നിങ്ങളൊരു പരാജയമാണെന്ന് ഇടയ്ക്കിടെ തോന്നാറുണ്ടെങ്കില്‍ പ്രശ്‌നമാണ്!

 ഏറെക്കാലം വേണ്ടത്ര പ്രാധാന്യം ലഭിക്കാത്ത മേഖലയായിരുന്നു മാനസീകാരോഗ്യ രംഗം.എന്നാല്‍ വര്‍ത്തമാന കാലത്ത് അതില്‍ ധാരാളം മാറ്റം വന്നതായി കാണാന്‍ കഴിയുന്നുണ്ട്. മുമ്പ് ആരോഗ്യ മാസികകളില്‍ ചുരുക്കം പേജുകളില്‍ ഒതുങ്ങി നിന്നിരുന്ന മാനസികാരോഗ്യ ലേഖനങ്ങള്‍ ഇപ്പോള്‍ ഒട്ടേറെ പേജുകള്‍ കീഴടക്കിത്തുടങ്ങിയിരിക്കുന്നു. പത്രങ്ങളിലെ ഫീച്ചറുകളിലും മാനസികാരോഗ്യ വിദഗ്ദര്‍ ഇടംപിടിക്കാന്‍ തുടങ്ങി. സിനിമകളില്‍ പോലും മാനസിക രോഗമുള്ളവരും മനസികാരോഗ്യ വിഷയങ്ങളും ട്രെന്‍ഡ് ആവാന്‍ തുടങ്ങിയല്ലോ. മാനസികരോഗ്യം നിലനിര്‍ത്താനും സന്തോഷപൂര്‍ണമായ ജീവിതം നയിക്കാനുമാവശ്യമായ ലേഖനങ്ങള്‍ക്കും ക്ലാസുകള്‍ക്കും വീഡിയോകള്‍ക്കും ഇന്ന് മുമ്പെങ്ങും ലഭിക്കാത്ത സ്വീകാര്യത കൈവന്നിട്ടുണ്ട്. ഈ വസ്തുതകള്‍ പരിശോധിച്ചാല്‍ തന്നെ മാനസികാരോഗ്യ മേഖലയുടെ പ്രാധാന്യം വര്‍ധിച്ചതായി മനസിലാക്കാം.

മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?, തന്നെ അലട്ടുന്ന മാനസിക പ്രശ്‌നം എങ്ങനെ മറികടക്കാം? -തുടങ്ങിയ സംശയങ്ങളാണ് പൊതുവായി ആളുകളില്‍ നിന്നും ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്ന് യൂട്യുബിലും മറ്റുമായി ആളുകള്‍ ഏറെയും തിരയുന്നതും.

താന്‍ മാനസികാരോഗ്യം കുറഞ്ഞ വ്യക്തിയാണോ, മാനസികാരോഗ്യം പരിപാലിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഭാവി ജീവിതത്തില്‍ ഉപകാരപ്പെടും.

