കോവിഡിനെ അതിജീവിച്ചെങ്കിലും മഹാമാരി അവശേഷിപ്പിച്ച ‘ലോങ് കോവിഡി’നൊപ്പമാണ് ഇപ്പോൾ മലയാളികളുടെ ജീവിതം. അഞ്ചുവർഷം പിന്നിടുമ്പോഴും കോവിഡ് ഏൽപിച്ച ആരോഗ്യ പ്രശ്ങ്ങളിൽ നിന്നും മലയാളി ഇനിയും പൂർണമായി മോചിതമായിട്ടില്ല. എല്ലാ വൈറസുകളുമേൽപിക്കുന്ന കാലങ്ങൾ നീളുന്ന പരിക്ക് കോവിഡിന്റെ കാര്യത്തിലും തെറ്റിയിട്ടില്ല. ചികുൻഗുനിയ വന്നശേഷവും ആളുകൾ നേരിട്ട പ്രയാസങ്ങൾ ഉദാഹരണം. ഒരുവേള അതിനേക്കാൾ തീവ്രമാണ് കോവിഡ് സൃഷ്ടിച്ച അനുബന്ധ രോഗാവസ്ഥ.
വൈറൽ പനി ബാധിച്ചാൽ പരമാവധി മൂന്നാഴ്ചയാണ് ക്ഷീണകാലം. കോവിഡിലാകട്ടെ തളർച്ചയും ക്ഷീണവും ശരീരവേദനയുമടക്കം പാർശ്വപ്രഹരങ്ങൾ ഇപ്പോഴും തുടരുകയാണ്. പലരിലും പല അളവിൽ എന്നതുമാത്രം. കോവിഡിനെതിരെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഉണർന്നുപ്രവർത്തിക്കുന്നതോടെ ശരീരത്തിൽ ഇൻഫ്ലമേഷൻ (നീർക്കെട്ട്) രൂപപ്പെടും. വൈറസ് ദുർബലമാകുന്നതോടെ നീർക്കെട്ട് ഇല്ലാതാകേണ്ടതാണെങ്കിലും ചിലരിൽ അത് നീണ്ടു നിൽക്കുകയാണ്. ഇതാണ് അനുബന്ധ രോഗാവസ്ഥക്ക് കാരണം. ക്ഷീണം, ശരീരവേദന, ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ചുമ, ശ്വാസംമുട്ടൽ, സന്ധിവേദന, പേശീവേദന, തൊലിപ്പുറത്തുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ നീളുന്നു കോവിഡാനന്തര പ്രശ്നങ്ങളുടെ പട്ടിക.
കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ പഠനത്തിൽ കോവിഡ് പിടിപെട്ട് ആശുപത്രിയിലെത്തിയവരിൽ 32.8 ശതമാനം പേർക്കും രോഗം മാറി ഒരു വർഷത്തിനുശേഷവും കോവിഡാനന്തര പ്രശ്നങ്ങൾ അവശേഷിക്കുന്നുവെന്നാണ് കണ്ടെത്തൽ. 78.3 ശതമാനത്തിന് രോഗം മാറി രണ്ടാഴ്ചക്കുശേഷവും 60.8 ശതമാനത്തിന് ആറാഴ്ച പിന്നിട്ട ശേഷവും ബുദ്ധിമുട്ടുകൾ അവശേഷിച്ചു. ഇതിനുപുറമെ പൊതുവേ അത്ര പ്രശ്നമായി കണക്കാക്കാത്ത എന്നാൽ, വ്യക്തി എന്ന നിലയിൽ പ്രശ്നമായി മാറുന്ന പഴയപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത മസ്തിഷ്ക മന്ദത, ഓർമയില്ലായ്മ, പ്രവർത്തനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയായ്ക, സംസാരിക്കുമ്പോൾ ഉചിതമായ വാക്ക് കിട്ടാതിരിക്കുക തുടങ്ങിയവയും ലോങ് കോവിഡിന്റെ ഭാഗമായി കണ്ടുവരുന്നു.
പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ ‘സഡൻ അഡൽറ്റ് ഡെത്ത്സ് സ്റ്റഡി ഗ്രൂപ്’ എന്ന ഗവേഷകരുടെ സംഘം പഠനം നടത്തിയിരുന്നു. 2021 ഒക്ടോബർ ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ കുഴഞ്ഞുവീണു മരിച്ച 18-45 പ്രായപരിധിയിലുള്ളവരെയാണ് പഠന വിധേയമാക്കിയത്. ഇതിൽ കോവിഡ് ഗുരുതരമായതിനെ തുടർന്ന് ആശുപത്രിവാസം വേണ്ടിവന്നവരിൽ കുഴഞ്ഞുവീണു മരണത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു നാലു മടങ്ങ് കൂടുതലാണെന്ന കണ്ടെത്തലാണ് ഐ.സി.എം.ആർ മുന്നോട്ടുവെക്കുന്നത്. അമിത മദ്യപാനം, തീവ്ര വ്യായാമമുറകൾ എന്നിവ കുഴഞ്ഞുവീണുള്ള മരണത്തിന് കാരണമാകുന്നു. കഠിനമായി വ്യായാമം ചെയ്യുന്ന ഘട്ടങ്ങളിൽ ഹൃദയധമനികളിൽ പൂർണമായോ ഭാഗികമായോ തടസ്സമുണ്ടാകുന്നതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ കുഴഞ്ഞുവീണുള്ള മരണങ്ങൾ കുറവാണെന്നും ഗവേഷണ സംഘം വിലയിരുത്തുന്നു.
