പ്രശസ്തമായ വനിത സംരംഭത്തിലേക്ക് ഒരു ദിവസം ക്ഷണം കിട്ടി. അവരുടെ ഓഫിസിൽെവച്ച് നടത്താൻ തീരുമാനിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനും അതോടനുബന്ധിച്ച് ഒരു ക്ലാസെടുക്കാനും...ക്ലാസെടുക്കേണ്ട വിഷയം, അവരിൽ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമായ തലവേദന തന്നെ. കേൾക്കുമ്പോൾ വളരെ ലഘുവായി തോന്നുമെങ്കിലും ശരിയായ ഒരു അവബോധം ആവശ്യമാണെന്ന് അവർക്കുതന്നെ തോന്നിയത്രേ. ആലോചിച്ചപ്പോൾ തോന്നി അവരുടെ ആവശ്യം വളരെ ശരിയാണെന്ന്. ഒരു ഡോക്ടറുടെ ചികിത്സാജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗലക്ഷണങ്ങളിലൊന്നാവാം ഒരുപേക്ഷ തലവേദന. ഒരിക്കെലങ്കിലും ഇത് അനുഭവിക്കാത്ത ഒരാളും ഉണ്ടാവില്ല. കൂട്ടത്തിൽ മുൻനിരയിൽ ഇരുന്ന ഒരു യുവതി മൈഗ്രേൻ അഥവാ ചെന്നിക്കുത്തിനെക്കുറിച്ചു കൂടുതൽ അറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ക്ലാസ് എന്നതിലുപരി തുറന്ന ചർച്ചയായിരുന്നു അവർക്കാവശ്യം.
തലവേദന ഒരു രോഗമാവാം, രോഗലക്ഷണവുമാവാം. ഇതിെൻറ അടിസ്ഥാനത്തിൽ തലവേദനയെ തിരിക്കാം. ഒരു രോഗമായി വരുന്നതിനെ പ്രൈമറി ഹെഡ്എയ്ക്ക് (primary headache) എന്നു പറയാം. നമ്മുടെ ശരീരത്തെ ബാധിക്കുന്ന മുന്നൂറിൽ കൂടുതൽ രോഗങ്ങളുടെ ലക്ഷണമായി തലവേദന വരാം. ഇതിനെ സെക്കൻഡറി ഹെഡ്എയ്ക്ക് (secondary headache) എന്നും വിളിക്കാം.
എന്താണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്?
ജീവിതം ദുരിതമാക്കിത്തീർക്കുന്ന ഇൗ തലവേദനയുടെ കോംപ്ലിക്കേഷൻസ് സങ്കീർണമാണ്. മാസത്തിൽ രണ്ടോ മൂന്നോ തവണ വരുക, ഛർദി കാരണം കിടപ്പിലാവേണ്ടിവരുക, കണ്ണിൽ ഇരുട്ടുകയറുക, ജനസമ്പർക്കം ഇല്ലാതാവുക എന്നിവയൊക്കെ ഉണ്ടാകാം. ഒരാളുടെ ഒന്നോ രണ്ടോ മൂന്നോ പ്രവൃത്തിദിവസങ്ങൾ നഷ്ടപ്പെടുത്താവുന്ന തരം രോഗംതന്നെയാണ് മൈഗ്രേൻ. നമ്മുടെ തലച്ചോറിെൻറയും അതിലെ രക്തക്കുഴലുകളുടെയും വികസനം, അതിലെ രാസപ്രവർത്തനം (neurotransmitters) എന്നിവയിൽ വരുന്ന വ്യതിയാനമാണ് മൈഗ്രേൻ കാരണമായി പറയുന്നത്.
എെൻറ തലവേദന മൈഗ്രേൻ കാരണേമാ?
