പിനുണ്ട്. ഭക്ഷണത്തില്‍ ഒരാള്‍ക്ക് ഒരു ദിവസം 6 ഗ്രാമില്‍ കുറവ് മാത്രമേ കറിയുപ്പ് ആവശ്യമുള്ളൂ. എന്നാല്‍ ഇന്നത്തെ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ കാരണം പന്ത്രണ്ട് ഗ്രാം വരെ ഉപ്പാണ് ഒരാള്‍ അകത്താക്കുന്നത്. ഉപ്പ് കൂടുതല്‍ അടങ്ങിയിട്ടുള്ള പപ്പടം, അച്ചാറ്, ഉണക്കമീന്‍, ടിന്‍ ഫുഡ് എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ആവശ്യമെങ്കില്‍ കറിയുപ്പിന് പകരം ഇന്തുപ്പ് (പൊട്ടാസ്യം ക്‌ളോറൈഡ്) ഉപയോഗിക്കാം. ഇന്തുപ്പില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു. 

മത്സ്യം കറിവെച്ച് കഴിക്കുക
കടല്‍ മത്സ്യങ്ങളായ മത്തി,അയല, ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറക്കാൻ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മത്സ്യങ്ങളിലടങ്ങിയിരിക്കുന്ന ഒമേഗ 3 രക്തസമ്മര്‍ദ്ദം കുറക്കുന്നത് കൂടാതെ ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യുന്നു.

ഡയറ്റ്
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനുള്ള ശാസ്ത്രീയമായ ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (ഡയട്രി അ്‌പ്രോച്ച് ടു സ്‌റ്റോപ് ഹൈപ്പര്‍ടെന്‍ഷന്‍). അതായത് ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്, മത്സ്യം, പരിപ്പുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, കാത്സ്യം എന്നിവ രക്തസമ്മര്‍ദ്ദം കുറക്കുന്നു. അതോടൊപ്പം ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും രക്തസമ്മര്‍ദ്ദം കുറക്കുന്നു. 

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക
പുകവലിയും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത് വര്‍ജിക്കേണ്ടത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്.


മദ്യംവര്‍ജിക്കുക, കാപ്പിയുടെ ഉപയോഗം കുറയ്ക്കുക
അമിത മദ്യപാനം രക്തസമ്മര്‍ദ്ദം കൂട്ടും. അതിനാല്‍ മദ്യപാനികള്‍ ഇത് വര്‍ജിക്കാത്തിടത്തോളം രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകില്ല. അമിതമായി കാപ്പി കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുമെന്നതിനാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ കാപ്പികുടി കുറക്കേണ്ടതാണ്.

ശരീരഭാരംകുറക്കുക
പൊണ്ണത്തടിയുള്ളവരില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെ ഇവരില്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. പത്ത് കിലോഗ്രാം ശരീരഭാരം കുറയുമ്പോള്‍ ഏകദേശം 5 മുതല്‍ 20 വരെ രക്തസമ്മര്‍ദ്ദം കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആഹാരനിയന്ത്രണത്തിലൂടെയുംചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിക്കാവുന്നതാണ്. ഇത് മൂലം രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനും നിയന്ത്രിച്ച് നിര്‍ത്തുവാനും സാധിക്കുന്നു.

ചിട്ടയായ വ്യായാമം
ചിട്ടയായ വ്യായാമത്തിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സാധിക്കും. നടത്തം, ജോഗിങ്, നീന്തല്‍, നൃത്തം എന്നിവയെല്ലാം ഇതില്‍പ്പെടുന്നു. ദിവസവും രാവിലെ കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കേണ്ടതാണ്. വ്യായാമത്തിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാകുന്നതോടൊപ്പം തന്നെ ഹൃദ്രോഗം, പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി എന്നിവയെയും നിയന്ത്രിക്കുന്നു. എന്നാല്‍ ഹദ്രോഗികള്‍ മറ്റ് അസുഖമുള്ളവര്‍ എന്നിവർ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാന്‍ പാടുള്ളൂ.




 

 

Tags:    
News Summary - hypertension- health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.