കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആരോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 11നാണ് മരിച്ചത്.
കൊമ്മേരിയിൽ നേരത്തേ മറ്റൊരാൾക്കും ചെള്ളുപനി ബാധിച്ചിരുന്നു.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണുചുവക്കല്‍, കഴല വീക്കം, പേശി വേദന, വരണ്ട ചുമ എന്നിവയാണ് ചെള്ളുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് രോഗം പരടർത്തുന്നത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളില്‍നിന്നാണ് പൊതുവെ ഈ രോഗം മനുഷ്യരിലേക്ക് പകരുക. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ള് കടിച്ച് 10 മുതല്‍ 12 വരെ ദിവസം കഴിയുമ്പോഴാണ് മനുഷ്യരിൽ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
ചെള്ള് കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ മടക്കുകൾ, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണുക. രോഗം ഗുരുതരമായാൽ തലച്ചോറിനെയും കരളിനെയും ബാധിക്കും. അതിനാല്‍, രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.
തുടക്കത്തിൽ ചികിത്സ ആരംഭിച്ചാൽ രോഗമുക്തി എളുപ്പമാണ്. വ്യക്തി ശുചിത്വവും പുരിസര ശുചിത്വവുമാണ് പ്രതിരോധത്തിൽ പ്രധാനം. വീടിന് പരിസരത്ത് കുറ്റിച്ചെടികളിൽ ചെള്ളുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുറ്റിച്ചെടികളിലും പ്രാണികൾ അധിവസിക്കാൻ സാധ്യതയുള്ള മറ്റു സ്ഥലങ്ങളിലും വസ്ത്രം ഉണക്കാൻ ഇടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു. പ്രദേശത്ത് വെക്ടർ കൺട്രോൾ വിഭാഗം പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.