സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സുഹൃത്തിന്‍റെ നേട്ടങ്ങളിൽ അസൂയ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളൊരു നെഗറ്റീവ് ചിന്താഗതിക്കാരനാണ്!

സമൂഹമാധ്യമ വാർത്തകളുടെയും പബ്ലിക് പോസ്റ്റുകളുടെയും താഴെ കമന്റ് ബോക്സ് പരിശോധിച്ചാൽ ഭൂരിഭാഗവും നെഗറ്റീവും വിഷലിപ്തമായ അഭിപ്രായങ്ങളാണെന്ന് കാണാനാകും. എന്തിനോടും ഏതിനോടുമുള്ള മലയാളികളുടെ കടുത്ത നെഗറ്റീവ് ചിന്താഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ കേരളത്തിലെ ബോഡി ഷെയ്മിങ് കേസിനാസ്പദമായ സംഭവങ്ങളടക്കം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇക്കാര്യം കൂടുതൽ ബോധ്യമാകും. ബിഗ് ടിക്കറ്റ് മലയാളിക്ക് അടിച്ചു എന്ന വാർത്തയുടെ കമന്‍റ് ബോക്സിൽ സ്ഥിരമായി വരുന്ന ഒരു പ്രതികരണമുണ്ട് "ഭാഗ്യം എൻറെ ബന്ധുവോ അയൽവാസിയെ എനിക്കറിയുന്നവനോ അല്ല" എന്ന്. ഇത് ഒരു തമാശയാണെങ്കിലും ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്നതും ഇത്തരം കമന്റുകൾക്കയിരിക്കും. നമ്മുടെ ചുറ്റുപാടിലുമുള്ളവരുടെ മനസ്സ് ഏറെക്കുറെ നമുക്ക് തിരിച്ചറിയാനാവുന്നതുകൊണ്ടാണിത്.

ആളുകൾ എന്തുകൊണ്ടാണിങ്ങനെയെന്നും എന്താണിത്തരം ചിന്താഗതികൾക്ക് കാരണം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ന്യൂ ജനറേഷൻ പിള്ളേര് സ്ഥിരമായി ഉപയോഗിക്കുന്ന വാക്കാണ് “നെഗറ്റീവോളി”. എന്തിനെയാണിത് സൂചിപ്പിക്കുന്നത് എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? മറ്റുള്ളവരുടെ വിജയങ്ങളിൽ സന്തോഷം പുറത്തുകാണിക്കുന്നുണ്ടെങ്കിലും മനസ്സ് അസൂയയാൽ നിറഞ്ഞിരിക്കും. വേണ്ടപെട്ടവർക്കോ ബന്ധുക്കൾക്കോ സുഹൃത്തിനോ അയൽവാസിക്കോ ആർക്കുമാകട്ടെ അവർ എന്തെങ്കിലും നേട്ടം കൈവരിച്ചാൽപോലും മനസ്സറിഞ്ഞു പ്രശംസിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാൻ ഇത്തരം മനസ്സികാവസ്ഥയുള്ളവർക്ക് കഴിയില്ല എന്നുള്ളതാണ്. അസൂയ, കുശുമ്പ് എന്നിങ്ങനെയുള്ള നെഗറ്റീവ് ചിന്തകൾ വ്യക്തമായ മാനസികാരോഗ്യ കുറവിനെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ മസ്തിഷ്കത്തിലെ ഹാപ്പി ഹോർമോണുകളുടെ ഗണ്യമായ കുറവിനെ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത് എന്നറിയുക.

