റമദാനിൽ എന്തു കഴിക്കണം, എങ്ങനെ കഴിക്കണം?

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമെടുക്കുകയാണ് വിശ്വാസികൾ. കഴിഞ്ഞ വർഷത്തേത് പോലെ ഇക്കുറിയും റമദാൻ കടുത്ത ചൂടുകാലത്താണ് എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അധികരിക്കാൻ സാധ്യതയുണ്ട്. മനസ്സിനും ശരീരത്തിനും ശുദ്ധീകരണം സമ്മാനിക്കുന്ന റമദാനിൽ നോമ്പുതുറ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നത് ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്.

ഇടയത്താഴം

അത്താഴം, ഇടയത്താഴം, സെഹ്റി, സുഹൂർ എന്നിങ്ങനെ പല പേരുകളിൽ പറയപ്പെടുന്ന പുലരിക്ക് മുമ്പുള്ള ഭക്ഷണം കഴിച്ചാണ് വിശ്വാസികൾ നോമ്പിലേക്ക് പ്രവേശിക്കുക. ഉറക്കം മുറിച്ച് ഇടയിൽ എഴുന്നേൽക്കാനുള്ള മടി കൊണ്ട് ഈ ഭക്ഷണത്തിന്റെ കാര്യത്തിൽ ഉപേക്ഷ വിചാരിക്കരുത്. വിശ്വാസികളോട് ഒഴിവാക്കരുത് എന്ന് പ്രവാചകൻ ഉ​പദേശിച്ച ഒരു ഭക്ഷണമാണത്. ആ നേരം കഴിക്കേണ്ടത് എന്ത് എന്ന കാര്യത്തിൽ ശ്രദ്ധവേണം.

അന്നജവും മാംസ്യവും നാരുകളും അടങ്ങിയ ഭക്ഷണമാണ് ഗുണകരം. പയറുവർഗങ്ങൾ, ധാന്യങ്ങൾ, പഴം, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്താൻ ​ശ്രദ്ധിക്കുക. വെള്ളം ഒരുമിച്ച് കുടിക്കാതെ അൽപാൽപമായി ഇടവേളയിൽ കുടിക്കുക. ഈന്തപ്പഴവും ജലാംശമുള്ള തണ്ണിമത്തൻ, കക്കരി, തക്കാളി എന്നിവയിലേതെങ്കിലും കഴിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. പൊറോട്ട, പൂരി, ഖുബൂസ് തുടങ്ങിയ മൈദ കൊണ്ടുള്ള പലഹാരങ്ങളും എരിവും ഉപ്പും പുളിയും ഉള്ള ഭക്ഷണങ്ങളും പരിമിതപ്പെടുത്തുക, തീരെ ഒഴിവാക്കാൻ സാധിച്ചാലും നല്ലത്.

ഹൃദയം തുറക്കുന്ന നോമ്പുതുറ

പകൽ മുഴുവൻ ഭക്ഷണവും ആഗ്രഹങ്ങളുമെല്ലാം ഉപേക്ഷിച്ച വിശ്വാസിക്ക് സന്ധ്യാ നമസ്കാരത്തിന് ബാങ്ക് വിളിക്കുന്നതോടെ ഭക്ഷണങ്ങൾ അനുവദനീയമാവുന്നു. പച്ചവെള്ളവും ഈത്തപ്പഴവും കഴിച്ചാണ് നോമ്പ് തുറക്കേണ്ടത്. പഴങ്ങളും പാനീയങ്ങളും ഉൾപ്പെടുത്താം. ആവിയിൽ വേവിച്ച പലഹാരങ്ങൾ ഉപയോഗിക്കാം. അമിതമായ മധുരം ഉള്ള പാനീയങ്ങൾ ഒഴിവാക്കി പ്രകൃതിദത്ത പഴച്ചാറുകൾ, സൂപ്പുകൾ, കഞ്ഞികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്. ചായയും കാപ്പിയും കുറക്കുക/ഒഴിവാക്കുക, വെജിറ്റബിൾ സൂപ്പ്, റാഗി സൂപ്പ്, തരി കാച്ചിയത്, കൂവപ്പൊടി കാച്ചിയത് തുടങ്ങിയവ ശരീരത്തിന് തണുപ്പ് നൽകും.

നോമ്പുതുറ എന്നു പറയുമ്പോൾ എണ്ണപ്പലഹാരങ്ങളുടെ ചിത്രമാണ് പലരുടെയും മനസ്സിൽ ഓടിയെത്തുക. എണ്ണയിൽ പൊരിച്ച, എരിവും മധുരവും കൂടിയ പലഹാരങ്ങൾ നോമ്പു തുറന്ന ഉടനെ തന്നെ കഴിക്കുന്നത് പരിമിതപ്പെടുത്തുകയാണ് ഗുണകരം.

നോമ്പ് തുറന്ന് മുക്കാൽ-ഒരു മണിക്കൂറിന് ശേഷം കഴിക്കുന്ന ഭക്ഷണവും എണ്ണയും നെയ്യും എരിവും കുറഞ്ഞ രീതിയിൽ ആക്കുന്നതാണ് ശരീരത്തിന് നല്ലത്. വീട്ടിൽ തയാറാക്കിയ ഭക്ഷണമാണ് ഉത്തമം. പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന സാലഡുകൾ, തോരൻ എന്നിവ നിർബന്ധമായും കഴിക്കുക, മലബന്ധം അകറ്റാൻ അത് ഗുണകരമാണ്.

നോമ്പ് തുറക്കും അത്താഴ വിരാമത്തിനുമിടയിൽ പലപ്പോഴായി മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. ചായയും കാപ്പിയും കുടിക്കുന്നത് ശരീരത്തെ നിർജലീകരിക്കുന്നതിന് കാരണമാവും. പകൽ സമയം കഠിനമായ കായികാധ്വാനം വേണ്ട ജോലികളും വ്യായാമങ്ങളും ഒഴിവാക്കണം. ഇഫ്താറിന് ശേഷം മിതമായ വ്യായാമം ആവാം.


(സീനിയർ ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റാണ് ലേഖിക)

Tags:    
News Summary - What to eat and how to eat in Ramadan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.