പുനെ: ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്ത്രക്രിയ പുനെയിൽ ഇന്ന് നടക്കും. ഗർഭാശയമില്ലാത്ത 21 കാരിയായ യുവതിക്ക് അമ്മയുടെ ഗർഭാശയം മാറ്റിവെക്കുകയാണ്. പുനെയിലെ ഗാലക്സി കെയർ ലാപ്രോസ്കോപ്പി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ശസ്ത്രക്രിയ നടത്തുന്നത്. 12 ഡോക്ടർമാരടങ്ങിയ സംഘം ശസ്ത്രക്രിയ ആരംഭിച്ചു.
എട്ടു മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയയാണ് നടക്കുന്നതെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ലാപ്രോസ്കോപ്പിക് വിദ്യയിലൂടെ അമ്മയുടെ ഗർഭാശയം എടുത്ത് മകളിലേക്ക് വെക്കുകയാണ് ചെയ്യുന്നത്. കുറച്ചുമാസങ്ങളായി ശസ്ത്രക്രിയക്ക് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ആശുപത്രി. ഏഴ്–എട്ട് ലക്ഷം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവ്.
അഞ്ചുവർഷത്തേക്ക് ഗർഭാശയം മാറ്റി വെക്കൽ ശസ്ത്രക്രിയ നടത്താൻ ആശുപത്രിക്ക് മഹാരാഷ്ട്ര ഡയറക്ടറേറ്റ് ഒാഫ് ഹെൽത്ത് സർവീസ് ഏപ്രിലിൽ ലൈസൻസ് നൽകിയിട്ടുണ്ട്. വിജയിച്ചാൽ െഎ.വി.എഫ് ചികിത്സ വഴി ഗർഭാശയ സ്വീകർത്താവിന് ഗർഭം ധരിക്കാനാകുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകുന്ന ഡോക്ടർ പുൻതംബേകർ അറിയിച്ചു.
2012ൽ സ്വീഡനിലാണ് ആദ്യമായി ഗർഭാശയം മാറ്റിവെച്ചത്. മാറ്റിവെച്ച ഗർഭാശയത്തിൽ ആദ്യമായി കുഞ്ഞുണ്ടായത് 2014ലാണ്. ശസ്ത്രക്രിയ വഴി പുറത്തെടുത്ത കുഞ്ഞ് ആരോഗ്യവാനാണെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ലാൻസെറ്റ് പറയുന്നു.
എന്നാൽ, പുനെ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നടത്തുന്നതെന്ന് സ്വീഡനിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിച്ച ഡോക്ടർ ആരോപിച്ചു. രോഗിയെ അപകടത്തിലേക്ക് തള്ളിയിട്ട് നടത്തുന്ന ഇൗ ശസ്ത്രക്രിയയുടെ ലക്ഷ്യം പേരുണ്ടാക്കൽ മാത്രമാണെന്നും ഡോ. മാറ്റ്സ് ബ്രാൻസ്റ്റോം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ദാതാവിൽ നിന്ന് ഗർഭാശയം എടുക്കുന്ന ശസ്ത്രക്രിയ 10 മുതൽ 13 മണിക്കൂർ സമയമെടുക്കുമെന്നും സ്വീകർത്താവിൽ നടത്തുന്ന ശസ്ത്രക്രിയ ആറുമണിക്കൂറുമെടുക്കുമെന്നും ഡോ.ബ്രാൻസ്റ്റോം പറഞ്ഞു. അതേസമയം ആറു മണിക്കൂർ കൊണ്ട് ഗർഭാശയം എടുത്ത് രണ്ടു മണിക്കൂറിൽ പുതിയ ആളിൽ തുന്നിപ്പിടിപ്പിക്കാമെന്നാണ് പുനെയിലെ ഡോക്ടർമാർ അവകാശപ്പെടുന്നത്.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ ചൈനയിലും അേമരിക്കയിലും നടത്തിയ ശസ്ത്രക്രിയ പരാജയമായിരുന്നെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.