ദൈർഘ്യമുള്ള ഏതു തലവേദനയും മൈഗ്രേൻ ആണെന്ന് പറയാനാവില്ല. കപാലത്തിൽ ഉണ്ടാവുന്ന കുരു മുതൽ തലച്ചോറിലെ മുഴകൾ വരെ തലവേദനയുടെ രൂപത്തിൽ വരാം. അതിനാൽ കൊടിഞ്ഞിപോലുള്ളവയെ കൃത്യമായി വേർതിരിച്ചറിഞ്ഞ് തക്കതായ ചികിത്സ നൽകേണ്ടത് അനിവാര്യമാണ്.
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മൈഗ്രേൻ വന്നുകൊണ്ടിരിക്കുന്നു
പ്രത്യേക സാഹചര്യങ്ങളാണ് മൈഗ്രേൻ ഉണ്ടാക്കുന്നത്. രോഗനിർണയം എളുപ്പമാണ്. രോഗി പറയുന്ന ലക്ഷണങ്ങളും ശാരീരിക പരിശോധനയുംതന്നെ ധാരാളം. ചിലർ എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയൊക്കെ ചെയ്യിക്കുമോ എന്ന് ഭയന്ന് ഡോക്ടറെ കാണിക്കാതെ വേദനസംഹാരികൾ ഉപയോഗിച്ച് സ്വയം ചികിത്സ തേടാറുണ്ട്. അതത്ര നന്നല്ല.
മൈഗ്രേൻ എത്ര തരം?
തലവേദന വരുന്നതിനു മുമ്പുതന്നെ ചില അസ്വാസ്ഥ്യങ്ങൾ പ്രകടമാകും. വിഷാദം, ചിലപ്പോൾ ഒരുതരം ഉന്മാദം, അതുമല്ലെങ്കിൽ ഒരുതരം പനി വരുന്നപോലെയോ ശരീരവേദന പോലെയോ ഒക്കെ വരാം. ഇവയെ പ്രോഡ്രോം (prodroms) എന്നുപറയാം. അടുത്തതായി കാണപ്പെടുന്നതാണ് ഓറ (aura ). ‘ഓറ’യോടുകൂടി വരുന്ന തലവേദനയെ ക്ലാസിക്കൽ മൈഗ്രേൻ (classical migraine) എന്നു പറയാം. പ്രകാശം മിന്നിമറയുന്നപോലെ, ചിലപ്പോൾ നാം കാണുന്ന കാഴ്ച പകുതി മിന്നിമറയുന്നപോലെ (hemianopia), അല്ലെങ്കിൽ ഒരു പ്രത്യേക ഭാഗത്തു (നടുവിൽ) മാത്രം (central scotoma) കാണാതാവുക അതുമല്ലെങ്കിൽ കൈവെള്ളയിൽ നീറുന്ന പോലെ തോന്നുക, ചെറിയ കൊമ്പുകൾ ഉപയോഗിച്ച് കുത്തുന്നപോലെ തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് ക്ലാസിക്കൽ മൈഗ്രേൻ ആണ്. ഇത്തരം ഒാറ കാണിക്കാത്തതാണ് കോമൺ മൈഗ്രേൻ.
സ്ത്രീകളിലാണോ കൂടുതലായി ചെന്നിക്കുത്ത് കണ്ടുവരുന്നത്? മാസമുറയുമായി ഇതിനു ബന്ധമുണ്ടോ?
