ആ ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ ഒരു പ്രതിസന്ധിയാണ് അന്നവരെ തേടിവന്നത്. മകൾ ഒരു കള്ളിയായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. വീട്ടുകാർക്കത് വിശ്വസിക്കാനായില്ല. തങ്ങളുടെ കുഞ്ഞിൻെറ ന്യായമായ എന്ത് ആവശ്യങ്ങളും സാധിച്ചുകൊടുക്കാൻ കഴിവുള്ളവരും സാധിച്ചുകൊടുക്കുന്നവരുമായിരുന്നു അവർ. പ്രകാശൻ ബിസിനസുകാരനും ഇന്ദു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്. ഏകമകൾ പാറു എന്നുവിളിക്കുന്ന പാർവണേന്ദു ആറാം ക്ലാസ് വിദ്യാർഥിനിയും. പഠനത്തിലും സ്പോർട്സ് അടക്കമുള്ള മറ്റു രംഗങ്ങളിലും മിടുക്കിയായിരുന്നു പാർവണേന്ദു. അച്ചടക്കത്തിൻെറ കാര്യത്തിലും മറ്റുള്ള വിദ്യാർഥികൾക്ക് മാതൃക.
സ്കൂളിലെ അധ്യാപികയുടെ കാണാതെപോയ മൊബൈൽ ഫോൺ പാർവണേന്ദുവിൻെറ ബാഗിൽനിന്ന് കണ്ടെടുത്തതോടെയാണ് അധ്യാപകരും സഹപാഠികളും ഞെട്ടിപ്പോയത്. ക്ലാസിനിടെ ചോക്ക് എടുക്കാൻ പോയ ക്ലാസ് ലീഡർ കൂടിയായ പാർവണേന്ദു ആളൊഴിഞ്ഞ ടീച്ചേഴ്സ് റൂമിൽ ചാർജ് ചെയ്യാൻവെച്ച മൊബൈൽ മോഷ്ടിക്കുകയായിരുന്നു. ക്ലാസ് സമയത്ത് അവളുടെ ബാഗിൽനിന്ന് മൊബൈൽ ഫോൺ ശബ്ദിച്ചതോടെയാണ് കള്ളം പൊളിഞ്ഞത്. അധ്യാപകരുടെ ചോദ്യംചെയ്യലിൽ അവൾ കരഞ്ഞുകൊണ്ട് കുറ്റം സമ്മതിച്ചു. പേക്ഷ, എന്തിനാണ് ഇത് ചെയ്തതെന്ന ചോദ്യത്തിന് അവൾക്ക് ഉത്തരമില്ലായിരുന്നു.
പിറകെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചു. അപമാനഭാരത്താൽ കുനിഞ്ഞ ശിരസ്സുമായാണ് ഇരുവരും എത്തിയത്. ഒന്നും പറയാനാവാതെ അവളുടെ അമ്മ പൊട്ടിക്കരഞ്ഞു. അച്ഛൻ സംഘർഷം മനസ്സിലൊതുക്കി തലതാഴ്ത്തിനിന്നു. അവർ താമസിക്കുന്ന ഹൗസിങ് കോളനിയിൽനിന്നുള്ള ചില കുട്ടികൾ മകളുടെ സഹപാഠികൾ ആയതിനാൽ വിവരം പെട്ടെന്നുതന്നെ എല്ലായിടത്തുമെത്തി.
വീട്ടിലെത്തിയശേഷവും പാർവണേന്ദു കരച്ചിലും മൗനവുമായി ഇരുന്നു. അവൾ ഉറങ്ങിയശേഷം പ്രകാശും ഇന്ദുവും ചേർന്ന് മകളുടെ പഠനമുറിയുടെ മുക്കും മൂലയും പരിശോധിച്ചപ്പോഴാണ് അവർ ശരിക്കും ഞെട്ടിപ്പോയത്. പലയിടങ്ങളിലായി ഒളിപ്പിച്ചുവെച്ച രീതിയിൽ നിരവധി മോഷണവസ്തുക്കൾ അവർ കണ്ടെടുത്തു. നെറ്റിയിലൊട്ടിക്കുന്ന വർണപ്പൊട്ടുകളും മാലയും കമ്മലും മുത്തുകളും ചെറിയ കളിപ്പാട്ടങ്ങളും പെൻസിലുകളും. പലതും അവൾക്ക് ഒരിക്കലും ആവശ്യമില്ലാത്തവയായിരുന്നു. മറ്റുചിലതാവട്ടെ കൊണ്ടുവന്നു വെച്ചശേഷം ഒരിക്കൽപോലും എടുത്തുനോക്കാത്തവയും. എന്താണ് തങ്ങളുടെ കുഞ്ഞിന് സംഭവിച്ചതെന്നോർത്ത് ആ ദമ്പതികൾ രാത്രിമുഴുവൻ സങ്കടം നിറഞ്ഞ മനസ്സുമായി ഉറങ്ങാതിരിന്നു.