കോവിഡ് ശ്വാസനാളിയെയും ശ്വാസകോശത്തെയുമാണ് പ്രധാനമായും ബാധിച്ചത്. ശ്വാസനാളികളിൽ വൈറസ് ഏൽപിച്ച ആഘാതമാണ് പലരിലും വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും തുടരാനുള്ള കാരണവും. എല്ലാ വർഷവും ‘സീസണബിളായി’ ഏറെ നാൾ നീളുന്ന ചുമയും ശ്വാസംമുട്ടലും നേരിടുന്നവരുമുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജിലെ പൾമനോളജി വിഭാഗം നടത്തിയ പഠനത്തിൽ കോവിഡ് നെഗറ്റിവായി മൂന്നുമാസത്തിനു ശേഷവും ശ്വാസംമുട്ടലും ചുമയും തുടരുന്നതായി കണ്ടെത്തിയിരുന്നു.
കോവിഡ് ബാധിച്ച ഒരു വിഭാഗം ആളുകളിൽ ശ്വാസനാളികൾ അമിത പ്രതികരണ ശേഷിയുള്ളതായി. ഇതുമൂലം ആസ്തമയില്ലാത്തവർക്കും ആസ്തമക്ക് സമാനമായ ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടായി. ഇതാണു പലരിലും തുടരുന്നത്. കോവിഡിനു മുമ്പ് അലർജിയും ആസ്തമയും ചികിത്സിച്ചു ഭേദമായവർക്ക് കോവിഡിനുശേഷം ഈ ശാരീരികാവസ്ഥകൾ തിരിച്ചുവരുന്നതും കണ്ടെത്തി.
ലോങ് കോവിഡ് ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. കോവിഡിനെ കുറിച്ചുള്ള അമിത ഭീതിയും ഉത്കണ്ഠയും മൂലമുണ്ടാകുന്ന ‘കോവിഡ്ഫോബിയ’ യാണ് ഇതിലൊന്ന്. പൊതുയിടങ്ങളിൽ എവിടെയെങ്കിലും കൈ തൊട്ടാൽ മിനിറ്റുകളോളം സമയമെടുത്ത് ആവർത്തിച്ച് കൈകഴുകുക, പരിസര പ്രദേശത്ത് ആരെങ്കിലും ചുമച്ചാൽ വൈറസ് തന്റെ ദേഹത്തേക്ക് കടന്നുവെന്ന് ആധിപിടിക്കുക, ആവർത്തിച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാവുക, മാസ്ക് വെച്ചിട്ടുണ്ടെങ്കിലും ആശങ്ക തോന്നുക എന്നിവയാണ് കോവിഡ് കാലത്തെ ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്നത്. കോവിഡ് ബാധയെക്കുറിച്ച ആധിയും ആശങ്കയും പെരുമാറ്റവൈകല്യങ്ങൾക്കിടയാക്കും വിധമുള്ള രോഗപ്പേടിയായി മാറുന്ന അവസ്ഥയാണിത്. കോവിഡ് മാറിയെങ്കിലും മറ്റ് രോഗാവസ്ഥകളെ ചൊല്ലിയുള്ള പേടിയായും ഇതു മാറി.
രണ്ടാം തരംഗത്തിന് ശേഷമാണ് ഇത്തരം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തുതുടങ്ങിയത്. മഹാമാരിയുടെ തുടക്കത്തിൽ കോവിഡിനെ കുറിച്ച് പ്രചരിപ്പിച്ച ജാഗ്രതാ മുന്നറിയിപ്പുകളും വാർത്തകളും മരണങ്ങളടക്കം സ്ഥിതിവിവരക്കണക്കുകളും ഒരു വിഭാഗം ആളുകളിൽ തെറ്റായ മാനസിക ബോധ്യങ്ങൾക്കും ആഘാതങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.
ആവർത്തിച്ച് ഇത്തരം ആശങ്കകളുണ്ടാവുകയും ഉത്കണ്ഠ മറികടക്കാൻ ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നതിന് ഒബ്സസിവ് കമ്പൾസിവ് ഡിസോഡർ (ഒ.സി.ഡി) എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യക്തിസുരക്ഷാ മാർഗങ്ങളെക്കുറിച്ച് ചെറിയ കുട്ടികൾക്ക് ആവർത്തിച്ച് പറഞ്ഞുകൊടുത്തതും തെറ്റായ കാഴ്ചപ്പാടുകൾക്ക് ഇടയാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മുക്തി നേടിയവരിൽ മൂന്നിൽ ഒരാൾക്ക് കോവിഡ് ഉത്കണ്ഠയുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.