മൈഗ്രേൻ സ്ത്രീകളിൽ കൂടുതലായി കാണപ്പെടാറുണ്ട്. മൈഗ്രേൻ വരാറുള്ളവർക്ക് മാസമുറ സമയത്ത് തലവേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. സ്ത്രീഹോർമോണായ ഈസ്ട്രോജനുമായി ചെന്നിക്കുത്തിനു ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ചിലർക്ക് ആർത്തവവിരാമത്തോടെ ഇൗ തലവേദന കുറയാറുമുണ്ട്. ചിലർക്ക് 50 വയസ്സിനുശേഷവും മൈഗ്രേൻ വരാം. ചെന്നിക്കുത്തുള്ളവർ ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. ഈസ്ട്രജനും പ്രൊജസ്റ്റിറോണും (combined oral contraceptive pills) അടങ്ങിയ ഗർഭനിരോധന മാർഗങ്ങൾ ചെന്നിക്കുത്ത് ഉള്ളവരിൽ പക്ഷാഘാതംപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. എന്നാൽ, പ്രൊജസ്റ്റിറോൺ (progesterone only pills) മാത്രമുള്ളവ ഉപയോഗിക്കാവുന്നതാണ്.
ഡോക്ടറുടെ അടുത്തെത്തുന്നതിനു മുമ്പ് തയാറെടുപ്പ് വേണോ?
ഒരിക്കൽ തലവേദനക്ക് കാരണമായത് ആയിരിക്കില്ല അടുത്ത പ്രാവശ്യത്തെ കാരണം. അതുകൊണ്ട് ഇടക്കിെട വേദന ഉള്ളവർ ഒരു മൈഗ്രേൻ ഡയറി കൈവശംവെച്ച് അതിൽ ചില വിശദാംശങ്ങൾ രേഖപ്പെടുത്തണം. എന്നു മുതൽ തുടങ്ങി, ഏതൊക്കെ ദിവസങ്ങളിൽ, സാഹചര്യങ്ങളിൽ, എത്ര നേരം നീണ്ടുനിന്നു, എന്തൊക്കെയായിരുന്നു ലക്ഷണങ്ങൾ, ഇരുട്ടുമുറിയിൽ കിടന്നുറങ്ങിയപ്പോഴാണോ കുറഞ്ഞത് എന്നിങ്ങനെ എന്താണോ അനുഭവപ്പെട്ടത് എന്നത് വ്യക്തമായി കുറിച്ചിടണം. എന്നിട്ട് അത് ഡോക്ടർക്കു മുന്നിൽ അവതരിപ്പിക്കുക. ചുരുക്കത്തിൽ, വ്യക്ത്യധിഷ്ഠിതമായ രോഗലക്ഷണങ്ങളെ മുൻനിർത്തിയാണ് ചികിത്സ.
ഭക്ഷണവുമായി ബന്ധമുണ്ടോ? ഏതെങ്കിലും ആഹാരം വർജിക്കേണ്ടിവരുമോ?
ഓരോരുത്തർക്കും വെവ്വേറെ ലക്ഷണങ്ങളാവാം. ലക്ഷണങ്ങൾ പലതാണ്. കാപ്പി കുടിച്ചാൽ മാറുന്നവരുണ്ട്, എന്നാൽ, കാപ്പി തന്നെ കാരണമായിട്ടുള്ളവരുമുണ്ട്. ഛർദിച്ചാൽ വേദന കൂടുന്നവരുണ്ട്, കുറയുന്നവരുമുണ്ട്. ചീസ്, ചോക്ലറ്റ് , മദ്യം (റെഡ് വൈൻ), ഐസ്ക്രീം, മിഠായികൾ എന്നിവയൊക്കെ ചിലർക്ക് മൈഗ്രേൻ ഉണ്ടാവാനുള്ള കാരണമാവാറുണ്ട്.
ഇതൊരു പാരമ്പര്യരോഗമാണോ?
അങ്ങനെ പറയാം. പലർക്കും ചെറുപ്രായത്തിൽതന്നെ കണ്ടുവരാറുണ്ട്. ഇങ്ങനെയുള്ളവർക്ക് പലപ്പോഴും കുടുംബത്തിൽ അച്ഛനമ്മമാർക്കോ സഹോദരങ്ങൾക്കോ മൈഗ്രേൻ ഉണ്ടാവാം. അച്ഛനമ്മമാരിൽ ഒരാൾക്ക് ഉണ്ടെങ്കിൽ കുഞ്ഞിന് 40-50 ശതമാനം വരെ സാധ്യതയുണ്ട്. എന്നാൽ, രണ്ടുപേർക്കും ഉണ്ടെങ്കിൽ 70 ശതമാനം വരെ സാധ്യതയുണ്ട്. കുട്ടികളിൽ തലവേദനയുടെ മുന്നോടിയായി വയറുവേദന (abdominal aura) കാണാറുണ്ട്.
