‘വ്യാജ വൈദ്യനാൽ എയ്ഡ്‌സ് ബാധിച്ച നിർഭാഗ്യവാനായ പയ്യൻ’; ലോക എയ്‌ഡ്‌സ് ദിനത്തിൽ ഒരു ഡോക്ടറുടെ അനുഭവക്കുറിപ്പ്

മറ്റൊരു ലോക എയ്‌ഡ്‌സ് ദിനം കൂടി കടന്നുവരുമ്പോൾ എച്ച്.ഐ.വി ബാധിതനായ ഏഴോ എട്ടോ വയസ് മാത്രം പ്രായമുള്ള നിഷ്കളങ്കനായ ഒരു പയ്യന്‍റെ മുഖവും രൂപവും 18 വർഷങ്ങൾക്കിപ്പുറവും എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. നമുക്ക് അറിയാവുന്ന പോലെ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടാണ് ഈ കുഞ്ഞുങ്ങൾ എച്ച്.ഐ.വി ബാധിതരാവുന്നത്. ഇവന്‍റെ കഥയും മറിച്ചല്ല.

എന്‍റെ പി.ജി പഠനകാലത്ത് കണ്ടാൽ എല്ലും തോലും മാത്രം അവശേഷിക്കുന്നത് പോലെ വളരെ ശോഷിച്ച ശരീരമുള്ള ഒരു പയ്യനെയും കൊണ്ട് പൊണ്ണത്തടിയുള്ള അവന്‍റെ മാതാപിതാക്കൾ ഒ.പിയിലേക്ക് കടന്നുവന്നു. ചുമയും പനിയും ആയിരുന്നു അവന് എന്നാണ് എന്‍റെ ഓർമ്മ. സ്റ്റെതെസ്കോപ്പ് നെഞ്ചത്ത് വെച്ചപ്പോൾ അതിനുള്ളിൽ പലവിധ ബഹളങ്ങളും ഇരമ്പലുകളും എനിക്ക് കേൾക്കാൻ കഴിഞ്ഞു. അവിടെ അന്ന് ലഭ്യമായിരുന്ന മരുന്നുകൾ കുറിച്ചു കൊടുത്തു. പരിശോധനക്കിടയിൽ മാതാപിതാക്കളോട് ഇവൻ എന്താണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിക്കാനും മറന്നില്ല. അവന് നല്ല വണ്ണമുണ്ടായിരുന്നെന്നും ക്ഷീണിച്ചു ശോഷിച്ചു തുടങ്ങിയത് ഈയിടെയാണെന്നും അവർ മറുപടി പറഞ്ഞു.

പക്ഷേ എനിക്കെന്തോ അവരുടെ മറുപടി ഒട്ടും തൃപ്തിയായി തോന്നിയില്ല. എവിടെയോ ഒരു പന്തികേട് ഉണ്ടെന്ന തോന്നൽ മനസ്സിനുള്ളിൽ വിങ്ങി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ രാവിലെ വാർഡ് റൗണ്ട്സ് എടുക്കുന്ന സമയത്ത് എന്‍റെ സംശയത്തിന്‍റെ ചുളഴിഞ്ഞു. ഞങ്ങളുടെ യൂണിറ്റ് ചീഫ് ആ കഥ പറഞ്ഞു തുടങ്ങി. മൈസൂർ നഗരത്തിന്‍റെ പ്രാന്ത പ്രദേശത്തെവിടെയോ ആയിരുന്നു പയ്യന്‍റെയും കുടുംബത്തിന്‍റെയും താമസം. അവരുടെ അജ്ഞത കൊണ്ടോ ദാരിദ്ര്യം കൊണ്ടോ അതോ സൗകര്യങ്ങളുടെ അഭാവം കൊണ്ടോ എന്നറിയില്ല, ശരിയാംവണ്ണം ചികിത്സ തേടുന്നതിനു പകരം ഒരു വ്യാജന്‍റെ കൈകളിലാണ് നിരപരാധിയും നിർഭാഗ്യവാനുമായ ഈ കുട്ടി അകപ്പെട്ടത്. ആ വ്യാജൻ അവനു നൽകിയത് ഇഞ്ചക്ഷനാണ്. അങ്ങനെ അയാൾ പലർക്കും ഇഞ്ചക്ഷൻ ചികിത്സ നടത്തിയിട്ടുണ്ട്. ഒരു പക്ഷേ ഇന്നും നടത്തുന്നുണ്ടാവും.

