വേനൽ എന്നു കേൾക്കുമ്പോഴേ പലർക്കും പൊള്ളും. അത്യുഷ്ണം പകൽ സമയത്ത് പുറത്തു പോകുമ്പോഴുള്ള ബുദ്ധിമുട്ടുകൾ, എസി തണുപ്പിനും പുറത്തെ ചൂടിനും ഇടയിൽ മാറിമാറി സമയം ചിലവഴിക്കുമ്പോൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി വേനലുണ്ടാക്കുന്ന വെല്ലുവിളികൾ ഏറെ.രാജ്യമെങ്ങും വേനൽ കനക്കുമ്പോൾ ക്ഷീണം, ഡീഹൈഡ്രേഷൻ, സൂര്യാഘാതം എന്നീ പ്രശ്നങ്ങൾക്കും സാദ്ധ്യയതയേറുന്നു. എന്നാൽ ചില മുൻകരുതലുകൾ പാലിച്ചാൽ ഇതിൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും. ശരീരത്തിലെ ജലാംശവും തണുപ്പും നിലനിർത്തുക, സന്തുലിതമായ ആഹാരം കഴിക്കുക തുടങ്ങിയ മുൻകരുതലുകൾ ആരോഗ്യ പരിപാലനത്തിനായി സ്വീകരിക്കേണ്ടതുണ്ട്. വേനൽക്കാലം ആസ്വാദ്യകരവും ആരോഗ്യകരവുമാക്കാനുള്ള മാർഗങ്ങളിലേക്ക് വഴിചൂണ്ടുകയാണ് അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ വിദഗ്ധർ
തലച്ചൂട് കുറയ്ക്കാൻ
ഡോ. ജെസ്സ്ലിൻ ജോസഫ്, കൺസൾട്ടൻ്റ് ന്യൂറോളജി
ശരീരത്തിനെന്നപോലെ വേനലിൽ തലച്ചോറിനും വേണം അധിക സംരക്ഷണം. ശരീരത്തിൽ വെള്ളം കുറയാതെ സൂക്ഷിക്കുക ഏറെ അത്യാവശ്യം. വെള്ളം കുറയുന്നത് ബൗദ്ധിക പ്രവർത്തനത്തെ ബാധിക്കാം. അതുകൊണ്ട് എപ്പോഴും കൈവശം വയ്ക്കുകയും ദിവസം മുഴുവൻ അല്പാല്പം കുടിക്കുകയും ചെയ്യണം.
ചൂട് തളർച്ചയും തലവേദനയും ഉണ്ടാക്കും. ഇതിനെ പ്രതിരോധിക്കാൻ മതിയായ ഉറക്കം ഉറപ്പുവരുത്തുകയും എയർ കണ്ടീഷണിംഗ്, കൂളിംഗ് ഫാനുകൾ എന്നിവ ഉപയോഗിക്കുക. സ്ഥിരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ, വ്യക്തിഗത മാർഗ്ഗനിർദ്ദേശങ്ങൾക്ക് ആരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
മൂത്രനാളത്തിലെ അണുബാധ തടയാൻ
ഡോ. മുഹമ്മദ് സഹീദ്, കൺസൾട്ടൻ്റ് യൂറോളജി
മൂത്രനാളത്തിലെ അണുബാധ സ്ത്രീകളുടെ മാത്രം പ്രശ്നമാണെന്ന തെറ്റിധാരണ പൊതുവെയുണ്ട്. സ്ത്രീകളിൽ കൂടുതൽ സാധാരണമാണെങ്കിലും, രോഗബാധിതരായ ആരും മൂത്രമൊഴിക്കുമ്പോൾ എരിയുന്ന അസ്വസ്ഥത അനുഭവപ്പെടാം. എന്നാൽ ലക്ഷണങ്ങളെ തിരിച്ചറിയുകയും വേഗത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ ഇതിനെ മറികടക്കാനാകും. അനിയന്ത്രിത മൂത്രമൊഴിക്കൽ, മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, സ്ത്രീകളിൽ അടിവയർവേദന,പുരുഷന്മാരിൽ ജനനേന്ദ്രിയ വേദന എന്നിവ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങളാകാം. ഈ അസ്വസ്ഥതകൾ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാൻ യഥാസമയം ചികിത്സ തേടുക.