പാറുവിനെ പിറ്റേന്ന് സ്കൂളിൽ വിടാൻ അവർക്ക് മനസ്സുവന്നില്ല. പ്രകാശും ഇന്ദുവും ജോലിക്കും പോയില്ല. പേക്ഷ, ഉച്ചക്കു മുമ്പായി അവളുടെ ക്ലാസ് ടീച്ചറടക്കം ചില അധ്യാപകർ വീട്ടിൽ വന്നു. അവർക്കും സംഭവം വിശ്വസിക്കാനായില്ല. കുെറനേരത്തെ ചർച്ചകൾക്കൊടുവിൽ പാറുവിൻെറ കാര്യത്തിൽ ഒരു മാനസികാരോഗ്യ വിദഗ്ധൻെറ സഹായം തേടാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് നഗരത്തിലെ ഒരു ക്ലിനിക്കിൽ അവർ കുഞ്ഞിനെയുംകൊണ്ട് എത്തിയത്.
ക്ലെപ്റ്റോമാനിയ (Kleptomania) എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന ഒരു മാനസികവൈകല്യമായിരുന്നു ഇവിടത്തെ വില്ലൻ. ലളിതമായിപ്പറഞ്ഞാൽ ഒരു രോഗാവസ്ഥയുടെ പിടിയിലായിരുന്നു ഈ 12 വയസ്സുകാരി. ഒരു മോഷ്ടാവ് എന്ന് ഒരിക്കലും ഈ കുട്ടിയെ വിളിക്കാൻ കഴിയില്ല. പേക്ഷ, സമയത്ത് ചികിത്സിച്ച് രക്ഷപ്പെടുത്തിയില്ലെങ്കിൽ ഒരിക്കൽ സമൂഹത്തിനു മുന്നിൽ ഒരു കള്ളിയാവാൻ ഈ മാനസികാവസ്ഥ കാരണമാവും.
പൊതുസമൂഹം വേണ്ടത്ര ശ്രദ്ധനൽകിയിട്ടുള്ള ഒരു മാനസികാവസ്ഥയല്ല ക്ലെപ്റ്റോമാനിയ. താരതമ്യേന കുറഞ്ഞ ശതമാനം പേരിൽ മാത്രം കണ്ടുവരുന്നതുകൊണ്ടും ഭൂരിപക്ഷം പേരിലും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടും ഈ രോഗാവസ്ഥയെക്കുറിച്ച് കാര്യമായ ചർച്ചകളും നടക്കാറില്ല.
ആവശ്യത്തിലധികം സമ്പത്തും പണവുമുള്ള വ്യക്തികൾ പോലും ഇൗ രോഗാവസ്ഥയുടെ ഫലമായി അവർക്ക് ഒരു ആവശ്യവുമില്ലാത്ത വസ്തുക്കൾ മോഷ്ടിച്ചുപോകുന്നു. മോഷ്ടിച്ചുപോകുന്നു എന്ന് പറയാൻ കാരണം ആ ചെയ്തി അവർക്ക് നിയന്ത്രിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ്. ചില വസ്തുക്കൾ ശ്രദ്ധയിൽപ്പെടുകയും അനുകൂലമായ സാഹചര്യം ഒത്തുവരുകയും ചെയ്താൽ ഇക്കൂട്ടരിൽ നിയന്ത്രിക്കാൻ കഴിയാത്ത ഒരു ഉൾപ്രേരണ ശക്തമാകുകയും അവർ മോഷണത്തിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു. സാധാരണ മോഷ്ടാക്കാൾ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ചെയ്യുമ്പോൾ 'ക്ലെപ്റ്റോമാനിയ' കേസുകളിൾ അധികവും അവർക്ക് ഒട്ടും ആവശ്യമില്ലാത്ത സാധനങ്ങളാണ് കൈക്കലാക്കുക. ഇത്തരക്കാർ കൃത്യം നടത്തിക്കഴിഞ്ഞാൽ ഉടൻതന്നെ കുറ്റബോധത്തിലേക്ക് വീഴുന്നു. അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ശക്തമായി ചിന്തിക്കുകയും ദുഃഖിക്കുകയും ചെയ്യും. ഇതാവർത്തിക്കില്ലെന്ന് കടുത്ത തീരുമാനമെടുത്താലും ഈ മാനസികാവസ്ഥയിലുള്ളവർക്ക് അത് നടപ്പാക്കാന് കഴിയാറില്ല. അനുകൂല സന്ദർഭങ്ങൾ ആവർത്തിക്കുേമ്പാൾ ഇവർ വീണ്ടും ഈ പ്രവൃത്തി തുടരും. അങ്ങനെയാണ് ഒരുനാൾ പിടിക്കപ്പെടുന്നത്.