മനസികാരോഗ്യം കുറഞ്ഞ വ്യക്തയുടെ ലക്ഷണങ്ങള്‍

  • ഉറക്കത്തിലെ ഏറ്റക്കുറച്ചില്‍
    അമിതമായി ഉറങ്ങുന്നതോ ഉറക്കം ആവശ്യത്തിന് ലഭിക്കാതിരിക്കുന്നതോ ഒരു ലക്ഷണമാണ്. ഒട്ടുമിക്ക മാനസികാരോഗ്യ പ്രശനങ്ങളും ഉറക്കിനെ ബാധിക്കുന്നതായി കാണാം.
  • അമിത ഉത്കണ്ഠയും വേവലാതിയും
    ഭാവിയില്‍ എന്തെങ്കിലും മോശമായത് സംഭവിക്കുമോ എന്ന് ആലോചിച്ച് ഇന്നത്തെ ജീവിതം ദുസ്സഹമാവുക. അപകടം സംഭവിക്കുമോ, രോഗം വരുമോ, ഞാനോ തനിക്ക് വേണ്ടപ്പെട്ടവരോ മരിക്കുമോ, ആളുകള്‍ എന്നെ കുറ്റപ്പെടുത്തുമോ, ഞാന്‍ ഒറ്റപ്പെടുമോ തുടങ്ങിയവ അവയില്‍ ചിലതാണ്.
  • മിക്ക സമയങ്ങളിലും അമിതമായ സങ്കടം
    സ്ഥിരമായി സങ്കടപ്പെട്ടുകൊണ്ടേയിരിക്കുക. ഈ സങ്കടം ഒന്നിനും താല്‍പര്യമില്ലാതാകുന്ന അവസ്ഥയില്‍ എത്തിച്ചേരും. ക്ഷീണം അനുഭവപ്പെടുക, ഇഷ്ടമുള്ള കാര്യങ്ങള്‍ പോലും ചെയ്യാനുള്ള ഊര്‍ജം ഇല്ലാത്തതായി അനുഭവപ്പെടുക എന്നിവയെല്ലാം സംഭവിക്കുന്നു.
  • ഭക്ഷണത്തില്‍ താല്‍പര്യം വര്‍ധിക്കുക, ഇല്ലാതാകുക
    ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ആരംഭിക്കുകയോ, ഭക്ഷണം കഴിക്കാന്‍ തോന്നാത്ത അവസ്ഥ ഉണ്ടാവുകയോ ചെയ്യുക (വിശപ്പില്ലായ്മ). ഇതുമൂലം ശാരീരിക ഭാരത്തില്‍ കാര്യമായ മാറ്റം സംഭവിക്കുക.
  • ബന്ധങ്ങളില്‍നിന്നും ഉള്‍വലിയുക
    സുഹൃത്തുക്കളുടെ ഫോണ്‍ കോളുകള്‍, ക്ഷണങ്ങള്‍ എന്നിവ നിരസിക്കുക. സൗഹൃദങ്ങളില്‍നിന്നും ബന്ധങ്ങളില്‍നിന്നും ഉള്‍വലിയുക. അതിനു വേണ്ടി ഇല്ലാത്ത കാരണങ്ങള്‍ പറയുക.
  • ലഹരി ഉപയോഗം
    ജീവിത പ്രശ്‌നങ്ങളെ സ്വന്തം കഴിവ്‌കൊണ്ട് നേരിടാന്‍ കഴിയാത്തവരാണ് ലഹരി ഉപയോഗിക്കുന്നവരില്‍ മിക്കവരും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പലരും പുകവലിക്കുന്നതും മദ്യപിക്കുന്നതും ഇതിന് ഉദാഹരണം. പ്രശ്ങ്ങളില്‍ നിന്നുള്ള ആരോഗ്യപരമല്ലാത്ത ഒളിച്ചോട്ടമാണിത്.
  • അമിത കുറ്റബോധവും തന്നോടുതന്നെ തോന്നുന്ന മതിപ്പില്ലായ്മയും
    താന്‍ ഒരു പരാജയമാണെന്നും ഒന്നിനും കൊള്ളാത്തവനാണെന്നുമുള്ള അമിതമായ ചിന്ത. ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളിലൊക്കെ കുറ്റക്കാരന്‍ താനാണെന്ന് തോന്നുകയും അതിന്റെ പേരില്‍ അമിതായി കുറ്റബോധം അനുഭവപ്പെടുകയും ചെയുക.
  • അമിത ദേഷ്യവും പെട്ടന്നുള്ള വികാര പ്രകടനങ്ങളും
    പെട്ടെന്ന് മൂഡ് മാറുക, നിസാര കാര്യത്തിന് പോലും ദേഷ്യപ്പെടുക, അതിന്റെ പേരില്‍ വ്യക്തി ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുക.
  • ആത്മഹത്യാ ചിന്തകള്‍
    ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്ത ഈ ജീവിതം എന്തിനാണ് എന്നുള്ള പ്രതീക്ഷയറ്റ ചിന്തകള്‍, അതോടൊപ്പം സമൂഹത്തിലും കുടുംബത്തിലും എന്റെ ജീവിതത്തിന് ഒരു വിലയുമില്ല എന്നുള്ള തോന്നല്‍, മരണമാണ് പ്രശ്ങ്ങള്‍ക്കുള്ള പരിഹാരം എന്ന ചിന്ത, വിവിധങ്ങളായ രീതിയിലുള്ള ആത്മഹത്യകളെ കുറിച്ചുള്ള ആലോചനകളും വിചാരങ്ങളും ഇവയെല്ലാം മാനസിക ആരോഗ്യം കുറഞ്ഞവരുടെ ലക്ഷണങ്ങളില്‍പെടുന്നു.

