ഏതു ശീലമായാലും ഹൈപർ ആയാൽ കുഴപ്പമാണ്. പ്രായപൂർത്തിയായവരിൽ സ്വാശ്രയത്വവും സ്വതന്ത്ര സ്വഭാവവും ജീവിത വിജയത്തിലെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നാണ്. എന്നാൽ ഇതേ ഗുണം ട്രാക് മാറി അമിത സ്വാശ്രയത്വ ബോധമായാൽ മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായി മാറും. ‘ഹൈപർ ഇൻഡിപെൻഡൻസ്’ എന്നത് അമിത സ്വാശ്രയത്വമായി നമ്മുടെ സന്തോഷങ്ങളെ ഇല്ലാതാക്കാൻ ഏറെ സാധ്യതയുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
ആരോഗ്യകരമായ സ്വാശ്രയബോധവും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഹൈപർ ഇൻഡിപെൻഡൻസും വേർതിരിച്ചറിയാനായാൽ മാത്രമേ ഇതിൽ നിന്ന് രക്ഷപ്പെടാനാകൂ.
ആരോഗ്യകരമായ സ്വാതന്ത്ര്യബോധമെന്നത് ആരോഗ്യകരമായ സ്വാശ്രയഗുണമാണ്. സ്വന്തത്തിലുള്ള വിശ്വാസവുമാണത്. എന്നാൽ, ആളുകൾ തമ്മിൽ പരസ്പരാശ്രിതത്വം പുലർത്തേണ്ട സന്ദർഭങ്ങളിൽ അതിന് മനസ്സ് അനുവദിക്കാത്ത അവസ്ഥ അപകടരമാണ്.
‘‘ പിന്തുണ തേടേണ്ട സന്ദർഭങ്ങളിൽ അത് തേടണം. സമതുലിതമായ ബന്ധങ്ങളിൽകൂടിയാണത് സാധ്യമാകുക. എന്നാൽ, ഹൈപർ ഇൻഡിപെൻഡൻസ് ഉള്ളവർ അത്തരം സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കും, അത്യാവശ്യമാണെങ്കിൽ കൂടി’’ - മുംബൈ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മെഹ്സബിൻ ഡോർഡി അഭിപ്രായപ്പെടുന്നു.
എന്തെങ്കിലും മുൻകാല ദുരനുഭവങ്ങൾ കാരണം ആരെയും ആശ്രയിക്കാതെയും വിശ്വസിക്കാതെയും എല്ലാം സ്വന്തമായി ചെയ്ത് മുന്നോട്ടുപോകുന്നവരുണ്ട്. വിശ്വസിച്ചവർ ചതിച്ചതിന്റെ ട്രോമയുമെല്ലാം ഇത്തരം സ്വഭാവത്തിന് കാരണമാകാം. മറ്റു പല മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരും ഹൈപർ ഇൻഡിപെൻഡൻസ് പ്രശ്നങ്ങൾ കാണിക്കാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ (പി.ടി.എസ്.ഡി): ജീവിതത്തിൽ കഴിഞ്ഞുപോയ ട്രോമ വീണ്ടും ഓർമിപ്പിക്കുമെന്ന ഭയത്തിൽ ഒറ്റക്ക് നടക്കാൻ ഇഷ്ടപ്പെടുന്നവരിൽ ഹൈപർ ഇൻഡിപെൻഡൻസ് കാണാറുണ്ട്.
ആൻക്സൈറ്റി ഡിസോഡർ: അമിതമായ ആധിയും ആശങ്കയും ഉള്ളവർ, തങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുമെന്ന് ഭയന്ന് ഒറ്റക്ക് കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു.
വിഷാദം: ജീവതത്തിന് അർഥവും പ്രതീക്ഷയും നഷ്ടപ്പെട്ടപോലെ തോന്നുന്ന വിഷാദരോഗികളും സഹായം തേടാൻ വിമുഖത കാണിക്കുന്നു.
പേഴ്സനാലിറ്റി ഡിസോഡർ: ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ (ബി.പി.ഡി) അല്ലെങ്കിൽ അവോയ്ഡന്റ് പേഴ്സനാലിറ്റി ഡിസോഡർ തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നവരിലും ഈ പ്രശ്നം കാണാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.