ഒറ്റ പ്രാവശ്യം മാത്രം ഉപയോഗിക്കാവുന്ന സിറിഞ്ചും സൂചിയും ഉപയോഗിക്കുന്നില്ലെന്ന് മാത്രമല്ല, അതിനു പകരം ഓരോ രോഗിയെയും കുത്തിക്കഴിഞ്ഞ് ചൂടുവെള്ളത്തിൽ മുക്കി തന്നാലാവുന്ന വിധം അണുനശീകരണം നടത്തി അടുത്ത രോഗിയിലേക്ക് നീങ്ങും. ഇതായിരുന്നു അയാളുടെ ചികിത്സാ രീതി. എച്ച്.ഐ.വി ബാധിതർക്കും മറ്റ് കാരണങ്ങൾ കൊണ്ടു വരാവുന്ന രോഗ പ്രതിരോധശേഷി കുറയുന്ന അവസ്‌ഥകളിലും കാണുന്ന Pneumocystis carinii pneumonia ആയിരുന്നു അവന്‍റെ അസുഖം. അതിന് Cotrimoxazole ആന്‍റിബയോടിക്, ഞങ്ങളുടെ ചീഫ് എഴുതി കൊടുത്തതോടെ, അവന്‍റെ സ്‌ഥിതി മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറയുകയുണ്ടായി. അവന്‍റെ മാതാപിതാക്കളോ അവനോ ഒരു തെറ്റും ചെയ്യാതെയാണ് അവൻ ഒരു എയ്ഡ്‌സ് രോഗിയായി മാറിയത്.

ഒരു കാര്യം ഈ അവസരത്തിൽ എടുത്തു പറയേണ്ടതുണ്ട്. വളരെ അകലെയുള്ള ചന്ദ്രനിലും ചൊവ്വയിലും മനുഷ്യൻ വിജയക്കൊടി പാറിച്ചെങ്കിലും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം രോഗികൾക്കും ചികിത്സയുടെ ആവശ്യാർഥം ആശുപത്രിയിലേകള്ള ദൂരം ഇന്നും വളരെ വലുതാണ്. ഉയർന്ന ആരോഗ്യ സാക്ഷരതയുള്ള കേരളത്തിൽ ജനിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതാമെങ്കിലും മറ്റുള്ള സംസ്ഥ‌ാനങ്ങളിലെ ജനങ്ങൾ ഇന്നും അക്കാര്യത്തിൽ ഹതഭാഗ്യരാണ്. ഗ്രാമങ്ങളിലാണെങ്കിൽ അവിടെ പടർന്നു പന്തലിച്ച വ്യാജന്മാർ മാത്രമാണ് പാവങ്ങളുടെ ആശ്രയം. എത്ര ഗ്രാമങ്ങളിൽ ആണ് മതിയായ ചികിത്സാസൗകര്യവും വാഹന സൗകര്യവും ഇന്നും ഉള്ളത്? ആയുസിന്‍റെ ബലത്തിൽ മാത്രമാണ് ആ പാവങ്ങൾ ഇന്നും രക്ഷപ്പെട്ടു പോരുന്നത്.

പൊതുജനാരോഗ്യത്തിന് നമ്മുടെ സർക്കാർ അഞ്ച് ശതമാനത്തിന് താഴെയാണ് ചെലവഴിക്കുന്നത് എന്നിരിക്കെ ആശുപത്രിയിലേക്കുള്ള ദൂരം എങ്ങനെ കുറയ്ക്കാൻ കഴിയും? ഈയടുത്ത് ചൈനയിൽ ഇരുന്നുകൊണ്ട് മൊറോക്കോയിലുള്ള രോഗിയുടെ സർജറി നടത്തുന്ന വിധത്തിൽ നമ്മുടെ ശാസ്ത്ര സാങ്കേതികവിദ്യയും വിവരസാങ്കേതിക വിനിമയ മേഖലകളും കുതിക്കുന്നത് അഭിമാനപൂർവം കൊണ്ടാടുമ്പോൾ ഇങ്ങനെയുള്ള ഹതഭാഗ്യരെ സ്മരിക്കാതിരിക്കുന്നത് ഒരു അനീതിയാവില്ലേ, മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും.

(സംസ്ഥാന ആരോഗ്യ സേവന വകുപ്പിൽ പീഡിയാട്രീഷ്യനും അസിസ്റ്റന്‍റ് സർജനുമാണ് ലേഖിക)

Tags:    
News Summary - World Aids Day 2024: Unfortunate boy infected with 'AIDS' by fake doctor; A doctor's Experience note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.