മറ്റു വീടുകളിലെ കൗതുകംതോന്നുന്ന സാധനങ്ങൾ രഹസ്യമായി സ്വന്തമാക്കും. സൂപ്പർ മാർക്കറ്റുകളിലും മാളുകളിലും ഇതുതന്നെ ആവർത്തിക്കും. ഈ സമയത്ത് ആ വസ്തുവിനോട് തോന്നുന്ന ആകർഷണം പിന്നീട് തോന്നുകയുമില്ല. തുടർന്ന് അത് എവിടെയെങ്കിലും ഉപേക്ഷിക്കുകയോ ഒളിപ്പിച്ചുവെക്കുകയോ ചെയ്യും. ജീവിതത്തിൽ ഒരിക്കലും ഉപകാരപ്പെടാത്തതോ ആവശ്യമില്ലാത്തതോ ആയ വസ്തുക്കളാകും നിമിഷനേരത്തെ ആകര്ഷണംമൂലം മോഷ്ടിക്കുന്നത്.
മോഷണസ്വഭാവത്തെ കുറിച്ച് പൊതുവിൽ അന്വേഷിച്ചാൽ അത് വ്യക്തിയിൽ കുഞ്ഞുനാൾ തൊട്ടേ ഉള്ളതായി കാണാനാകും. കൂടെ പഠിക്കുന്നവരുടെ സ്കെയിൽ, പെൻസിൽ മുതലായവ എടുത്തുകൊണ്ടായിരിക്കാം തുടക്കം. വീട്ടുകാർ കാര്യത്തിെൻറ ഗൗരവം മനസ്സിലാക്കാതെ ഇവ അവഗണിക്കുന്നതോടെ കുട്ടികൾ ഒരു മാനസിക വൈകല്യത്തിലേക്ക് ചുവടുവെച്ച് തുടങ്ങുന്നു. അതുകൊണ്ടുതന്നെ കുട്ടികളിൽ ഇത്തരം പ്രവണതകൾ എപ്പോൾ കണ്ടാലും ഉടന് തിരുത്താൻ ശ്രമിക്കണം. ഇത്തരം കാര്യങ്ങൾ തെറ്റാണെന്നും ഒരിക്കലും ചെയ്യരുതെന്നും കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. സമൂഹത്തിലെ ധാർമിക മൂല്യങ്ങളെക്കുറിച്ച് പ്രായത്തിനനുസരിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകണം. നല്ലപ്രവൃത്തികളും ചീത്ത പ്രവൃത്തികളും എന്താണെന്നും ഏതാണെന്നും ഉള്ളതിനെ കുറിച്ച് അവർക്ക് തിരിച്ചറിവ് നൽകണം.
അയൽവീട്ടിലെ നാളികേരം സ്വന്തം പുരയിടത്തിൽ വീണാൽ അത് എടുക്കുന്ന മുതിർന്നവർ അവരറിയാതെ ഇത്തരം പ്രവൃത്തികൾ ശ്രദ്ധിക്കുന്ന കുഞ്ഞുങ്ങൾക്ക് തെറ്റായ ഒരു സന്ദേശം നൽകുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അന്യവസ്തുക്കൾ ഒരിക്കലും കൈക്കലാക്കുന്ന പ്രവണത മുതിർന്നവരും ചെയ്തുകൂടാ. മറിച്ച് ആ നാളികേരം അതിൻെറ ഉടമസ്ഥന് നൽകാൻ കുഞ്ഞിൻെറ കൈയിൽ കൊടുത്തുവിട്ട് അവർക്ക് ചെറുപ്രായത്തിൽതന്നെ ഒരു നന്മയുടെ പാഠം നൽകണം. കേട്ടുപഠിക്കുന്നതിനേക്കാൾ കുട്ടികൾ കണ്ടാണ് പഠിക്കുക. സമൂഹം അത് എപ്പോഴും ഓർത്തുകൊണ്ടിരിക്കണം.