മാനസികാരോഗ്യം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനുമുള്ള വഴികള്‍:

  • തനിക്കു വേണ്ടി സമയം കണ്ടെത്തുക
    ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും വിശ്രമിക്കാനും ദിവസവും സമയം കണ്ടെത്തുക. അത് നിങ്ങള്‍ക്ക് മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജവും ഉന്‍മേഷവും തരും. എന്റെ മാനസിക ആരോഗ്യമാണ് എനിക്ക് ഏറ്റവും വലുത്, അത് മെച്ചപ്പെടുത്തിയാല്‍ മാത്രമേ എനിക്ക് എന്റെ കുടുംബത്തെയും കൂട്ടുകാരെയും സന്തോഷത്തോടെ പരിഗണിക്കാനും സഹായിക്കാനും സംരക്ഷിക്കാനും കഴിയൂ എന്ന് നിരന്തരം ചിന്തിക്കുകയും ഈ വസ്തുത മനസിലാക്കുകയും ചെയ്യുക.
  • ചിട്ടയായ ഉറക്കം
    ഉറക്കത്തിനുള്ള കൃത്യമായ സമയം നിശ്ചയിക്കുക, അത് പാലിക്കുക. ശരീരത്തിനും മനസിനും ആവശ്യമായത്ര നല്ല ഉറക്കം കിട്ടിയെന്ന് ഉറപ്പു വരുത്തുക. ഏതെങ്കിലും നേരം 6-8 മണിക്കൂര്‍ ഉറങ്ങുന്നതിനു പകരം കൃത്യമായ സമയത്തുതന്നെ ഉറങ്ങുക. അത് എളുപ്പം ഉറക്കം ലഭിക്കാനും കൃത്യമായ സമയങ്ങളില്‍ എഴുന്നേല്‍ക്കാനും നിങ്ങളെ സഹായിക്കും. തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്യും.അതിലൂടെ ജീവിതത്തില്‍ നല്ല തീരുമാനങ്ങള്‍ എടുക്കാനും കാര്യങ്ങള്‍ ഉചിതമായി ചെയ്യാനുമുള്ള ഉത്സാഹവും ലഭിക്കും. ഉറക്കില്ലായ്മയും അമിതമായ ഉറക്കും ശരീരികവും മാനസികവുമായ പല പ്രയാസങ്ങളിലേക്കും വഴി വെക്കും. ഉദാ: ഹൃദ്രോഗം, പൊണ്ണത്തടി, ഓര്‍മ്മക്കുറവ്, രക്ത സമ്മര്‍ദ്ദം മുതലായവ.
  • ചിന്തകളും തോന്നലുകളും പങ്കുവെക്കുക, സഹായങ്ങള്‍ ചോദിക്കുക
    നല്ല ബന്ധങ്ങള്‍ എന്നും മാനസികാരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. നമ്മുടെ പ്രയാസങ്ങളും വേവലാതികളും അടുത്ത ബന്ധുക്കളോ കൂട്ടുകാരുമായോ പങ്കുവെക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ ആശങ്ങളും മാര്‍ഗ്ഗങ്ങളും ലഭിക്കാനും അതിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിയും. പങ്കുവെക്കുന്നില്ല എങ്കില്‍ നമ്മള്‍ ചിന്തിക്കുന്ന മാര്‍ഗ്ഗം ആണ് ശരി എന്ന് നമ്മള്‍ ഉറച്ചു വിശ്വസിക്കും. അതാകട്ടെ അബദ്ധവുമായിരിക്കാം. അത് നമ്മെ കൂടുതല്‍ പ്രയാസത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. പങ്കുവെക്കലുകള്‍ മനസിന്റെ ഭാരം കുറയ്ക്കും.
  • സ്വയം മതിപ്പ് വര്‍ധിപ്പിക്കുന്ന ശീലങ്ങളില്‍ വ്യാപൃതനാകുക
    ചെറുതാണെങ്കിലും സ്വയം മതിപ്പ് വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുക. സ്വന്തം ഇഷ്ടങ്ങളും കഴിവുകളും കണ്ടെത്തി അത് ചെയ്തുകൊണ്ടിരിക്കുന്നത് ഞാന്‍ കൊള്ളാവുന്ന ആളാണ് എന്ന മതിപ്പ് ഉണ്ടാക്കാന്‍ സഹായിക്കും. അതിനനുസരിച്ചുള്ള ചെറുതും വലുതുമായ ലക്ഷ്യങ്ങള്‍ വെക്കുന്നതും അതിനു വേണ്ടി സമയം ചിലവഴിക്കുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും.
    വ്യായാമം ചെയ്യുന്നത് നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും നല്ല ഉറക്കം ലഭിക്കാനും ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാനും സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഡയറി എഴുത്ത്, കരകൗശല പ്രവൃത്തികള്‍, പൂന്തോട്ട പരിപാലനം, വളര്‍ത്തു മൃഗങ്ങളുമായുള്ള സഹവാസം, പാട്ട്, ഡാന്‍സ്, പാചകം, മെഡിറ്റേഷന്‍, എഴുത്ത് തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തി ചെയ്തു തുടങ്ങുക.
  • ഇഷ്ടമില്ലാത്ത കാര്യങ്ങളോട് 'നോ'