കൊടും ചൂടിൽ ചർമ്മം സംരക്ഷിക്കാൻ
ഡോ. ബോബി കോശി, സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജി
വേനൽക്കാലത്ത് സൂര്യപ്രകാശം ആരോഗ്യ കാര്യമായി ഉപയോഗിക്കുന്നവരുണ്ട്. ചർമ സംരക്ഷണത്തിൽ ആശങ്കകൾ ഏറുന്ന കാലമായതിനാൽ ഏറെ ശ്രദ്ധയും കരുതലും ആവശ്യം. ബ്രേക്ക്ഔട്ട്, വരൾച്ച, സൂര്യാഘാതം തുടങ്ങി ചൂടിൽ ഇറങ്ങിയാൽ നേരിടേണ്ട വെല്ലുവിളികൾ ഏറെ. എന്നാൽ ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ വേനൽക്കാലം മുഴുവൻ ചർമ്മത്തിന് തിളക്കം നിലനിർത്താനാകും. വേനലിൽ വിലമതിക്കാനാവാത്തതാണ് സൺസ്ക്രീൻ. SPF 30 അല്ലെങ്കിൽ ഉയർന്ന ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ തിരഞ്ഞെടുക്കുക. പുറത്തുപോകുന്നതിന് അര മണിക്കൂർ മുമ്പ് ഇത് പുരട്ടാം. ഓരോ രണ്ട് മണിക്കൂറിലും, പ്രത്യേകിച്ച് നീന്തുകയോ വിയർക്കുകയോ ചെയ്താൽ വീണ്ടും ഇത് പുരട്ടുക. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ എണ്ണ രഹിതമായ മോയ്സ്ചറൈസറുകളാണ് തിരഞ്ഞെടുക്കേണ്ടത്. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും തിളക്കം നിലനിർത്താനും മൃദുവായ എക്സ്ഫോളിയേഷൻ ചെയ്യാം. നന്നായി ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക. പുറത്തു പോകുമ്പോൾ തൊപ്പി വയ്ക്കാം, സൺഗ്ലാസ് ധരിക്കാം.
വേണം ആരോഗ്യ നിയന്ത്രണം
ഡോ. സുചിത്ര എൻ, സ്പെഷ്യലിസ്റ്റ് ഇൻ്റേണൽ മെഡിസിൻ
പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗങ്ങളെ നമ്മുടെ ജീവിതത്തിലെ സന്തോഷം തട്ടിയെടുക്കാൻ അനുവദിക്കരുത്. ചെറുതും ശാശ്വതവുമായ മാറ്റങ്ങളിലൂടെ ആരോഗ്യ നിയന്ത്രണം നേടാൻ സാധിക്കും. ഭക്ഷണ നിയന്ത്രണമില്ലായ്മ, വ്യായാമം ഇല്ലാത്തതു കാരണമുള്ള പ്രശ്നങ്ങൾ എന്നിവ ലളിതമായ ജീവിതശൈലീ മാറ്റങ്ങളിലൂടെ നിയന്ത്രിക്കാനാവും. ലീൻ പ്രോട്ടീനുകളും വൈവിധ്യമേറിയ പച്ചക്കറികളും കൊണ്ട് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുകയാണ് ആദ്യപടി. ജലാംശം ഏറെയുള്ള പഴങ്ങൾ കഴിക്കുക. പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കുക. നടന്നോ, സൈക്കിൾ യാത്രയിലൂടെയോ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച് വ്യക്തിപരമായ പ്ലാൻ തയ്യാറാക്കി, അത് കൃത്യമായി പാലിച്ചാൽ ആരോഗ്യ നിയന്ത്രണം അനായാസം ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.