ആറു വയസ്സുവരെയുള്ള കുട്ടികൾ സാധനങ്ങൾ എടുക്കുന്നത് മോഷണത്തിൻെറയോ ഇത്തരം സ്വഭാവവൈകല്യത്തിൻെറയോ ഗണത്തിൽപ്പെടുത്താൻ കഴിയില്ല. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല അവരത് ചെയ്യുന്നത്. അവ സ്വന്തമല്ലെന്നും എടുക്കാൻ പാടില്ലെന്നും മനസ്സിലാക്കാനുള്ള പ്രായം അവർക്ക് ആകാത്തതുകൊണ്ടാണ്. പേക്ഷ, ഇത്തരം എല്ലാ അവസരങ്ങളിലും ഇങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് അവരോട് നിരന്തരം പറഞ്ഞുകൊടുക്കണം.
അതേസമയം, ആറു വയസ്സിനു മുകളിലുള്ള കുട്ടികളിലെ മോഷണസ്വഭാവം ഒരിക്കലും അവഗണിക്കരുത്. തിരിച്ചറിയാൻ കഴിയുന്ന പ്രായത്തിലുള്ള കുട്ടികളുടെ ഇത്തരം ചെയ്തികൾ ശ്രദ്ധയിൽപ്പെട്ടാൻ അതിനോട് ഗൗരവമായി പ്രതികരിക്കാനും തിരുത്താനും മടിക്കരുത്.
കുട്ടികളുടെ മോഷണശീലം കണ്ടുപിടിച്ചാലുടൻ ശാരീരികപീഡനം പോലുള്ള ശിക്ഷ നൽകുകയല്ല പരിഹാരം. അതേസമയം, പ്രശ്നത്തെ അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഈ ശീലം തെറ്റാണെന്നും എങ്ങനെ മോഷ്ടിക്കാതെതന്നെ ശരിയായ മാർഗങ്ങളിലൂടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാമെന്നും സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കണം. കൂടെ, കുട്ടികളെ കുറ്റവാളികളായി കാണാതെ നല്ല ആശയവിനിമയം പുലർത്തുകയും അവരുടെ സത്യസന്ധതക്ക് നിർലോഭം അംഗീകാരം കൊടുക്കുകയും ചെയ്യണം.
ക്ലെപ്റ്റോമാനിയ പോലെയുള്ള മാനസികപ്രശ്നങ്ങള് മൂലമാണ് മോഷണ സ്വഭാവമെങ്കിൽ അത് ചികിത്സിച്ചുമാറ്റണം. ലഹരി ഉപയോഗവും കുട്ടികളിൽ മോഷണത്തിന് പ്രേരകമാകാറുണ്ട്. അങ്ങനെയുള്ളവരിൽ ലഹരിമുക്ത ചികിത്സയും ആവശ്യമായേക്കാം. ഇത്തരം കാര്യങ്ങളിൽ ശിക്ഷനടപടികൾ വേണ്ടത്ര ഫലംചെയ്തെന്നു വരില്ല.
കുട്ടികളുടെ മോഷണസ്വഭാവത്തെ തിരുത്തൽ വേണ്ട പെരുമാറ്റ വൈകല്യമായി കണക്കാക്കി മനശ്ശാസ്ത്രപരമായ സഹായം നൽകണം. മാതാപിതാക്കൾക്കും മാർഗനിർദേശം വേണ്ടിവരും.
സൈക്കോ തെറപ്പി, കൗൺസലിങ്, മനസ്സിന് നിയന്ത്രണം വീണ്ടെടുക്കാനും മനസ്സിൻെറ സമ്മർദം കുറക്കാനുമുള്ള റിലാക്സേഷൻ മാർഗങ്ങൾ, നല്ല കൂട്ടുകെട്ടുകളിലേക്ക് മാറൽ തുടങ്ങിയവയിലൂടെ ഒരു പരിധിവരെ ഈ സ്വഭാവവൈകല്യത്തെ മാറ്റിയെടുക്കാനാകും. അപൂർവം അവസരങ്ങളിൽ ചെറിയതോതിലുള്ള മരുന്നുകൾ നൽകേണ്ടതായും വരാം.
(പേരുകളും സാഹചര്യങ്ങളും സാങ്കൽപികം)
(ലേഖകൻ മാനസികാരോഗ്യ വിദഗ്ധനും ഗ്രന്ഥകർത്താവും കോളമിസ്റ്റുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.