“നമുക്ക് ചെയ്യാൻ പറ്റാത്ത അനുഭവിക്കാൻ പറ്റാത്ത പലതും മറ്റൊരാൾ ചെയ്യുകയോ അനുഭവിക്കുകയോ ചെയ്യുന്നത് കാണുമ്പോഴുണ്ടാകുന്ന അസഹിഷ്ണുത, അവരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുകയോ ഇകഴ്ത്തികാണിക്കുകയോ അവരെ ഏതെങ്കിലും തരത്തിൽ അപമാനിക്കാൻ ശ്രമിക്കുകയോ ചെയ്യുക. ഇത് പലപ്പോഴും പലരിലും സദാചാരമായും പുറത്തുകണ്ടേക്കാം. മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് ഒളിഞ്ഞ് നോക്കുന്നതിലും കമിതാക്കളെ ആക്രമിക്കുന്നതിലുമെല്ലാം മുമ്പിലുണ്ടാകുക ഇത്തരം മനോനിലയുള്ളവരാണ്. മറ്റുള്ളവർ സന്തോഷിക്കുന്നതും പ്രണയിക്കുന്നതും ഉല്ലസിക്കുന്നതും ആഹ്‌ളാദിക്കുന്നതുമൊന്നും തന്നെ ഇത്തരക്കാർക്ക് സഹിക്കാനാവില്ല. അവരിലെ ഉള്ളിലെ കടുത്ത അപകർഷതയും അസൂയയുമാണിതിന് കാരണം.” നിങ്ങളുടെയുള്ളിലും ഒരു “നെഗറ്റീവോളി”യുണ്ടോ‍? പരിശോധിക്കാം.

നെഗറ്റീവ് ചിന്താഗതിക്കാരിൽ ഉണ്ടാകുന്ന ചില കാര്യങ്ങൾ:

  • ചുറ്റുമുള്ള മനുഷ്യരുടെ വിജയങ്ങളിൽ വളരെയധികം അസ്സൂയ അനുഭവപെടുക. അത് നിങ്ങളുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുക, സ്വന്തം ആളുകളെ ആത്മാർഥമായി പ്രശംസിക്കാനോ പ്രോത്സാഹിപ്പിക്കണോ കഴിയാതിരിക്കുക.
  • സുഹൃത്തോ ബന്ധുവോ നിങ്ങളെക്കാൾ ഉയർന്ന നിലയിലാകുമോ എന്ന ഭയം. ആ ഭയം കാരണം അവർക്ക് നല്ല ജോലിയോ പൊസിഷനോ മാറ്റെന്തെതെങ്കിലുമോ ലഭിക്കാൻ നിങ്ങൾക്ക് സഹായിക്കാമായിരുന്നിട്ടും അത് വേണ്ടെന്ന് വെക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യുക.
  • അനാവശ്യമായി എല്ലാത്തിലും നെഗറ്റീവ് മാത്രം കണ്ടെത്തുക, കുറ്റപ്പെടുത്തി സംസാരിക്കുക, വിമർശിക്കുക.
  • മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും താൽപ്പര്യങ്ങളെയും തിരഞ്ഞെടുപ്പുകളെയും വിലമതിക്കാതിരിക്കുക അല്ലെങ്കിൽ അവഗണിക്കുക.
  • മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും മാത്രം ശ്രദ്ധിക്കുക. തമാശക്ക് വേണ്ടി അവ വിളിച്ചുപറയുക. ബോഡി ഷെയിമിങ് നടത്തുക.
  • മറ്റുള്ളവരെല്ലാം തന്നെ മുതലെടുക്കുമോ എന്ന നിരന്തര തോന്നലുണ്ടാവുക. ചുറ്റുമുള്ളവരോട് നിഷേധാത്മകമായ ചിന്തയും പുച്ഛവും തോന്നുക
  • എപ്പോഴും പ്രാരാബ്ധം പറയുക, മറ്റുള്ളവരെ സഹായിക്കാൻ തീരെ മനസ്സുവരാതിരിക്കുക
  • തനിക്ക് ശത്രുക്കളുണ്ടെന്നു എപ്പോഴും ചിന്തിക്കുക, അത് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുക
  • നിങ്ങളുടെ ഗ്യാങ്ങിലെക്കോ ഓഫീസിലേക്കോ പുതിയ ഒരാൾ വന്നാൽ അവരെ അംഗീകരിക്കാനോ സ്വീകരിക്കാനോ ബുദ്ധിമുട്ടനുഭവപ്പെടുക അല്ലെങ്കിൽ വളരെയധികം സമയമെടുക്കുക.

മേൽപറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് നിങ്ങളുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണെങ്കിൽ നിങ്ങൾ നെഗറ്റീവ് ചിന്താഗതിയുള്ളയാളാണ് എന്ന് മനസ്സിലാക്കാംണ്. മേൽപറഞ്ഞ സ്വഭാവങ്ങളുള്ള ആളുകളാണ് നിങ്ങളുടെ സുഹൃത്തുക്കളിൽ കൂടുതലുമെങ്കിൽ നിങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ് എന്നറിയുക. ഇനി ഇത്തരം സ്വാഭാവങ്ങളുള്ള ആളാണ് നിങ്ങളെങ്കിൽ നിങ്ങളെ ജനം അകറ്റി നിർത്താനിടയുണ്ട്. അതുകൊണ്ട് ഇത്തരം മാനസികാവസ്ഥയുണ്ടെങ്കിൽ സ്വയം മാറ്റിയെടുക്കാൻ തീരുമാനമെടുത്തു തയാറാവേണ്ടതുണ്ട്. ആവശ്യമെങ്കിൽ ഒരു കൗൺസിലറുടെയോ മനഃശാസ്ത്ര വിദഗ്ധൻറെയോ സഹായം തേടാൻ മടിക്കരുത്.

അസൂയയും അപകർഷതാബോധവും

മനുഷ്യമനസ്സിന്റെ സങ്കീർണതകളുടെ ഭാഗമാണ് അസൂയയും അപകർഷതാബോധവും. ഈ വികാരങ്ങൾ വ്യക്തിയുടെ ജീവിതത്തെയും ബന്ധങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. അസൂയയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അപകർഷതാബോധം. സ്വയം അംഗീകാരത്തിന്റെ അഭാവം, സ്വന്തം കഴിവുകളിലുള്ള വിശ്വാസക്കുറവ്, സ്വയം മതിപ്പില്ലായ്മ എന്നിവ അപകർഷതാബോധത്തിന് കാരണമാകുന്നു. ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥിക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുമ്പോൾ, അദ്ദേഹത്തെക്കാൾ കുറവ് മാർക്ക് ലഭിച്ച മറ്റൊരു വിദ്യാർത്ഥി അസൂയപ്പെടുകയും സ്വയം കഴിവില്ലാത്തവനാണെന്ന് തോന്നുകയും ചെയ്യുന്നു. താരതമ്യം ചെയ്യൽ മനോഭാവവും അസൂയക്ക് വഴിയൊരുക്കുന്നു. സമൂഹമാധ്യമങ്ങളിലെ വ്യക്തികളുമായുള്ള താരതമ്യം, സഹപ്രവർത്തകരുമായോ സുഹൃത്തുക്കളുമായോ തുടർച്ചയായുള്ള താരതമ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സാമൂഹിക അംഗീകാരം നേടാനുള്ള അമിതമായ മത്സരം സാമൂഹിക സമ്മർദ്ദം സൃഷ്ടിക്കുകയും അത് അസൂയ വളർത്തുകയും ചെയ്യുന്നു. മുൻകാലങ്ങളിലെ നിരാശകൾ, പരാജയങ്ങൾ, ദുരിതകരമായ അനുഭവങ്ങൾ എന്നിവയും അസൂയക്ക് കാരണമാകാം.

അസൂയയുടെ പ്രത്യാഘാതം ഗുരുതരമാണ്. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുമായുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴുന്നു. മറ്റുള്ളവരുടെ വിജയങ്ങളെ അംഗീകരിക്കാനുള്ള കഴിവില്ലായ്മ ബന്ധങ്ങളെ തകർക്കുന്നു. അസൂയ ആന്തരിക സമാധാനത്തിന്റെ അഭാവം സൃഷ്ടിക്കുകയും എപ്പോഴും അസ്വസ്ഥതയും അസന്തുഷ്ടിയും ഉണ്ടാക്കുകയും ചെയ്യുന്നു. വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾക്കും അസൂയ കാരണമാകാം. ശാരീരികമായി തലവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെടാം.

