cannabis 87687

കഞ്ചാവ് വലിക്കുന്ന യുവാക്കളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ആറിരട്ടി കൂടുതലെന്ന് പഠനം

ഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ആറിരട്ടി കൂടുതലെന്ന് പഠനം. 50 വയസിന് താഴെയുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജിയുടെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

46 ലക്ഷം പേരുടെ ഡാറ്റ അവലോകനം ചെയ്താണ് പുതിയ പഠനറിപ്പോർട്ട്. ഹൃദയാഘാതത്തിനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്നതിന് പുറമേ, സ്ട്രോക്കിനുള്ള സാധ്യത കഞ്ചാവ് വലിക്കാരിൽ നാലിരട്ടി കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.

ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടറും ബോസ്റ്റണിലെ സെന്റ് എലിസബത്ത് മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിൻ റസിഡന്റുമായ ഡോ. ഇബ്രാഹിം കാമലിന്‍റെ നേതൃത്വത്തിലാണ് പഠനം നടന്നത്. ആളുകൾ ചികിത്സ തേടി ഡോക്ടറെ കാണുമ്പോൾ സാധാരണയായി 'പുകവലിക്കാറുണ്ടോ' എന്ന് ചോദിക്കുന്നത് പോലെ 'കഞ്ചാവ് വലിക്കാറുണ്ടോ' എന്നും ചോദിക്കേണ്ടതുണ്ടെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ ആരോഗ്യാവസ്ഥയും ഹൃദയ സംബന്ധമായ അപകടസാധ്യത മനസ്സിലാക്കുന്നതിനും ഇത് ആവശ്യമാണെന്ന് ഇദ്ദേഹം പറയുന്നു.

 

ഇഞ്ചിഞ്ചായി കൊല്ലുന്ന ലഹരി

കഞ്ചാവിലെ ടെട്രഹൈഡ്രോകനാബിനോൾ (ടി.എച്ച്.സി) എന്ന വസ്തുവാണ് അത് ഉപയോഗിക്കുന്നവർക്ക് ഒരു തരം അനുഭൂതി നൽകുന്നത്. കഞ്ചാവ് കത്തിച്ച് ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലെത്തുന്ന ടി.എച്ച്.സി അവിടെ നിന്ന് രക്തത്തിലേക്കും, ശേഷം മസ്തിഷ്കത്തിലേക്കും എത്തും. അതിന് ശേഷമാണ് ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് പോകുന്നത്.

പുകവലിക്കുന്ന രൂപത്തിലല്ലാതെ ഭക്ഷ്യവസ്തുക്കളായ ബിസ്കറ്റ്, ഗമ്മുകൾ, കേക്കുകൾ എന്നിവയുടെ രൂപത്തിലും കഞ്ചാവ് ലഭിക്കും. വായയിലൂടെ ആമാശയത്തിലും അവിടെ നിന്ന് കുടലിലേക്കുമെത്തുന്ന കഞ്ചാവിലെ ടി.എച്ച്.സി ദഹനവ്യവസ്ഥയിലൂടെയാണ് രക്തത്തിലേക്കെത്തുന്നത്. ഇവിടെ നിന്ന് മസ്തിഷ്കത്തിലേക്കും ശേഷം വിവിധ കോശങ്ങളിലേക്കും എത്തും.

കഞ്ചാവിന്റെ നിരന്തരമായുള്ള ഉപയോഗം വളരെ ഗുരുതര പ്രശ്നങ്ങളാണ് മസ്തിഷ്കത്തിനുണ്ടാക്കുന്നത്. ശ്രദ്ധ, പഠനം, ഓർമ, ബുദ്ധി എന്നീ കാര്യങ്ങളെ ഇത് ബാധിക്കും. പെട്ടന്നുള്ള തീരുമാനമെടുക്കൽ, ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. മസ്തിഷ്കത്തിലെ ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ഇതിന് കാരണം.

 

സിഗററ്റ് ഉപയോഗിക്കുന്നരുടെ ശ്വാസകോശത്തിനുണ്ടാകുന്ന അതേ പ്രശ്നങ്ങളാണ് കഞ്ചാവ് വലിക്കുന്നവരുടെ ശ്വാസകോശത്തിനുമുണ്ടാവുക. സ്പോഞ്ച് പോലെയുള്ള ഈ അവയവത്തെ ദഹിപ്പിക്കാൻ പോന്ന ശക്തി കഞ്ചാവിനുണ്ട്.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെയും ടി.എച്ച്.സി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസിക പ്രശ്നങ്ങളും കഞ്ചാവ് സമ്മാനിക്കാറുണ്ട്. ഉത്കണ്ഠ, ചിത്തഭ്രമം, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് പൊതുവേ ഇത്തരക്കാരിൽ കാണപ്പെടുന്നത്. നിരന്തര ഉപയോഗം ഇതിനെ കൂടുതൽ വഷളാക്കും. ബുദ്ധിഭ്രമം (സൈക്കോസിസ്) സ്കിസോഫ്രീനിയ പോലുള്ള മാരക പ്രശ്നങ്ങളാണ് നിരന്തര ഉപയോക്താക്കളെ കാത്തിരിക്കുന്നത്.

കഞ്ചാവിലെ രാസവസ്തുക്കൾ കണ്ണിനുള്ളിലെ മർദ്ദം കുറയ്ക്കും. മൂന്ന് നാല് മണിക്കൂർ വരെ ഇത് നീണ്ടുനിന്നേക്കാം. നിരന്തരം ഇത് ഉപയോഗിക്കുന്നത് കണ്ണിന്റെ മർദ്ദത്തിൽ ഇടക്കിടെ വ്യത്യാസം വരുത്തുകയും അത് ക്രമേണ കോശങ്ങളെയും കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കും. കഞ്ചാവിന്റെ ഉപയോഗം രക്തസംവഹനത്തിന്റെ വേഗതയിൽ വ്യതിയാനങ്ങളുണ്ടാക്കും. വൃഷണത്തിൽ ട്യൂമർ ഉണ്ടാകാനുള്ള സാധ്യത കഞ്ചാവ് വർധിപ്പിക്കുമെന്നും വൃഷണത്തിൽ ക്യാൻസർ വരെ ഉണ്ടാക്കിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - could cannabis break your heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.