    അഭ്യര്‍ത്ഥനയാണെങ്കിലും നിര്‍ദേശമാണെങ്കിലും ഇഷ്ടമില്ലാത്ത കാര്യമാണെങ്കില്‍ നോ പറയുക. ചെയ്യാന്‍ ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ മനസിന് പിന്നീട് പ്രയാസമുണ്ടാകും.
    അവരെ വിഷമിപ്പിക്കാതെ നമ്മുടെ കാര്യങ്ങള്‍ അവതരിപ്പിക്കുയാണ് വേണ്ടത്. ഉദാഹരണമായി 'നിങ്ങള്‍ പറഞ്ഞത് മനസിലാവുന്നുണ്ട് / നിങ്ങളുടെ അവസ്ഥ മനസിലാവുന്നുണ്ട്. പക്ഷെ എനിക്കത് ചെയ്യുന്നതില്‍ പ്രയാസമുണ്ട്' എന്നിങ്ങനെ പറഞ്ഞ് ഒഴിയുക.
    പക്ഷേ, നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി 'യെസ്' പറയേണ്ടിടത്ത് അങ്ങനെ തന്നെ പറയുകയും വേണം.
  • ആരോഗ്യകരമായ ഭക്ഷണം
    നല്ല ഭക്ഷണം ശാരീരിക ആരോഗ്യം മാത്രമല്ല നല്‍കുക. ആരോഗ്യമുള്ള ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു.
  • ലഹരി പൂര്‍ണ്ണമായി ഒഴിവാക്കുക
    തത്കാല ആശ്വാസത്തിനാണെങ്കിലും ചെറിയ അളവ് ലഹരി പോലും ആരോഗ്യത്തിന് വില്ലനാണ്. ലഹരി ഇല്ലാതെ ജീവിതത്തെ അസ്വദിക്കാന്‍ കഴിയണം. അതാവണം ജീവിത ലഹരി.
  • പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക
    പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാതെ ആ്രരോഗ്യപരമായി കൈകാര്യം ചെയ്യുക. സ്വന്തം പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തുക. അതിനോടുള്ള സമീപനം പ്രശ്‌നം ലഘൂകരിക്കുകയാണോ വര്‍ധിപ്പിക്കുകയാണോ ചെയ്യുക എന്നു പഠിക്കുക. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതിന് പകരം അവയില്‍ നിന്ന് ഒളിച്ചോടുന്ന സ്വഭാവം ഒഴിവാക്കുക.
  • ഈ സമയത്തില്‍ ജീവിക്കുക
    ജീവിതം പില്‍ക്കാലത്തേക്ക് മാറ്റിവെക്കാതിരിക്കുക.അതിലെ നല്ല വശങ്ങള്‍ ആസ്വദിക്കുക. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെയും വിഷാദത്തില്‍ കഴിയുന്നവരുടെയും ചിന്തകള്‍ ശ്രദ്ധിച്ചാല്‍ അവരുടെ ഭൂരിഭാഗം സമയവും കഴിഞ്ഞു പോയതിനെ കുറിച്ചു കുറ്റബോധത്തോടെ ആലോചിച്ചോ ഭാവിയെകുറിച്ചു നെഗറ്റിവ് ആയി ചിന്തിച്ചോ ആണ് സമയം കളയുന്നത് എന്നു മനസ്സിലാവും. ജീവിക്കുന്ന ഈ സമയം മാത്രം ശ്രദ്ധിക്കുകയും അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് മനസികാരോഗ്യത്തിന് നല്ലത്. ജീവിക്കുമ്പോള്‍ താന്‍ അനുഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങളെയും അസ്വദിക്കുക. മൈന്‍ഡ്ഫുള്‍ ആയിരിക്കുക എന്നാണ് ഇതിനു പറയുക.
  • ആവശ്യമെങ്കില്‍ പ്രൊഫെഷനലിന്റെ സഹായം സ്വീകരിക്കുക
    ആരും സൂപ്പര്‍മാനോ സൂപ്പര്‍ ഹീറോകളോ അല്ലല്ലോ. ജീവിതത്തില്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കാതിരിക്കുമ്പോഴോ, ഒരുപാട് പ്രായസങ്ങള്‍ ഒരുമിച്ച് ഉണ്ടാവുമ്പോഴോ മറ്റോ നമുക്ക് മനസികമായി തളര്‍ച്ച തോന്നാം. ആ പ്രശ്‌നങ്ങളോട് ഒറ്റയ്ക്ക് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല എന്നു തോന്നാം. ഇതൊക്കെ എല്ലാ മനുഷ്യരും ജീവിതത്തിന്റെ ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അനുഭവിക്കുന്നതാണ്. മാനസിക പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ചെറിയ രീതിയിലെങ്കിലും പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കില്‍, അത് കുറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍, ഈ അവസ്ഥയില്‍ നിന്ന് മാറ്റം വേണം എന്നു തോന്നുന്നുണ്ടെങ്കില്‍ മനഃശാസ്ത്രഞ്ജനെ സമീപിക്കണം. യോഗ്യരായ മനഃശാസ്ത്രജ്ഞരെ കാണുന്നതിലൂടെ എല്ലാ മാനസിക പ്രയാസങ്ങളും നമുക്ക് ഏറിയ പങ്കും പരിഹരിക്കാന്‍ കഴിയും.

മനഃശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ് മനഃശാസ്ത്രജ്ഞര്‍ (Psychologist). റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച എംഫില്‍ ബിരുദമുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെയും, മനോരോഗ വിദഗ്ദരെയും സമീപിക്കാം. പ്രയാസത്തിന്റെ തോത് അനുസരിച്ചും കാരണങ്ങള്‍ അനുസരിച്ചും ഇവരില്‍ ആരെയും സന്ദര്‍ശിക്കാം.

മറ്റെല്ലാ മേഖലയില്‍ എന്ന പോലെ മാനസികാരോഗ്യ മേഖലയിലും ധാരാളം വ്യാജന്മാരെ നമുക്ക് കാണാന്‍ കഴിയും. ചികിത്സക്ക് പര്യാപ്തമല്ലാത്ത മനഃശാസ്ത്ര ബിരുദങ്ങള്‍ സമ്പാദിച്ചും വ്യാജ കോഴ്‌സുകളിലൂടെ യോഗ്യത നേടിയവരുമായിരിക്കും അവര്‍. യോഗ്യതയും കഴിവുമുള്ള മാനസികാരോഗ്യ വിദഗ്ധരെ തന്നെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.

Tags:    
News Summary - Symptoms of Mental Illness and Ways to Maintain Mental Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.