ഇത്തരം നെഗറ്റീവ് ചിന്തകൾ പലപ്പോഴും നിങ്ങളുടെ സ്വന്തം സന്തോഷത്തെയും സമാധാനത്തെയും ഇല്ലാതാക്കുമെന്ന് മാത്രമല്ല ആളുകളെ നിങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യും എല്ലാ കാര്യങ്ങളിലും അനാവശ്യമായി നെഗറ്റീവ് മാത്രം കണ്ടെത്തുകയും വിമർശിക്കുകയും ചെയ്യുന്നത് ഒരു ശീലമായി മാറുമ്പോൾ, അത് വ്യക്തിബന്ധങ്ങളെയും, നിങ്ങളുടെയും നിങ്ങളുമായി ഇടപഴകുന്നവരുടെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.

  • കുറഞ്ഞ ആത്മാഭിമാനം: സ്വന്തം കഴിവുകളിലുള്ള വിശ്വാസക്കുറവ്, സ്വയം മതിപ്പില്ലായ്മ എന്നിവ കാരണം മറ്റുള്ളവരിലും ചുറ്റുപാടുകളിലും കുറ്റങ്ങൾ കണ്ടെത്താനുള്ള പ്രവണത ഉണ്ടാകാം.
  • മുമ്പുണ്ടായ മോശം അനുഭവങ്ങൾ: മുൻകാലങ്ങളിൽ നേരിട്ട നിരാശകൾ, പരാജയങ്ങൾ, അല്ലെങ്കിൽ ദുരിതകരമായ അനുഭവങ്ങൾ എന്നിവ ഒരു വ്യക്തിയെ നെഗറ്റീവ് ചിന്താഗതിയിലേക്ക് നയിക്കാം.
  • പരിസ്ഥിതി: നെഗറ്റീവ് ചിന്താഗതിയുള്ള ആളുകളുമായി കൂടുതൽ സമയം ചെലവഴിക്കുന്നത് ആ സ്വഭാവം അനുകരിക്കാൻ പ്രേരിപ്പിക്കാം.
  • മാനസിക പ്രശ്നങ്ങൾ: ചിലപ്പോൾ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളുടെ ഭാഗമായും ഇങ്ങനെയുള്ള ചിന്തകൾ ഉണ്ടാവാം.
  • പെർഫെക്ഷനിസം: എല്ലാം തികഞ്ഞതായിരിക്കണം എന്ന് നിർബന്ധം പിടിക്കുന്നവർക്ക് മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ പോലും വലിയ വിമർശനത്തിന് കാരണമാകാം.

നെഗറ്റീവ് ചിന്തകളെ നേരിടാം

നെഗറ്റീവ് ചിന്തകളെ നേരിടാൻ നിരവധി മാർഗങ്ങളുണ്ട്. അതിന് ക്ഷമയും നിരന്തര പരിശ്രമവും ആവശ്യമാണ്. സ്വയം അംഗീകാരം വളർത്തുക, സ്വന്തം കഴിവുകളെ അഭിനന്ദിക്കുക, സ്വയം പോസിറ്റീവായി കാണുക എന്നിവ പ്രധാനമാണ്. നെഗറ്റീവ് ചിന്തകളെ തിരിച്ചറിയുക, പോസിറ്റീവ് അഫേർമേഷനുകൾ ഉപയോഗിക്കുക, ഗ്രാറ്റിറ്റ്യൂഡ് ജേർണൽ സൂക്ഷിക്കുക, ദിവസവും സംഭവിച്ച നല്ല കാര്യങ്ങളെക്കുറിച്ച് എഴുതുക എന്നിവ പോസിറ്റീവ് ചിന്തകൾ പരിശീലിക്കുന്നതിനുള്ള മാർഗങ്ങളാണ്. മറ്റുള്ളവരുടെ വിജയങ്ങളിൽ ആത്മാർഥമായി സന്തോഷിക്കുക, അവരെ അഭിനന്ദിക്കുക, അവരുടെ വിജയങ്ങളിൽ പങ്കുചേരുക എന്നിവയും പ്രധാനമാണ്.

