മെൽബൺ: മറവിരോഗ ചികിത്സക്കു സഹായകമായ കണ്ടുപിടിത്തവുമായി ആസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സർവകലാശാലയിലെ ഗവേഷകർ. ഭക്ഷ്യയോഗ്യമായ കൂണിൽനിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തം മസ്തിഷ്കകോശ വളർച്ചക്കും ഓർമശക്തി വർധിപ്പിക്കാനും സഹായിക്കുമെന്നാണ് കണ്ടെത്തിയത്.
ഇതിന്റെ പ്രീ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയായി. ഹെറിസിയം എറിനേഷ്യസ് എന്ന കൂണിൽനിന്നുള്ള സംയുക്തം മറവിരോഗ ചികിത്സക്ക് ഉപയോഗപ്പെടുത്താമെന്ന് ക്വീൻസ്ലൻഡ് ബ്രെയിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസർ ഫ്രെഡറിക് മ്യൂനിയർ പറഞ്ഞു. ഇതുസംബന്ധിച്ച പഠനം ന്യൂറോകെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലെ പരമ്പരാഗത ചികിത്സാരീതികളിൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചിരുന്നതാണ് ഈ കൂണുകൾ. ഇവ മസ്തിഷ്കകോശ വളർച്ചക്ക് സഹായകമാകുന്നതായി ശാസ്ത്രീയമായി കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഫ്രെഡറിക് മ്യൂനിയർ പറഞ്ഞു.
പ്രീ ക്ലിനിക്കൽ പരിശോധനകളിൽ ഈ കൂൺ മസ്തിഷ്കകോശ വളർച്ചക്കും ഓർമശക്തി വീണ്ടെടുക്കാനും സഹായമാകുന്നതായി കണ്ടെത്തി. ഹെറിസിയം എറിനേഷ്യസ് ശാസ്ത്രീയനാമത്തിലുള്ള കൂണിൽനിന്ന് വേർതിരിച്ചെടുത്ത സംയുക്തങ്ങൾ സ്മൃതിനാശം സംഭവിച്ച മസ്തിഷ്കകോശങ്ങളെ വരെ പ്രചോദിപ്പിക്കുന്നുണ്ടെന്നും ലബോറട്ടറി പരീക്ഷണങ്ങളിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
മറവിരോഗംപോലുള്ള തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങൾ ചികിത്സിക്കാൻ ഈ കൂണുകളിൽനിന്നുള്ള സംയുക്തങ്ങളെ ഉപയോഗിക്കാമെന്ന് സഹഗവേഷകനായ ഡോ. റാമോൺ മാർട്ടിനെസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.