മൈഗ്രേന് മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടോ? വേദനസംഹാരികൾ വേദനയുള്ളപ്പോൾ കഴിച്ചാൽ പോരേ?
തെറാപ്പിയുട്ടിക്ക് ട്രയലാണ് ഞാൻ സാധാരണയായി ചെയ്തുവരാറ്. അതായത് പാരസെറ്റമോൾ, ആസ്പിരിൻ തുടങ്ങിയവ വേദനകൾ മാറ്റുവാൻ ഉപയോഗിക്കുന്ന ഗുളികകളാണ്. നാലോ അതിൽക്കൂടുതലോ തവണ ഒരു മാസത്തിൽ വരുകയോ, 12 മണിക്കൂറിൽക്കൂടുതൽ വേദന നീണ്ടാലോ, വേദനസംഹാരികൾ ഉപയോഗിക്കുന്നില്ലെങ്കിലോ ഓറ വളരെയധികം നീണ്ടുനിന്നാലോ ചെന്നിക്കുത്തിന് പ്രത്യേകമായ ഗുളികകൾ കൊടുത്തുതുടങ്ങാം. ആറുമാസം പ്രിവൻറിവ് ട്രീറ്റ്മെൻറ് കൊടുത്ത് കുറവുണ്ടെങ്കിൽ പതുക്കപ്പതുക്കെ കുറച്ചുകൊണ്ടുവരാം.
എന്തൊക്കെയാണ് കോംപ്ലിക്കേഷനുകൾ?
രോഗംമൂലം ചില കോംപ്ലിക്കേഷനുകൾ ഉണ്ടാകുന്നു.
സ്റ്റാറ്റസ് മൈഗ്രേനോസുസ്: 72 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തലവേദനയാണിത്.
മൈഗ്രേനുസ് ഇൻഫാർക്ഷൻ: തലച്ചോറിലെ രക്തക്കുഴൽ അടഞ്ഞപോലെ, ചിലർക്ക് മൈഗ്രേൻ ഉള്ള സമയത്ത് പക്ഷാഘാതംപോലെ വരാം (familial hemiplegic migraine).
വേദനസംഹാരികൾ നെഞ്ചെരിച്ചിൽ, ഓക്കാനം, ഛർദി എന്നിവ ഉണ്ടാക്കാം. ചിലപ്പോൾ മരുന്നുകൾ നിശ്ചിതകാലയളവിൽ കഴിച്ച് നിർത്തിയാൽ വീണ്ടും തലവേദന വരാം (rebound phenomenon). ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ വേദനസംഹാരികൾ വാങ്ങിക്കഴിക്കുന്ന ശീലവും ദൂഷ്യഫലങ്ങളുണ്ടാക്കും. വേദനസംഹാരികൾ കരൾ, കിഡ്നി എന്നീ രോഗമുള്ളവർ ഉപയോഗിക്കരുത്.
ജീവിതശൈലിക്ക് പ്രാധാന്യമുണ്ട്
റിലാക്സേഷനുകളിൽ ഏർപ്പെടുക, ഉറക്കം ഒഴിക്കാതിരിക്കുക, മദ്യം ഉപേക്ഷിക്കുക തുടങ്ങിയവ ഉപകാരപ്പെടും.
േഡാ. സ്മിത മേനോൻ
അസിസ്റ്റൻറ് സർജൻ
സി.എച്ച്.സി, ബേഡഡുക്ക, കാസർകോട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.