താരതമ്യം ചെയ്യൽ മനോഭാവം ഒഴിവാക്കുക, സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുക, സ്വന്തം യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയും അസൂയയെ നേരിടാൻ സഹായിക്കും. ജീവിതത്തിലെ നേട്ടങ്ങളെ വിലമതിക്കുക, ദൈനംദിന ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ തിരിച്ചറിയുക എന്നിവ കൃതജ്ഞത പരിശീലിക്കുന്നതിന്‍റെ ഭാഗമാണ്.

അസൂയ, വിമർശന മനോഭാവം എന്നിവ നമ്മെ ഒറ്റപ്പെടുത്താനും അപകടകരമായ അവസ്ഥയിലേക്ക് നയിക്കാനും ഇടവരുത്തും. ഓരോ വ്യക്തിക്കും അവരവരുടെതായ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടാവാം. വിമർശനങ്ങൾ എപ്പോഴും അവർക്ക് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ കൺസ്ട്രക്ടിവ് ആകാം, എന്നാൽ അത് അനാവശ്യവും സ്ഥിരവുമായി മാറരുത്. ഇത് ഒരു ശീലമായി മാറുമ്പോൾ അത് വ്യക്തിബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. മറ്റുള്ളവരുടെ നേട്ടങ്ങളെ അംഗീകരിച്ച് പ്രശംസിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക നമ്മുടെ ജീവിതത്തെയും മറ്റ് വ്യക്തികളുമായുള്ള ബന്ധത്തെയും മികച്ചതാക്കും.

ഹാപ്പി ഹോർമോണുകൾ (സെറട്ടോണിൻ, ഡോപമൈൻ, എൻഡോർഫിൻസ്, ഓക്സിടോസിൻ) വർധിപ്പിച്ചു നെഗറ്റീവ് ചിന്തകളെ തുരത്താൻ കഴിയും. ഇവ വർധിപ്പിക്കാൻ നിരവധി പ്രായോഗിക രീതികളുണ്ട്. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക, സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക (പ്രത്യേകിച്ച് ഓമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ), മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പങ്കാളിയോടൊപ്പം നിശ്ചിത ഇടവേളകളിൽ ലൈംഗിക ബന്ധത്തിലേർപ്പെടുക, ധ്യാനം പോലുള്ള മാനസിക വ്യായാമങ്ങൾ പതിവാക്കുക, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഗുണപരമായ ബന്ധം പുലർത്തുക, സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സംഗീതം കേൾക്കുക, പാടുക, അല്ലെങ്കിൽ വായിക്കുക. ഫുട്ബാൾ ക്രിക്കറ്റ് പോലെ കളികളിലോ നിരന്തരം ഹോബികളിലോ ഏർപ്പെടുക തുടങ്ങിയവയെല്ലാം നമ്മുടെ ശരീരത്തിലെ സന്തോഷ ഹോർമോണുകളുടെ അളവ് വർധിപ്പിക്കാൻ സഹായിക്കും. അതുവഴി നെഗറ്റീവ് ചിന്തകൾ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയുമെന്നതിൽ സംശയമില്ല.

(അൻവർ കാരക്കാടൻ: പ്രൊഫഷണൽ സോഷ്യൽ വർക്കർ, ചൈൽഡ് അഡോളസെണ്ട് & റിലേഷൻഷിപ് കൗൺസിലർ)

Tags:    
News Summary - How to overcome negative thinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.